അദ്ദേഹം പറഞ്ഞു: 'സഹോദരപുത്രാ, നീ ഇതുകൊണ്ടുദ്ദേശിക്കുന്നത് സമ്പത്താണെങ്കില്‍ അത് ഞങ്ങള്‍ നിനക്ക് സംഘടിപ്പിച്ചു തരാം. അങ്ങനെ ഞങ്ങളിലെ വലിയ സമ്പന്നനാകാം, നിനക്ക്. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ നേതാവാക്കാം. നീ പറയുന്നതിനപ്പുറം ഞങ്ങള്‍ തീരുമാനമെടുക്കില്ല. രാജത്വമാണ് ഉദ്ദേശ്യമെങ്കിലോ രാജാവാക്കാം. ഇനി അതൊന്നുമല്ല, ഇത് നിനക്ക് ഒഴിവാക്കാന്‍ കഴിയാത്ത വല്ല പൈശാചിക ബാധയുമാണെങ്കില്‍ ഞങ്ങള്‍ അതിനു ചികിത്സ നടത്താം. ഞങ്ങളുടെ സമ്പത്തെല്ലാം അതിനായി വിനിയോഗിക്കുകയുമാവാം.' പറഞ്ഞുതീരുവോളം, നബി(സ) ശ്രദ്ധിച്ചുകേട്ടു. തുടര്‍ന്ന് ചോദിച്ചു: 'അബുല്‍വലീദ് എല്ലാം പറഞ്ഞുതീര്‍ന്നോ?' അദ്ദേഹം: 'അതെ. നബി(സ) പറഞ്ഞു: 'ഇനി ഞാന്‍ പറയുന്നത് കേള്‍ക്കുക. അദ്ദേഹം 'അതെ.' അങ്ങനെ റസൂല്‍(സ) വിശുദ്ധ ക്വുര്‍ആനിലെ 'ഫുസ്സ്വിലത്' എന്ന അധ്യായം പാരായണം ചെയ്തുതുടങ്ങി. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഹാമീം, പരമകാരുണികനും കരുണാനിധിയുമായുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീതുനല്കുന്നതുമായിട്ടുള്ള 'ഗ്രന്ഥം.' എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതു മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാണ്.'' (41:1-5) പ്രവാചകന്‍ തുടര്‍ന്നും പാരായണം ചെയ്തുകൊണ്ടിരുന്നു. ഇതിന്റെ വശ്യതയില്‍ അകപ്പെട്ടു തന്റെ കൈ രണ്ടും പിന്നിലേക്ക് ചാരി ഉത്ബ അതുമുഴുവനും കേട്ടു. ക്വുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് പ്രവാചകന്‍ ചെയ്തപ്പോള്‍ ഉത്ബയും അതുപോലെ ചെയ്തു. എന്നിട്ട് നബി(സ) പറഞ്ഞു: അബുല്‍ വലീദ് എന്റെ മറുപടി നീ ശ്രവിച്ചില്ലേ,ഇനി നിനക്കുവേണ്ടതുപോലെ തീരുമാനമെടുക്കാം.'' വിവര്‍ണമുഖനായി ഉത്ബ തിരിച്ചുചെന്നപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു: 'പോയതുപോലെയല്ലല്ലോ ഇപ്പോഴത്തെ മുഖഭാവം. ഉത്ബ അവരുടെയരികെയിരുന്നു നടന്ന സംഭവം' വിശദീകരിച്ചു. "ഞാന്‍ ചില വാക്യങ്ങള്‍ കേട്ടു. ഇതുപോലൊന്ന് മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. അല്ലാഹുവാണേ, അത് കവിതയുമല്ല, മാരണവുമല്ല, ജ്യോത്സ്യവുമല്ല. ക്വുറൈശികളേ, ഞാന്‍ പറയുന്നതുപോലെ കേള്‍ക്കുക, ഈ മനുഷ്യനെ നമുക്കവന്റെ പാട്ടിന് വിട്ടേക്കാം. അല്ലാഹുവാണേ, ഞാന്‍ കേട്ട ആ വാര്‍ത്തയ്ക്ക് ഒരു ഭാവിയുണ്ട്. അതിനാല്‍ അറബികള്‍ ഒന്നായി അവനെ നേരിട്ടു പരാജയപ്പെടുത്തിയാല്‍, അവര്‍ മുഖേന അവന്റെ പ്രശ്നം തീര്‍ന്നുകിട്ടും. ഇനി അവന്‍ അറബികളെ അതിജയിച്ചാലോ, അവന്റെ ആധിപത്യം നിങ്ങളുടെയും ആധിപത്യമാണല്ലോ. അവന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമാണല്ലോ. അവര്‍ മുഖേന ഏറെ സൌഭാഗ്യവാന്മാര്‍ നിങ്ങളായി മാറുകയും ചെയ്യും.'' അവര്‍ പ്രതികരിച്ചു: 'അബ്ദുല്‍വലീദ് ! താങ്കള്‍ അവന്റെ നാവിന്റെ മായാവലയത്തിലകപ്പെട്ടിരിക്കുന്
നബി തിരുമേനിയുടെ ഈ പ്രതികരണത്തില്‍ ക്വുറൈശികള്‍ നിരാശരാകാത്തതുപോലെയായിരുന്നു. കാരണം, ഇത് സ്വീകരിച്ചോ, തിരസ്കരിച്ചോ ഉള്ള ഒരു മറുപടിയായിരുന്നില്ല. പ്രത്യുത, വിശുദ്ധ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കുക മാത്രമായിരുന്നു. ഉത്ബക്കാകട്ടെ അത് വേണ്ടത്ര മനസ്സിലായിട്ടുമുണ്ടാകില്ല. അതിനാല്‍ അദ്ദേഹം തിരിച്ചുചെന്ന് ക്വുറൈശി നേതാക്കളോട് വിഷയത്തിന്റെ നാനാഭാഗങ്ങളും വിശദമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് അവരെല്ലാം ഒരു ദിവസം അസ്തമയശേഷം കഅ്ബക്ക് സമീപം സമ്മേളിച്ചു. എന്നിട്ട് തിരുദൂതരെ ആളെ അയച്ചുവരുത്തി. ഏറിയ പ്രതീക്ഷയോടെയാണ് ധൃതിപ്പെട്ട് അവിടുന്ന് കടന്നുവന്നത്. പക്ഷെ ഉത്ബയുടെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണവര്‍ ചെയ്തത്. ഉത്ബ ഒറ്റയ്ക്ക് സംസാരിച്ചതിനാല്‍ വിഷയത്തിന്റെ ഗൌരവം നബിക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല എന്ന് ധരിച്ചപോലെയായിരുന്നു അവരുടെ സംസാരം. പക്ഷെ തിരുദൂതര്‍ അവരോട് മറുപടി പറഞ്ഞു:
'നിങ്ങള്‍ പറയുന്നതിലൊന്നും എനിക്കൊരു താല്പര്യവുമില്ല. ഞാന്‍ ഈ സന്ദേശവുമായി വന്നത് നിങ്ങളുടെ സമ്പത്ത് നേടാനോ നേതൃത്വം ചമയാനോ, നിങ്ങളുടെ രാജാവാകാനോ ഒന്നുമല്ല. പ്രത്യുത, അല്ലാഹു എന്നെ നിങ്ങളിലേക്ക് അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഗ്രന്ഥമവതരിപ്പിക്കുകയും നിങ്ങള്‍ക്ക് സുവിശേഷവും താക്കീതും നല്‍കാന്‍ എന്നോട് കല്പിക്കുകയും ചെയ്തു. ഞാനങ്ങനെ എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയും ഗുണദോഷിക്കുകയും ചെയ്തുവെന്ന് മാത്രം. അതിനാല്‍ നിങ്ങളിത് സ്വീകരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നിങ്ങളുടെ വിഹിതമായിരിക്കും. ഇനി നിങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ ഒരു തീരുമാനമെടുക്കുന്നതുവരെ ഞാന്‍ ക്ഷമിക്കും.''
ഇതോടെ അവര്‍ മറ്റൊരു പോയിന്റിലേക്ക് നീങ്ങി. തങ്ങളുടെ നാട്ടില്‍ നിന്ന് പര്‍വതങ്ങള്‍ നീക്കി നാട് വിശാലമാക്കിക്കൊടുക്കാനും അവിടെ നദികളൊഴുക്കിക്കൊടുക്കാനും മരിച്ചവരെ പുനര്‍ജീവന്‍ നല്കാനും- പ്രത്യേകിച്ച് കിലാബിന്റെ പുത്രന്‍ ഖുസ്വയ്യിനെ- തന്റെ നാഥനോട് പ്രാര്‍ഥിക്കുക. ഇത് സംഭവിച്ചാല്‍ അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാമെന്നേറ്റു. ഇതിനും മേല്‍ മറുപടിതന്നെ ആവര്‍ത്തിച്ചു.
ഇതോടെ മൂന്നാമതൊരു ഭാഗത്തേക്ക് നീങ്ങി. തങ്ങള്‍ക്ക് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനമാക്കാന്‍ ഒരു മലക്കിനെ ഇറക്കിക്കൊടുക്കുക. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കോട്ടകളും നിധിനിക്ഷേപങ്ങളും ലഭിക്കാനായി നിന്റെ റബ്ബിനോട് ചോദിക്കുക. ഇതിനും അതേ മറുപടിതന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റൊരു ശൈലിയില്‍ അവര്‍ സമീപിച്ചു. അവര്‍ പറഞ്ഞു: എന്നാല്‍ നീ ഭീഷണിപ്പെടുത്തുന്നതുപോലെ, ആകാശമെല്ലാം തീ കഷ്ണങ്ങളായി താഴെ പതിക്കട്ടെ. അവിടുന്ന് മറുപടി പറഞ്ഞു. അത് അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമാണ്. അവനുദ്ദേശിച്ചാല്‍ അത് ചെയ്യും. 'അതോടെ അവര്‍ പറഞ്ഞു. നിന്റെ റബ്ബിന് അറിയാമായിരുന്നല്ലോ ഞങ്ങള്‍ നിന്റെയടുക്കല്‍ വന്ന് നിന്നോട് സംസാരിക്കുകയും കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നെല്ലാം. അതിനാല്‍ ഞങ്ങളോട് പറയാന്‍ നിനക്കവന്‍ മറുപടി പഠിപ്പിച്ചുതന്നിരിക്കുമല്ലോ, ഞങ്ങളിത് സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളെ അവന്‍ എന്തുചെയ്യുമെന്നും അറിയിച്ചിരിക്കുമല്ലോ.'
അവസാനത്തെ കടുത്ത ഭീഷണിയും അവര്‍ ഇറക്കിക്കഴിഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവില്‍ സത്യം! നിന്നേയും നീ ഞങ്ങളെക്കൊണ്ട് ചെയ്തതും ഞങ്ങളൊരിക്കലും ഒഴിവാക്കയില്ല. ഒന്നുകില്‍ നീ ഞങ്ങളെ നശിപ്പിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ നശിപ്പിക്കുക രണ്ടാലൊന്ന് സംഭവിക്കുന്നത് വരെ. അതോടെ തന്റെ ജനതയുടെ വിശ്വാസ പ്രതീക്ഷ മങ്ങി, കടുത്ത ദുഃഖത്തോടെ അവിടുന്ന് തന്റെ വീട്ടിലേക്ക് തിരിച്ചുപോയി.ക്വുറൈശികളുടെ പ്രലോഭനവും പ്രകോപനവും ഭീഷണിയും നിറഞ്ഞ അനുരഞ്ജനശ്രമം പാളിയതോടെ, വിഷയത്തിന്‍റെ ഗൌരവം അവഗണിക്കപ്പെട്ടുപോകുന്നോ എന്ന് അബൂജുഹല്‍ ഭയപ്പെട്ടതിനാല്‍ ബുദ്ധിപരമായ ഒരു പരിഹാരത്തിലൂടെ അവരെ രക്ഷപ്പെടുത്താമെന്ന ബോധമുണ്ടായി.അങ്ങിനെ നബി തിരുമേനിയുമായി മതവിഷയങ്ങളില്‍ ഒരു വിലപേശല്‍ നടത്തിയാലോ എന്നവര്‍ ആലോചിച്ചു. അതിന്നായി, പ്രവാചകന്‍ തന്റെ ഭാഗത്തുനിന്ന് ചിലതും മുശ്രിക്കുകള്‍ അവരുടെ ഭാഗത്തുനിന്ന് ചിലതും കയ്യൊഴിയുക. അങ്ങിനെ പ്രവാചകന്‍ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ക്കും അതിന്റെ ആളുകളാകാമല്ലോ എന്നവര്‍ ആശിച്ചു.
നബി(സ) കഅബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ, അസ്വദ് ബിന്‍ മുത്വലിബും, വലീദുബിന്‍ മുഗീറയും ഉമ്മയ്യത്ത് ബിന്‍ ഖലഫും ആസ്വ്ബിന് വാഇല്‍ അസ്സഹ്മിയും- ഇവരെല്ലാം അവരുടെ സമുദായ നേതാക്കളാണ്- പ്രവാചകരെ സമീപിച്ചുപറഞ്ഞു: 'മുഹമ്മദ്, നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കാം ഞങ്ങള്‍ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക. അങ്ങനെ നമുക്ക് ആരാധയില്‍ പങ്കുചേരാം. ഇനി നീ ആരാധിക്കുന്നതാണ് ഞങ്ങളാരാധിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമെങ്കില്‍ ഞങ്ങളുടെ പങ്ക് ഞങ്ങള്‍ക്ക് ലഭിക്കുമല്ലോ. മറിച്ചു ഞങ്ങള്‍ ആരാധിക്കുന്നതാണ് നീ ആരാധിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമെങ്കില്‍ നിനക്ക് നിന്റെ പങ്കും ലഭിക്കുമല്ലോ. ഇതിനുള്ള പ്രതികരണമായിട്ടാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അല്‍കാഫിറൂന്‍ അധ്യായം പൂര്‍ണമായും അവതരിപ്പിച്ചത്. തികച്ചും കര്‍ശനവും കര്‍ക്കശവുമായ സമീപനത്തിലൂടെ പരിഹാസ്യമായ അവരുടെ ഈ ഐക്യശ്രമം അല്ലാഹു തകര്‍ത്തെങ്കിലും പൂര്‍ണമായും ക്വുറൈശികള്‍ നിരാശരായി പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. പ്രവാചകന്‍ തന്റെ സന്ദേശത്തില്‍- ക്വുര്‍ആനില്‍- അല്പം ചില ഭേദഗതികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് ഇറങ്ങിവരാന്‍ അവര്‍ തയാറാവുകയുണ്ടായി. അതിനുള്ള ശ്രമവും അവര്‍ നടത്തിനോക്കി. അവര്‍ പറഞ്ഞു:
"നീ ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക.'' (10:15) ഈ മാര്‍ഗവും അല്ലാഹു അടച്ചുകളഞ്ഞു. മറുപടിയായി അല്ലാഹു അവതരിപ്പിച്ചു.
''(നബിയെ) പറയുക, എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്കുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.'' (10:15) ഇത്തരം ഭേദഗതികളുടെ ഗൌരവം അല്ലാഹു ചൂണ്ടിക്കാട്ടുന്നു.