ഒന്നാം അബ്സീനിയന്‍ പലായനം-നബി ചരിത്രം

പ്രവാചകത്വത്തിന്റെ നാലാം വര്‍ഷം മധ്യത്തിലോ അന്ത്യത്തിലോ ആണ് മര്‍ദനങ്ങളുടെയെല്ലാം തുടക്കം. ലഘുവായി തുടങ്ങിയ ഈ മര്‍ദനങ്ങള്‍ ദിവസങ്ങളും മാസങ്ങളും പിന്നിട്ട് അഞ്ചാം വര്‍ഷത്തിന്റെ മധ്യത്തിലെത്തുമ്പോഴേക്കും ഗുരുതരാവസ്ഥ കൈവരിച്ചിരുന്നു. ഇത് പുതിയ മാര്‍ഗങ്ങളന്വേഷിക്കാന്‍ മുസ്ലിംകളെ പ്രേരിപ്പിച്ചു. ഇങ്ങനെ, കടുത്ത പ്രതിസന്ധികളും കഠിന ശിക്ഷകളും ക്ളേശകരമായ ജീവിതവുമായി നാളുകള്‍ കഴിക്കുമ്പോഴാണ്, അസ്സുമര്‍ അധ്യായം, അല്ലാഹുവിന്റെ ഭൂമി പ്രവിശാലമാണെന്ന അറിയിപ്പോടെ പലായനത്തിന് സൂചന നല്കിക്കൊണ്ടവതരിച്ചത്.
നീതിനിഷ്ഠനും മാന്യനും അന്യരെ അക്രമിക്കാത്തവനുമാണ് അബ്സീനിയ (എത്യോപ്യ)യിലെ രാജാവ് നേഗസ്(നജ്ജാശി) എന്ന് നബി തിരുമേനി അറിഞ്ഞിരുന്നു. അതിനാല്‍, മതസംരക്ഷണാര്‍ഥം അങ്ങോട്ട് പലായനം ചെയ്യാന്‍ നബി(സ) മുസ്ലിംകളോടു കല്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ നുബൂവ്വത്തിന്റെ അഞ്ചാം വര്‍ഷം റജബ് മാസത്തില്‍ ഒന്നാം സംഘം അബ്സീനിയയിലേക്ക് പലായനം ചെയ്തു. പന്ത്രണ്ട് പുരുഷന്മാരും നാല് സ്ത്രീകളും അടങ്ങുന്ന ഈ സംഘത്തിന്റെ നേതാവ് ഉസ്മാന്‍ ബിന്‍ അഫ്ഫാനായിരുന്നു. കൂടെ അദ്ദേഹത്തിന്റെ ഭാര്യ, പ്രവാചകപുത്രി റുഖിയയുമുണ്ടായിരുന്നു.കൂടാതെ അബൂ സലമ,ഭാര്യ ഉമ്മു സലമ,സഹോദരന്‍ അബൂ സബ്റ,ഭാര്യ ഉമ്മു കുല്സൂം,ആമിര്‍ ബിന്‍ റബീഅ ഭാര്യ ലൈല,അബൂ ഹുദൈഫ,ഭാര്യ സഹ് ല ,അബ്ദു റഹ്മാന്‍ ഇബ്നു ഔഫ്‌ ,ഉസ്മാന്‍ ഇബ്നു മള്ഊന്‍ , മുസ് അബ് ബിന്‍ ഉമൈര്‍,സഹ്ല്‍ ഇബ്ന്‍ അല ബൈളാ ,സുബൈര്‍ ഇബ്ന്‍ അവ്വാം എന്നിവരും ആയിരുന്നു കൂട്ടത്തില്‍. കനത്ത കൂരിരുട്ടിന്റെ മറവില്‍ ആ കൊച്ചുസംഘം ആരാരുമറിയാതെ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. അബ്സീനിയായിലേക്ക് പുറപ്പെടാന്‍ തയ്യാറായി നില്ക്കുന്ന രണ്ട് കപ്പലുകള്‍ അവിടെ കാത്തുനില്ക്കുന്നുണ്ടായിരുന്നു. അതുവഴി അവര്‍ സ്ഥലം വിട്ടു. വിവരമറിഞ്ഞ ക്വുറൈശികള്‍ പിന്തുടര്‍ന്നെങ്കിലും അവരെത്തുമ്പോഴേക്കും അവര്‍ കടന്നുകഴിഞ്ഞിരുന്നു. അബ്സീനിയയില്‍ എത്തിയ മുസ്ലിംകള്‍ ഏറെ സൌകര്യത്തോടെയാണ് കഴിഞ്ഞുകൂടിയത്.
ഇതേ വര്‍ഷം റമളാനില്‍ തിരുമേനി ഹറമിലേക്ക് പുറപ്പെട്ടു. അവിടെവെച്ച് ഒരു സംഘം ക്വുറൈശി പ്രമുഖരുടെ മുമ്പാകെ വി. ക്വുര്‍ആനിലെ അന്നജ്മ്. അധ്യായം പാരായണം ചെയ്തു. ക്വുറൈശികള്‍ ക്വുര്‍ആന്‍ മുമ്പ് കേട്ടിരുന്നില്ല. കാരണം കേള്‍ക്കുന്നത് അവര്‍തന്നെ പരസ്പരം വിലക്കിയിരുന്നു.

"നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കരുത്. അത് പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ ബഹളമുണ്ടാക്കുക. നിങ്ങള്‍ക്ക് (അതിനെ) അതിജയിക്കാന്‍ കഴിഞ്ഞേക്കാം.' (41:26). ദൈവവാക്യങ്ങളുടെ ആകര്‍ഷണീയതയും മനസ്സുകളെ കയ്യടക്കാനുള്ള അവയുടെ അനന്യസാധാരണ കഴിവും പ്രവാചകന്റെ പാരായണവും ഒത്തിണങ്ങിയപ്പോള്‍ ആ നിഷേധികളുടെ മനസ്സിനെ അല്പനേരത്തേക്ക് അത് കീഴടക്കിക്കളഞ്ഞു. എല്ലാം വെടിഞ്ഞ് അവര്‍ അതില്‍ മുഴുകി. അധ്യായത്തില്‍ അന്ത്യഭാഗത്ത് നിഷേധികള്‍ക്ക് ലഭിക്കുന്ന ഇഹപരശിക്ഷകളെ സംബന്ധിച്ച താക്കീതോടുകൂടി, അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുക (അവനെ) ആരാധിക്കുകയും ചെയ്യുവീന്‍' (53:62) എന്ന് പാരായണം ചെയ്തുകൊണ്ട് പ്രവാചകന്‍ സുജൂദില്‍ (പ്രണാമം) വീണു. കേട്ടുനിന്ന മുശ്രിക്കുകള്‍ ഒന്നടങ്കം പ്രവാചകന്റെ കൂടെ സുജൂദില്‍! സത്യത്തിന്റെ വെളിച്ചം അല്പനേരത്തേക്ക് ആ അഹങ്കാരികളുടെ മനസ്സിനെ കീഴടക്കുകയായിരുന്നു.

ദൈവിക വാക്യം അവരെ കീഴടക്കിക്കളയുമെന്ന വിവരം അവരറിഞ്ഞപ്പോള്‍ അവര്‍ ദുഃഖാകുലരായി. ഇതില്‍ സംബന്ധിക്കാത്ത മുശ്രിക്കുകള്‍ക്കിടയില്‍ നിന്നുള്ള ആക്ഷേപശരങ്ങള്‍ തുടരെത്തുടരെ വന്നപ്പോള്‍ പ്രവാചകന്റെ പേരില്‍ കളവ് പ്രചരിപ്പിക്കാന്‍ അവര്‍ ധൃഷ്ടരായി. അദ്ദേഹം അവരുടെ വിഗ്രഹങ്ങളെ ആദരപൂര്‍വം അതില്‍ പരാമര്‍ശിച്ചതിനാലാണ് അങ്ങനെ ചെയ്തത് എന്നും അവിടുത്തെ വിഗ്രഹങ്ങളെക്കുറിച്ച് 'ആ ഉന്നതശില്പങ്ങളുടെ ശുപാര്‍ശ പ്രതീക്ഷിതമാണ്' എന്ന് പാരായണം ചെയ്തതായും പ്രചരിപ്പിച്ചു. ചതിയും വഞ്ചനയും കുടില തന്ത്രങ്ങളും ജീവിതശൈലിയാക്കി മാറ്റിയ ഇവരില്‍ നിന്ന് ഇത് ഉത്ഭവിച്ചതില്‍ ഒരത്ഭുതവുമില്ല.
ഈ വാര്‍ത്ത എത്യോപ്യയിലെ അഭയാര്‍ഥികളുടെ ചെവികളിലുമെത്തി. പക്ഷെ, തികച്ചും വ്യത്യസ്തമായ രൂപത്തില്‍, ക്വുറൈശികളെല്ലാം ഇസ്ലാം ആശ്ളേഷിച്ചിരിക്കുന്നു! സന്തുഷ്ടരായ അവര്‍ ഉടനെ മടങ്ങി. ഇത് അതേവര്‍ഷം ശവ്വാലിലായിരുന്നു. മക്കയോട് ഒരു മണിക്കൂര്‍ മാത്രം അകലമെത്തിയപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്. ചിലര്‍ തിരിച്ചുപോയി. ബാക്കിയുള്ളവര്‍ ഒതുങ്ങിയും പതുങ്ങിയും ക്വുറൈശികളുടെ സംരക്ഷണത്തിലുമായി മക്കയില്‍ പ്രവേശിച്ചു.
ക്വുറൈശികള്‍ മര്‍ദനം പൂര്‍വോപരി തീക്ഷ്ണമാക്കുകയാണുണ്ടായത്. നജ്ജാശി മുസ്ലിംകളെ നല്ല നിലയില്‍ സ്വീകരിച്ചുവെന്ന വിവരംകൂടി ലഭിച്ചപ്പോള്‍
അവരുടെ പക അധികരിക്കുകയും ചെയ്തു. ഇവരെ രണ്ടാമതും പലായനത്തിന് നിര്‍ദേശിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും നബിതിരുമേനിയുടെ മുമ്പിലുണ്ടായിരുന്നില്ല
.