ഹിജ്റയുടെ മുമ്പ് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ മഹത്തായ ഒരനുഗ്രഹമായിരുന്നു ഇസ്റാഉം (മക്കയില്‍നിന്ന് ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള നിശായാത്ര) മിഅ്റാജും.ഇതിന്‍റെ ദിവസത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതില്‍ ഒരു പ്രബല അഭിപ്രായം പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം റജബ് ഇരുപത്തി ഏഴിനായിരുന്നു എന്നാണു.
റസൂല്‍(സ) യെ ശാരീരികമായി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ജറുസലേമിലെ ബൈതുല്‍ മുക്വദ്ദസിലേക്ക് ബുറാക്വ് എന്ന വാഹനപ്പുറത്ത് ജിബ്രീലിന്റെ അകമ്പടിയോടെ കൊണ്ടുപോയി. വാഹനം പള്ളിയുടെ വാതിലില്‍ ബന്ധിച്ചശേഷം തിരുമേനി അവിടെ സന്നിഹിതരായിരുന്ന നബിമാര്‍ക്ക് ഇമാമായി നമസ്കരിച്ചു. തുടര്‍ന്ന് അന്നുരാത്രിതന്നെ ജിബ്രീല്‍ നബിയെ ഒന്നാനാകാശത്തേക്ക് കൊണ്ടുപോയി. ആകാശകവാടം തുറക്കാന്‍ ജിബ്രീല്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കുകയും അവിടെ മനുഷ്യപിതാവ് ആദമിനെ കാണുകയും സലാം പറയുകയും സലാം മടക്കുകയും ചെയ്തു. തന്‍റെ വലതുഭാഗത്ത് രക്തസാക്ഷികളുടെ ആത്മാക്കളും ഇടതുഭാഗത്ത് ദൌര്‍ഭാഗ്യവാന്മാരുടെ ആത്മാക്കളും കാണുകയുണ്ടായി.തുടര്‍ന്ന് രണ്ടാനാകാശത്തേക്ക് കൊണ്ടുപോയി. അവിടെ യഹ് യ , ഈസാ(അ) എന്നിവരെ കണ്ടു സലാം പറയുകയും മടക്കുകയും അവര്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് മൂന്നാനാകാശത്തേക്ക് കൊണ്ടുപോയി അവിടെ യൂസുഫ്(അ)യെ കണ്ടു മേല്‍പ്പറഞ്ഞതെല്ലാം ഇവിടേയുമുണ്ടായി. തുടര്‍ന്ന് നാലാനാകാശത്ത് ഇദ് രീസ് (അ)യെയും പിന്നീട് അഞ്ചാനാകാശത്ത് ഹാറൂന്‍ (അ)യേയും തുടര്‍ന്ന് ആറാനാകാശത്ത് മൂസാ (അ)യെയും കണ്ടു. മേല്‍പറഞ്ഞതുപോലെ ഇവിടങ്ങളിലെല്ലാമുണ്ടായി. അവിടെനിന്ന് മുന്നോട്ടുപോകുമ്പോള്‍ മൂസാ(അ) കരയുന്നതായി കണ്ടു. എന്താണ് കരയുന്നതെന്നന്വേഷിച്ചപ്പോള്‍ ഒരു പ്രവാചകന്റെ അനുയായികള്‍ എന്റെ അനുയായികളേക്കാള്‍ കൂടുതലായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. (മുഹമ്മദ് നബി(സ)യെയാണ് ഇവിടെ ഉദ്ദേശിച്ചത്). തുടര്‍ന്ന് ഏഴാനാകാശത്ത് ചെന്നപ്പോള്‍ ഇബ്റാഹീം നബി(അ)യെ കണ്ടു. സലാം പറയുകയും മടക്കുകയും ഇബ്റാഹീം നബി(അ) നബി (സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് സിദ്റത്തുല്‍ മുന്‍തഹാ (അറ്റത്തുള്ള ഇലന്തമരം)യിലേക്കും അവിടെനിന്ന് 'ബൈത്തുല്‍ മഅ്മൂറി' (ജനനിബിഡമായ വീട്)ലേക്കും പോയി .ദിവസവും എഴുപതിനായിരം മലക്കുകള്‍ ബൈത്തുല്‍ മഅ്മൂറില്‍ പ്രവേശിക്കുന്നു. പിന്നീട് അന്ത്യനാള്‍വരെ അവര്‍ മടങ്ങിവരികയില്ല. പിന്നീട് അത്യുന്നതനും പ്രതാപിയുമായ അല്ലാഹുവിന്‍റെ അടുക്കലേക്ക് കയറിപ്പോയി. അങ്ങനെ രണ്ടു വില്ലുകളുടെ അകലത്തിലോ അതിനേക്കാള്‍ അടുത്തോ ആയി സമീപിച്ചു. അവിടെവെച്ച് അല്ലാഹു തന്റെ ദാസന് ചിലതെല്ലാം ബോധനം നല്കി. അമ്പത് സമയത്തെ നമസ്കാരം നിര്‍ബന്ധമാക്കി. അതുമായി മൂസാ(അ)യുടെ അരികിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു. 'എന്തു കല്പനയാണുള്ളത്' അമ്പത് സമയത്തെ നമസ്കാരം.' നബി(സ) പറഞ്ഞു. മൂസാ(അ) പറഞ്ഞു: താങ്കളുടെ സമുദായത്തിന് അത് നിര്‍വഹിക്കാന്‍ കഴിയില്ല. താങ്കളുടെ നാഥന്റെ അടുക്കലേക്ക് തന്നെ മടങ്ങി ലഘൂകരിക്കാന്‍ ആവശ്യപ്പെടുക.'' ഉടനെ ജിബ്രീലുമായി കൂടിയാലോചിച്ച് അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെ മടങ്ങി. അപ്പോള്‍ പത്ത് സമയത്തേക്ക് ലഘൂകരിച്ചുകിട്ടി. വീണ്ടും മൂസാ(അ)യുടെ അടുക്കലെത്തിയപ്പോള്‍ തിരിച്ചുചെന്ന് ലഘൂകരണമാവശ്യപ്പെടാന്‍ ഉപദേശിച്ചു. ഇങ്ങനെ പലതവണ ആവര്‍ത്തിച്ചു. അവസാനം അഞ്ചു സമയമായി ചുരുക്കിക്കിട്ടി. വീണ്ടും മൂസാ(അ) ഉപദേശിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇനിയും ചോദിക്കാന്‍ എനിക്ക് ലജ്ജയാകുന്നു. പക്ഷെ, ഞാന്‍ തൃപ്തിപ്പെടുകയും സമ്മതിക്കുകയും ചെയ്യുന്നു. നബി(സ) അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരശരീരി മുഴങ്ങി: എന്റെ കല്പന പ്രാബല്യത്തില്‍ വന്നിരിക്കുന്നു. എന്റെ ദാസന്മാര്‍ക്ക് ഞാന്‍ ലഘൂകരണം നല്കുകയും ചെയ്തിരിക്കുന്നു.''
ഈ യാത്രയില്‍ മറ്റനേകം കാര്യങ്ങളും അദ്ദേഹം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുമ്പില്‍ പാലും മദ്യവും പ്രദര്‍ശിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പാല്‍ തെരഞ്ഞെടുത്തു. ഉടനെ താങ്കള്‍ പ്രകൃതി തെരഞ്ഞെടുത്തു. മദ്യമായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കില്‍ താങ്കളുടെ സമുദായത്തെ താങ്കള്‍ പിഴപ്പിച്ചതുതന്നെയെന്ന് പറയുകയുണ്ടായി. സിദ്റത്തുല്‍ മുന്‍തഹായുടെ കീഴില്‍ നിന്ന് ഉത്ഭവിക്കുന്ന നാല് അരുവികള്‍ കണ്ടു. രണ്ടെണ്ണം പ്രത്യക്ഷമായതും രണ്ടെണ്ണം ആന്തരികമായതും. പ്രത്യക്ഷമായത് യൂഫ്രട്ടീസും ടൈഗ്രീസുമാണ്. ഇതിന്റെ ഉദ്ദേശ്യം, തന്റെ സന്ദേശം യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ഫലഭൂയിഷ്ടമായ തീരങ്ങളില്‍ പച്ചപിടിക്കുമെന്നും അന്നാട്ടുകാര്‍ തലമുറകളിലൂടെ ഇതിന്റെ വാഹകരായിരിക്കുമെന്നും സൂചനയായിരിക്കാം. ആന്തരികമായത് സ്വര്‍ഗത്തിലെ രണ്ടു നദികളാണ്. സ്വര്‍ഗവും നരകവും, നരകത്തിന്റെ പാറാവുകാരന്‍ മാലിക് എന്ന മലക്കിനേയും കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുഖം ഒട്ടും പുഞ്ചിരിയില്ലാത്ത പരുഷഭാവമായിരുന്നു.