"അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.'' എന്ന സൂക്തം അവതരിച്ചതോടെ നബി(സ) ബഹുദൈവാരാധനക്കെതിരെ ശക്തിയായ പോരാട്ടം തുടങ്ങി. വിഗ്രഹങ്ങളുടെ നിജസ്ഥിതി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുകയും, അല്ലാഹുവിനുപുറമെ അവയെ ആരാധിക്കുന്നവര്‍ വ്യക്തമായ പിഴവിലാണെന്നു ഉണര്‍ത്തുകയും കഅബാലയത്തിന്‍റെ മുറ്റത്തുവെച്ച് അല്ലാഹുവെ ആരാധിച്ചുകൊണ്ട് പരസ്യമായി നമസ്കാരം നിര്‍വഹിച്ചുതുടങ്ങുകയും ചെയ്തു.
അങ്ങനെ പ്രബോധനം കൂടുതല്‍ സ്വീകാര്യത ലഭിച്ചതോടെ ഓരോരുത്തരായി ഇസ്ലാമില്‍ പ്രവേശിച്ചുതുടങ്ങി. ഇത് ഖുറൈശികളെ അസ്വസ്ഥരാക്കി. ഇതോടെ മുസ്ലിംകള്‍ക്കും അവര്‍ക്കുമിടയില്‍ ശക്തമായ വിദ്വേഷവും കോപവും തന്നെ നിലവില്‍വന്നു.എന്നാല്‍ തങ്ങളിലെ ആദരണീയനായ അബൂത്വാലിബ് തന്നെ മുഹമ്മദിന് സംരക്ഷണം കൊടുക്കുന്ന കാരണം നബി(സ്വ)യെ എങ്ങിനെ നേരിടണം എന്നറിയാതെ അവര്‍ ആശങ്കാകുലരായി.
കൂടിയാലോചനാ സമിതി
പരസ്യപ്രബോധനം ഏതാനും മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും അറബികള്‍ക്ക് ഒരു പുതിയ പ്രശ്നവും കൂടി വന്നുചേര്‍ന്നു. ഹജ്ജുമാസം സമീപത്തെത്തിയതിനാല്‍ പുറം രാജ്യങ്ങളില്‍ നിന്നുവരുന്ന ഹാജിമാരെ മുഹമ്മദിന്റെ വാക്കുകള്‍ സ്വാധീനിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഏകകണ്ഠമായ ഒരു തീരുമാനം പ്രഖ്യാപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഈ തീരുമാനത്തിനായി അവര്‍ വലീദുബ്നു മുഗീറയെ സമീപിച്ചു. വലീദ് പറഞ്ഞു: നിങ്ങളെല്ലാവരും അവന്റെ കാര്യത്തില്‍ ഏകകണ്ഠമായ അഭിപ്രായം പറയുക. മറിച്ചായാല്‍, നിങ്ങള്‍ തന്നെ പരസ്പരം ഖണ്ഡിക്കുന്നവരായി മാറും. അവര്‍ പറഞ്ഞു: താങ്കള്‍തന്നെ ഇത് പറഞ്ഞുതരണം. അദ്ദേഹം: നിങ്ങള്‍ പറയൂ ഞാന്‍ കേള്‍ക്കട്ടെ, അവര്‍ പറഞ്ഞു: ജ്യോത്സ്യന്‍ എന്ന് പറയാം. അദ്ദേഹം: ഒരിക്കലുമല്ല, ജ്യോത്സ്യന്മാരെ നാം കണ്ടതാണ്. ഇത് ജ്യോത്സ്യന്മാരുടെ മുഴക്കവും കുറുകലുമൊന്നുമല്ല. എന്നാല്‍ നമുക്ക് ഭ്രാന്തന്‍ എന്ന് പറയാം? അദ്ദേഹം: അവന്‍ ഭ്രാന്തനല്ല, ഭ്രാന്തെന്തെന്ന് നമുക്കറിയാം. ഇത് ഭ്രാന്തന്റെ ഗോഷ്ഠികളോ ശണ്ഠയോ വസ്വാസുകളോ അല്ല. എന്നാല്‍ നമുക്ക് കവിയെന്നാരോപിക്കാം. അദ്ദേഹം: അവന്‍ കവിയല്ല. കവിതയെന്തെന്ന് പൂര്‍ണമായി നമുക്കറിയാം. ഇത് കവിതയുടെ വൃത്തമോ ഈണമോ പാരായണമോ നീട്ടലോ ചുരുക്കലോ ഒന്നുമല്ല. എന്നാല്‍ നമുക്ക് സാഹിര്‍ അഥവാ മാരണക്കാരന്‍ എന്നാരോപിച്ചാലോ? അദ്ദേഹം:അവന്‍ മാരണക്കാരനല്ല, അവരെ നമുക്കറിയാം, അവരുടെ ഉറുക്കും ഊത്തുമെല്ലാം. അവര്‍ ചോദിച്ചു, പിന്നെ നാമെന്തു പറയും? അദ്ദേഹം പ്രതിവചിച്ചു. അല്ലാഹുവാണെ, അവന്‍റെ വാക്കുകള്‍ക്കൊരു വല്ലാത്ത മാധുര്യമുണ്ട്. അതിന്‍റെ മുലം പരിമളപൂരിതവും ശാഖ ഫലനിര്‍ഭരവുമാണ്. നിങ്ങള്‍ ഇപ്പറഞ്ഞ ഏതെങ്കിലുമൊന്നാരോപിച്ചാല്‍ ഉറപ്പായും ജനങ്ങള്‍ പറയും ഇത് ശരിയല്ലെന്ന്. നിങ്ങള്‍ക്കാരോപിക്കാവുന്നതില്‍ താരതമ്യേന മെച്ചപ്പെട്ടത്, സാഹിര്‍ അഥവാ മാരണക്കാരന്‍ എന്നതാണ്. കാരണം അവന്‍ തന്‍റെ മാരണവിദ്യകൊണ്ട് ഒരു വ്യക്തിയുടെയും അവന്‍റെ പിതാവിന്‍റെയും അവന്‍റെ സഹോദരന്‍റെയും അവന്‍റെ ഭാര്യയുടെയും അവന്‍റെ കുടുംബത്തിന്‍റെയുമെല്ലാം ഇടയില്‍ ഭിന്നതയുണ്ടാക്കുന്നു.ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അത് നടപ്പില്‍ വരുത്താനായി സഭ പിരിയുകയും ജനങ്ങള്‍ ഹജ്ജിനെത്തുന്ന സകലവഴികളിലുമിരുന്ന് മുഹമ്മദിനെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയും ചെയ്തു.
ഈ ദുഷ്പ്രചരണത്തിന് നേതൃത്വം നല്കിയത് അബൂലഹബ് തന്നെയായിരുന്നു. ഹജ്ജ് വേളയില്‍ നബി തിരുമേനി, വീടുകളിലും ജനങ്ങള്‍ സമ്മേളിക്കുന്ന ഉകാള്, മജന്ന, ദുര്‍മജാസ് തുടങ്ങിയ അങ്ങാടികളിലും ചെന്ന് ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോഴെല്ലാം പിറകെ അബൂലഹബും എത്തി ജനങ്ങളോട് പറയും, ഈ മനുഷ്യനെ നിങ്ങള്‍ അനുസരിക്കരുത്. അവന്‍ മതം മാറിയവനും കള്ളവാദിയുമാണ്.ഈ പ്രചാരവേല പക്ഷെ, റസൂല്‍(സ)യുടെ കീര്‍ത്തി ഹജ്ജിനുവന്നവര്‍ക്കിടയിലും അറബ് നാടുകളിലും പ്രചരിക്കാനിടയായി.
പ്രതിരോധമുറകള്‍
മേല്‍പറഞ്ഞതൊന്നും മുഹമ്മദിനെ തന്‍റെ ദൌത്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ലെന്ന് കണ്ട ഖുറൈശികള്‍, ഹജ്ജിനുശേഷം ഈ സന്ദേശത്തിന്‍റെ മൂര്‍ദ്ധാവ് തകര്‍ക്കാനെന്നവണ്ണം വിവിധതരത്തിലുള്ള പ്രതിരോധമാര്‍ഗങ്ങളാണ് അവലംബിച്ചത്.
1. പരിഹാസം, പരനിന്ദ, കളവാരോപണം, പുഛ്ചം തുടങ്ങിയവയിലൂടെ നവമുസ്ലിംകളെ ഒറ്റപ്പെടുത്തുകയും ആശയതലത്തില്‍ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുക. നബിക്കുനേരെ ദുരാരോപണങ്ങളും വിലകുറഞ്ഞ പ്രചാരണങ്ങളും നടത്തുക. നബി(സ)യെ ഭ്രാന്തനെന്ന് വിളിച്ചാക്ഷേപിക്കുക.നബി(സ)യെ ജ്വലിക്കുന്ന ദൃഷ്ടികളാല്‍ അഭിഷേകം ചെയ്യുക. വികാരങ്ങളെ ഇളക്കിവിടുന്ന തരത്തില്‍ പെരുമാറുക.
2. പ്രവാചകന്‍റെ അധ്യാപനങ്ങള്‍ വികൃതമാക്കുകയും അവയ്ക്ക് ചുറ്റും സംശയങ്ങളുടെ മാറാലകള്‍ സൃഷ്ടിക്കുകയും അദ്ദേഹത്തിന്റെ വിശുദ്ധവ്യക്തിത്വത്തിനെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക ഇങ്ങനെ സാധാരണക്കാരന് ഇസ്ലാമിനെക്കുറിച്ച് പഠിക്കാനോ ചിന്തിക്കാനോ സന്ദര്‍ഭമില്ലാതാക്കുക.
3. പൂര്‍വീകരുടെ കെട്ടുകഥകള്‍ പ്രചരിപ്പിച്ചു ജനശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് ഖുര്‍ആനില്‍നിന്ന് ജനങ്ങളെ വിമുഖരാക്കുക.ഖുറൈശി പിശാചുക്കളില്‍ ഒരുവനായ നദ്റുബിന്‍ ഹാരിഥ് ഹീറയില്‍ചെന്ന് അവിടെനിന്ന് പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും റുസ്തമിന്‍റെയും അസ്ഫന്‍ദിയാറുടെയും വീരകഥകള്‍ പഠിച്ചു തിരിച്ചുവന്നു. നബി(സ) എവിടെയെങ്കിലും ഉത്ബോധനം നടത്തിയാല്‍ നദ്റ് അവിടെ പ്രത്യക്ഷപ്പെട്ടു പറയും, ഖുറൈശീ സമൂഹമേ, അല്ലാഹുവാണെ ഞാന്‍ മുഹമ്മദിനെക്കാള്‍ സുഭാഷിതനാണ്. തുടര്‍ന്ന് പേര്‍ഷ്യന്‍ രാജാക്കന്മാരുടെയും റുസ്തമിന്‍റെയും ഇസ്ഫന്‍ദിയാറിന്‍റെയും കഥകള്‍ വിളമ്പും. പിന്നീട്ചോദിക്കും. മുഹമ്മദ് എങ്ങനെയാണ് എന്നെക്കാള്‍ നന്നായി സംസാരിക്കുന്നവനാകുന്നത്? അതിനു പുറമേ നദ്റ്ഏതാനും നര്‍ത്തകികളെയും വിലക്കെടുത്തിരുന്നു. ഇസ്ലാമിലേക്ക് ചായ് വ് കാണിക്കുന്നുവെന്ന് തോന്നുന്ന വ്യക്തികളെ സ്വാധീനിക്കാന്‍ ഇവരെ ഉപയോഗപ്പെടുത്തി. അവര്‍ക്ക് മദ്യം വിളമ്പിയും പാട്ടുപാടിയും സ്വാധീനിച്ചു.
4.ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുക,നബിതിരുമേനി നമസ്കാരത്തിലോ അല്ലാതെയോ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് കേട്ടാല്‍ അവര്‍ പറയും: 'നിങ്ങള്‍ ഈ ക്വുര്‍ആന്‍ ശ്രവിക്കരുത്. ബഹളമുണ്ടാക്കുക, എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും'' ഇത് കാരണം, അവരുടെ സദസ്സുകളിലും സമ്മേളനങ്ങളിലും പ്രബോധനത്തിന്‍റെ അഞ്ചാം വര്‍ഷം വരെ നബിതിരുമേനിക്ക് ഖുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കാന്‍ സാധ്യമായിരുന്നില്ല. വല്ലപ്പോഴും യാദൃഛികമായി ഓതികേള്‍പ്പിച്ചാലല്ലാതെ.