ദൌസ് ഇസ്ലാമിലേക്ക്
ത്വുഫൈല്‍ബിന്‍ അംറ് അദ്ദൌസി മാന്യനായ ഒരു മനുഷ്യനും ബുദ്ധിമാനായ ഒരു കവിയും ദൌസ് ഗോത്രത്തിലെ നേതാവുമായിരുന്നു. അറേബ്യയുടെ തെക്ക് യമനിന്റെ ചില ഭാഗങ്ങളില്‍ ഇവര്‍ ഭാഗികമായ അധികാരം വാണിരുന്നു. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം ഇദ്ദേഹം മക്ക സന്ദര്‍ശിച്ചു. ഇതിനോടനുബന്ധിച്ച് മക്കക്കാര്‍ വലിയ സ്വീകരണപരിപാടികള്‍ ഏര്‍പ്പെടുത്തി അദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹം മക്കയില്‍ പ്രവേശിച്ച ഉടനെ ക്വുറൈശികള്‍ നബിയെക്കുറിച്ച് പരിചയപ്പെടുത്തി. അവന്റെ വാക്കുകള്‍ ശ്രവിക്കുകയോ അവനുമായി സംസാരിക്കുകയോ അരുത് കാരണം അവന്‍ സമുദായത്തില്‍ അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുന്ന മാരണക്കാരനാണ്. ഇത് കാരണം തുഫൈല്‍ ചെവിയില്‍ പരുത്തിയും തിരുകിയാണ് പള്ളിയില്‍ പ്രവേശിച്ചത്. ആ സമയം നബി(സ) പള്ളിയില്‍ നമസ്കരിക്കുന്നുണ്ട്. അദ്ദേഹം അതിനടുത്തുനിന്നു. അങ്ങനെ അദ്ദേഹത്തിന്റെ ക്വുര്‍ആന്‍ പാരായണം അല്പം കേട്ടപ്പോള്‍ ആകര്‍ഷകമായിതോന്നി. കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹവും ജനിച്ചു. ശരിയാണെങ്കില്‍ സ്വീകരിക്കാനും കൊള്ളരുതാത്തതാണെങ്കില്‍ തിരസ്കരിക്കാനുള്ള ബുദ്ധിയും വിവേകവും തനിക്കുണ്ടല്ലോ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നബി തിരുമേനി(സ)യുടെ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി, ക്വുറൈശികള്‍ പറഞ്ഞതെല്ലാം നബി(സ)യോട് പറഞ്ഞു. നബി(സ) ഇസ്ലാം പരിചയപ്പെടുത്തുകയും ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണേ ഇതിനേക്കാള്‍ ശ്രേഷ്ഠവും നീതിപൂര്‍വകവുമായ ഒന്നും ഞാന്‍ കേട്ടിട്ടേയില്ല. അവിടെവെച്ചുതന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്നദ്ദേഹം നബി(സ)യോട് പറഞ്ഞു: 'ഞാന്‍ എന്റെ ജനതയുടെ നേതാവാണ് ഞാന്‍ പറഞ്ഞാല്‍ അവര്‍ അനുസരിക്കും. ഞാന്‍ നാട്ടിലേക്ക് മടങ്ങി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കും. അതിനാല്‍ അവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരു ദൃഷ്ടാന്തത്തിന് അങ്ങ് അല്ലാഹുവോടു പ്രാര്‍ഥിക്കണം. റസൂല്‍(സ) പ്രാര്‍ഥിച്ചു. അദ്ദേഹം തന്റെ സമൂഹത്തില്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ മുഖത്ത് ഒരു പ്രത്യേക പ്രകാശം ജ്വലിച്ചുനിന്നു. പിന്നീടത് അദ്ദേഹത്തിന്റെ ചാട്ടവാറിലേക്കും നീങ്ങി. തന്റെ പിതാവും ഭാര്യയും ഇസ്ലാം ആശ്ളേഷിച്ചെങ്കിലും സമുദായം വിസമ്മതിക്കുകയാണുണ്ടായത്. പക്ഷെ, അദ്ദേഹം ഖന്‍ദഖ് യുദ്ധാനന്തരം എഴുപതോ എണ്‍പതോ കുടുംബങ്ങളോടുകൂടി മദീനയിലേക്ക് പലായനം ചെയ്തു. ഇസ്ലാമിനുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഇദ്ദേഹം യമാമ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു.