മുസ്ലിംകള്‍ പലായനം തുടങ്ങി. ബഹുദൈവാരാധകര്‍ അവര്‍ക്ക് മുമ്പില്‍ ബഹുവിധ മാര്‍ഗ്ഗതട ങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുമിരുന്നു.
അങ്ങിനെ ഒറ്റക്കായും സംഘങ്ങളായും വിശ്വാസികള്‍ എല്ലാവരും പലായനം ചെയ്തു.പലര്‍ക്കും പല നിലക്കുള്ള പീഡനങ്ങളും അപ്പോള്‍ ഏല്‍ക്കേണ്ടി വന്നു.പലരെയും പലായനം ചെയ്യാന്‍ സമ്മതിച്ചെങ്കിലും സ്വത്ത് കൊണ്ട് പോകാന്‍ ഒരാളെ പോലും ശത്രുക്കള്‍ സമ്മതിച്ചില്ല.
ഇതില്‍ ഏറ്റവും വേദനാ ജനകമായ സംഭവമായിരുന്നു അബൂസലമയുടെയും ഉമ്മു സമലയുടെയും .ആദ്യഘട്ടത്തില്‍ പെട്ട ഒരാളാണ് അബൂസലമ. രണ്ടാം അക്വബാ ഉടമ്പടിയുടെ ഒരു വര്‍ഷം മുമ്പാണിദ്ദേഹം പലായനം ചെയ്തത്. ഭാര്യയേയും പുത്രനേയും കൊണ്‍് നാടുവിടാനൊരുങ്ങിയപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ അവളെ പിടിച്ചുവെച്ചു. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ കുട്ടിയെ അവളോടൊപ്പം വിട്ടുകൊടുക്കുകയില്ലെന്നും വാശിയായി. കുട്ടിക്ക് വേണ്ടി ഇരുവിഭാഗവും പിടിവലിയായി. പിടിവലിയില്‍ പുത്രന്റെ കൈ നഷ്ടപ്പെട്ടു. അങ്ങനെ തന്റെ ഭാര്യയേയും കുഞ്ഞിനെയും അല്ലാഹുവിലേല്പ്പിച്ച് ഏകനായി അദ്ദേഹം യാത്രയായി. ഏകദേശം ഒരു വര്‍ഷത്തോളം ഭാര്യ ഉമ്മുസലമ കരഞ്ഞുകണ്ണീര്‍ വാര്‍ത്തു മക്കയില്‍ കഴിച്ചുകൂട്ടി. അവസാനം അവളുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ ശുപാര്‍ശ ചെയ്തു. അവള്‍ക്കും കുഞ്ഞിനും മദീനയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിച്ചു. ഏകദേശം അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള മദീനയിലേക്ക് അവള്‍ മകനേയും കൂട്ടി ഏകയായി യാത്ര പുറപ്പെട്ടു. അങ്ങനെ തന്‍ഈമിലെത്തിയപ്പോള്‍ ഉസ്മാന്‍ ബിന്‍ ത്വല്‍ഹയെ കണ്ടുമുട്ടി. അദ്ദേഹം അവരെ ഭര്‍ത്താവിന്റെയടുക്കല്‍ ഖുബാഅ് വരെ എത്തിച്ചു തിരിച്ചുപോന്നു.
റോംകാരന്‍ സുഹൈബ് പലായനത്തിനൊരുങ്ങിയപ്പോള്‍ ക്വുറൈശികള്‍ രംഗത്ത് വന്നു ആക്രോശിച്ചു. നീ ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിരാശ്രയനുമായി വന്നു, ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചു. ഇനിയിപ്പോള്‍ ആ ധനവുമായി നീ കടന്നുകളയുകയാണോ? ദൈവത്താണേ അതിനൊരിക്കലും ഞങ്ങളനുവദിക്കില്ല. സുഹൈബ് ചോദിച്ചു. "നിങ്ങളുടെ ധനം തിരിച്ചുതന്നാല്‍ എന്നെ വിട്ടേക്കുമോ? അവര്‍: "അതേ''. അദ്ദേഹം സമ്പത്തെല്ലാം അവിടെ ഉപേക്ഷിച്ചു മദീനയിലേക്ക് തിരിച്ചു. ഈ വിവരമറിഞ്ഞ റസൂല്‍(സ) പ്രതികരിച്ചു. 'സുഹൈബ് ലാഭം നേടി! സുഹൈബ് ലാഭം നേടി!'
ഉമറുബ്നുല്‍ ഖത്താബ് അയ്യാശ് ബിന്‍ അബീറബിഅ, ഹിശാം ബിന് അല്‍ ആസ് എന്നിവര്‍ സഖീഫിന് മീതെ തനാളുബ് എന്ന ഒരു സ്ഥലത്ത് ഒരുമിച്ച്കൂടാനും കാലത്ത് അവിടെനിന്ന് യാത്ര പുറപ്പെടാനും തീരുമാനിച്ചു. ഉമറും അയ്യാശും എത്തി ഹിഷാം എത്തിയില്ല. അദ്ദേഹത്തെ ശത്രുക്കള്‍ പിടിച്ചുകെട്ടിയിട്ടതായിരുന്നു. രണ്ടു പേരും മദീനയില്‍ എത്തി ഖുബാഇല്‍ ഇറങ്ങി. അല്പം കഴിഞ്ഞ് അബൂജഹലും സഹോദരന്‍ ഹാരിഥും അയ്യാശിനെ തേടി അവിടെയെത്തി. ഇവര്‍ മൂവരുടെയും മാതാവ് ഒന്നാണ്. അസ്മാഅ്. അയ്യാശിനോട് പറഞ്ഞു: 'നിന്റെ മാതാവ് നിന്നെ കാണാതെ മുടിചീകുകയോ തണലേല്ക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു. അതിനാല്‍ നീ അവരോട് കനിയുക.' ഉമര്‍ പറഞ്ഞു. "അയ്യാശ് നിന്റെ ജനങ്ങള്‍ നിന്നെ കുഴപ്പത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്‍് സൂക്ഷിക്കുക! നിന്റെ മാതാവിന് പേനുപദ്രവിച്ചാല്‍ അവള്‍ മുടിചീകിക്കൊള്ളും.' ചൂട് കഠിനമായാല്‍ തണലേല്ക്കുകയും ചെയ്തുകൊള്ളും. പക്ഷേ അയ്യാശ് മാതാവിന്റെ സത്യം പാലിക്കാന്‍ വേണ്ടി അവരുടെ കൂടെ പോകാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു. "നീ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ എന്റെ ഒട്ടകത്തെയെടുത്തോളൂ. അത് വേഗതയുള്ള ഒതുക്കമുള്ള ഒട്ടകമാണ്. വഴിയില്‍ വെച്ച് വല്ല സംശയവും തോന്നിയാല്‍ ഇതിന്റെ പുറത്ത് രക്ഷപ്പെടുക.' അങ്ങനെ അവര്‍ യാത്രയായി. അല്പം ദൂരം പിന്നിട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: "സഹോദരാ എന്റെ ഈ ഒട്ടകം വല്ലാതെ പരുക്കനായിരിക്കുന്നു. ഞാനും നിന്റെ ഒട്ടകപ്പുറത്തേറിയാലോ?' അയ്യാശ് പറഞ്ഞു. 'വിരോധമില്ല' അതിലേക്ക് മാറാനായി ഒട്ടകത്തെ മുട്ടുകുത്തിച്ചു. ഈ സമയം നോക്കി അവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും പകല്‍ സമയത്ത് തന്നെ മക്കയില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്നിട്ട് രണ്ടു പേരും വിളിച്ചു പറഞ്ഞു: "മക്കക്കാരേ! നിങ്ങളെല്ലാവരും നിങ്ങളുടെ കൂട്ടത്തിലെ വിഡ്ഢികളെ ഇവ്വിധം കൈകാര്യം ചെയ്യുവിന്‍
ഇത് മൂന്നുദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ അപ്പോഴും നിരന്തരം മദീനയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടെയിരുന്നു. രണ്ടാം അക്വബാ ഉടമ്പടിക്ക് ശേഷം രണ്ടു മാസവും ഏതാനും നാളുകളും പിന്നിട്ടപ്പോള്‍ മക്കയില്‍ റസൂല്‍ (സ)യും അബൂബക്കറും അലിയും മുശ്രിക്കുകള്‍ തടഞ്ഞുവെച്ച ചിലരുമല്ലാതെ ആരും അവശേഷിച്ചിരുന്നില്ല. നബി(സ)യും അബൂബക്കര്‍ (റ) വും യാത്രക്കുള്ള കല്പനയും പ്രതീക്ഷിച്ചു സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു.
മദീനാ പലായനത്തിന്റെ വിവരമറിഞ്ഞതോടെ നേരത്തെ അബീശിനിയയിലേക്ക് പലായനം ചെയ്ത ഭൂരിഭാഗവും മദീനയിലേക്ക് മടങ്ങി. അബൂബക്കര്‍ (റ) പലായനത്തിന് അനുമതി തേടിയപ്പോള്‍, റസൂല്‍ (സ) കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 'എനിക്കും അനുമതി കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'. അവിടുന്ന് പറഞ്ഞു. അങ്ങനെ അബൂബക്കര്‍ (റ) രണ്ടു വാഹനങ്ങള്‍ സജ്ജമാക്കി. നാലുമാസം തീറ്റിപ്പോറ്റി. റസൂല്‍ (സ)യുടെ കൂടെ പുറപ്പെടാനായി കാത്തിരുന്നു.