ഒരിക്കല്‍ മുസ്അബും അസ്അദും ചേര്‍ന്നു അബ്ദുല്‍ അശ്ഹല്‍ ള്വഫര്‍ ഗോത്രങ്ങളുടെ കേന്ദ്രങ്ങളില്‍ ചെന്നു. അതോടെ അവരുടെയടുക്കല്‍ നവമുസ്ലിംകള്‍ സമ്മേളിച്ചു. അബ്ദുല്‍ അശ്ഹര്‍ ഗോത്രത്തിലെ അന്നത്തെ മുശ്രിക് നേതാക്കളായ സഅദുബിന്‍ മുആദും ഉസൈദുബ്നു ഹുളൈറും ഈ കാര്യമറിഞ്ഞപ്പോള്‍ സഅദ്, ഉസൈദിനോട് പറഞ്ഞു: "ഈ നാട്ടിലെ പാവങ്ങളെ വിഡ്ഢികളായി ചിത്രീകരിക്കാനെത്തിയ ആ രണ്ടുപേരെ സമീപിച്ചു താങ്കളൊന്ന് തടയുമോ? അസ്അദ് എന്റെ മാതൃ സഹോദരിയുടെ പുത്രനായതിനാല്‍ എനിക്ക് തടയാന്‍ ബുദ്ധിമുട്ടുണ്ട്. ഉസൈദ് തന്റെ കുന്തവും പേറി അവരെ സമീപിച്ചു. ഇതു കണ്ട് അസ്അദ് മുസ്അബിനോട് പറഞ്ഞു:"ഈ വരുന്നത് ഗോത്ര നായകനാണ് ഇദ്ദേഹത്തിന് ഇസ്ലാം പരിചയപ്പെടുത്തുക'' മുസ്അബ് പറഞ്ഞു: "അദ്ദേഹം ഇരുന്നാല്‍ ഞാന്‍ സംസാരിക്കാം.'' ഉടനെത്തന്നെ ഉസൈദ് വന്ന് അധിക്ഷേപിക്കാന്‍ തുടങ്ങി."നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്? ഞങ്ങളിലെ പാവങ്ങളെ വിഡ്ഢികാളായി മുദ്രകുത്താനോ? ജീവന്‍ വേണമെങ്കില്‍ ഇവിടെനിന്ന് സ്ഥലംവിടുക? ഇതുകേട്ടു മുസ്അബ് പറഞ്ഞു: "അല്പം ഇരുന്നു കേള്‍ക്കുക, താല്പര്യമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ നിരസിക്കുകയുമാവാം.'' അദ്ദേഹം പറഞ്ഞു: "നീ പറഞ്ഞതൊരു ന്യായമാണ്.'' തന്റെ കുന്തം അവിടെ നാട്ടി അദ്ദേഹം അവരുടെ മുമ്പില്‍ ഇരുന്നു. മുസ്അബ് ഇസ്ലാമിനെക്കുറിച്ചു സംസാരിച്ചു. ഖുര്‍ആന്‍പാരായണം ചെയ്തുകേള്‍പ്പിച്ചു. ഇതു കേട്ട് അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും ഇസ്ലാം ആശ്ളേഷിക്കുകയും ചെയ്തു. തുടര്‍ന്ന് പറഞ്ഞു: "എന്റെ പിന്നില്‍ ഒരാള്‍ കൂടിയുണ്ട്. അദ്ദേഹം നിങ്ങളെ പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജനത മുഴുവന്‍ വിശ്വാസികളായി മാറും.'' ഉസൈദ് തിരിച്ച് ചെന്നപ്പോള്‍ സഅ്ദ് ചോദിച്ചു 'നീ എന്ത് ചെയ്തു?' അദ്ദേഹം പറഞ്ഞു: ഞാന്‍ അവര്‍ രണ്ടുപേരോടും സംസാരിച്ചു. അവര്‍ക്കൊരു കുഴപ്പവും ഞാന്‍ കാണുന്നില്ല. അല്പംകഴിഞ്ഞ് സഅ്ദ് വന്നപ്പോള്‍ അദ്ദേഹത്തോടും നേരത്തെ ഉസൈദിനോട് സംസാരിച്ചതുപോലെത്തന്നെ സംസാരിച്ചു. അദ്ദേഹത്തെയും അല്ലാഹു ഇസ്ലാമിലെക്ക് മാര്‍ഗദര്‍ശനം ചെയ്തു. ഉടനെ അദ്ദേഹം തന്റെ ജനങ്ങളുടെ അടുക്കലേക്ക് തിരിച്ചുചെന്ന് ചോദിച്ചു:"നിങ്ങള്‍ എങ്ങനെയാണ് എന്നെ കണക്കാക്കുന്നത്? "ഞങ്ങളുടെ നേതാവും ബുദ്ധിമാനും തന്റേടിയുമായ വ്യക്തിയാണ് താങ്കള്‍; അവര്‍ പറഞ്ഞു. അദ്ദേഹം പ്രഖ്യാപിച്ചു.'' നിങ്ങളിലെ പുരുഷന്മാരാകട്ടെ, സ്ത്രീകളാകട്ടെ ഇസ്ലാം ആശ്ളേഷിക്കുന്നത് വരെ അവരോട് സംസാരിക്കുന്നത് എനിക്ക് നിഷിദ്ധമാണ്.'' അന്നുതന്നെ എല്ലാവരും ഇസ്ലാം ആശ്ളേഷിച്ചു. അല്‍ഉസൈറിം എന്നൊരാളൊഴികെ, അദ്ദേഹം ഉഹ്ദ് യുദ്ധദിനത്തില്‍ മുസ്ലിമായി യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചു. അല്ലാഹുവിനു വേണ്ടി ഒരു സുജൂദുപോലും ചെയ്യാതെ. ഇതിനെക്കുറിച്ചു റസൂല്‍(സ) പറഞ്ഞു: "കുറഞ്ഞ പ്രവര്‍ത്തനത്തിലൂടെ വലിയ പ്രതിഫലം സമ്പാദിച്ചു''.
മുസ്അബ് അസ്അദിന്റെ കൂടെ താമസിച്ചു ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടേയിരുന്നു. അങ്ങനെ മദീനയിലെ ഓരോ വീടുകളിലും നവമുസ്ലിംകളായ സ്ത്രീ-പുരുഷന്മാര്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഉമയ്യബിന്‍ സൈദിന്റെയും ഖത്വ്മയുടെയും വാഇലിന്റെയും വീടൊഴികെ. അവരുടെ നേതാവായിരുന്ന കവി ഖൈസ് ബിന്‍ അല്‍അസ്ലത്ത് ഇസ്ലാം ആശ്ളേഷണം തല്ക്കാലം നീട്ടിവെച്ചതായിരുന്നു ഇതിനു കാരണം. പിന്നീട് ഹിജ്റ അഞ്ചാം വര്‍ഷം ഖന്‍ദഖ് യുദ്ധസമയത്താണ് ഇവര്‍ വിശ്വസിച്ചത്.അടുത്ത വര്‍ഷത്തെ ഹജ്ജിന് മുമ്പായി മുസ്അബ് മക്കയില്‍ നബി(സ)യെ സമീപിച്ച് തന്റെ പ്രബോധന രംഗത്തെ വിജയങ്ങളും നേട്ടങ്ങളും അദ്ദേഹത്തെ അറിയിക്കുകയുണ്ടായി
അടുത്ത വര്‍ഷം- പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം ക്രിസ്താബ്ദം 622 ജൂണ്‍ മാസം- മദീനയില്‍ നിന്ന് ബഹുദൈവ വിശ്വാസികളടക്കം ധാരാളംപേര്‍ ഹജ്ജിന് മക്കയില്‍ വന്നു. ഇതില്‍ എഴുപതില്‍പരംപേര്‍ നവമുസ്ലിംകളായിരുന്നു. ഇവര്‍ മദീനയില്‍ വെച്ചും മക്കയിലേക്കുള്ള യാത്രാമധ്യേയും പരസ്പരം ചോദിച്ചു കൊണ്ടിരുന്നു. "എത്ര നാളാണ് റസൂല്‍(സ)യെ മക്കയുടെ മലമടക്കുകളില്‍ ആട്ടിയോടിക്കപ്പെടുന്നവനായും ഭയപ്പെടുന്നവനായും ജീവിക്കാന്‍ നാം വിടുക''. മക്കയിലെത്തിയ ഇവര്‍ റസൂല്‍(സ)യുമായി പലതവണ രഹസ്യമായി ബന്ധപ്പെട്ടു. അവസാനം തഷ് രീഖിന്റെ രണ്ടാം ദിവസം ദുല്‍ഹജ്ജ് 12 ന് രാത്രിയില്‍ രഹസ്യമായി അക്വബയുടെ സമീപം നബി(സ)യുമായി സന്ധിക്കാമെന്ന് തീരുമാനിച്ചു.
എല്ലാവരും ഉറങ്ങി രാത്രി മൂന്നിലൊന്നു പിന്നിട്ടപ്പോള്‍ മദീനക്കാരായ മുസ്ലിംകള്‍ വളരെ രഹസ്യമായും പതുങ്ങിയും അക്വബയുടെ താഴ്വരയില്‍ സമ്മേളിച്ചു.അവര്‍ എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. നജ്ജാര്‍ ഗോത്രക്കാരി ഉമ്മുഅമ്മാറ എന്നറിയപ്പെടുന്ന കഅ്ബിന്റെ പുത്രി നസീബയും, ബനീസലമയിലെ ഉമ്മുമനീഅ് എന്നറിയപ്പെടുന്ന അംറിന്റെ പുത്രി അസ്മാഉം ആയിരുന്നു ആ രണ്ടുപേര്‍. നബി(സ)യേയും പ്രതീക്ഷിച്ച് ആ താഴ്വരയില്‍ അവരിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ കൂടെ നബി തിരുമേനി ആഗതനായി. അബ്ബാസ് അന്നും അവിശ്വാസിയായിരുന്നു. പക്ഷെ തന്റെ സഹോദരപുത്രന്റെ കാര്യത്തില്‍ കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കാനായി അദ്ദേഹം പങ്കെടുക്കുകയാണുണ്ടായത്. ഈ വിഷയത്തില്‍ ആദ്യം സംസാരിച്ചതും അദ്ദേഹം തന്നെയായിരുന്നു.
"ഖസ്റജ് ഗോത്രക്കാരേ! (ഔസ് ഗോത്രക്കാരനായാലും ഖസ്റജ് ഗോത്രക്കാരനായാലും മദീനക്കാരെ പൊതുവെ അറബികള്‍ ഖസ്റജ്കാര്‍ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്). ഞങ്ങള്‍ക്കിടയില്‍ മുഹമ്മദിന്റെ നില നിങ്ങള്‍ക്കറിയാം, അവനെ കുറിച്ചു ഞങ്ങളുടെ അഭിപ്രായം തന്നെയുള്ള ജനതയില്‍ നിന്ന് ഇത്രയും കാലം ഞങ്ങള്‍ അവനെ സംരക്ഷിച്ചു. ഇപ്പോഴവന്‍ സ്വന്തം ജനതക്കിടയിലും നാട്ടിലും തികച്ചും പ്രതാപവാനും സുരക്ഷിതനുമാണ്; നിങ്ങളോടൊന്നിച്ച് ചേരണമെന്നാണ് അവനിപ്പോള്‍ ശഠിക്കുന്നത്. അവനോട് വാക്കുപാലിക്കുവാനും അവന് സംരക്ഷണം നല്കുവാനും സാധ്യമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് അവനെ ഏറ്റെടുക്കാം. അല്ല, നിങ്ങള്‍ അവനെ ഏറ്റെടുത്ത ശേഷം കയ്യൊഴിക്കുവാനാണ് ഭാവമെങ്കില്‍ അത് ഇപ്പോള്‍ തന്നെ ആകാവുന്നതാണ്. കാരണമവന്‍ സ്വജനതക്കിടയില്‍ പ്രതാപവാനും നിര്‍ഭയനുമാണ്''
അവരുടെ നേതാവായ കഅ്ബ് മറുപടി പറഞ്ഞു: 'താങ്കള്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു ഇനി റസൂല്‍(സ) സംസാരിക്കട്ടെ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നാഥനും ഇഷ്ടപ്പെട്ടത് അദ്ദേഹം തെരഞ്ഞെടുക്കട്ടെ.
ഈ മറുപടി അവരുടെ സ്ഥൈര്യത്തേയും ധീരതയേയും വിശ്വാസത്തെയും ആത്മാര്‍ഥതയേയും ഉത്തരവാദിത്തബോധത്തെയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തന്റേടത്തേയും കുറിക്കുന്നു.
റസൂല്‍(സ) തനിക്ക് പറയാനുള്ളത് പറഞ്ഞു. തുടര്‍ന്ന് ബൈഅത്ത് നടന്നു. അന്‍സ്വാറുകള്‍ നബി(സ)യോട് ഈ ഉടമ്പടിയുടെ വ്യവസ്ഥകളെ കുറിച്ചന്വേഷിച്ചു. അവിടുന്ന് പറഞ്ഞു:
- ഏതു സാഹചര്യത്തിലും പൂര്‍ണമായ അനുസരണം
- കഷ്ടപാടിലും സൌകര്യത്തിലും ഒരു പോലെ വ്യയം ചെയ്യുക.
- നന്മ കല്പിക്കുക, തിന്മ വിരോധിക്കുക
- അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്ക്കുക, അതില്‍ ആരുടെയും ആക്ഷേപം പരിഗണിക്കാതിരിക്കുക-
- എന്നെ നിങ്ങള്‍ സഹായിക്കുക, നിങ്ങളുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കുന്നത് പോലെ എന്നെ സംരക്ഷിക്കുക, ഇതിനുപകരമായി നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ്.
അപ്പോള്‍ ബറാഅ്ബിന്‍ മഅ്റൂര്‍ റസൂല്‍ (സ)യുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. "അതേ, താങ്കളെ പ്രവാചകനായി നിയോഗിച്ച അല്ലാഹു തന്നെ സത്യം! ഞങ്ങളുടെ ഭാര്യമാരെ സംരക്ഷിക്കുന്നത് പോലെ താങ്കളെ ഞങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഇതാ ഉടമ്പടി ചെയ്യുന്നു. ഞങ്ങള്‍ യുദ്ധത്തിന്റെയും അങ്കിയുടേയും മക്കളാണ്!! ഇത് തലമുറകളായി ഞങ്ങള്‍ അനന്തരമെടുത്തതാണ്'' ഇടക്ക് കയറി അബുല്‍ ഹൈഥം അത്തയ്യിഹാന്‍ പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ! ഞങ്ങള്‍ ജൂതരുമായി ചില കരാറുകളൊക്കെ ചെയ്തിരുന്നു. ഞങ്ങളിതാ അവയെല്ലാം ദുര്‍ബലപ്പെടുത്തുന്നു. ഇതെല്ലാം ഞങ്ങള്‍ ചെയ്തശേഷം അല്ലാഹു താങ്കള്‍ക്ക് വിജയം നല്കിയാല്‍ ഞങ്ങളെ വിട്ട് സ്വന്തം ജനതയുടെ അടുത്തേക്ക് താങ്കള്‍ പോയിക്കളയുമോ?
പുഞ്ചിരിച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: "ഇല്ല, ഒരിക്കലുമില്ല! നിങ്ങളുടെ രക്തം എന്റെതുകൂടിയാണ്. നിങ്ങളുടെ നാശം എന്റെ കൂടി നാശമാണ്. നിങ്ങള്‍ എന്റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് ഞാനും യുദ്ധം ചെയ്യും സന്ധിചെയ്യുന്നവരോട് ഞാനും സന്ധി ചെയ്യും.''
ഉടമ്പടിയിലെ വ്യവസ്ഥകളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആദ്യകാല വിശ്വാസികളില്‍ പെട്ട രണ്ടുപേര്‍ എഴുന്നേറ്റ് നിന്ന് ഈ സന്ധിയുടെ ഗൌരവം സദസ്സിനെ ബോധ്യപ്പെടുത്തി. തങ്ങളേറ്റെടുക്കുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവവും അതു നിറവേറ്റാന്‍ ആവശ്യമായ സമര്‍പ്പണ ബോധവും അവരില്‍ അങ്കുരിപ്പിച്ചു.
അല്‍അബ്ബാസ് ബിന്‍ ഉബാദബിന്‍ നള്ല എഴുന്നേറ്റ് നിന്നു പ്രസംഗിച്ചു: 'നിങ്ങള്‍ക്കറിയുമോ എന്തുതരം പ്രതിജ്ഞയാണ് നിങ്ങളീ മനുഷ്യരോട് ചെയ്യുന്നതെന്ന്? ചുവന്നവരും കറുത്തവരുമായ മുഴുവന്‍ മനുഷ്യരോടും യുദ്ധത്തിലേര്‍പ്പെടുമെന്ന പ്രതിജ്ഞയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ സമ്പത്ത് നശിക്കുകയോ നേതാക്കള്‍ വധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇദ്ദേഹത്തെ കയ്യൊഴിക്കാമെന്നാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍ അതിപ്പോള്‍ തന്നെ ആകാവുന്നതാണ്. അതുപക്ഷെ ഇഹത്തിലും പരത്തിലും നിന്ദ്യതയാണ്. സമ്പത്ത് നശിച്ചാലും നേതാക്കള്‍ വധിക്കപ്പെട്ടാലും അദ്ദേഹവുമായി ചെയ്ത കരാറ് പാലിക്കുമെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍ മാത്രം നിങ്ങളദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക! അല്ലാഹുവാണേ! ഇഹത്തിലും പരത്തിലും അതാണുത്തമം'' ഇതുകേട്ടപ്പോള്‍ ജനങ്ങള്‍ ഒന്നാകെ പറഞ്ഞു: സമ്പത്തിന്റെ നാശവും നേതാക്കളുടെ മരണവും ഞങ്ങള്‍ക്ക് പ്രശ്നമേ അല്ല, ഞങ്ങളദ്ദേഹത്തെ സ്വീകരിക്കുക തന്നെ ചെയ്യും. ഈ പ്രതിജ്ഞ പാലിച്ചാല്‍ ഞങ്ങള്‍ക്കെന്താണ് പ്രതിഫലം തിരുദൂതരേ? അവിടുന്ന് പ്രതിവചിച്ചു. "സ്വര്‍ഗം!'' അവര്‍ പറഞ്ഞു. അങ്ങ് കൈ നീട്ടിയാലും. അവിടുന്ന് കൈ നീട്ടി. അവര്‍ അതില്‍ ഉടമ്പടി ചെയ്തു.
ഇതിനുശേഷം ഓരോരുത്തരായി നബി (സ)യുടെ കൈയില്‍ അടിച്ചു ഉടമ്പടി ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടു വനിതകള്‍ വാചികമായും ഉടമ്പടി നിര്‍വഹിച്ചു.
ഉടമ്പടി നിര്‍വഹിച്ചതോടെ നേതാക്കളായി പന്ത്രണ്ട്പേരെ തെരഞ്ഞെടുക്കാന്‍ റസൂല്‍ (സ) നിര്‍ദേശിച്ചു. ഇവര്‍ക്കായിരുന്നു ഉടമ്പടി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം. അവിടെ വെച്ചു തന്നെ തിരഞ്ഞെടുപ്പ് നടന്നു. ഒമ്പത്പേര്‍ ഖസ്റജില്‍ നിന്നും മൂന്ന്പേര്‍ ഔസില്‍ നിന്നുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ താഴെ പറയുന്നവരാണ്.
ഖസ്റജ് ഗോത്രക്കാര്‍: അസ്അദ് ബിന്‍ സുറാറ, സഅ്ദുബിന്‍ അര്‍റബീഅ്, അബ്ദുല്ല ബിന്‍ റവാഹ, റാഫിഅ് ബിന്‍ മാലിക്, ബറാഅ് ബിന്‍ മഅ്റൂര്‍, അബ്ദുല്ല ബിന്‍ അംറ്, ഉബാദത്ത് ബിന്‍ അസ്സ്വാമിത്, സഅ്ദ് ബിന്‍ ഉബാദ, അല്‍മുന്‍ദിന്‍ ബിന്‍ അംറ്.
ഔസ് ഗോത്രക്കാര്‍: ഉസൈദ് ബിന്‍ ഹുളൈറ്, സഅ്ദ് ബിന്‍ ഖൈഥമ, റിഫാഅ ബിന്‍ അബ്ദുല്‍ മുന്‍ദിര്‍. നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അവരില്‍ നിന്നും മറ്റൊരു പ്രതിജ്ഞയും കൂടി പ്രവാചകന്‍ വാങ്ങി. അവരോട് പറഞ്ഞു: 'മറിയമിന്റെ പുത്രന്‍' ഈസാ ഹവാരിയുകളുടെ ഉത്തരവാദിത്തമേറ്റെടുത്തത് പോലെ നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങള്‍ക്കാകുന്നു. മൊത്തം മുസ്ലിംകളുടെ ഉത്തരവാദിത്തം എനിക്കുമാകുന്നു'' അവര്‍ അതു അംഗീകരിച്ചു.
ഈ സംഭവമാണ് രണ്ടാം അഖബ ഉടമ്പടി എന്നാ പേരില്‍ അറിയപ്പെടുന്നത്.