പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം രണ്ടു ദുഃഖ സംഭവങ്ങള്‍ ആണ് ഉണ്ടായത്.അബൂത്വാലിബിന്റെയും ഖദീജ (റ)യുടെയും മരണമായിരുന്നു അത്.
ഉപരോധത്തില്‍ നിന്ന് മടങ്ങി വന്ന ശേഷം അബൂ ത്വാലിബ് ക്ഷീണിതനും രോഗിയും ആയി.പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം രോഗം കഠിനമായി അദ്ദേഹം മരണപ്പെട്ടു.മരണാസന്നനായ അബൂ ത്വാലിബിനെ നബി (സ്വ) സന്ദര്‍ശിച്ചു പറഞ്ഞു:'പിതൃവ്യാ അങ്ങ് ലാ ഇലാഹ ഇല്ലല്ലാഹ് മൊഴിയൂ. ആ പദമുപയോഗിച്ച് ഞാന്‍ അല്ലാഹുവില്‍ താങ്കള്‍ക്ക് വേണ്ടി വാദിക്കാം.' അപ്പോള്‍ അവിടെയുണ്ടായിരുന്ന അബൂജഹലും അബ്ദുല്ലാബിന്‍ അബീഉമയ്യയും കൂടി പറഞ്ഞു: 'അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്വലിബിന്‍റെ മതത്തില്‍നിന്ന് വ്യതിചലിക്കുകയാണോ? അവരദ്ദേഹത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവസാനം, 'അബ്ദുല്‍ മുത്വലിബിന്റെ മതത്തില്‍ എന്ന് മൊഴിഞ്ഞു മരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അല്ലാഹു നിരോധിക്കാത്ത കാലം വരെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ അല്ലാഹുവോട് പാപമോചനം നടത്തുക തന്നെ ചെയ്യും. അപ്പോള്‍ അത് നിരോധിച്ചുകൊണ്ട് ആയത്തവതരിച്ചു:
"ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാന്‍- അവര്‍ അടുത്ത ബന്ധുക്കളായാല്‍പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.'' (9:113) വീണ്ടും അവതരിച്ചു: "നിശ്ചയം നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല.....'' (28:56)
അബൂത്വാലിബ് നബി(സ)ക്ക് നല്കിയ സംരക്ഷണവും പ്രതിരോധവും വിശദീകരിക്കേണ്ട ആവശ്യമില്ല. ഭോഷന്മാരുടേയും അഹങ്കാരികളുടെയും കയ്യേറ്റത്തില്‍ നിന്ന് ഇസ്ലാമിക പ്രബോധനത്തെ കോട്ടകണക്കെ അദ്ദേഹം സംരക്ഷിച്ചു. പക്ഷെ, അദ്ദേഹമപ്പോഴും പിതാക്കളുടെ മതത്തില്‍ തന്നെ അവശേഷിച്ചു.അത് നബി(സ്വ)യെ വളരെ ദുഖിപ്പിച്ച ഒരു കാര്യമായിരുന്നു.അബ്ബാസുബ്നു അബ്ദുല്‍ മുത്വലിബ് നബി(സ)യോട് ചോദിച്ചു. താങ്കളുടെ പിതൃവ്യന് താങ്കള്‍ക്കൊന്നും ഉപകരിക്കാനാവില്ലെ? അദ്ദേഹം താങ്കളെ സംരക്ഷിക്കുകയും താങ്കള്‍ക്ക് വേണ്ടി കോപിക്കുകയും ചെയ്തിട്ടില്ലേ. നബി(സ) പറഞ്ഞു: 'അദ്ദേഹം നരകാഗ്നിയിലെ ആഴം കുറഞ്ഞ സ്ഥലത്തായിരിക്കും. ഞാനില്ലായിരുന്നുവെങ്കില്‍ നരകത്തിന്റെ അടിത്തട്ടിലാകുമായിരുന്നു.'
ഇതേ വര്‍ഷം തെന്നയാണ് നബിയുടെ താങ്ങും തണലും ആയിരുന്ന സഹ ധര്‍മ്മിണി ഖദീജ (റ) വേര്‍പാട്.ഇത് അബൂത്വാലിബിന്‍റെ മരണത്തിനു മൂന്നു മാസം ശേഷമാണ് എന്നും മൂന്നു ദിവസം ശേഷമാണ് എന്നും അഭിപ്രായമുണ്ട് .അന്ന് ഖദീജ(റ)ക്ക് 65 വയസ്സ് പ്രായമായിരുന്നു.
റസൂല്‍(സ)ക്ക് ലഭിച്ച അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ഖദീജ, കാല്‍നൂറ്റാണ്ട് കാലം നബിയോടൊന്നിച്ചുകഴിച്ചു കൂട്ടി. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പ്രവാചകന് ശക്തി പകരുകയും പ്രബോധനരംഗത്തും കടുത്ത ധര്‍മസമരരംഗങ്ങളിലും പങ്കുചേരുകയും തന്റെ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും സഹായിക്കുകയും ചെയ്ത മഹനീയ മഹിള. റസൂല്‍(സ) പറയുന്നു. "ജനങ്ങളെന്നെ അവിശ്വസിച്ചപ്പോള്‍ അവളെന്നെ വിശ്വസിച്ചു. കള്ളവാദിയെന്നാരോപിച്ചപ്പോള്‍ അവളെന്നെ സത്യവാനായംഗീകരിച്ചു. അവളുടെ സമ്പത്തില്‍ അവളെന്നെ പങ്കുചേര്‍ത്തു, ജനങ്ങള്‍ അതെനിക്ക് തടഞ്ഞപ്പോള്‍. അവളില്‍ അല്ലാഹു എനിക്ക് സന്തതികളെ നല്കി, മറ്റുള്ളവരില്‍ അത് തടഞ്ഞപ്പോള്‍.....'
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ജിബ്രീല്‍ നബി(സ)യുടെ അടുക്കല്‍ വന്നുപറഞ്ഞു: ദൈവദൂതരേ! ഇതാ ഖദീജ, അവള്‍ ഒരു പാത്രത്തില്‍ അന്നപാനങ്ങളുമായി വരുന്നു. അവള്‍ താങ്കളുടെ അരികെയെത്തിയാല്‍ റബ്ബിന്‍റെ സലാം അവളെ അറിയിക്കുക. സ്വര്‍ഗത്തില്‍ ബഹളമോ വിഷമമോ ഇല്ലാത്ത മുത്താല്‍ നിര്‍മ്മിതമായ ഒരു ഭവനവും അവള്‍ക്ക് ലഭിക്കുമെന്ന് സുവിശേഷവുമറിയിക്കുക.'
നബി(സ്വ)ക്ക് ഇബ്രാഹീം ഒഴികെ എല്ലാം സന്താങ്ങളും ഉണ്ടായത് ഖദീജ(റ)യില്‍ ആണ്.രണ്ടു ആണ്‍ കുട്ടികളും നാല് പെണ്‍ കുട്ടികളും ആണ് ഖദീജ (റ)യില്‍ നബി(സ്വ)ക്കുണ്ടായതു.ആണ്‍ കുട്ടികളായ ഖാസിം ,അബ്ദുള്ള എന്നിവര്‍ ചെറുപ്പത്തിലെ മരണപ്പെട്ടു.ഇവരും മാതാവ് ഖദീജ(റ)യും മക്കയില്‍ ആണ് അന്ത്യ വിശ്രമം കൊള്ളുന്നത്.പെണ്‍ കുട്ടികള്‍ സൈനബ്,റുഖയ്യ ,ഉമ്മു കുല്സൂം,ഫാത്വിമ എന്നിവര്‍ ആയിരുന്നു.സൈനബിനെ അബുല്‍ ആസ് റബീഹ് ആണ് വിവാഹം ചെയ്തത്.റുഖയ്യയെ ഉസ്മാന് ഇബ്നു അഫ്ഫാന്‍ (റ) വിവാഹം ചെയ്തു,റുഖയ്യ മരണപ്പെട്ടപ്പോള്‍ ഉമ്മു കുല്സൂമിനെ വിവാഹം ചെയ്തു.ഫാത്വിമയെ അലി(റ)ആണ് വിവാഹം ചെയ്തത്.