ഊരു വിലക്കും പീഢനവും-(ഭാഗം-1)

നബി തിരുമേനി(സ)യെ വധിക്കാന്‍ വേണ്ടി വിട്ടുകൊടുക്കണമെന്ന് ഖുറൈശികള്‍ ആവശ്യപ്പെട്ടതും, അവരുടെ നീക്കങ്ങളിലും ചലനങ്ങളിലുമെല്ലാം നബിയെ വധിക്കാനും തന്റെ സംരക്ഷണ ഉത്തരവാദിത്തം ലംഘിച്ചു കളയാനുമുള്ള ശ്രമവും അബൂത്വാലിബ് കണ്ടപ്പോള്‍, ഹാശിം കുടുംബത്തേയും മുത്വലിബ് കുടുംബത്തേയും അദ്ദേഹം വിളിച്ചുചേര്‍ത്തു. എന്നിട്ട്, നബി തിരുമേനിയെ സംരക്ഷിക്കാനും അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കാനും അവരോട് ആവശ്യപ്പെട്ടു. അറബ് അയല്‍പക്കവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ആവശ്യം അവരെല്ലാം മുസ്ലിം അമുസ്ലിം ഭേദമെന്യേ സ്വീകരിച്ചു. ഇതിന്നായി കഅ്ബക്ക് സമീപം വെച്ച് അവരെല്ലാം പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, അബൂ ലഹബ് ഇതില്‍ നിന്നെല്ലാം മാറി നിന്നു. അദ്ദേഹം ക്വുറൈശികള്‍ക്കൊപ്പം തന്നെ വേറിട്ടുനില്‍ക്കുകയാണുണ്ടായത്.

ഇത് ഖുറൈശികളെ അരിശം കൊള്ളിച്ചു ,അവര്‍ വാദിഅല്‍ മുഹസ്സ്വബില്‍ കിനാന ഗോത്രത്തിന്റെ പ്രദേശത്ത് ഒരു യോഗം വിളിച്ചുചേര്‍ത്തു. അതില്‍ ഹാശിം, മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കരാര്‍ ചെയ്തു. മുഹമ്മദിനെ ഇവര്‍ക്ക് വധിക്കാന്‍ വിട്ടുകൊടുക്കുന്നതുവരെ, അവരുമായി വിവാഹ, കച്ചവട, ഇടപാടുകള്‍ നടത്തുകയോ അവരുമായി സഹവസിക്കുകയോ സഹകരിക്കുകയോ അവരുടെ വീടുകളില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്നും അവര്‍ തീരുമാനിച്ചു. ഇതൊരു പത്രികയായി എഴുതി കഅബയുടെയുള്ളില്‍ പതിക്കുകയും ചെയ്തു: "ഹാശിം ഗോത്രത്തോട് ഒരു വിധത്തിലും സന്ധി പാടില്ല. അവര്‍ മുഹമ്മദിനെ വധിക്കാന്‍ വിട്ടുതരുന്നതുവരെ അവരുടെ കാര്യത്തില്‍ ഒരു അനുകമ്പയും കാണിക്കരുത്.'' എന്നായിരുന്നു പത്രിക.ഈ പത്രിക എഴുതിയത് ബഗീളുബിന്‍ ആമിര്‍ ബിന്‍ ഹാശിം ആയിരുന്നു.( നബി(സ) അദ്ദേഹത്തിന്നെതിരില്‍ പ്രാര്‍ഥിച്ചതുകാരണം അദ്ദേഹത്തിന്‍റെ കൈ പിന്നീട് തളര്‍ന്നുപോയി).ഇതോടെ, ഹാശിം, മുത്വലിബ് കുടുംബം ഒന്നടങ്കം-അവരിലെ അവിശ്വാസികളടക്കം- അബൂ ലഹബ് ഒഴികെ, ശിഅ്ബ് അബൂത്വാലിബിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്തു. ഇത് പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തിന്‍റെ തുടക്കത്തിലായിരുന്നു.ഇതേ അവസരം തന്നെ നബി(സ്വ) തന്റെ അനുയായികളോട് അബ്സീനിയയിലേക്ക് വീണ്ടും പലായനം ചെയ്യാന്‍ കല്പിച്ചു.