വഹ് യിന്‍റെ ആരംഭം

പ്രായം നാല്പതിനോടടുത്തപ്പോള്‍ തന്‍റെ മനസ്സില്‍ അങ്കുരിച്ച ചിന്തകള്‍ തന്‍റെയും സമൂഹത്തിന്‍റെയുമിടയിലുള്ള ബുദ്ധിപരമായ അകലം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഏകാന്തവാസം പ്രിയങ്കരമായി തോന്നി. മാവും പാനജലവുമെടുത്ത് മക്കയില്‍ നിന്നും രണ്ട് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന നൂര്‍മലയിലെ ഹിറാഗുഹയിലേക്ക് പോകും. (ഇത്, 4 മുഴം നീളവും 1.75 മുഴം വീതിയുമുള്ള ഒരു ചെറിയ ഗുഹയാണ്) ,ചിലപ്പോള്‍ ആഴ്ചകള്‍,ചിലപ്പോള്‍ മാസങ്ങള്‍ അവിടെ ചെലവഴിക്കും. ആരാധനയില്‍ മുഴുകിയും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലും അതിന്‍റെ പിന്നിലെ ആശ്ചര്യകരമായ കഴിവുകളില്‍ ചിന്തിച്ചുകൊണ്ടും സമയം ചെലവിഴിക്കും. മനസ്സപ്പോഴും തന്‍റെ സമൂഹത്തിന്‍റെ അര്‍ഥമില്ലാത്ത ഭാവനകളെ കുറിച്ചും ബഹുദൈവാരാധനകളെ കുറിച്ചും ചിന്തിച്ച് അസ്വസ്ഥനാകും. പക്ഷേ മുന്നിലൊരു വ്യക്തമായ വഴിയുമില്ല, നിര്‍ണിതമായ രൂപവുമില്ല, മനസ്സിനു സമാധാനം വരുത്താവുന്ന ഒരു ഉദ്ദിഷ്ട സ്ഥാനവുമില്ല.പ്രവാചകത്വത്തിന്റെ മൂന്നു വര്‍ഷം മുമ്പ് തന്നെ ഈ ഏകാന്തത തുടങ്ങിയിരുന്നു.
പക്വതയുടെ പ്രായമായ നാല്പതു വയസ്സ് പൂര്‍ത്തിയായപ്പോള്‍ വഹ് യിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.അതത്രെ പുലരുന്ന സ്വപ്നങ്ങള്‍. അവിടുന്നു കാണുന്ന സ്വപ്നങ്ങള്‍ പ്രാഭാതം പോലെ പൂര്‍ണ്ണമായി പുലരാന്‍ തുടങ്ങി. ഇങ്ങനെ ആറുമാസം പിന്നിട്ടു.പിന്നീട് ഒരു ദിവസം ഹിറാ ഗുഹയില്‍ ഇരിക്കുമ്പോള്‍ മലഖ് ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടു.തന്റെ ഏകാന്തതയുടെ മൂന്നാം വര്‍ഷത്തില്‍ ആയിരുന്നു ഇത്.പെട്ടെന്നുണ്ടായ ആ മലഖിന്റെ സാന്നിദ്ധ്യം നബിയെ പേടിപ്പിച്ചു,മലഖ് വന്നു നബിയോട് "വായിക്കുക"എന്ന് കല്പിച്ചു.നബി(സ്വ) പറഞ്ഞു"എനിക്ക് വായിക്കാനറിയില്ല.അപ്പോള്‍ മലഖു നബിയെ കൂട്ടി പിടിച്ചു,അത് നബിയെ വല്ലാതെ വേദനിപ്പിച്ചു.നബിയെ വിട്ടു കൊണ്ട് വീണ്ടും വായിക്കാന്‍ പറയുകയും നബി മുമ്പത്തെ മറുപടി തന്നെ ആവര്‍ത്തിക്കുകയും മലഖു നബിയെ കൂട്ടിപ്പിടിക്കുകയും ചെയ്തു.ഇത് മൂന്നാവതും ആവര്‍ത്തിച്ച ശേഷം മലഖു നബിക്ക് വായിച്ചു കൊടുത്തു:"സൃഷ്ടിച്ചവനായ തങ്ങളുടെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക ,അവന്‍ മനുഷ്യനെ രക്തപിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു,വായിക്കുക തങ്ങളുടെ നാഥന്‍ അത്യുദാരനാകുന്നു,അവന്‍ പേന കൊണ്ട്‌(എഴുത്ത്‌)പഠിപ്പിച്ചവനാണ്,
അവന്‍ മനുഷ്യനു തനിക്കറിയാത്തത്‌ പഠിപ്പിച്ചിരിക്കുന്നു"ശേഷം മലഖു അപ്രത്യക്ഷനായി.
പേടിച്ചു വിറച്ച നബി(സ്വ) ഉടന്‍ വീട്ടിലേക്കു മടങ്ങി.വീട്ടിലെത്തി ഭാര്യ ഖദീജയോട്
എനിക്ക് പുതച്ചു തരൂ.........എനിക്ക് പുതച്ചു തരൂ.......... എന്ന് പറഞ്ഞു . പുതച്ചുകൊടുത്തപ്പോള്‍ ഭയമകന്നു. അവിടുന്ന് സംഭവം ഖദീജയോട് പറഞ്ഞു. എനിക്ക് ജീവനെക്കുറിച്ച് ഭയം തോന്നി. ഖദീജ പറഞ്ഞു. "ഇല്ല, അല്ലാഹു താങ്കളെ ഒരിക്കലും നിന്ദിക്കുകയില്ല. കാരണം താങ്കള്‍ കുടുംബബന്ധം ചേര്‍ക്കുന്നു, ഭാരം ചുമക്കുന്നു, അശരണരെ സഹായിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു, വിപത്തുകളില്‍ സഹായിക്കുന്നു.'' ശേഷം ഖദീജ നബിയെയും കൊണ്ട് തന്‍റെ പിതൃസഹോദരപുത്രനായ വറഖത്ത് ബിന്‍ നൌഫലിന്‍റെ അടുക്കല്‍ ചെന്നു. ഇദ്ദേഹം ജാഹിലിയ്യത്തില്‍ ക്രൈസ്തവത ആശ്ളേഷിച്ച ഒരു പണ്ഡിതനായിരുന്നു. അന്ധനുമായിരുന്നു. ഹിബ്രു ഭാഷയില്‍ ഗ്രന്ഥങ്ങള്‍ എഴുതുകയും സുവിശേഷം ഹിബ്രുവിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ഖദീജ അദ്ദേഹത്തോട് പറഞ്ഞു: "പിതൃവ്യപുത്രാ, താങ്കളുടെ സഹോദര പുത്രന് താങ്കളോട് എന്തോ പറയാനുണ്ട്, അതൊന്ന് കേള്‍ക്കണം.'' വറഖത്:"എന്താണ് കാര്യം?'' അപ്പോള്‍ റസൂല്‍(സ) കണ്ടതെല്ലാം വിവരിച്ചു. അപ്പോള്‍ വറഖത്: "ഇത് മൂസായുടെ അടുക്കല്‍ അല്ലാഹു നിയോഗിച്ച അതേ ജിബ്രീല്‍ എന്ന മലക്കാണ്. താങ്കളെ താങ്കളുടെ ജനങ്ങള്‍ നാട്ടില്‍നിന്ന് പുറത്താക്കുന്ന സമയത്ത് ആരോഗ്യവാനായി ഞാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍!?'' ഇതുകേട്ട് റസൂല്‍(സ) ചോദിച്ചു: "എന്‍റെ സമൂഹം എന്നെ പുറത്താക്കുകയോ?'' വറഖത്: "അതെ, താങ്കള്‍ പ്രബോധനം ചെയ്യുന്നത് പോലുള്ളത് പ്രബോധനം ചെയ്ത ആരെയും ജനങ്ങള്‍ ശത്രുവായി കാണാതിരുന്നില്ല. അന്ന് ഞാന്‍ ജീവച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ ശക്തമായി താങ്കളെ പിന്തുണക്കുക തന്നെ ചെയ്യും.'' പിന്നീട് വറഖത് അധികനാള്‍ ജീവിച്ചിരുന്നില്ല.
ഈ സംഭവം നടന്നത് റമദാന്‍ പതിനേഴിന് ആയിരുന്നു.(ഇരുപത്തി ഒന്ന് ആണ് എന്നും അഭിപ്രായം ഉണ്ട്).അന്ന് നബിക്ക് നാല്പതു വയസ്സും ആറ് മാസവും എട്ടു ദിവസവും പ്രായമായിരുന്നു.