ഖദീജയുമായുള്ള വിവാഹം

ഖുവൈലിദിന്റെ മകള്‍ ഖദീജ ഖുറൈശികളില്‍ വളരെ സ്ഥാനമുള്ള സ്ത്രീയായിരുന്നു.വളരെ സമ്പന്നയും ഭംഗിയുള്ളവളും മനക്കരുത്ത് ഉള്ളവളും ആയിരുന്നു.ജാഹിലിയ്യാ കാലത്ത് തന്നെ വിശുദ്ധ ,ഖുറൈശീ സ്ത്രീകളുടെ നേതാവ് എന്നീ നിലക്ക് അറിയപ്പെട്ടിരുന്നു.ഖദീജയെ ആദ്യം വിവാഹം ചെയ്തത് അതീഖ് ബ്നു ആഇദ് ആയിരുന്നു.അതില്‍ ഹിന്ദ്‌ എന്ന ഒരു സന്താനം ആണ് ജനിച്ചത്‌.ആദ്യ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അബൂ ഹാലത്ത് നബ്ബാഷ് ആണ് വിവാഹം ചെയ്തത്.അതില്‍ ഹിന്ദ്‌ ,ഹാല എന്നീ രണ്ടു സന്താനങ്ങള്‍ ആണ് ജനിച്ചത്‌.അദ്ദേഹവും മരണപ്പെട്ടതോടെ ഖദീജ വിധവയായി കഴിയുകയായിരുന്നു.ബുദ്ധിമതിയും സമ്പന്നയും കുലീനയുമായിരുന്ന അവരെ പിന്നീട് പലഗോത്ര നായകന്മാരും വിവാഹമന്വേഷിച്ചിരുന്നുവെങ്കിലും അവരത് നിരസിക്കുകയായിരുന്നു
നബി (സ്വ) ഖദീജയുടെ കച്ചവടം പൂര്‍ത്തീകരിച്ചു മക്കയില്‍ മടങ്ങിയെത്തിയപ്പോള്‍ തന്‍റെ സ്വത്തില്‍ മുമ്പൊന്നും കാണാത്ത വിശ്വസ്തതയും അഭിവൃദ്ധിയും ഖദീജക്ക് കാണാന്‍ കഴിഞ്ഞു. യാത്രയില്‍ നബിതിരുമേനിയില്‍ ദൃശ്യമായ വശ്യസുന്ദരമായ സ്വഭാവങ്ങളും സദ് വിചാരവും ഉയര്‍ന്ന ചിന്തയും മൈസറ ഖദീജയോട് വര്‍ണിക്കുകയും ചെയ്തു. താന്‍ അന്വേഷിച്ചത് കണ്ടെത്തിയപോലെ ഖദീജക്കു തോന്നി.നബിയുമായി വിവാഹം നടത്തണമെന്ന് ഖദീജ ആഗ്രഹിച്ചു .തന്‍റെ മനോഗതം ഖദീജ തോഴി നഫീസ ബിന്‍ത് മുനബ്ബഹിനെ അറിയിച്ചു. അവള്‍ അന്വേഷണവുമായി തിരുമേനിയെ സമീപിച്ചു. അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും പിതൃവ്യന്മാരോട് സംസാരിക്കുകയും ചെയ്തു.അവര്‍ ഖദീജയുടെ പിതൃവ്യനെ സമീപിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കുകയും വിവാഹം നടത്തുകയും ചെയ്തു. ഹാശിം, മുളര്‍ ഗോത്രങ്ങളിലെ നേതാക്കള്‍ വിവാഹത്തില്‍ സംബന്ധിച്ചു. വിവാഹമൂല്യം നല്‍കിയത് ഇരുപത് ഒട്ടകങ്ങളെയാണ്. ശാമില്‍ നിന്ന് മടങ്ങി രണ്ട് മാസം കഴിഞ്ഞാണ് വിവാഹം നടന്നത്.അന്ന് ഖദീജക്ക് നാല്‍പതും നബിക്ക് ഇരുപത്തിയഞ്ചും വയസായിരുന്നു.നികാഹിനോടനുബന്ധിച്ചു അബൂ ത്വാലിബ്‌ ആണ് പ്രസംഗം നടത്തിയത്.അതില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു."ഞങ്ങളെ ഇബ്രാഹീമിന്റെയും ഇസ്മായീലിന്റെയും സന്താന പരമ്പരയിലാക്കിയ അല്ലാഹുവിന് സ്തുതി.അവന്‍ ഞങ്ങളെ പുണ്യ ഭവനത്തിന്റെ കവല്‍ക്കാരാക്കി,ഹറമിനെ നിര്‍ഭയവും ഞങ്ങളെ ജനങ്ങള്‍ക്ക്‌ വിധി കര്‍ത്താക്കളും ആക്കി.എന്റെ സഹോദരന്‍ അബ്ദുള്ളയുടെ മകന്‍ മുഹമ്മദ്‌ സമ്പത്ത് കുറഞ്ഞവനാണ്;സമ്പത്ത് നീങ്ങി പോകുന്ന ഒരു നിഴല്‍ ആണ്.പക്ഷെ അവന്‍ തുല്യതയില്ലാത്ത വിധം പരിശുദ്ധിയിലും ബുദ്ധിയിലും ശ്രേഷ്ടതയിലും മികച്ചവനാണ്,അവന്‍ ഇതാ ഖുവൈലിദിന്റെ മകള്‍ ഖദീജയെ വിവാഹം അന്വേഷിച്ചിരിക്കുന്നു.അല്ലാഹു ആണേ സത്യം മുഹമ്മദിന് ഭാവിയില്‍ ഒരു മഹത്തായ കാര്യം വരാനുണ്ട്".അതിനു ശേഷം ഖദീജയുടെ പിതൃവ്യ പുത്രനായ വറഖത് ബ്നു നൌഫല്‍ പ്രസംഗിക്കുകയും ഖദീജയുടെ പിതൃവ്യന്‍ അംര്‍ ബ്നു അസദ് വിവാഹം നടത്തി കൊടുക്കുകയും ചെയ്തു.
ഇബ്റാഹീം ഒഴികെ മറ്റെല്ലാ മക്കളും ഖദീജയിലാണ് നബി(സ)ക്ക് പിറന്നത്. മൂത്തത് ക്വാസിം പിന്നെ സൈനബ്, റുക്വിയ്യ, ഉമ്മുകുത്സും, ഫാത്വിമ, അബ്ദുല്ലാഹ് (ത്വയ്യിബ്, ത്വാഹിര്‍ എന്നീപേരുകളിലും അറിയപ്പെട്ടിരുന്നു) മൂത്ത പുത്രന്‍ ഖാസിമിന്റെ പേരിലാണ് നബിതിരുമേനി അബുല്‍ഖാസിം എന്നറിയപ്പെട്ടത്. ആണ്‍മക്കളെല്ലാം ശൈശവത്തിലേ മരിച്ചുപോയി. പെണ്‍മക്കളെല്ലാം ഇസ്ലാമിലെത്തുകയും മുസ്ലിംകളാവുകയും ഹിജ്റ പോവുകയും ചെയ്തു. പക്ഷേ, ഫാത്വിമ ഒഴികെ എല്ലാവരും അവിടുത്തെ ജീവതകാലത്തു തന്നെ ഇഹലോകം വെടിഞ്ഞു. ഫാത്വിമ അവിടുത്തെ മരണശേഷം ആറുമാസത്തിനു ശേഷവും.