അഭയാര്‍ഥികളായ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനും ജീവനും ഒരുപോലെ സുരക്ഷിതത്വമുള്ള സ്ഥലത്താണ് എത്തിയത് എന്നത് ക്വുറൈശികള്‍ക്ക് പ്രയാസകരമായി. തങ്ങളുടെ കൂട്ടത്തില്‍ ശക്തരും ബുദ്ധിമാന്മാരുമായ അംറുബ്നു ആസ്വ്, അബ്ദുല്ലാഹിബ്നു അബീ റബീഅ എന്നീ രണ്ടുപേരെ തെരഞ്ഞെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമായി നജ്ജാശി രാജാവിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും അടുക്കലേക്ക് ക്വുറൈശികള്‍ അയച്ചു. സൈന്യാധിപന്മാരെ കണ്ട് ആവശ്യമായ രൂപത്തിലെല്ലാം സംസാരിച്ചശേഷം രണ്ടുപേരും സമ്മാനങ്ങളുമായി നജ്ജാശിയെ സമീപിച്ചുകൊണ്ട് പറഞ്ഞു:
"മഹാരാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്ന് ഏതാനും അവിവേകികള്‍ താങ്കളുടെ നാട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. അവര്‍ സ്വജനതയുടെ മതം പരിത്യജിച്ചവരും ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത പുതിയ മതം കൊണ്ടുവന്നവരുമാണ്. താങ്കളുടെ മതത്തിലൊട്ട് പ്രവേശിച്ചിട്ടുമില്ല. അവരുടെ പിതാക്കളും പിതൃവ്യരും അടുത്ത ബന്ധുക്കളും അവരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഞങ്ങളെ നിയോഗിച്ചതാണ്. അവര്‍ ഇവരുടെ ന്യൂനതകളെക്കുറിച്ച് ശരിയായ ബോധമുള്ളവരാണ്.
സൈന്യാധിപന്മാര്‍ പറഞ്ഞു: 'മഹാരാജാവേ, ഇവര്‍ രണ്ടുപേരും പറയുന്നത് സത്യമാണ്. അവരെ ഇവരുടെ കൂടെ നാട്ടിലേക്ക് തിരിച്ചയച്ചാലും.'' എന്നാല്‍, നജ്ജാശി ചക്രവര്‍ത്തി പ്രശ്നം അന്വേഷിച്ചു പഠിക്കാന്‍ തീരുമാനിച്ചു. മുസ്ലിംകളെ തന്റെ സന്നിധിയില്‍ വിളിച്ചുവരുത്തി. എന്തുതന്നെയായാലും സത്യംതന്നെ പറയണമെന്ന തീരുമാനത്തിലെത്തിയിരുന്നു മുസ്ലിംകള്‍. നജ്ജാശി ചോദിച്ചു: നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്റെ മതമോ മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ മതമേതാണ്?
മുസ്ലിംകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചത് ജഅ്ഫര്‍ ബിന്‍ അബീത്വാലിബാണ്. അദ്ദേഹം പറഞ്ഞു: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹത്തെ പൂജിക്കുകയും ശവം ഭുജിക്കുകയും അസാന്മാര്‍ഗിക പ്രവര്ത്തനങ്ങളിലേര്പ്പെടുകയു
അപ്പോള്‍ നേഗസ് (നജ്ജാശി) ചോദിച്ചു: "അല്ലാഹുവില്‍നിന്ന് ലഭിച്ച വല്ലതും താങ്കളുടെ കൂടെയുണ്ടോ?'' ജഅ്ഫര്‍: 'അതെ ഉണ്ട്.' നേഗസ് പറഞ്ഞു. അതെന്നെയൊന്ന് പാരായണം ചെയ്ത് കേള്‍പ്പിക്കുക.' അപ്പോള്‍ മറിയം അധ്യായത്തിന്റെ ആദ്യഭാഗം ഓതി കേള്‍പ്പിച്ചു. ഇതുകേട്ട് നജ്ജാശി കരഞ്ഞു. അദ്ദേഹത്തിന്റെ താടിയിലൂടെ കണ്ണീര്‍ ചാലിട്ടു. പുരോഹിതന്മാരും അതു കേട്ട് കരഞ്ഞു. അവരുടെ കൈവശമുണ്ടായിരുന്ന വേദഗ്രന്ഥത്തിന്റെ താളുകളെ അതു നനച്ചു. അപ്പോള്‍ നജ്ജാശി അവര്‍ രണ്ടുപേരോടും പറഞ്ഞു: തീര്‍ച്ചയായും ഇത് ഈസാ(അ)ക്കു ലഭിച്ച അതേ പ്രഭാകേന്ദ്രത്തില്‍ നിന്നുതന്നെ ലഭിച്ചതാണ്. ഞാനൊരിക്കലും ഇവരെ നിങ്ങള്‍ക്കേല്പിച്ചുതരില്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും പോകാം.' രണ്ടുപേരും പുറത്തിറങ്ങി. അംറുബ്നുല്‍ ആസ്, അബ്ദുല്ലാ ഹിബ്നു റബീഅയോട് പറഞ്ഞു, അല്ലാഹുവാണേ, അവരില്‍ നേതാക്കളുടെ വേരറുത്തുകളയുന്ന ചില കാര്യങ്ങളുമായി നാളെ ഞാനവരെ സമീപിക്കുന്നതാണ്. അപ്പോള്‍ അബ്ദുല്ലാഹിബ്നു റബീഅ: പറഞ്ഞു: അങ്ങനെ ചെയ്യരുത്. അവര്‍ നമുക്ക് എതിരാണെങ്കിലും അവര്‍ക്ക് സഹായിക്കാന്‍ കുടുംബാംഗങ്ങളുണ്ട്. പക്ഷെ, അംറ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
അടുത്തദിവസം അദ്ദേഹം നേഗസിനെ സമീപിച്ചു പറഞ്ഞു: "അല്ലയോ രാജാവേ, ഇവര്‍ മറിയമിന്റെ പുത്രന്‍ ഈസയെക്കുറിച്ച് വളരെ ഗുരുതരമായ ചില വാക്കുകളാണ് പറയുന്നത്? ഇതന്വേഷിക്കാന്‍ നേഗസ് അവരുടെ അടുക്കലേക്ക് ആളെ വിട്ടു. അവര്‍ ഭയപ്പെട്ടു. പക്ഷെ, എന്തുതന്നെ വന്നാലും സത്യം തുറന്നു പറയാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ രാജാവിന്റെയരികെ പ്രവേശിച്ചപ്പോള്‍ രാജാവ് അവരോട് ഇതിനെക്കുറിച്ച് ചോദിച്ചു: ജഅ്ഫര്‍ മറുപടി പറഞ്ഞു: അദ്ദേഹത്തെക്കുറിച്ച് ഞങ്ങളുടെ പ്രവാചകന്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നതാണ് ഞങ്ങള്‍ പറയുന്നത്: "അദ്ദേഹം, ദൈവദാസനും ദൂതനും ദിവ്യാത്മാവും കന്യാമറിയമില്‍ നിക്ഷേപിച്ച ദിവ്യവചനവുമാകുന്നു. അപ്പോള്‍ നജ്ജാശി നിലത്തുനിന്ന് ഒരു കമ്പെടുത്ത് കൊണ്ടുപറഞ്ഞു: മറിയമിന്റെ പുത്രന്‍ ഈസയെ കുറിച്ചു താങ്കള്‍ പറഞ്ഞത് ഈ കമ്പിന്റെ അത്രപോലും വ്യത്യാസത്തിലല്ല, തീര്‍ച്ച. അതുകേട്ട് സൈന്യാധിപന്മാര്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. നേഗസ് പറഞ്ഞു: നിങ്ങള്‍ ശബ്ദമുണ്ടാക്കിയാലും.
തുടര്‍ന്ന് മുസ്ലിംകളോട് പറഞ്ഞു: നിങ്ങള്‍ പോകൂ, നിങ്ങള്‍ എന്റെ നാട്ടില്‍ നിര്‍ഭയരാണ്. നിങ്ങളെ ആക്ഷേപിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഇത് മൂന്നുതവണ ആവര്‍ത്തിച്ചു. എനിക്കൊരു മലയോളം സ്വര്‍ണം ലഭിച്ചാലും നിങ്ങളിലൊരാളെയും ആക്ഷേപിക്കുന്നത് എനിക്കിഷ്ടമല്ല.
തന്റെ പരിവാരങ്ങളോടു പറഞ്ഞു: അവരുടെ സമ്മാനങ്ങള്‍ തിരിച്ചുകൊടുക്കുക. എനിക്കതാവശ്യമില്ല. എന്റെ ഭരണാധികാരം എനിക്ക് തിരിച്ചു നല്കിയപ്പോള്‍ അല്ലാഹു എന്നോട് കോഴവാങ്ങിയിട്ടില്ല എന്നിട്ട് ഞാനതില്‍ കോഴ വാങ്ങുകയോ? ജനങ്ങള്‍ എന്നെ അനുസരിക്കാത്ത കാര്യത്തില്‍ ഞാന്‍ അവരെ അനുസരിക്കുകയോ?.ശേഷം മുസ്ലിംകള്‍ വളരെ സുഖമായി അവിടെ ജീവിച്ചു പോന്നു.