നാലാം വര്‍ഷാരംഭം മുതല്‍ മേല്‍ പറഞ്ഞ ശൈലിയിലുള്ള പ്രതിരോധമുറകളുമായി മുശ്രിക്കുകള്‍ ഏതാനും ആഴ്ചകളും മാസങ്ങളും മുന്നോട്ടു പോയെങ്കിലും പ്രതീക്ഷിച്ചതുപോലുള്ള ഫലങ്ങളൊന്നും അതിനു കാണാത്തതുകാരണം അവര്‍ ഒരിക്കല്‍ കൂടി സമ്മേളിച്ചു. മുസ്ലിംകളെ മര്‍ദിക്കാനും പീഢിപ്പിക്കാനും തീരുമാനമെടുത്തു. അങ്ങനെ, ഓരോ ഗോത്രനേതാവും തന്റെ ഗോത്രത്തില്‍നിന്നും, ഓരോ യജമാനനും തന്റെ അടിമകളില്‍നിന്നും ഇസ്ലാം ആശ്ളേഷിച്ചവരെ മര്‍ദിക്കാന്‍ തുടങ്ങി.അങ്ങനെ മുസ്ലിംകള്‍ക്കെതിരില്‍- പ്രത്യേകിച്ച് അതിലെ ദുര്‍ബ്ബലര്‍ക്കെതിരില്‍ മനസ്സറക്കുന്ന, കര്‍ണപുടങ്ങള്‍ പൊട്ടിപ്പോകുന്ന അത്രയും ക്രൂരമായ മര്‍ദനങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.
അബൂജഹല്‍, അല്പം സ്ഥാനമാനങ്ങളും സാമ്പത്തിക സുസ്ഥിതിയുമുള്ളവര്‍ ഇസ്ലാമാശ്ളേഷിച്ചത് അറിഞ്ഞാല്‍ തന്‍റെ സ്ഥാനമാനങ്ങളും സമ്പത്തും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയായി. ദുര്‍ബലനാണെങ്കില്‍ കഠിനമായി മര്‍ദിക്കുകയും ചെയ്യും.
ഉസ്മാന്‍ബിന്‍ അഫ്ഫാനെ അദ്ദേഹത്തിന്‍റെ ഒരു പിതൃസഹോദരന്‍ ഈന്തപ്പനയോലയുടെ ഒരു പായയില്‍ പൊതിഞ്ഞ് താഴെ പുകയിട്ടു! മുസ്വ്അബ്ബിന്‍ ഉമൈര്‍ വിശ്വാസിയായതറിഞ്ഞ മാതാവ്, ഏറെ സമ്പന്നനും സുഖലോലുപനുമായി ജീവിക്കാന്‍ സൌകര്യങ്ങളുള്ള അദ്ദേഹത്തെ പട്ടിണിയിടുകയും വീട്ടില്‍നിന്ന് പുറത്താക്കുകയും ചെയ്തു. പട്ടിണിയും കഷ്ടപ്പാടും കാരണം അദ്ദേഹത്തിന്റെ തൊലിയെല്ലാം വിണ്ടുകീറാന്‍ തുടങ്ങി. റോമക്കാരനായിരുന്ന സ്വുഹൈബിന് മര്‍ദനങ്ങള്‍ കാരണം ഗ്രാഹ്യശേഷി നഷ്ടപ്പെടുകയുണ്ടായി.
ഉമയ്യബിന്‍ ഖലഫ് അല്‍ജുംഹിയുടെ അടിമയായിരുന്നു ബിലാല്‍. ഉമയ്യ, ബിലാലിന്റെ കഴുത്തില്‍ കയറുകെട്ടി മക്കാ മലകളില്‍ കറങ്ങി കളിക്കുന്ന കുട്ടികളെ ഏല്പിച്ചു. പട്ടിണിക്കിട്ടും ചുടുവെയിലില്‍ നെഞ്ചത്ത് പാറക്കല്ല് കയറ്റിവെച്ച് ചുടുമണലില്‍ കിടത്തിയും പീഢനങ്ങളുടെ ബീഭത്സരൂപം അരങ്ങേറുകതന്നെ ചെയ്തു! ഒന്നുകില്‍ മുഹമ്മദിനെ അവിശ്വസിക്കുക അല്ലെങ്കില്‍ ലാത്തയെയും ഉസ്സയെയും ആരാധിക്കുക, തയ്യാറില്ലെങ്കില്‍ ഇതിനിയും തുടരുമെന്ന് ക്രൂരനായ യജമാനന്‍ ഇടക്കിടെ ആക്രോശിച്ചുകൊണ്ടിരുന്നു. അപ്പോഴും ബിലാല്‍ അഹദ്! അഹദ്! (ഏകന്‍, ഏകന്‍) എന്നിങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കല്‍ ആ വഴിക്കു നടന്നുപോവുകയായിരുന്ന അബൂബക്കര്‍ ഈ ദയനീയദൃശ്യം കണ്ടു അലിവുതോന്നി ഒരു കറുത്ത അടിമയെ പകരം നല്കി ബിലാലിനെ വാങ്ങിമോചിപ്പിച്ചു.
അമ്മാര്‍ബിന്‍ യാസിര്‍, മഖ്സൂം ഗോത്രത്തിന്‍റെ അടിമയായിരുന്നു. അദ്ദേഹവും പിതാവും മാതാവും ഒന്നിച്ചു ഇസ്ലാം ആശ്ളേഷിച്ചു. മുശ്രിക്കുകള്‍ അബൂജഹലിന്‍റെ നേതൃത്വത്തില്‍ അവരെ നട്ടുച്ചനേരത്ത് ചുട്ടുപഴുത്ത മണല്‍ കാട്ടിലേക്ക് ഇറക്കിവിട്ടു പീഡിപ്പിച്ചു. അതുവഴി നടന്നുപോവുകയായിരുന്ന നബിതിരുമേനി ഇതുകാണാനിടയായി. അവിടുത്തേക്ക് ഇങ്ങനെ പറയാനല്ലാതെ കഴിയുമായിരുന്നില്ല. "യാസിര്‍ കുടുംബമേ ക്ഷമിക്കൂ! നിങ്ങളുടെ വാഗ്ദത്തസ്ഥാനം സ്വര്‍ഗമാണ്.'' യാസിര്‍ ഈ പീഢനത്തില്‍ മൃതിയടഞ്ഞു. സുമയ്യയുടെ ഗുഹ്യഭാഗത്ത് കുന്തമിറക്കി അബൂജഹല്‍ അവരെയും നിഷ്ഠൂരമായി വധിച്ചു. അങ്ങനെ ഈ വയോവൃദ്ധ ഇസ്ലാമിലെ ഒന്നാമത്തെ വനിതാ രക്തസാക്ഷിയായി. അമ്മാറിനെ ചുവന്ന പാറക്കഷ്ണം നെഞ്ചത്ത് വെച്ചും ശ്വാസം മുട്ടിച്ചും മര്‍ദിച്ചുകൊണ്ടേയിരുന്നു. ഇടക്കിടെ യജമാനന്‍ ആക്രോശിക്കും. 'മുഹമ്മദിനെ അധിക്ഷേപിക്കുകയും ലാത്തയെയും ഉസ്സയേയും അംഗീകരിക്കുകയും ചെയ്യുക' നിര്‍ബന്ധിതാവസ്ഥയില്‍ അതുപറയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. പിന്നീട്, തന്റെ പ്രവൃത്തിയില്‍ മനസ്സ് നൊന്ത് ക്ഷമയാചിച്ച് കരഞ്ഞുകൊണ്ട് അദ്ദേഹം നബി(സ)യെ സമീപിച്ചു. അപ്പോള്‍ അതിനെകുറിച്ചു ആയത്ത് അവതരിച്ചു. "വിശ്വസിച്ചതിനുശേഷം തങ്ങളുടെ മനസ്സ് വിശ്വാസത്തില്‍ സമാധാനം പൂണ്ടതായിരിക്കെ നിര്‍ബന്ധിതരായി അവിശ്വസിച്ചവര്‍.... (കള്ളവാദികളല്ല)''
അബൂ ഫുകയ്ഹ എന്നറിയപ്പെടുന്ന അഫ്ലഹിനെ യജമാനന്മാരായ അബ്ദുദ്ദാര്‍ ഗോത്രക്കാര്‍ കാലില്‍ ചങ്ങലബന്ധിച്ച് നട്ടുച്ചനേരത്ത്, വിവസ്ത്രനാക്കി പുറത്ത് പാറകയറ്റിവെച്ച് മരുഭൂമിയില്‍ കെട്ടിവലിച്ചു. സഹിക്കവയ്യാതെ അദ്ദേഹം എത്യോപ്യയിലേക്കുള്ള രണ്ടാം തവണ പലായനത്തില്‍ പങ്കുചേര്‍ന്നു. മറ്റൊരിക്കല്‍ അദ്ദേഹത്തെ ബന്ധിച്ച് മരുഭൂമിയില്‍ കെട്ടിവലിക്കുന്നതിനിടയില്‍ ശ്വാസതടസമുണ്ടായി. മരിച്ചെന്ന് ധരിച്ച് ഉപേക്ഷിക്കുമ്പോള്‍ അബൂബക്കര്‍ അതുവഴിവന്ന് അദ്ദേഹത്തെ വിലക്ക് വാങ്ങിമോചിപ്പിച്ചു.
ഖബ്ബാബ്ബിന്‍ അല്‍ അറത്, ഖുസാഅ: ഗോത്രക്കാരി സിബാഇന്റെ പുത്രി ഉമ്മുഅമ്മാറിന്‍റെ അടിമയായിരുന്നു. കൊല്ലപ്പണിക്കാരനായ ഇദ്ദേഹത്തെ യജമാനത്തി ഇരുമ്പ് പഴുപ്പിച്ച് മുതുകിലും തലയിലും ചൂടുവെക്കുകയുണ്ടായി. മുശ്രിക്കുകള്‍ അദ്ദേഹത്തിന്‍റെ പിരടി പിടിച്ചൊടിച്ച് മുടിവലിച്ച് തീയിലെറിയുകയുണ്ടായി
സിന്നീറ, ഒരു റോമന്‍ അടിമ സ്ത്രീയായിരുന്നു. ഇസ്ലാം ആശ്ളേഷിച്ചതു കാരണം അവരെയും മര്‍ദിച്ചു. മര്‍ദനം കാരണം കാഴ്ചനഷ്ടപ്പെട്ടപ്പോള്‍ ഇത് ലാത്തയുടെയും ഉസ്സയുടെയും ശാപം കാരണമാണെന്ന് പറയുകയുണ്ടായി. അവര്‍ പ്രതികരിച്ചത്: 'അല്ലാഹുവാണെ, ഒരിക്കലുമല്ല. ഇത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ ഇത് ഭേദപ്പെടുകയും ചെയ്യും. പിറ്റേന്നു കാഴ്ചതിരിച്ചുകിട്ടി അവര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഖുറൈശികള്‍ പ്രചരിപ്പിച്ചത്, ഇതെല്ലാം മുഹമ്മദിന്‍റെ മാന്ത്രിക വിദ്യയില്‍ പെട്ടതാണ് എന്നായിരുന്നു.
സഹ്റ ഗോത്രക്കാരുടെ അടിമപ്പെണ്‍കുട്ടിയായ ഉമ്മു ഉബൈസ് വിശ്വാസിനിയായപ്പോള്‍ അവരേയും മുശ്രിക്കുകള്‍ പീഡിപ്പിക്കുകയുണ്ടായി. യജമാനന്‍ അസ്വദ് ബിന്‍ അബ്ദു യഗൂസ് ഇതില്‍ മുന്‍ പന്തിയിലായിരുന്നു. ഇദ്ദേഹം നബി തിരുമേനിയുടെ കടുത്ത വിരോധിയും ശത്രുവുമായിരുന്നു.
അദിയ്യഗോത്രക്കാരന്‍ അംറ്ബ്നു മുഅമലിന്‍റെ ഒരടിമപ്പെണ്‍കുട്ടി വിശ്വാസിനിയായതിന്‍റെ പേരില്‍ ഉമര്‍ ബഹുദൈവവിശ്വാസിയായിരുന്ന കാലത്ത് കഠിനമായി മര്‍ദിച്ചിരുന്നു. അവളെ അടിച്ചത് കാരണം ശരീരത്തില്‍ നീരുവന്നപ്പോള്‍ ഉമര്‍ പറഞ്ഞത്, മടുത്തതുകൊണ്ടാണ് നിന്നെ തല്ക്കാലം ഒഴിവാക്കി വിടുന്നത് എന്നതായിരുന്നു. അവര്‍ പ്രതികരിച്ചത്. 'ഇതുപോലെ നിന്റെ രക്ഷിതാവ് നിന്നോടും ചെയ്യും.'
ഇതുപോലെ അടിമ സ്ത്രീകളില്‍നിന്ന് വിശ്വാസരംഗത്തേക്ക് വന്നതിന്റെ പേരില്‍ മര്‍ദിക്കപ്പെട്ടവരാണ് നഹ്ദിയ്യയും പുത്രിയും ഇവര്‍ രണ്ടുപേരും ഒരു അബുദ്ദാര്‍ഗോത്രക്കാരിയുടെ കീഴിലായിരുന്നു.
ആമിര്‍ബിന്‍ ഫുഹൈറ മര്‍ദിക്കപ്പെട്ട അടിമയായ ഒരു മുസ്ലിമായിരുന്നു. മര്‍ദനം കാരണം അദ്ദേഹത്തിന്റെ ഗ്രാഹ്യശേഷി നഷ്ടപ്പെടുകയുണ്ടായി.
ഈ അടിമകളെയെല്ലാം അബൂബക്കര്‍ (റ) വിലകൊടുത്തുവാങ്ങി സ്വതന്ത്രരാക്കി. ഇത് കണ്ട് അദ്ദേഹത്തിന്റെ പിതാവ് അബൂഖുഹാഫ: പ്രതികരിച്ചത്: 'നീ ഈദുര്‍ബലരായ അടിമകളെയാണല്ലോ മോചിപ്പിച്ചത് ശക്തരായ വരെയായിരുന്നെങ്കില്‍ നിനക്കുവേണ്ടി പ്രതിരോധിക്കാനെങ്കിലും അവര്‍ക്കാകുമായിരുന്നു.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അല്ലാഹുവിന്‍റെ പ്രീതി മാത്രമാണുദ്ദേശിക്കുന്നത്.' ഇതിനെതുടര്‍ന്ന് അബൂബക്കര്‍(റ)വിനെ പ്രശംസിച്ചുകൊണ്ടും ശത്രുക്കളെ ആക്ഷേപിച്ചുകൊണ്ടും ക്വുര്‍ആന്‍ അവതരിച്ചു:
അബൂബക്കര്‍(റ)തന്നെയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. നൌഫല്‍ ബിന്‍ ഖുവൈലിദ് അല്‍ അദ്വി ഇദ്ദേഹത്തേയും ത്വല്‍ഹബിന്‍ അബ്ദില്ലയേയും, നമസ്കരിക്കാതിരിക്കാന്‍ ഒരു കയറില്‍ ബന്ധിച്ചു. രണ്ടുപേരും തുടര്‍ന്നും നമസ്കരിച്ചുകൊണ്ടിരുന്നത് കാരണം അവരെ അഴിച്ചുവിട്ടു. ഇത് കാരണം ഇവര്‍ക്ക് 'ക്വരീനൈന്‍' (കൂട്ടുകാര്‍) എന്ന് പേര്‍ വരികയുണ്ടായി. ഇത്, ചെയ്തത് ത്വല്‍ഹബ്നു ഉബൈദുല്ലയുടെ സഹോദരന്‍ ഉഥ്മാന്‍ ബിന്‍ ഉബൈദുല്ലയാണെന്ന ഒരഭിപ്രായവുമുണ്ട്.
ചുരുക്കത്തില്‍ ഇസ്ലാമിലേക്ക് കടന്നുവന്ന എല്ലാവരെയും ഏതെങ്കിലും തരത്തില്‍ ഇവര്‍ പീഡിപ്പിച്ചിട്ടുണ്ട്. ദുര്‍ബലരും അടിമകളുമാണെങ്കില്‍ ഇത് ഏറെ എളുപ്പമായിരുന്നു. കാരണം അവരെ സംരക്ഷിക്കാന്‍ ആര്‍ക്കും ബാധ്യതയില്ലല്ലോ. യജമാനന്മാരില്‍നിന്ന് തന്നെ പീഡനമേല്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ഉന്നതരോ അഭിജാതരോ ആകുമ്പോള്‍ ഇത് തുലോം കുറവായിരുന്നു. അവര്‍ക്ക് ഗോത്രത്തിന്റെയും ജനങ്ങളുടെയും സംരക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ തന്നെയും സ്വന്തം ഗോത്രത്തിലെ പ്രമുഖര്‍ ഇവര്‍ക്കെതിരിലും ചില നീക്കങ്ങള്‍ നടത്താന്‍ ധൈര്യം കാണിക്കാതിരുന്നിട്ടില്ല.