ഫിജാര്‍ യുദ്ധത്തെ തുടര്‍ന്നാണ് ഹില്‍ഫുല്‍ ഫൂദൂല്‍ (വിശിഷ്ടരുടെ സഖ്യം) രൂപപ്പെടുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്നായ ദുല്‍ഖഅദയിലായിരുന്നു ഇത്. ഇതിലേക്ക് ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളായ ഹാശിം, മുത്വലിബ്, അസദ്ബിന്‍ അബ്ദുല്‍ ഉസ്സ, സഹ്റത്തുബിന്‍ കിലാബ്, തൈംബിന്‍ മുര്‍റ എന്നിവര്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഇവരെല്ലാം ആദരണീയനും വയോധികനുമായ അബ്ദുല്ലാഹിബിനു ജുദ്ആന്റെ വസതിയില്‍ സമ്മേളിക്കുകയും സ്വദേശിയോ വിദേശിയോ ആരായാലും മക്കയില്‍വെച്ച് മര്‍ദിക്കപ്പെട്ടാല്‍ അവന്‍റെ അവകാശം നേടിക്കൊടുത്തുകൊണ്ട് അവനെ സഹായിക്കണമെന്ന് പരസ്പരം കരാര്‍ ചെയ്യുകയും ചെയ്തു. ഇതില്‍ നബിതിരുമേനിയും പങ്ക്കൊണ്ടിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം പ്രവാചകനായപ്പോള്‍ പറഞ്ഞത്:'അബ്ദുല്ലാഹിബ്നു ജദ്ആന്‍റെ വീട്ടില്‍ വെച്ചു നടന്ന സഖ്യത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഞാനതിനെ ചെമന്ന ഒട്ടകങ്ങളെക്കാള്‍ വിലമതിക്കുന്നു. ഇസ്ലാമിലും അത്തരമൊരു സഖ്യത്തിനു ക്ഷണിക്കപ്പെട്ടാല്‍ ഞാന്‍ അത് സ്വീകരിക്കും.''
വംശീയതയാല്‍ പ്രചോദിതമായിരുന്ന ജാഹിലിയ്യാ ദുരഭിമാനത്തോട് തികച്ചും എതിരായിരുന്നു ഈ കരാറിന്‍റെ സ്പിരിറ്റ്. ഈ സഖ്യത്തിന് ഇങ്ങനെയൊരു കാരണം പറയപ്പെടുന്നു; സുബൈദില്‍ നിന്നൊരാള്‍ തന്റെ ചരക്കുകളുമായി മക്കയില്‍ വന്നു. ആസ്ബിന്‍ വാഇല്‍ അസ്സഹ്മി അദ്ദേഹത്തിന്‍റെ സാധനങ്ങള്‍ വാങ്ങി. വില നല്‍കിയില്ല. അപ്പോള്‍ അയാള്‍ തന്റെ സഖ്യകക്ഷികളായ അബ്ദുദ്ദാര്‍, മഖ്സും, ജംഹ്, സഹ്മ്, അദിയ് എന്നിവരോട് സഹായമഭ്യര്‍ഥിച്ചെങ്കിലും അവരാരും പരിഗണിച്ചതുതന്നെയില്ല. ഉടനെ അബൂഖുബൈസ് മലയിലേറി താന്‍ മര്‍ദിക്കപ്പെട്ടതായി ഉറക്കെ ഗാനമായി ആലപിച്ചു. ആവഴിക്ക് നടന്നു പോവുകയായിരുന്ന സുബൈറ്ബ്നു അബ്ദുല്‍മുത്വലിബ് ഇത് കേള്‍ക്കുകയും പരിഹാരമാര്‍ഗം തേടുകയും ചെയ്തു. അങ്ങനെയാണ് മേല്‍പറഞ്ഞ സഖ്യം രൂപപ്പെടുന്നത്. സഖ്യം രൂപപ്പെട്ട ഉടനെ ആസുബിന്‍വാഇലിന്‍നിന്ന് കച്ചവടക്കാരന്റെ അവകാശം വാങ്ങിക്കൊടുക്കുകയും ചെയ്തു.