രഹസ്യ പ്രബോധനം

നുബുവ്വത് ലഭിച്ചതോടെ വളരെ രഹസ്യമായാണ് പ്രോബോധനം ആരംഭിച്ചത്.തന്‍റെ വീട്ടുകാരുടെയും താനുമായി ഏറെ സാമീപ്യമുള്ള കൂട്ടുകാരുടെയും മുമ്പില്‍ ഇസ്ലാം സമര്‍പ്പിക്കുകയും, തന്‍റെ സത്യസന്ധതയെ അംഗീകരിക്കുകയും ഗുണകാംക്ഷികളായി അഭിപ്രായപ്പെടുകയും ചെയ്യുന്നവരെ ആദ്യമായി ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അവര്‍ സംശയലേശമെന്യേ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു.ആദ്യമായി അങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നത് തന്‍റെ പത്നി ഖദീജ (റ)ആയിരുന്നു.രണ്ടാമതായി കടന്നു വന്നത് സൈദ്‌ ബ്നു ഹാരിസ് ഇബ്നു ശറാഹീല്‍ (ഖദീജയുടെ അടിമയായിരുന്നു സൈദ്‌.ഖദീജ സൈദിനെ നബിക്ക് കൊടുക്കുകയും നബി അദ്ദേഹത്തെ സ്വതന്ത്രനാക്കി ദത്തു പുത്രനാക്കുകയും ചെയ്തു,അത് കാരണം അദ്ദേഹം മുഹമ്മദിന്റെ മകന്‍ സൈദ്‌ എന്ന് അറിയപ്പെട്ടിരുന്നു )ആയിരുന്നു.പിന്നീട് അലി ബിന്‍ അബൂ ത്വാലിബ്‌ ആണ് ഇസ്ലാമിലേക്ക് വന്നത്.(മക്കയില്‍ ക്ഷാമമുള്ള സമയമായതിനാല്‍ മക്കള്‍ ധാരാളമുള്ള അബൂ ത്വാലിബിനെ സഹായിക്കാന്‍ അലിയുടെ സംരക്ഷണ ചുമതല നബിയാണ് ഏറ്റെടുത്തിരുന്നത്).പിന്നീട് കടന്നു വന്നത് തന്‍റെ ആത്മ മിത്രം അബൂ ബകര്‍ സിദ്ധീഖ് (റ) ആയിരുന്നു.ഇവര്‍ നാല് പേരും കടന്നു വന്നത് ആദ്യ ദിവസമോ രണ്ടാം ദിവസമോ ആയിരുന്നു.
ആദ്യം കടന്നു വന്ന ഖദീജക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.തന്‍റെ ഭര്‍ത്താവിനു ഒരു വലിയ കാര്യം വരാന്‍ പോകുന്നുണ്ട് എന്ന് ഖദീജ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു,ആദ്യ വഹ് യിന് ശേഷം വറഖത് പറഞ്ഞത് കേട്ടപ്പോള്‍ ഖദീജക്ക് കാര്യം ഉറപ്പായി,അത് കൊണ്ട് ഉടന്‍ തന്നെ വിശ്വസിക്കാനും സാധിച്ചു.പത്തു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന അലി (റ) ഇസ്ലാമിനെ കുറിച്ചരിഞ്ഞപ്പോള്‍ പിതാവിനോട് ചോദിക്കണം എന്നായി,അപ്പോള്‍ നബി പറഞ്ഞു:"നീ വിശ്വസിച്ചില്ലെങ്കില്‍ ഇപ്പോള്‍ പരസ്യമാക്കരുത് എന്ന് പറഞ്ഞു".അന്ന് രാത്രിക്ക് ശേഷം അല്ലാഹു അലിയുടെ മനസ്സില്‍ ഹിദായത്തിന്റെ വെളിച്ചം നല്‍കി,പിറ്റേന്ന് രാവിലെ തന്നെ അദ്ദേഹം മുസ്ലിമായി.തന്‍റെ ഉത്ത മിത്രമായ അബൂ ബക്കര്‍ (റ)യാതൊരു സംശയത്തിനും ഇട നല്‍കാതെ കാര്യം അറിഞ്ഞ ഉടന്‍ വിശ്വസിക്കുകയായിരുന്നു.പിന്നീട് നബിയുടെ അടിമ സ്ത്രീയും പരിപാലികയും ആയിരുന്ന ഉമ്മു അയ്മന്‍ ഇസ്ലാമിലേക്ക് വന്നു
തനിക്ക് വേണ്ടപ്പെട്ട പലര്‍ക്കും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കാനും അവരെ നബിയുടെ അടുത്തേക്ക് കൂടി കൊണ്ട് വരാനും ആണ് പിന്നീട് അബൂ ബക്കര്‍ (റ)ശ്രമിച്ചത്.അങ്ങിനെ കുറെ പേര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു.അബൂ ബക്കര്‍ മുഖേനയും അല്ലാതെയും ഇസ്ലാമിലേക്ക് കടന്നു വന്ന ആദ്യ വിശ്വാസികളെ നമുക്ക് പരിചയപ്പെടാം
ഉസ്മാന് ഇബ്നു അഫ്ഫാന്‍ :-
ഉസ്മാന്‍ (റ)മുസ്ലിമായതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ കെട്ടിയിട്ടു,മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നത് വരെ വിടില്ല എന്ന് പറഞ്ഞു,പക്ഷെ ഉസ്മാന്‍ (റ) ഇസ്ലാം ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന് കണ്ട പിതൃ വ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.
സുബൈര്‍ ബ്നു അവ്വാം:-
നബി(സ്വ) യുടെ അമ്മായിയുടെ മകന്‍ ആയിരുന്നു സുബൈര്‍.അദ്ദേഹം മുസ്ലിം ആയതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ ഒരു റൂമിലാക്കി അതിലേക്കു പുക വിട്ടു കൊണ്ടിരുന്നു.ഇസ്ലാം ഉപേക്ഷിക്കാന്‍ സുബൈര്‍ തയ്യാറല്ല എന്ന് കണ്ട പിതൃ വ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.
അബ്ദു റഹ്‍ മാന്‍ ഇബ്നു ഔഫ്‌ :-
അദ്ദേഹത്തിന്‍റെ പേര് അബ്ദു അംര്‍ എന്നായിരുന്നു.നബിയാണ് അദ്ദേഹത്തിനു അബ്ദു റഹ്‍ മാന്‍ എന്ന് പേര് നല്‍കിയത്.
സഅദ് ബിന്‍ അബീ വഖാസ് :-
സഅദ് മുസ്ലിമായതറിഞ്ഞ മാതാവ് ഹംന മുഹമ്മദിന്റെ മതത്തില്‍ നിന്ന് തിരിച്ചു വരുന്നത് വരെക്കു നിരാഹാരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി.നിരാഹാരത്തിലായി അങ്ങിനെ മൂന്നു ദിവസം കടന്നു പോയപ്പോള്‍ അദ്ദേഹം നബി (സ്വ) യോട് സങ്കടപ്പെട്ടു.അപ്പോള്‍ അല്ലാഹു ഈ ആയതു ഇറക്കി.
"തന്‍റെ മാതാപിതാക്കളോട്‌ നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട്‌ നാം അനുശാസിച്ചിരിക്കുന്നു. നിനക്ക്‌ യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട്‌ പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട്‌ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച്‌ പോകരുത്‌. എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌".തന്‍റെ മകന്റെ നിലപാട് ശക്തമാണെന്ന് മനസ്സിലാക്കിയ മാതാവ് അവസാനം നിരാഹാരത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ത്വല്ഹത് ബിന്‍ ഉബൈദില്ലാഹ് :-
നേരത്തെ പുരോഹിതന്മാരില്‍ നിന്ന് നബി (സ്വ)യുടെ വരവിനെ കുറിച്ച് ത്വല്ഹത് അറിഞ്ഞിരുന്നു,അത് കൊണ്ട് തന്നെ അബൂ ബക്കര്‍ ക്ഷണിച്ചപ്പോള്‍ കാര്യം മനസ്സിലാക്കാനും വേഗം ഇസ്ലാമിലേക്ക് വരാനും അദ്ദേഹത്തിനു സാധിച്ചു.
അത് പോലെ ആദ്യ കാല വിശ്വാസികളില്‍ പെട്ടവര്‍ ആയിരുന്നു അടിമയായിരുന്ന സുഹൈബ് റൂമി,യാസര്‍,ഭാര്യ സുമയ്യ,മകന്‍ അമ്മാര്‍ എന്നിവര്‍.ഇവരെല്ലാം ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ വമ്പിച്ച പീഡനങ്ങള്‍ ആണ് സഹിച്ചത്.അബ്ദുല്ലഹിബ്നു മസ്ഊദ്.ഖുറൈശികളില്‍ ചിലര്‍ക്ക് വേണ്ടി ആടിനെ മേയ്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിനു.നബിയെ കുറിച്ചും ഖുര്‍ ആനെ കുറിച്ചും അറിഞ്ഞതോടെ അദ്ദേഹം അതില്‍ ആകര്‍ഷിക്കപ്പെടുകയും വിശ്വസിക്കുകയും ചെയ്തു.പിന്നീട് അദ്ദേഹം സദാ സമയം നബി(സ്വ) യുടെ കൂടെ തന്നെയായിരുന്നു.നബി(സ്വ)ഉറങ്ങി പോയാല്‍ ഉണര്‍ത്തുക,പാദ രക്ഷ ധരിപ്പിച്ചു കൊടുക്കുക എന്നിവ അദ്ദേഹമാണ് ചെയ്തിരുന്നത്.
അബൂ ദര്‍ അല്‍ ഗിഫാരി :-
ഗിഫാര്‍ ഗോത്രക്കാരനായ അബൂ ദര്‍ നല്ല വാചക സ്ഫുടതയും വശ്യമായ ശൈലിയുടേയും ഉടമയായിരുന്നു.നബി(സ്വ)യെ കുറിച്ചുള്ള വിവരം അറിഞ്ഞപ്പോള്‍ അതിനെ കുറിച്ച് മനസ്സിലാക്കി വരാന്‍ തന്റെ സഹോദരനെ അദ്ദേഹം മക്കയിലേക്ക് പറഞ്ഞയച്ചു.അത് പ്രകാരം സഹോദരന്‍ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലുകയും നബിയുടെ സംസാരം കേള്‍ക്കുകയും ചെയ്തു.ശേഷം തിരിച്ചു വന്നു അബൂ ദര്‍ റിനോട്‌ ഇപ്രകാരം പറഞ്ഞു"അദ്ദേഹം മഹത്തായ സ്വഭാവങ്ങള്‍ കൊണ്ടാണ് കല്പിക്കുന്നത്,അദ്ദേഹം ചില കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്,എന്നാല്‍ അത് കവിത അല്ല."സഹോദരന്റെ വിശദീകരണത്തില്‍ സംതൃപ്തനാവാതെ അബൂ ദര്‍ നേരിട്ട് മക്കയില്‍ പോകാന്‍ തീരുമാനിച്ചു.എന്നാല്‍ നബി(സ്വ)എവിടെയാണുള്ളത് എന്നോ ആരാണ് നബി(സ്വ) എന്നോ
അദ്ദേഹത്തിനു അറിയില്ലായിരുന്നു.മക്ക ഖുറൈശികള്‍ക്ക് നബിയോടുള്ള ദേഷ്യം അറിയാവുന്ന കാരണം നബിയെ കുറിച്ച് ചോദിക്കാനും അദ്ദേഹം തുനിഞ്ഞില്ല.അദ്ദേഹം അങ്ങിനെ കഅബയുടെ അടുത്തു എത്തി,പക്ഷെ അന്ന് നബിയെ കണ്ടെത്താന്‍ അദ്ദേഹത്തിനായില്ല.രാത്രി ആയപ്പോള്‍ അലി(റ) അദ്ദേഹത്തെ കണ്ടു മുട്ടുകയും വിദേശി എന്ന നിലക്ക് തന്റെ വീട്ടിലേക്കു അതിഥി ആയി കൊണ്ട് പോവുകയും ചെയ്തു.മക്കയില്‍ വരാനുള്ള ഉദ്ദേശ്യം അലി(റ )ചോദിക്കുക പോലും ചെയ്തില്ല. (വിദേശിയെ കണ്ടാല്‍ വീടിലേക്ക്‌ അതിഥി ആയി കൊണ്ടുപോവല്‍ മക്കകാരുടെ പതിവ് ആയിരുന്നു,മൂന്നു ദിവസം വരെക്കു അതിഥിയുടെ ആഗമന ലക്‌ഷ്യം ചോദിച്ചറിയുക പോലും ചെയ്യില്ലായിരുന്നു)രാവിലെ അദ്ദേഹം കഅബയുടെ അടുത്തേക്ക് തന്നെ പോയി,എന്നാല്‍ വൈകുന്നേരം വരെ നബിയെ കണ്ടെത്താന്‍ സാധിച്ചില്ല.രാത്രി അലി(റ)അദ്ദേഹത്തെ വീണ്ടും കണ്ടു മുട്ടി.അദ്ദേഹത്തെ അന്നും വീട്ടിലേക്കു കൊണ്ട് പോയി,ആഗമന ഉദ്ദേശ്യം ചോദിച്ചതുമില്ല.മൂന്നം ദിവസവും ഇത് പോലെ ആവര്‍ത്തിച്ചു.പിന്നീട് അലി(റ)അദ്ദേഹത്തോട്‌ ആഗമന ഉദ്ദേശ്യം ചോദിച്ചു.അപ്പോള്‍ അദ്ദേഹം പറഞ്ഞു"നീ എന്നെ ആ ലകഷ്യത്തിലെത്തിക്കുമെന്നു ഉറപ്പു തന്നാല്‍ ഞാന്‍ പറയാം".അലി (റ ) അത് സമ്മതിച്ചപ്പോള്‍ അദ്ദേഹം തന്റെ ആഗമന ഉദ്ദേശ്യം പറഞ്ഞു കോടുത്തു.അപ്പോള്‍ അലി (റ)പറഞ്ഞു:"തീര്‍ച്ചയായും മുഹമ്മദ്‌ അല്ലാഹുവിന്‍റെ റസൂലും സത്യവും ആണ്,രാവിലെ താങ്കള്‍ എന്നെ പിന്തുടരുക,വഴിയില്‍ എന്തെങ്കിലും പന്തികേട് തോന്നിയാല്‍ ഞാന്‍ വെള്ളം എടുക്കുന്നവനെ പോലെ നില്‍ക്കും,പന്തികേട് നീങ്ങിയാല്‍ ഞാന്‍ വീണ്ടും മുന്നോട്ടു നീങ്ങും".അങ്ങിനെ അദ്ദേഹം അലി (റ)യുടെ കൂടെ നബി(സ്വ)യുടെ അടുത്തു എത്തുകയും നബിയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.ശേഷം നബി(സ്വ)അദ്ദേഹത്തോടെ ഇസ്ലാം പരസ്യമാകുന്നത് വരെക്കു തന്‍റെ ഗോത്രത്തിലേക്ക് തന്നെ മടങ്ങി പോകാന്‍ ആവശ്യപ്പെട്ടു.അപ്പോള്‍ അദ്ദേഹം പറഞ്ഞു."എന്റെ ശരീരം ആരുടെ കയ്യിലാണോ ,അവന്‍ തന്നെ സത്യം,ഇത് ഞാന്‍ പരസ്യമാക്കുക തന്നെ ചെയ്യും.ശേഷം അദ്ദേഹം കഅബയുടെ അടുത്തു ചെന്ന് ഉറക്കെ ശഹാദത് കലിമ ചൊല്ലി.ഇത് കേട്ട ജനങ്ങള്‍ അദ്ദേഹത്തെ ഉപദ്രവിച്ചു.അപ്പോള്‍ അബ്ബാസ് (റ)അവരെ അതില്‍ നിന്ന് തടഞ്ഞു.അദ്ദേഹം പറഞ്ഞു"ഇദ്ദേഹം ഗിഫാര്‍ ഗോത്രക്കാരന്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേ?നാം സിറിയയിലേക്ക് പോകുന്നത് ഗിഫാര്‍ വഴിയാണ് എന്നത് നിങ്ങള്‍ ഓര്‍ക്കണം.അടുത്ത് ദിവസം അബൂ ദര്‍ ശഹാദത് ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെടുകയും അബ്ബാസ്‌ (റ)രക്ഷപ്പെടുത്തുകയും ചെയ്തു.

ആദ്യകാല വിശ്വാസികളില്‍ പെട്ടവര്‍ ആയിരുന്നു സഈദ് ഇബ്ന്‍ സൈദ്‌ അദ്ദേഹത്തിന്റെ ഭാര്യയും ഉമര്‍(റ)വിന്‍റെ സഹോദരിയുമായ ഫാത്വിമ,അബ്ബാസ് (റ)വിന്‍റെ ഭാര്യ ഉമ്മുല്‍ ഫള്ല്‍ ലുബാബ,നബിയുടെ പിതൃവ്യ പുത്രന്‍ ഉബൈദത് ഇബ്ന്‍ ഹാരിസ്,അബൂ സലമ,ഭാര്യ ഉമ്മു സലമ,ഉസ്മാന്‍ ഇബ്നു മള്ഊന്‍,അര്‍ഖം ബിന്‍ അബില്‍ അര്‍ഖം ,ഖാലിദ്‌ ഇബ്ന്‍ സഈദ് എന്നിവര്‍. ഖാലിദ് മുസ്ലിം ആയതിനാല്‍ അദ്ദേഹത്തിന്റെ പിതാവ് അദ്ദേഹത്തെ വീട്ടില്‍ നിന്ന് ബഹിഷ്കരിച്ചു,അപ്പോള്‍ അദ്ദേഹം നബി(സ്വ)യുടെ കൂടെയായി,പിതാവിനെ വഴിയില്‍ വെച്ച് കണ്ടാല്‍ അദ്ദേഹം ഒളിഞ്ഞു നില്‍ക്കുമായിരുന്നു.പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ അംര്‍ ഇബ്ന്‍ സഈദും ഇസ്ലാമിലേക്ക് വന്നു.
അങ്ങിനെ ഖുറൈഷി പ്രമാണിമാര്‍,സമ്പന്നര്‍,അടിമകള്‍,സ്ത്രീകള്‍ തുടങ്ങി ധാരാളം പേര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു.അവരെ ഇസ്ലാമിലേക്ക് കൊണ്ട് വന്നത് വാള്‍ കൊണ്ടോ യുദ്ധം കൊണ്ടോ ആയിരുന്നില്ല.ആരെങ്കിലും അനുസരിപ്പിക്കാനുള്ള ശക്തിയും നബി(സ്വ)ക്ക് ഇല്ലായിരുന്നു.അല്ലാഹുവിന്‍റെ വചനത്തിന്റെ മാസ്മരികതയും ആദര്‍ശ ശക്തിയും ആണ് അവരെയെല്ലാം ഹിദായത്തിലാക്കിയത്.