ആദ്യ വഹ് യിനെ തുടര്‍ന്നുണ്ടായ ഭയം വറഖതിന്റെ വാക്ക് കേട്ടതോടെ നബിയില്‍ നിന്ന് പോയി,താന്‍ അല്ലാഹുവിന്റെ പ്രവാചകന്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നു എന്ന കാര്യത്തില്‍ നബി (സ്വ)വളരെ സന്തോഷിച്ചു.വഹ് യ് വീണ്ടും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു.ഹിറ ഗുഹയില്‍ വീണ്ടും പോയിരുന്നു.പക്ഷെ കുറെ ദിവസത്തേക്ക് വഹ് യ് ഉണ്ടായില്ല.അതില്‍ നബി വളരെ സങ്കടപ്പെട്ടു.തനിക്കുണ്ടായ പേടി കാരണം അല്ലാഹു തന്നെ കൈ വിട്ടു പോയോ എന്ന് വരെ നബി വിചാരിച്ചു.സങ്കടത്താല്‍ പലപ്പോഴും മലയുടെ മുകളില്‍ പോയി താഴോട്ട് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വിചാരിക്കും,അപ്പോള്‍ ഒരശരീരി കേള്‍ക്കും""മുഹമ്മദ്! നിശ്ചയം താങ്കള്‍ ദൈവദൂതനാണ്.' അതുകേട്ട് സമാധാനചിത്തനായി വീട്ടിലേക്കു മടങ്ങും. വീണ്ടും ഇടവേള നീണ്ടുപോകുമ്പോള്‍ ഇതുപോലെത്തന്നെ ആവര്‍ത്തിക്കും.
അങ്ങിനെ ഒരു ദിവസം ഹിറാ ഗുഹയില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നബി (സ്വ) ഒരു വിളി കേട്ടു.വലത്തും ഇടത്തും മുന്നിലും പിന്നുലുമെല്ലാം നോക്കി. ഒന്നും കണ്ടില്ല. പിന്നീട് മേലോട്ട് നോക്കുമ്പോള്‍ ഹിറയില്‍ പ്രത്യക്ഷപ്പെട്ട ആ മലക്ക് ആകാശഭൂമിക്കിടയില്‍ ഒരു കസേരയില്‍ ഉപവിഷ്ടനായിരിക്കുന്നു. അതിന്‍റെ ഭാരം താങ്ങാനാവാതെ നബി(സ്വ) ഭൂമിയിലേക്ക് ഇരുന്നുപോയി. ഉടന്‍ ഖദീജ(റ)യുടെ അടുക്കല്‍ ചെന്ന് പുതച്ചു തരൂ...... എന്നെ പുതച്ചു തരൂ............. എന്നെ പുതച്ചു തരൂ..... എന്‍റെ ദേഹത്തില്‍ ശീതജലം ഒഴിക്കു എന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ നബിയെ പുതപ്പിക്കുകയും ദേഹത്തില്‍ ശീതജലം ഒഴിക്കുകയും ചെയ്തു. ആ സമയത്ത് "ഹേ, പുതച്ചു മൂടിയവനേ എഴുന്നേറ്റു ജനങ്ങളെ താക്കീതു ചെയ്യുക. നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക'' എന്ന ആയത്തുകള്‍ അവതരിപ്പിച്ചു.പിന്നീട് വഹ് യ് തുടര്‍ന്ന് കൊണ്ടേയിരുന്നു.