നബി(സ്വ)ക്കെതിരെയുള്ള വധ ശ്രമവും ഹംസ (റ) യുടെ ഇസ്ലാമാശ്ലേശവും

ഇസ്ലാമിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയാണ് എന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ ആക്രമം കൂടുതല്‍ ശക്തമാക്കി.അവരുടെ ഉറക്കം കെടുത്തിക്കളയുന്ന ഫിത്നയുടെ വേരറുക്കാന്‍ റസൂല്‍(സ)യെ വധിക്കുകയാണ് വേണ്ടതെന്ന നിലയ്ക്കുള്ള ചില നീക്കങ്ങളും അവരില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു.പലായനം ചെയ്യാത്ത വിശ്വാസികള്‍ വളരെ രഹസ്യമായാണ് ആരാധനകള്‍ നിര്‍വഹിച്ചിരുന്നത് എങ്കില്‍ നബി (സ്വ) പരസ്യമായി തന്നെയായിരുന്നു നമസ്കരിച്ചതും പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതും. യാതൊന്നും നബി(സ)യെ ഇതില്‍ നിന്ന് തടഞ്ഞിരുന്നില്ല. കാരണം,"അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക'' (15: 94) എന്ന വിശുദ്ധ ക്വുര്‍ആന്റെ പ്രഖ്യാപനത്തിന്റെ താല്പര്യമായിരുന്നു ഇത്. അതിനാല്‍, മുശ്രിക്കുകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അതിന് സൌകര്യപ്പെടുമായിരുന്നു. എന്നാല്‍ ആദരണീയമായ വ്യക്തിത്വത്തിന്റെയും പ്രൌഢോജ്വലമായ ഭാവത്തിന്റെയും ഉടമയെന്നതും അബൂത്വാലിബിന്റെ സംരക്ഷണയിലുള്ള വ്യക്തിയാണെന്നതും, അദ്ദേഹത്തെ കടന്നാക്രമിച്ചാല്‍ ഹാശിം കുടുംബം ഒന്നടങ്കം തിരിച്ചടിക്കുമെന്ന ആശങ്കയും മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ അവരെ നബി(സ)യെ കയ്യേറ്റം ചെയ്യുന്നതിന് തടസ്സമായി നിന്നിരുന്നത്. എന്നാല്‍, ഇതിനു തന്നെയും വളരെ നേരിയ ഒരു സ്വാധീനമേയുണ്ടായിരുന്നുള്ളൂ. തങ്ങളുടെ ബഹുദൈവത്വപരമായ അന്തരീക്ഷവും മതപരമായ നേതൃത്വവും നബി തിരുമേനിയുടെ പ്രബോധനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ നഷ്ടപ്പെട്ടുപോകുന്നുണ്ട് എന്ന് തോന്നിയതുമുതല്‍ തന്നെ അവര്‍ അദ്ദേഹത്തിന്നെതിരിലുള്ള നീക്കങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു.

അബൂ ലഹബിന്‍റെ പുത്രന്‍ ഉതൈബ ഒരിക്കല്‍ നബിയെ മര്‍ദിക്കുകയും കുപ്പായം വലിച്ചുകീറുകയും മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയും ചെയ്തു. പക്ഷെ, അവന്‍ കാര്‍ക്കിച്ച് തുപ്പിയത് അവിടുത്തെ തിരു മുഖത്തു പതിയുകയുണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ തിരുദൂതര്‍ അവനെതിരില്‍ പ്രാര്‍ഥിച്ചു. "അല്ലാഹുവേ, നിന്റെ നായ്ക്കളില്‍ ഒന്നിനെ അവന്റെ നേരെ നീ നിയോഗിക്കണമേ:'' അവിടുത്തെ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടു. ഈ ഉതൈബ ഒരിക്കല്‍ ഒരു സംഘം ക്വുറൈശികള്‍ക്കൊപ്പം ശാമില്‍ ചെന്ന് അവിടെ സര്‍ഖാഅ് എന്ന സ്ഥലത്ത് താമസിക്കുകയായിരുന്നു. അന്ന് രാത്രി ഒരു സിംഹം അവരുടെയടുക്കല്‍ പ്രത്യക്ഷപ്പെട്ടു. ഉടനെ ഉത്ബ പറയാന്‍ തുടങ്ങി. 'നാശം! സഹോദരാ! മുഹമ്മദ് എനിക്കെതിരില്‍ പ്രാര്‍ഥിച്ചതുപോലെ അതെന്നെ പിടിച്ചുതിന്നും. ഞാന്‍ ശാമിലായിരിക്കെ മക്കയില്‍ നിന്ന് അവനെന്നെ കൊന്നു.'' അവരെല്ലാം കൂടി അവനെ അവര്‍ക്ക് മധ്യേയാക്കി കിടന്നുറങ്ങി. പക്ഷെ, സിംഹം അവര്‍ക്കിടയില്‍ നിന്ന് അവനെ പിടിച്ചു തലയറുത്തുകളഞ്ഞു.

ഇതുപോലെ, ഉഖ്ബത്ബിന്‍ അബീമുഅയത് നബി(സ) സുജൂദിലിരിക്കെ അവിടുത്തെ പിരടിക്ക് ചവിട്ടി.ചവിട്ടിന്റെ ആഘാതം കൊണ്ട് തിരുമേനിയുടെ കണ്ണുതുറിച്ചുപോയി.
ക്വുറൈശികള്‍ ഹിജ്റില്‍ സമ്മേളിച്ചുകൊണ്ട് പറയുകയാണ്, 'ഈ മനുഷ്യന്റെ കാര്യത്തില്‍ നാം സഹിച്ചതുപോലെ മറ്റാരുടെ കാര്യത്തിലും നാം സഹിച്ചില്ല. അത്യധികം ഗുരുതരമായ ഒരു വിഷയത്തിലാണ് നാം ഈ സഹിക്കുന്നത്. ഇതുപറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ നബി(സ) അവിടെ പ്രത്യക്ഷപ്പെട്ട് കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്യാന്‍ തുടങ്ങി. ഓരോ തവണയിലും അവര്‍ അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ടിരുന്നു. ഈ പ്രയാസം അവിടുത്തെ മുഖത്ത് പ്രത്യക്ഷമായിരുന്നു. മൂന്നാം തവണയും ഇതാവര്‍ത്തിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: 'ക്വുറൈശീ സമൂഹമെ! എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം! നിങ്ങളെല്ലാം ഒരുനാള്‍ തുണ്ടങ്ങളായി മുറിക്കപ്പെടുന്നതാണ്.'' ഇതുകേട്ട് ജനങ്ങള്‍ സ്തബ്ധരായി നിന്നുപോയി. അവരില്‍ ഏറ്റവും ക്രൂരന്‍പോലും കരുണക്കായി യാചിച്ചുകൊണ്ട് പറഞ്ഞു: "അബുല്‍ക്വാസിം, മതിയാക്കൂ താങ്കളൊരിക്കലും വിഡ്ഢിയാക്കപ്പെട്ടിട്ടില്ല.''

പിറ്റേന്ന് അവര്‍ ഇതുപോലെ സംസാരിച്ചുകൊണ്ടിരിക്കേ നബി(സ) അവിടെ പ്രത്യക്ഷപ്പെട്ടു. ഉടനെ അവരൊന്നിച്ചു അദ്ദേഹത്തിനുമേല്‍ ചാടിവീണു. അതിലൊരാള്‍ അദ്ദേഹത്തിന്റെ വസ്ത്രമൊന്നാകെ ചുറ്റിപ്പിടിച്ചു. ഇതുകണ്ട അബൂബക്കര്‍(റ) കരഞ്ഞുകൊണ്ടവിടെ എത്തി. അദ്ദേഹമവരോട് ചോദിച്ചു: 'തന്റെ റബ്ബ് അല്ലാഹുവാണെന്ന് പറഞ്ഞതിന് നിങ്ങള്‍ ഒരു മനുഷ്യനെ വധിക്കുകയോ?' ഇതുകേട്ട് അവരെല്ലാം പിരിഞ്ഞുപോയി.

സ്വഫാ മലയുടെ അരികെവെച്ച് നബിതിരുമേനിയെ അബൂജഹല്‍ കഠിനമായി മര്‍ദിച്ച് അവശനാക്കി. റസൂല്‍(സ) ഒന്നുമുരിയാടാതെ അങ്ങനെത്തന്നെ നിന്നു. പിന്നീട് അവന്‍ ഒരു കല്ലെടുത്ത് അവിടുത്തെ ശിരസ്സില്‍ ശക്തിയായി ഇടിച്ചു. ഇതുകാരണം രക്തം ധാരയായി ഒഴുകി. എന്നിട്ട്, കഅബയുടെ സമീപം ക്വുറൈശികളുടെകൂടെ ചെന്നിരുന്നു. അബ്ദുല്ലാഹിബ്നു ജുദ്ആന്റെ ഒരടിമസ്ത്രീ ഇതെല്ലാം തന്റെ വീട്ടിലിരുന്നു കാണുന്നുണ്ടായിരുന്നു. അപ്പോള്‍ ആ വഴിക്ക് വേട്ടയും കഴിഞ്ഞ് വില്ല് ചുമലില്‍ തൂക്കി വന്ന ഹംസയോട് ഇവള്‍ കണ്ടെതെല്ലാം പറഞ്ഞു. ഒട്ടും വഴങ്ങാത്ത ശക്തനും ധീരനുമായ ഹംസയെ ഇത് പ്രകോപിപ്പിച്ചു. ആരോടും ഒന്നും സംസാരിക്കാതെ നേരിട്ട് അബൂജഹലിനെ ലക്ഷ്യമാക്കി ഹംസ കുതിച്ചു. കഅബയില്‍ ക്വുറൈശികള്‍ക്കിടയില്‍ ഇരിക്കുകയായിരുന്ന അബൂജഹലിന്റെ അടുക്കല്‍ ചെന്ന് ആക്രോശിച്ചു. 'ദുഷ്ടാ, നീ അവനെ അധിക്ഷേപിച്ചുവല്ലേ? നീ എന്റെ സഹോദരപുത്രനെ അധിക്ഷേപിക്കുകയോ, ഞാനും അവന്റെ മതം സ്വീകരിച്ചിരിക്കേ?' പിന്നെ വില്ലുകൊണ്ട് ശക്തിയായി പ്രഹരിച്ചു. അപ്പോഴേക്കും, അബൂജഹലിന്റെ മഖ്സും ഗോത്രക്കാരും ഹംസയുടെ ഹാശിം ഗോത്രക്കാരും പ്രത്യക്ഷപ്പെട്ടു. അബൂജഹല്‍ പറഞ്ഞു: 'അബൂഉമാറയെ വിട്ടേക്കുക. ഞാനവന്റെ സഹോദരപുത്രനെ മോശമായി ചീത്തവിളിച്ചതുകൊണ്ടാണ്.
ഈ കാരണത്തോടെയാണ് ഹംസ ഇസ്ലാമിലേക്ക് കടന്നു വന്നത്.അത് ഇസ്ലാമിന് ഏറെ ശക്തിയും നല്‍കി.