പിന്നീട് മറ്റൊരിക്കല്‍ റസൂല്‍(സ) അവരെ വീണ്ടും വിളിച്ചുവരുത്തി. എന്നിട്ട് പ്രഖ്യാപിച്ചു: 'ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. അവനോട് സഹായമര്‍ഥിക്കുന്നു. അവനില്‍ വിശ്വസിക്കുന്നു. അവനെ ഭരമേല്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ ഒരാരാധ്യനുമില്ലെന്നും അവന് ഒരു പങ്കുകാരില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.' തുടര്‍ന്നദ്ദേഹം പറഞ്ഞു: 'നിശ്ചയം ഒരു മാര്‍ഗദര്‍ശി ഒരിക്കലും തന്‍റെ ജനങ്ങളോട് കളവു പറയുകയില്ല. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനുമില്ലാത്തവനെ സാക്ഷ്യപ്പെടുത്തി ഞാന്‍ പറയുന്നു. ഞാന്‍ നിങ്ങളിലേക്ക് പ്രത്യേകവും ജനങ്ങളിലേക്ക് മൊത്തവുമുള്ള ദൈവത്തിന്‍റെ ദൂതനാകുന്നു. അല്ലാഹുതന്നെ സത്യം, നിങ്ങളെല്ലാം ഉറങ്ങുന്നതുപോലെ മരിക്കും, ഉണരുന്നതുപോലെ പുനര്‍ജനിക്കുകയും ചെയ്യും. പിന്നീട് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യും ഒന്നുകില്‍ ശാശ്വതസ്വര്‍ഗം അല്ലെങ്കില്‍ ശാശ്വതനരകം'. അപ്പോള്‍ അബൂത്വാലിബ് പറഞ്ഞു: 'നിന്നെ സഹായിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ് ഞങ്ങള്‍. നിന്‍റെ വാക്ക് വിശ്വസിച്ചു നിന്‍റെ ഉപദേശം കേള്‍ക്കാനാണ് ഞങ്ങള്‍ എത്തിയത്. ഇവരെല്ലാം നിന്‍റെ പിതൃവ്യപുത്രന്മാരാണ്. ഞാനും ഇവരിലൊരുത്തനാണ്. പക്ഷെ, നിന്‍റെ ഇഷ്ടത്തോട് അവരേക്കാളെല്ലാം താല്പര്യമുള്ളവനാണ് ഞാന്‍. നീ കല്പിക്കപ്പെട്ടതുമായി മുന്നോട്ട് പോവുക. അല്ലാഹുവാണെ സത്യം! നിന്നെ സംരക്ഷിക്കുകയും നിനക്ക് വേണ്ടി ഞാന്‍ പ്രതിരോധിക്കുകയും ചെയ്യും. പക്ഷെ, എനിക്ക് അബ്ദുല്‍മുത്വലിബിന്റെ മതം കയ്യൊഴിക്കാന്‍ കഴിയില്ല.
ഉടനെ അബുലഹബ് പ്രതികരിച്ചു: 'അല്ലാഹുവാണ് സത്യം! ഇതൊരു നാശം തന്നെയാണ്. അവന്‍റെ കൈപിടിച്ചു കെട്ടുക! മറ്റാരെങ്കിലും അത് ചെയ്യുന്നതിന് മുമ്പ്. അപ്പോള്‍ അബൂത്വാലിബ് മറുപടി പറഞ്ഞു, അല്ലാഹുവില്‍ സത്യം! ഞാന്‍ മരിക്കുവോളം അവനുവേണ്ടി പ്രതിരോധിക്കുകതന്നെ ചെയ്യും.
അബൂത്വാലിബിന്‍റെ സംരക്ഷണം ഉറപ്പായപ്പോള്‍ അവിടുന്ന് ഒരു ദിവസം സ്വഫാ കുന്നിന്‍റെ മുകളില്‍ കേറി ഇങ്ങനെ വിളംബരം ചെയ്തു. ഹേ, ഫിഹ്റ് ഗോത്രക്കാരേ! ഹേ., അദിയ്യ് ഗോത്രക്കാരേ (രണ്ടും ക്വുറൈശ് ഗോത്രത്തിലെ ശാഖകള്‍) ഉടനെ അവരെല്ലാം അവിടെ സമ്മേളിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ നിയോഗിച്ചു. അബൂലഹബും സന്നിഹിതനായി. നബി(സ) പറഞ്ഞു: ഈ താഴ്വരയില്‍ അശ്വരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍: അതെ, നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം: എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ചു താക്കീതു നല്കുന്ന ദൈവദൂതനാണ് ഞാന്‍. അപ്പോള്‍ അബൂലഹബ്: നിനക്കെന്നെന്നും നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്? അപ്പോള്‍ അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു എന്ന അധ്യായം അവതരിച്ചു.