നബി(സ്വ) മദീനയുടെ തെരുവീഥിയിലൂടെ

സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ച ശേഷം നബിതിരുമേനി മദീനയില്‍ പ്രവേശിച്ചു. അന്നുമുതല്‍ യസ് രിബ് മദീനത്തുര്‍ റസൂല്‍ (ദൈവദൂതരുടെ പട്ടണം) ആയിമാറി.മദീനാവാസികളുടെ ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു അത്. വീടുകളും തെരുവീഥികളും തക്ബീറുകളാലും സ്തുതിവാക്യങ്ങളാലും ശബ്ദമുഖരിതമായി. അന്‍സാരി പെണ്‍കുട്ടികള്‍ ആഹ്ളാദാവേശത്താല്‍ പാടി.
"അല്‍വദാഅ് മലയിടുക്കുകളിലൂടെയതാ ഞങ്ങള്‍ക്ക് മീതെ പൌര്‍ണമി ഉദയം ചെയ്തിരുക്കുന്നു! അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളിതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ! ഞങ്ങളിലേക്ക് നിയുക്തരായവരേ! അങ്ങയുടെ കല്പനകള്‍ അനുസരിക്കപ്പെടുന്നതാണ്.!!''

ഏറെ സമ്പന്നരല്ലാതിരുന്നിട്ടും അന്‍സ്വാറുകള്‍ ഓരോരുത്തരും പ്രവാചകന്‍ തന്റെ അതിഥിയായെങ്കില്‍ എന്നാഗ്രഹിച്ചു. ഒട്ടകം അന്‍സ്വാറുകളുടെ കൊച്ചുവീടുകള്‍ക്കിടയിലൂടെ അടിവെച്ചുനീങ്ങിയപ്പോള്‍ ഓരോ വീട്ടുകാരും അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുവലിച്ചുകൊണ്‍് പറഞ്ഞു. "ഞങ്ങള്‍ അഭയവും സംരക്ഷണവും നല്കാം. ഞങ്ങളുടെ കൂടെ താമസിക്കണം'' അതെല്ലാം അവിടുന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. അവിടുന്ന് പറഞ്ഞു: "ഒട്ടകത്തെ വിട്ടേക്കൂ. അതിന് കല്പന ലഭിച്ചിട്ടുണ്ട് '' ഒട്ടകം പിന്നേയും മുന്നോട്ടു നീങ്ങി . അത് ഇന്ന് മദീനാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ മുട്ടുകുത്തി. അവിടെ റസൂല്‍(സ) ഇറങ്ങിയില്ല. ഒട്ടകം എഴുന്നേറ്റു വീണ്ടും അല്പം മുന്നോട്ടു നീങ്ങി തിരിഞ്ഞു ആദ്യത്തെസ്ഥലത്ത് മുട്ടുകുത്തി. അപ്പോള്‍ റസൂല്‍(സ) താഴേയിറങ്ങി. ഇത് നബി(സ)യുടെ അമ്മാവന്‍ നജ്ജാര്‍ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിന്റെ വിധിയനുസരിച്ച് തന്റെ അമ്മാവന്മാരുടെ സ്ഥലംതന്നെ തെരെഞ്ഞെടുത്തതില്‍ അവിടുന്ന് അതിയായി സന്തോഷിച്ചു. അന്‍സ്വാറുകള്‍ ഓരോരുത്തരും നബിതിരുമേനിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടിരുന്നു. നബി(സ) 'ആരുടെ വീടാണ് ഏറ്റം അടുത്തുള്ളത്?. എന്നന്വേഷിച്ചപ്പോള്‍ അബൂഅയ്യൂബ് അല്‍അന്‍സ്വാരി പറഞ്ഞു: "എന്റേത് ദൈവദൂതരേ! ഇതാണ് എന്‍റെ വീട്. ഇതാണ് വാതില്‍ '' എന്നാല്‍ ചെന്ന് സ്ഥലം ശരിയാക്കൂ.

രണ്ടു നിലയുള്ള വീടായിരുന്നു അത്.അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു:നബിയെ അങ്ങ് മുകളിലെ നിലയാണോ താഴത്തെ നിലയാണോ ഇഷ്ടപ്പെടുന്നത്?അങ്ങയുടെ മുകളില്‍ താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു.അപ്പോള്‍ നബി(സ്വ):എനിക്കും എന്നെ സന്ദര്‍ശിക്കുന്നവര്‍ക്കും സൗകര്യം താഴത്തെ നിലയാണ്.അത് കാരണം അബൂ അയ്യൂബ് (റ)മുകളില്‍ തന്നെ താമസിച്ചു,പക്ഷെ മുകളിലേക്ക് കയറുമ്പോള്‍ നബിക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി വളരെ പതുക്കെയാണ് കയറിയിരുന്നത്.നബിയുടെ റൂമിലേക്ക്‌ വെള്ളം ആകുമോ എന്ന് പേടിച്ചു മുകളില്‍ ഒരു തുള്ളി വെള്ളം പോലും പോകാതെ ശ്രദ്ധിക്കുമായിരുന്നു.
നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.പിന്നീട് അവിടെ പള്ളി നിര്‍മിച്ചു.
ശേഷം മക്കയില്‍ ഉള്ള തന്‍റെ കുടുംബക്കാരെ കൊണ്ട് വരാനായി സൈദ്‌ ബിന്‍ ഹാരിസയെയും അബൂ റാഫിഇനെയും
അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായും പറഞ്ഞയച്ചു.പ്രവാചക പത്നി സൌദയും മക്കളായ ഉമ്മുകുത്സുവും സൈദിന്റെ പുത്രന്‍ ഉസാമയും ഉമ്മുഐമനും എത്തിച്ചേര്‍ന്നു. ഇവരുടെ കൂടെ അബൂബക്കറിന്റെ കുടുംബത്തേയും കൂട്ടി പുത്രന്‍ അബ്ദുല്ലയുമുണ്ടയിരുന്നു. കൂടെ ആയിശയും. പ്രവാചകപുത്രി സൈനബ് ഭര്‍ത്താവ് അബുല്‍ ആസിന്റെ അരികെത്തന്നെ അവശേഷിച്ചു. അബുല്‍ആസ് അന്ന് മുസ്ലിമല്ലാത്തത് കാരണം അവരെ വിട്ടില്ല. പിന്നീട് ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് അവര്‍ മദീനയിലേക്ക് ഹിജ്റ പോയത്.സുബൈര്‍ ബിന്‍ അവ്വാമിന്റെ ഭാര്യ അസ്മായും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.അസ്മാ അപ്പോള്‍ അബ്ദുല്ലാഹി ബിന്‍ സുബൈറിനെ ഗര്‍ഭം ചുമന്നിരുന്നു.മുഹാജിറുകളില്‍ നിന്ന് ആദ്യം ജനിച്ച കുഞ്ഞ് അബ്ദുല്ലാഹി ബിന്‍ സുബൈര്‍ ആയിരുന്നു.ആഇഷ മദീനയില്‍ എത്തി പിതാവിന്റെ കൂടെയാണ് ആദ്യം താമസിച്ചത്.നബി(സ്വ)അബൂ ബകര്‍ (റ) വീട്ടില്‍ വെച്ചാണ് ആദ്യമായി ആഇശയുമായി ബന്ധപ്പെടുന്നത്.പിന്നീട് പള്ളിയുടെ സമീപം ഉണ്ടാക്കിയ തന്‍റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.പള്ളിയുടെ സമീപത്തായി ഭാര്യ സൌദക്കും ആഇഷക്കും വെവ്വേറെ വീടുകള്‍ ഉണ്ടാക്കിയിരുന്നു.
മദീനയിലെത്തിയതോടെ പലര്‍ക്കും രോഗം പിടിപെട്ടു.ഇതിനെ തുടര്‍ന്ന് നബി(സ്വ)അല്ലാഹുവോട് പ്രാര്‍ഥിച്ചു."അല്ലാഹുവേ ശൈബ ബിന്‍ റബിഅ, ഉത്ബ ബിന്റബീഅ, ഉമയ്യബിന്‍ ഖലഫ് എന്നിവരെ, നീ ശപിക്കേണമെ, അവരാണല്ലോ ഈ സാംക്രമിക രോഗമുള്ള നാട്ടിലേക്ക് ഞങ്ങളെ നാടുകടത്തിയത്''

"അല്ലാഹുവേ! മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായത് പോലെയോ അതിനപ്പുറമോ മദീനയും ഞങ്ങള്‍ക്ക് നീ പ്രിയപ്പെട്ടതാക്കണേ. മദീനയെ നീ സുഖക്ഷേമകരമാക്കുകയും അവിടുത്തെ ഭക്ഷണത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഇവിടുത്തെ രോഗം നീ ജുഹ്ഫ മരുഭൂമിയിലേക്ക് നീക്കണേ'.പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പാറിപ്പറന്ന മുടിയുമായി ഒരു കറുത്ത പെണ്ണ്, മദീനയില്‍ നിന്നും പുറപ്പെട്ട് ജൂഹ്ഫയിലെ മഹ്യഅയില്‍ ചെന്നിറങ്ങുന്നതായി അവിടുത്തേക്ക് സ്വപ്നദര്‍ശനമുണ്ടായി. മദീനയില്‍നിന്നും രോഗം ജൂഹുഫയിലേക്ക് മാറുന്നതിന്റെ സൂചനയായിരുന്നു അത്. ഇതോടെ പ്രവാസിമുസ്ലിംകളുടെ ആ വിഷമം തീര്‍ന്നു.

സല്‍മാനുല്‍ ഫാരിസി നബി(സ്വ)യെ കണ്ടു മുട്ടുന്നു

സത്യ മാര്‍ഗം തേടി അലഞ്ഞ സല്‍മാനുല്‍ ഫാരിസി (റ) നബി(സ്വ)യെ കണ്ടു മുട്ടുന്നതും ഇസ്ലാം സ്വീകരിക്കുന്നതും ഖുബാഇല്‍ വെച്ചായിരുന്നു.“സല്‍മാന്‍ എന്റെ കുടുംബാംഗം പോലെയാണ്.” നബി (സ്വ).സത്യം തേടി തീര്‍ഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്ര സല്‍മാന്‍ തന്നെ പറഞ്ഞു തുടങ്ങുന്നു:
‘ഞാന്‍ ഇസ്ഫഹാന്‍കാരനായ ഒരു പേര്‍ഷ്യന്‍ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാന്‍ എന്നു പേര്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നന്‍, അത്യുന്നതന്‍…ഞാന്‍ ജനിച്ചത് മുതല്‍ സര്‍വ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാല്‍സല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി… യുവതികളെ കാത്തുസൂക്ഷിക്കും പോലെ എന്നെയും പുറത്തു വിടാതെ സംരക്ഷിക്കുകയാണ്.
ഞാന്‍ അഗ്നിയാരാധകരുടെ മതത്തില്‍ പ്രാവീണ്യം നേടി. ഞങ്ങളുടെ ആരാധനാമൂര്‍ത്തിയായ അഗ്നിദേവന്റെ വിശ്വസ്ത പരിചാരകനായി നിയമിക്കപ്പെട്ടു. അവിടുത്തെ തീ നാളം രാപകല്‍ കെട്ടുപോകാതെ സംരക്ഷിക്കേണ്ട ചുമതല പൂര്‍ണ്ണമായും എനിക്കാണ്. എന്റെ പിതാവിന് കനത്ത വരുമാനം നേടിത്തരുന്ന ഒരു വലിയ ഭുസ്വത്തുണ്ടായിരുന്നു. അതിന്റെ കാര്യങ്ങള്‍ ക്കെല്ലാം അദ്ദേഹം തന്നെയായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്.
ഒരു ദിവസം., എന്റെ പിതാവിന് പോയിനോക്കാന്‍ സാധിക്കാത്തവിധം ജോലിത്തിരക്കുണ്ടയി. എന്നെ വിളിച്ചിട്ട് പിതാവ് പറഞ്ഞു: ‘മകനേ, ഇന്ന് തോട്ടത്തില്‍ പോകാന്‍ പറ്റാത്ത തിരക്കാണല്ലോ എനിക്ക്. അത്കൊണ്ട് എനിക്ക് പകരമായി ആ കൃത്യം നീ നിര്‍വ്വഹിക്കണം…’
ഞാന്‍ പുറപ്പെട്ടു… വഴിയില്‍ ഒരു കൃസ്ത്യന്‍ ചര്‍ച്ച് എന്റെ കാഴ്ചയില്‍പെട്ടു. അതില്‍ നിന്ന് പ്രാര്‍ഥനാസ്വരങ്ങള്‍ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. അത് എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
കൃസ്ത്യാനികളെ കുറിച്ചോ ഇതര മതവിശ്വാസികളെ കുറിച്ചോ എനിക്കറിവുണ്ടായിരുന്നില്ല. നീണ്ടകാലം ജനസമ്പര്‍ക്കമില്ലാതെ വീട്ടുതടങ്കലിലായിരുന്നല്ലോ ഞാന്‍… ഞാന്‍ ചര്‍ച്ചിനുള്ളില്‍ പ്രവേശിച്ചു. അവരുടെ കര്‍മ്മങ്ങള്‍ നേരില്‍ കാണുകയാണ് ലക്ഷ്യം.
ഞാന്‍ എല്ലാം സാകൂതം വീക്ഷിച്ചു. അവരുടെ പ്രാര്‍ഥന എന്നെ ഹഠാദാകര്‍ഷിച്ചു. എനിക്ക് കൃസ്തുമതത്തോട് കടുത്ത ആഭിമുഖ്യം തോന്നി. ഞാന്‍ ചിന്തിച്ചു. ‘ദൈവമാണ് സത്യം… ഞങ്ങളുടെ വിശ്വാസാചാരങ്ങളെക്കാള്‍ ഉത്തമമാണിത്.’
പിതാവിന്റെ സ്വത്ത് നോക്കാന്‍ പോകാതെ സൂര്യാസ്തമയം വരെ ഞാനവിടെ തന്നെ ചെലവഴിച്ചു. ഞാനവരോട് ചോദിച്ചു: ‘നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം എന്താണ്…? നിങ്ങളില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കാനും പ്രാര്‍ഥനയില്‍ പങ്ക് കൊള്ളാ നും എനിക്ക് താല്‍പര്യമുണ്ട്…’
അദ്ദേഹം സമ്മതിച്ചു. ഞാനവിടെ സേവകനായി. എന്നാല്‍ അധികം കഴിയും മുമ്പ് എനിക്ക് പിടികിട്ടി, അയാള്‍ കള്ളസന്യാസിയാണെന്ന്. കാരണം ജനങ്ങളോട് ദാനധര്‍മ്മങ്ങളുടെ ഗുണഗണങ്ങള്‍ പ്രസംഗിക്കുകയും അവരുടെ ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന കാശ് സ്വന്തം കീശയിലാക്കുകയും ചെയ്യുന്നയാളായിരുന്നു അയാള്‍. സാധുക്കള്‍ക്ക് നല്‍കേണ്ട ഈ സ്വത്ത് കൊണ്ട് അയാള്‍ സമ്പന്നനായി. ഏഴ് വലിയ പാത്രങ്ങള്‍ നിറയെ സ്വര്‍ണ്ണം അയാള്‍ സ്വരൂപിച്ചു.
ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അധികം കഴിയും മുമ്പ് അയാള്‍ മരിച്ചു. കൃസ്തീയരെല്ലാം ശവസംസ്കാരത്തിനായി എത്തിച്ചേര്‍ന്നു. ആ സമയം ഞാനവരോട് പറഞ്ഞു:
‘ഈ മനുഷ്യന്‍ വാസ്തവത്തില്‍ മഹാമോശക്കാരനായിരുന്നു. ജനങ്ങളോട് ദാനധര്‍മ്മങ്ങളെക്കുറിച്ച് അയാള്‍ വാതോരാതെ ഉപദേശിക്കും. അത് കേട്ട് നിങ്ങള്‍ നല്‍കുന്ന സം ഭാവനകള്‍ അയാള്‍ സ്വന്തം സ്വത്താക്കി വെക്കുകയും ചെയ്യും. സാധുക്കള്‍ക്ക് ഒരു ചില്ലിക്കാശ് പോലും അയാള്‍ കൊടുത്തിട്ടില്ല.’ ആളുകള്‍ ചോദിച്ചു: ‘അത് നീ എങ്ങനെയറിഞ്ഞു?!’ ‘അയാളുടെ സമ്പത്ത് ഞാന്‍ കാണിച്ചു തരാം’
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു. വെള്ളിയും സ്വര്‍ണ്ണവും നിറച്ച ഏഴ് വന്‍പാത്രങ്ങള്‍ കിട്ടി. അവര്‍ ആക്രോശിച്ചു. ‘ഇയാളെ സംസ്കരിക്കുന്ന പ്രശ്നമേയില്ല…!’അവര്‍ ശവം കുരിശില്‍ കെട്ടി കല്ലെറിഞ്ഞ് ചിന്നഭിന്നമാക്കി. അയാളുടെ സ്ഥാനത്ത് മ റ്റൊരു പുരോഹിതന്‍ ഉടന്‍ തന്നെ അവരോധിതനായി. അദ്ദേഹം മഹാനായ ഒരു പ്രപഞ്ചത്യാഗിയും പാരത്രികചിന്തയില്‍ മുഴുകിയ ആളുമായിരുന്നു. രാപകല്‍ ഭേദമന്യേ അദ്ദേ ഹം ആരാധനയില്‍ തന്നെ.ഞാന്‍ അയാളെ അത്യധികം സ്നേഹിച്ചു. നീണ്ടകാലം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വസിച്ചു… അവസാനം, മരണവക്രത്തിലെത്തിയ സമയം ഞാനദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങളുടെ കാലശേഷം ഞാനാരെയാണ് അനുകരിക്കേണ്ടത്.’അദ്ദേഹം പറഞ്ഞു: ‘കുഞ്ഞേ…എന്റെ ജീവിതരീതിയില്‍ തന്നെ ജീവിക്കുന്ന ഒരാളെ മാ ത്രമേ ഞാന്‍ അിറയൂ. മൌസ്വില്‍ എന്ന സ്ഥലത്താണയാളുടെ വാസം. വേദഗ്രന്ഥമായ ബൈബിളിലെ സന്ദേശങ്ങളൊന്നും മാറ്റിത്തിരുത്താതെ ജീവിതത്തില്‍ പകര്‍ത്തുന്നയാളാണവര്‍. അത്കൊണ്ട് നീ അങ്ങോട്ട് പൊയ്ക്കൊള്ളുക…!’
പിന്നീട് ഞാന്‍ മൌസ്വില്‍ നാട്ടിലേക്ക് യാത്രയായി. നിര്‍ദ്ദിഷ്ട വ്യക്തിയുമായി സന്ധിച്ചു. അവിടെ വരാനുണ്ടായ എല്ലാ കാരണങ്ങളും കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ ഇവിടെ താമസിക്കുക.’ ഞാന്‍ അവിടുത്തെ അന്തേവാസിയായി…അവരുടെ ജീവിതരീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.അധികം കഴിയും മുമ്പ് തന്നെ അലംഘനീയമായ മരണം അയാളെ തേടിയെത്തി. തത്സമയം ഞാന്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ വിധിയിതാ എത്തിയിരിക്കുകയാണല്ലോ… എന്റെ അവസ്ഥകളെല്ലാം നിങ്ങള്‍ക്കറിയുകയും ചെയ്യാം. ഇനി ഞാന്‍ ആരുമായാണ് ബന്ധപ്പെടേണ്ടതെന്ന് പറഞ്ഞുതന്നാലും…’
അദ്ദേഹം പറഞ്ഞു: ‘മകനേ…! നാം ജീവിച്ചപോലെ ജീവിതം നയിച്ച ഒരാള്‍ ‘നസ്സീബീന്‍’ എന്ന സ്ഥലത്തുണ്ട്. നീയങ്ങോട്ട് പൊയ്ക്കൊള്ളുക…’
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ ആ സാത്വികനെ തേടി പുറപ്പെട്ടു. അവരുമായി സന്ധിച്ച ശേഷം ഞാന്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുത്തു. എന്നോട് എന്റെ ഗുരു കല്‍പിച്ചതും അവരെ ധരിപ്പിച്ചു. അദ്ദേഹം അവിടെ താമസിക്കാന്‍ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാനവിടെ താമസിച്ചു തുടങ്ങി. അദ്ദേഹവും സത്യസന്ധനായിരുന്നു. ഞാന്‍ ബന്ധപ്പെട്ട് അധികം കഴിയും മുമ്പ് അവര്‍ക്കും മരണമെത്തി. മരണാസന്നനായ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
‘ഞാന്‍ എന്തുദ്ദേശിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അങ്ങേക്കറിയാമല്ലോ…. ആ ലക്ഷ്യപ്രാപ്തിക്കായി ഇനി ഞാനാരെയാണ് സമീപിക്കേണ്ടത്….?’
അവരുടെ പ്രതികരണം. ‘കുട്ടീ.. നമ്മെപ്പോലെ ജീവിക്കുന്ന ഒരേയൊരാളെ ഇനി ഭൂമുഖത്ത് ശേഷിക്കുന്നുള്ളൂ. അദ്ദേഹം തുര്‍ക്കിയിലെ അമ്മൂരിയ്യഃയിലാണ്. അവരുമായി ബന്ധപ്പെടുക…!’ ഞാന്‍ അമ്മൂരിയ്യഃയിലേക്ക് യാത്രയായി…പുരോഹിതനെ കാണുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു.
അദ്ദേഹം പ്രതികരിച്ചു. ‘നീ ഇവിടെ താമസിച്ചുകൊള്ളുക.’
അദ്ദേഹവും എന്റെ പൂര്‍വ്വഗുരുക്കളെപ്പോലെ തന്നെ നിഷ്കാമ കര്‍മ്മിയായിരുന്നു. അ വര്‍ എന്നെ അദ്ധ്വാനിക്കാന്‍ പരിശീലിപ്പിച്ചു. ഞാന്‍ കുറെ പശുക്കളുടെയും ഒരാട്ടിന്‍പറ്റത്തിന്റെയും ഉടമയായിത്തിര്‍ന്നു. നീണ്ട കാലത്തിന് ശേഷം അദ്ദേഹവും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കേണ്ട സമയം വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇനി ഞാനെന്തു ചെയ്യണം…?’
അദ്ദേഹം പറഞ്ഞു: ‘മകനേ… ഇനി സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളും ഭൂമിയിലുള്ളതായി എനിക്കറിയില്ല. പക്ഷേ…,അറബികളുടെ നാട്ടില്‍ ഒരു പ്രവാചകന്‍ വരാന്‍ സമയമടുത്തിരിക്കുന്നു. ഇബ്രാഹീം നബിയുടെ മതം തന്നെയാണ് അവരുടെ മതം… പിന്നീട് അദ്ദേഹം സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ഹിജ്റഃ പോവും. ഈന്തപ്പനകളുടെ നാടാണത്. പാറക്കൂട്ടങ്ങളുള്ള ഭൂപ്രദേശം…അവര്‍ക്കുള്ള ചില വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.
  • ഒന്ന്: അഗതികള്‍ക്ക് നല്‍കുന്ന ദാനധര്‍മ്മങ്ങള്‍, സ്വദഖഃ അദ്ദേഹം സ്വീകരിക്കുകയില്ല.
  • രണ്ട്: ബഹുമാനാര്‍ഥം നല്‍കുന്ന വസ്തുക്കള്‍(ഹദിയ്യഃ) സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
  • മൂന്ന്: അവരുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. നിനക്ക് ആ നാട് കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ പൊയ്ക്കൊള്ളുക..’ അദ്ദേഹം പറഞ്ഞു നി ര്‍ത്തി.
ആ നല്ല മനുഷ്യന്‍ മരണപ്പെട്ട ശേഷവും ഞാന്‍ അമ്മൂരിയ്യയില്‍ തന്നെ താമസിച്ചു. ആ യിടക്ക് അതുവഴി ഒരു കച്ചവട സംഘം വന്നു. കല്‍ബ് ഗോത്രക്കാരായ അറബികളായിരുന്നു അവര്‍.ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തേക്ക് എന്നെ കൊണ്ട് പോയാല്‍ എന്റെ പശുക്കളും ആട്ടിന്‍പറ്റവും നിങ്ങള്‍ക്ക് നല്‍കാം…’ അവര്‍ സമ്മതിച്ചു. ഞാന്‍ വാക്ക് പാലിച്ചു. എന്റെ സ്വത്തുക്കള്‍ ഞാനവര്‍ക്ക് നല്‍കി. ഞങ്ങള്‍ യാത്രയായി…

മദീനയുടെയും ശാമിന്റെയും ഇടയിലുള്ള ഒരു സ്ഥലം. വാദില്‍ഖുറാ, അവിടെ വെച്ച് അവര്‍ എന്നെ വഞ്ചിച്ച് ഒരു ജൂതന് വിറ്റു. ഞാനയാളുടെ പരിചാരകനായി കഴിഞ്ഞുകൂ ടേണ്ടി വന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്‍ സൌഹൃദ സന്ദര്‍ശനാര്‍ഥം അവിടെയെത്തി. ബനൂഖുറൈളക്കാരനായിരുന്നു അയാള്‍. അദ്ദേഹം എന്നെ വില കൊടുത്തു വാങ്ങി. ഞാനയാളുടെ കൂടെ യസ്രിബിലെത്തി.(മദീനയുടെ പഴയ പേര്‍) എന്റെ ഗുരു പറഞ്ഞുതന്നിരുന്ന ഈത്തപ്പനകളും മറ്റു വിശേഷണങ്ങളുമെല്ലാം ഞാനവിടെ കണ്ടു. സത്യപ്രവാചകനെ കാത്ത് ഞാനവിടെ താമസിച്ചു.അതേസമയം നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുന്നുണ്ടായിരുന്നു. പക്ഷേ…, അടിമച്ചങ്ങലയില്‍ ബന്ധിതനായ ഞാനതൊന്നും അറിഞ്ഞതേയില്ല.

അധികം കഴിഞ്ഞില്ല. നബി(സ്വ) മദീനയിലേക്ക് വന്നു.ഒരു ദിവസം.. യജമാനന്റെ ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്യുകയാണ് ഞാന്‍. യജമാനന്‍ താഴെ ഇരിക്കുന്നുണ്ട്. തത്സമയം അയാളുടെ ഒരു പിതൃവ്യപുത്രന്‍ വന്ന് പറ ഞ്ഞു:‘കേട്ടില്ലേ… ഔസും ഖസ്റജും എല്ലാം ഖുബാഇല്‍ തമ്പടിച്ചിരിക്കുകയാണ്. അവിടെ ഒരു മക്കാ നിവാസി എത്തിയിരിക്കുന്നു. നബിയാണെന്നാണയാളുടെ വാദം, വിഢ്ഢികള്‍..!’ആ വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ തട്ടി പ്രകമ്പനം കൊണ്ടു. എന്റെ ശരീരത്തിനാകെ വിറയല്‍ ബാധിച്ച പോലെ….ഈത്തപ്പനയുടെ ഉച്ചിയില്‍ നിന്ന് യജമനന്റെ തലയിലേക്ക് നിലം പതിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഞാന്‍ ഒരുവിദം ചാടിയിറങ്ങി. ഞാന്‍ ആഗതനോട് ചോദിച്ചു:‘എന്താണ് നിങ്ങള്‍ പറഞ്ഞത്…!’എന്റെ ബദ്ധപ്പാട് കണ്ട് ദേഷ്യപ്പെട്ട യജമാനന്‍ എന്നെ ശക്തിയായി പ്രഹരിച്ചു…അയാള്‍ പറഞ്ഞു: ‘നിനക്കെന്താണടോ ഇതില്‍ കാര്യം…? പോയി നിന്റെ ജോലി ചെയ്യ്….!’

അന്ന് വൈകുന്നേരം ശേഖരിച്ചു വെച്ചിരുന്ന കാരക്കയുമെടുത്ത് ഞാന്‍ ദൈവദൂതനെയും തേടി പുറപ്പെട്ടു. നബിയെ കണ്ടു ഞാന്‍ പറഞ്ഞു:

‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളോട് ബന്ധപ്പെട്ട് ദരിദ്ര രായ കുറെ ആളുകളുമുണ്ടല്ലോ…. ഇത് ഞാന്‍ അഗതികള്‍ക്ക് ദാനം (സ്വദഖഃ) ചെയ്യാനായി നീക്കിവെച്ചിരുന്നതാണ്… അത് നല്‍കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ നിങ്ങളാണെന്ന് ഞാന്‍ മനസ്സലാക്കുന്നു….’ ഞാന്‍ അത് അദ്ദേഹത്തിന്റെ അടുത്തേക്ക് നീക്കിവെച്ചു കൊടുത്തു.അദ്ദേഹം അടുത്തുള്ളവരോടായി പറഞ്ഞു: ‘കഴിച്ചോളൂ…’

അദ്ദേഹം അത് തൊട്ടതേയില്ല. അത് ശ്രദ്ധിച്ച ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. ഗുരു പറഞ്ഞിരുന്ന മൂന്ന് അടയാളങ്ങളില്‍ നിന്നൊന്ന് പുലര്‍ന്നിരിക്കുന്നു. പ്രവാചകന്‍ സ്വദഖഃ ഭക്ഷിക്കുകയില്ല.. ഞാന്‍ തിരിച്ചു നടന്നു. കുറച്ച് കൂടി ഈത്തപ്പഴം സംഘടിപ്പിക്കണം. ഇനിയും ചില കാര്യങ്ങള്‍ കൂടി തെളിയിക്കപ്പെടേണ്ടതുണ്ടല്ലോ.

ഇതിനിടെ നബി(സ്വ) ഖുബാഇല്‍ നിന്ന് മദീനയിലേക്ക് മാറിത്താമസിച്ചു. തയ്യാറാക്കി വെച്ചിരുന്ന ഈത്തപ്പഴവുമായി ഞാന്‍ അവരുടെയടുത്തേക്ക് യാത്രയായി. അവിടെ ചെന്ന് ഞാന്‍ പറഞ്ഞു.

‘അവിടുന്ന് സ്വദഖഃ ഭക്ഷിക്കില്ലെന്നറിഞ്ഞു. ഇതങ്ങയുടെ ബഹുമാനാര്‍ഥം കൊണ്ടുവന്നതാണ് സ്വീകരിച്ചാലും…!; നബിയത് സ്വീകരിക്കുകയും അനുചരരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. ഞാന്‍ ആത്മഗതം ചെയ്തു. ഇതാ രണ്ടാമത്തേത്…!!

മറ്റൊരു ദിവസം ഞാന്‍ നബിയുടെ അടുത്തു ചെന്നു. ജന്നത്തുല്‍ബഖീഇല്‍ ഒരു സ്വഹാബിയെ മറവ് ചെയ്യുന്ന ചടങ്ങിലായിരുന്നു അവര്‍. രണ്ട് ഷാളുകള്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ട്. അഭിവാദ്യം ചെയ്തശേഷം ഞാന്‍ അവരെ ഒന്നു വലം വെച്ചു. പ്രവാചകത്വമുദ്ര ചുമലിലുണ്ടോ എന്ന് നോക്കണം.

ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ ഷാള്‍ ചുമലില്‍ നിന്ന് നീക്കം ചെയ്തു. ഞാന്‍ നല്ലവ ണ്ണം നോക്കി. അപ്പോഴതാ ആ ശ്രേഷ്ടമായ ചുമലില്‍ ഖാത്തമുന്നുബുവ്വത്ത്(പ്രവാചകത്വമുദ്ര) വ്യക്തമായി കിടക്കുന്നു. ഞാന്‍ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിതേങ്ങിക്കരഞ്ഞു കൊണ്ട് ആ മുദ്രയില്‍ ഞാന്‍ തുരുതുരെ ചുംബിച്ചു

അവിടുന്നു ചോദിച്ചു:’എന്താ…! നിങ്ങള്‍ക്കെന്തുപറ്റി?’

ഞാനെന്റെ മുഴുചരിത്രവും അവരെ കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ കൌതുകം തോന്നി. തന്റെ അനുചരര്‍ക്കെല്ലാം അതു കേള്‍പ്പിച്ചു കൊടുക്കാന്‍ അവിടുന്നു താല്‍പര്യപ്പെട്ടു. ഞാന്‍ എല്ലാം അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം ഏറെ അല്‍ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.

മദീനയിലേക്ക് പ്രവേശിക്കുന്നു

റസൂല്‍(സ) മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം ലഭിച്ച അന്ന് മുതല്‍ എന്നും കാലത്ത് മദീനാ മുസ്ലിംകള്‍ പുറത്ത് വന്ന് പ്രതീക്ഷിച്ചിരിക്കുകയും മധ്യാഹ്നത്തോടെ ചൂട് കഠിനമാകുമ്പോള്‍ തിരിച്ചുപോവുകയും ചെയ്യുമായിരുന്നു. ഇവ്വിധം ദിവസങ്ങള്‍ നീണ്ടു പോയി. ഇതിനിടെ ഒരു ജൂതന്‍ എന്തോ കാര്യങ്ങള്‍ക്ക് വേണ്ടി തന്റെ കോട്ടക്ക് മുകളില്‍ കേറിയപ്പോള്‍ അകലെ വെള്ളയണിഞ്ഞ് റസൂല്‍(സ)യും കൂട്ടുകാരും പ്രത്യക്ഷപ്പെടുന്നത് കണ്‍് നിയന്ത്രണം വിട്ട് വിളിച്ചു പറഞ്ഞു! "അറബീ സമൂഹമേ, ഇതാ നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്‍ിരിക്കുന്ന ജനനായകന്‍ എത്തിയിരിക്കുന്നു. ഉടനെ മുസ്ലിംകള്‍ എല്ലാം ആയുധമണിഞ്ഞു പ്രവാചകനെ സ്വീകരിക്കാനെത്തി.അംറ് ബിന്‍ ഔഫ് ഗോത്രത്തില്‍ തക്ബീര്‍ ധ്വനികള്‍ മുഴങ്ങി. അത്യാഹ്ളാദത്തോടെ അവര്‍ നബി(സ)യെ സ്വീകരിക്കാനെത്തി അഭിവാദനങ്ങളര്‍പ്പിച്ചുകൊണ്‍് അദ്ദേഹത്തിനു ചുറ്റുമവര്‍ തുള്ളിച്ചാടാന്‍ തുടങ്ങി.പിന്നീട് അവരേയും കൊണ്‍് റസൂല്‍(സ) വലതുഭാഗത്തേക്ക് തിരിഞ്ഞു അംറ് ബിന്‍ ഔഫ്കാരുടെ താമസസ്ഥലത്ത് ഇറങ്ങി. ഇത് റബീഉല്‍അവ്വല്‍ മാസത്തില്‍ തിങ്കളാഴ്ചയായിരുന്നു. മൌനമായി റസൂല്‍(സ) അല്പനേരം അവിടെ ഇരുന്നു. അതിനിടെ നബി(സ)യെ തീരെ കണ്ടിട്ടില്ലാത്ത അന്‍സ്വാറുകള്‍ (മദീനക്കാര്‍ ) വന്നു ആവേശപൂര്‍വം ആശംസകളര്‍പ്പിച്ചുകൊണ്‍ിരുന്നു. അല്പം കഴിഞ്ഞ് ചൂട് പിടിച്ചപ്പോള്‍ അബൂബക്കര്‍ തന്റെ തട്ടം കൊണ്‍് തണല്‍ നല്കിക്കൊണ്ടിരുന്നു. മദീനയുടെ ചരിത്രത്തില്‍ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല. എല്ലാവരും ആവേശഭരിതരായി സ്വീകരണത്തിനൊരുങ്ങി.വേദ ഗ്രന്ഥത്തിലെ പ്രവചനങ്ങള്‍ പുലരുന്നത് പുലരുന്നത് ജൂതന്മാര്‍ ഇവിടെ കാണുകയാണ്.
നബി(സ) ഖുബാഇല്‍ കുത്സും ബിന്‍ ഹദമിന്റെ അടുത്തു തങ്ങി .അബൂ ബകര്‍ (റ)ഹബീബ് ഇബ്നു ഇസാഫിന്റെ അടുക്കലും.ഖുബാഇല്‍ ഉള്ളപ്പോള്‍ സഅദ് ബിന്‍ ഖൈസമയുടെ വീട്ടില്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സഭ കൂടാറുണ്ടായിരുന്നു.മദീനക്കാര്‍ അങ്ങോട്ട്‌ ചെല്ലാന്‍ കാത്തു നില്‍ക്കുകയാണ് എന്ന് അബൂ ബകര്‍ (റ) ഓര്‍മിപ്പിച്ചപ്പോള്‍ അലി (റ)വരുന്നത് വരെ കാത്തു നില്‍ക്കാന്‍ നബി(സ്വ)പറഞ്ഞു. ഇതിനിടെ അലി(റ) മക്കയില്‍ മൂന്ന് ദിവസം തങ്ങി നബി(സ്വ) തന്നെ ഏല്പിച്ച നിക്ഷേപങ്ങളെല്ലാം തിരിച്ചേല്പിച്ച് കാല്‍നടയായി മദീനയിലേക്ക് പുറപ്പെട്ടിരുന്നു.(വിശ്വസ്തന്‍ എന്ന നിലക്ക് സൂക്ഷിപ്പ് മുതല്‍ പലരും നബിയെ ഏല്പിക്കല്‍ പതിവായിരുന്നു )കൂടെ മാതാവ് ഫാത്വിമ,നബിയുടെ മകള്‍ ഫാത്വിമ,സുബൈറിന്റെ മകള്‍ ഫാത്വിമ തുടങ്ങിയവും ഉണ്ടായിരുന്നു.ഇത്രയും ദൂരെ നടന്ന കാരണം അലി(റ)യുടെ കാലില്‍ നീര് വന്നിരുന്നു. ഖുബാഇല്‍ എത്തിയപ്പോള്‍ കുത്സുമിന്റെ അടുത്തിറങ്ങി അവിടെ തങ്ങി.
നബി(സ) ക്വുബാഇല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ നാലു ദിവസങ്ങള്‍ താമസിച്ചു. ഇതിന്നിടയില്‍ അവിടെ ഖുബാ പള്ളി നിര്‍മിക്കുകയും അതില്‍ നമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. പിറ്റേന്ന് നബിയും അബൂബക്കറും മദീനയിലേക്ക് യാത്രയായി. നബി(സ)യുടെ അമ്മാവന്മാരായ ബനൂനജ്ജാര്‍കാര്‍ ആയുധപാണികളായി സ്വീകരിക്കാനെത്തിയിരുന്നു. ജൂമുഅ സമയത്താണ് അവിടെ എത്തിച്ചേര്‍ന്നത്. സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ചു. മൊത്തം നൂറ് പേര്‍ ഇതില്‍ പങ്കെടുത്തു.

നബി(സ്വ)മദീനയിലേക്ക് (ഭാഗം-2)

സുറാഖത് തിരിച്ചു പോയതോടെ നബി(സ്വ)യും കൂട്ടരും യാത്ര തുടര്‍ന്നു.രാത്രി മുഴുവന്‍ യാത്ര തുടര്‍ന്നു.പിറ്റേന്ന് മദ്ധ്യാഹ്നം ആയപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെട്ടു. ആരും വഴി നടക്കുന്നില്ല. അപ്പോള്‍ അവര്‍ക്ക് വലിയൊരു പാറയുടെ തണല്‍ കിട്ടി. അവിടെ വൃത്തിയാക്കി തിരുമേനിക്ക് ഉറങ്ങാന്‍ അബൂ ബകര്‍ (റ)സൌകര്യം ചെയ്തുകൊടുത്തു.പിന്നീട് അബൂ ബകര്‍ പുറത്തിറങ്ങി.അപ്പോള്‍ ഒരു ഇടയന്‍ തണലുമന്വേഷിച്ചു വരുന്നത്കണ്ട അബൂ ബകര്‍(റ) വനോദ് ചോദിച്ചു:'നീയാരുടേതാണ് മോനേ?'' "ഞാന്‍ മക്കയിലോ അതോ മദീനയിലോ ഉള്ള ഒരാളുടേതാണെ''ന്ന് അവന്‍ മറുപടി പറഞ്ഞു. "പാലുണ്ടോ ആടിന്'' അബൂ ബകര്‍(റ) ചോദിച്ചു. "ഉണ്ടല്ലോ'' അവന്‍ മറുപടി പറഞ്ഞു. അങ്ങനെ ആടിന്റെ അകിടെല്ലാം വൃത്തിയാക്കി പാല്‍ കറന്നെടുത്തു. അല്പം വെള്ളം ചേര്‍ത്ത് തണുപ്പിച്ച് റസൂല്‍(സ)ക്ക് നല്കി. ക്ഷീണം മാറിയ ശേഷം അവര്‍ യാത്ര തുടര്‍ന്നു.
യാത്രയില്‍ അബൂബക്കര്‍ (റ) നബിതിരുമേനിയുടെ പിന്നിലായിരുന്നു സഞ്ചരിച്ചിരുന്നത്. വഴിയില്‍ വച്ചു കാണുന്നവര്‍ അബൂബക്കറിനോട് ചോദിക്കുമായിരുന്നു. 'ആരാണ് ഈ മുന്നില്‍ നടക്കുന്ന മനുഷ്യന്‍?' അബൂബക്കര്‍ (റ) പറഞ്ഞു. 'ഇതെനിക്ക് ശരിയായ വഴി കാണിക്കുന്ന ഒരാളാണ്.' കേള്‍ക്കുന്നവന്‍ ധരിക്കും യാത്രക്കുള്ള വഴികാണിക്കുകയാണെന്ന്, അബൂബക്കര്‍ ഉദ്ദേശിക്കുന്നതോ സന്മാര്‍ഗവും.
സംഘം മുന്നോട്ട് നീങ്ങി. അവര്‍ ഖുസാഅ ഗോത്രക്കാരി ഉമ്മു മഅ്ബദിന്റെ കൂടാരത്തിനു സമീപമെത്തി. ഇവര്‍, വഴിയാത്രക്കാര്‍ക്ക് അന്നപാനീയങ്ങളും സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരു ധര്‍മിഷ്ഠയും ധീരയുമായ വനിതയായിരുന്നു. കൂടാരത്തിനുമുന്നില്‍ അവര്‍ എന്നുമുപവിഷ്ഠയാകും. ഇവിടെയെത്തിയപ്പോള്‍ എന്തെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. വരള്‍ച്ച ബാധിച്ചതുകാരണം ഭക്ഷ്യസാധനങ്ങളൊന്നുമില്ല. ആടുകള്‍ക്ക് പാലുമില്ല, ഉണ്ടെങ്കില്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നില്ല എന്നവര്‍ പറഞ്ഞു.

കൂടാരത്തിന്റെ മൂലയില്‍ കെട്ടിയിട്ടിരുന്ന കറവയില്ലാത്ത ഒരാടിനെ ചൂണ്ടി റസൂല്‍(സ) കറക്കാന്‍ അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു. 'പാലുണ്ടെങ്കില്‍ കറക്കുന്നതിന് വിരോധമൊന്നുമില്ല.' നബി(സ) ബിസ്മി ചൊല്ലി പ്രാര്‍ഥിച്ചുകൊണ്‍് തന്റെ കരങ്ങള്‍ക്കൊണ്‍് ആടിന്റെ അകിടുതടവി. ഉടനെ അത് പാലുചുരത്തി. പാല്‍ ഒരു പാത്രത്തിലേക്ക് കറന്നെടുത്തു. അവരും അവളും മതിവരുവോളം കുടിച്ചു. വീണ്ടും പാത്രം നിറയെ കറന്നെടുത്തു അവള്‍ക്ക് നല്കി അവര്‍ യാത്രയായി.

അല്പം കഴിഞ്ഞ് അവളുടെ ഭര്‍ത്താവ് മെലിഞ്ഞൊട്ടിയ ആടുകളെയും തെളിച്ചു കയറിവന്നു. പാല്‍ കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു: "ഇതെവിടെ നിന്നും കിട്ടി? ആടിന് കറവയില്ലല്ലോ, വീട്ടില്‍ വേറെ പാലുമില്ലല്ലോ?'' അവള്‍ നടന്ന സംഭവം വിശദീകരിച്ചു. റസൂല്‍ (സ)യെ ഏറെ കൌതുകകരവും ഹൃദ്യവുമായ ശൈലിയില്‍ അവള്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ, ഇതാണ് ക്വുറൈശികള്‍ പറയുന്ന ആ മനുഷ്യന്‍! അദ്ദേഹത്തെ കണ്‍െത്തിയാല്‍ ഞാനദ്ദേഹവുമായി സഹവസിക്കും!
യാത്രക്കിടയില്‍ നബി(സ) ബുറൈദബ്നുഅല്‍ഹുസ്വൈബിനെ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഏകദേശം എണ്‍പതുകുടുംബങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന് പിന്നില്‍നിന്ന് ഇശാനമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. തന്റെ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിച്ചുകൂട്ടിയ ബുറൈദ പിന്നീട് ഉഹ്ദു യുദ്ധാനന്തരം തിരുസന്നിധിയില്‍ വരികയുണ്ടായി.
അബീ ഔസ് തമീംബിന്‍ ഹജര്‍ എന്നോ അബി തമീം ഔസ് ബിന്‍ ഹജര്‍അല്‍അസ്ലമി എന്നോ പേരുള്ള ഒരാളുടെ അരികിലൂടെ റസൂല്‍(സ) പോയി. ഇദ്ദേഹം അല്‍ അറജിലെ ജൂഹ്ഫക്കും ഹര്‍ശക്കും ഇടയിലെ ഖഹ്ദാവാത് എന്ന സ്ഥലത്തായിരുന്നു. റസൂല്‍(സ)യുടെ ഒരൊട്ടകം പിന്തിയതുകാരണം റസൂലും അബൂബക്കറും ഒരൊറ്റ വാഹനപ്പുറത്തായിരുന്നു വന്നിരുന്നത്. ഔസ് ഒരാണൊട്ടകത്തെയും മസ്ഊദ് എന്ന സേവകനേയും അവര്‍ക്ക് നല്കി. മദീനവരെയുള്ള വഴി കാണിച്ചുകൊടുക്കാന്‍ മസ്ഊദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവരുമായി അദ്ദേഹം മദീനയിലെത്തി. അവരെ തിരിച്ചറിയാനുള്ള ഒരടയാളമെന്ന നിലയില്‍ കുതിരയുടെ കഴുത്തില്‍ അണിയിക്കുന്ന വളയങ്ങള്‍ ഒട്ടകത്തിന്റെ കഴുത്തില്‍അണിയിക്കാന്‍ ഔസിനോട് പറയണമെന്ന് ഏല്‍പ്പിച്ച്കൊണ്‍് നബി(സ) അദ്ദേഹത്തെ യജമാനന്റെ അടുക്കലേക്ക് തിരിച്ചയച്ചു. പിന്നീട്, മുശ്രിക്കുകള്‍ ഉഹ്ദില്‍ വന്ന ദിവസം അവരെകക്കുറിച്ച് റസൂലിനെ വിവരമറിയാക്കാന്‍ ഔസ് തന്റെ അടിമ മസ്ഊദിനെ അറജില്‍ നിന്ന് കാല്‍നടയായി പ്രവാചകന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയുണ്ടായി. ഇദ്ദേഹം നബിയുടെ മദീനാ ഗമനാന്തനരം ഇസ്ലാം ആശ്ളേഷിച്ചു.
വഴിയില്‍ റിം താഴ്വരയില്‍ വെച്ച് സുബൈറിനെനെ കണ്ടുമുട്ടി. അദ്ദേഹം ശാമില്‍ നിന്ന് മടങ്ങുന്ന ഒരു മുസ്ലിം കച്ചവടസംഘത്തിന്റെ നേതാവായിരുന്നു. അവര്‍ നബി(സ)യേയും അബൂബക്കര്‍ (റ)നേയും വെള്ള പുതപ്പണിയിച്ചു ഹൃദ്യമായി സ്വീകരിച്ചു.
അങ്ങിനെ ആ യാത്ര പ്രാവാചകത്വത്തിന്റെ പതിനാലാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെപ്തംബര്‍ 23 ന് മദീനക്കടുത്തുള്ള ഖുബാ എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

നബി(സ്വ)മദീനയിലേക്ക് (ഭാഗം-1)

മദീനയിലേക്കുള്ള പാലായനത്തിനു ഒരുങ്ങാന്‍ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ അബൂ ബകര്‍ സിദ്ധീഖ് (റ) തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി.അവിശ്വാസി ആയിരുന്നെങ്കിലും വിശ്വസ്തനും വഴിയെ കുറിച്ചു നല്ല അറിവുള്ള അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായി ഏര്‍പ്പാട് ചെയ്തു യാത്രക്ക് വേണ്ടി നേരത്തെ തയ്യാറാക്കിയിരുന്ന രണ്ടു വാഹനങ്ങള്‍ അവനെ ഏല്പിച്ചു മൂന്ന് രാത്രിക്ക് ശേഷം സൌര്‍ ഗുഹയില്‍ എത്താന്‍ അവന് നിര്‍ദേശവും നല്കി.

നബി(സ) തന്റെ വീട് വിടുന്നത് പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 27ന് രാത്രിയാണ്. (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 നോ 13നോ ആണ്) തുടര്‍ന്ന് നേരിട്ട് അബൂബക്കറിന്റെ വീട്ടിലെത്തി വീടിന്റെ പിന്നിലൂടെ അതിദ്രുതം രക്ഷപ്പെട്ടു. ക്വുറൈശികള്‍ തന്നെ അന്വേഷിക്കുമെന്ന് അറിയാവുന്നതുകൊണ്‍് മദീനയിലേക്ക് പോകുന്ന വടക്ക് ഭാഗത്തുള്ള പ്രധാന വഴിയിലൂടെ പ്രവേശിക്കാതെ തന്ത്രപരമായി യമന്‍ ഭാഗത്തേക്ക് പോകുന്ന തെക്ക് ഭാഗത്തുള്ള വഴിയില്‍ പ്രവേശിച്ചു. ഏകദേശം അഞ്ചുമൈലോളം നടന്നു സൌര്‍ മലയില്‍ ഒരു ഗുഹയില്‍ എത്തിച്ചേര്‍ന്നു. കല്ലും മുള്ളും നിറഞ്ഞ ഏറെ പ്രയാസകരമായ ഈ വഴിയും കുത്തനെയുള്ള മലയും ചവിട്ടി റസൂല്‍ (സ)യുടെ കാല്‍പൊട്ടി. നടന്നു പോകുമ്പോള്‍ കാല്‍പ്പാടുകള്‍ പതിയാതിരിക്കാന്‍ നബി(സ) വിരലുകളില്‍ നടക്കുകയും മലയിലെത്തിയപ്പോള്‍ അബൂബക്കര്‍ (റ) അദ്ദേഹത്തെ ചുമലിലേല്ക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.ഗുഹയില്‍ ആദ്യം അബൂബക്കര്‍(റ) പ്രവേശിച്ചുകൊണ്ട് അതിന്റെ ഉള്‍ഭാഗം തൂത്തുവാരി വൃത്തിയാക്കി. ദ്വാരങ്ങളില്‍ തുണിയിട്ടടച്ചു. അവശേഷിച്ച രണ്ടെണ്ണത്തില്‍ തന്റെ കാല്‍വെക്കുകയും ചെയ്തു.

ഗുഹയില്‍ പ്രവേശിച്ച ഉടന്‍ അബൂബക്കര്‍ (റ)വിന്റെ മടിയില്‍ ശിരസ്സ് താഴ്ത്തി പ്രവാചകന്‍ ഉറങ്ങി. ഇതിന്നിടയില്‍ അബൂബക്കര്‍(റ)വിന്റെ കാലില്‍ എന്തോ വിഷജീവികൊത്തി. പ്രവാചകനെ ഉണര്‍ത്താതെ അടങ്ങിയിരുന്ന അബൂബക്കര്‍ (റ)വിന്റെ കണ്ണീര്‍കണങ്ങള്‍ അവിടുത്തെ തിരുമുഖത്ത് പതിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു: "എന്താണ് അബൂബക്കര്‍?''. " എന്നെ എന്തോ കടിച്ചു'' ഉടനെ പ്രവാചകന്‍ അവിടെ തന്റെ ഉമിനീര്‍ പുരട്ടി. അതോടെ അബൂബക്കര്‍ (റ)വിന് ആശ്വാസമായി.

മൂന്ന് രാത്രി-വെള്ളി, ശനി, ഞായര്‍- അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടി. ഇതിന്നിടയില്‍ അബൂബക്കര്‍ (റ)വിന്റെ ബുദ്ധിമാനായ പുത്രന്‍ അബ്ദുല്ല പകല്‍ മക്കയില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിച്ച് രാത്രിയില്‍ അവര്‍ക്കെത്തിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍ (റ)വിന്റെ ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറ ആടുകളെ മേയ്ച് അവിടെയെത്തി. അവര്‍ക്ക് കഴിക്കാന്‍ പാല്‍ നല്‍കിക്കൊണ്ടുമിരുന്നു. പുലരുന്നതിനു മുമ്പ് മക്കയിലേക്ക് തിരിക്കുന്ന അബ്ദുല്ലയുടെ പിന്നില്‍ ആടുകളെ തെളിച്ച് അവന്റെ കാല്പ്പാടുകള്‍ ആമിര്‍ മായ്ചു കളയുകയും ചെയ്യും.

റസൂല്‍(സ), തങ്ങളുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതോടെ ക്വുറൈശികള്‍ ഭ്രാന്തമായ അവസ്ഥയിലെത്തി. അവര്‍ അലിയെ പിടിച്ചു മര്‍ദിക്കുകയും വലിച്ചിഴച്ച് കഅബയില്‍ കൊണ്ടു പോയി അല്പനേരം ബന്ധിക്കുകയും ചെയ്തു. അലിയില്‍ നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയോടെ. ഒരു വിവരവും അവര്‍ക്ക് ലഭിച്ചില്ല. ഉടനെ അവര്‍ അബൂബക്കര്‍ (റ)വിന്റെ വീട്ടിലേക്ക് കുതിച്ചു വാതില്‍ മുട്ടി തുറന്നു. അവിടെയുണ്ടായിരുന്ന പുത്രി അസ്മാഇനോട് പിതാവിനെപ്പറ്റി അന്വേഷിച്ചു. തനിക്കറിഞ്ഞുകൂടെന്ന് പറഞ്ഞ അവരെ, ദുഷ്ടനും ക്രൂരനുമായ അബൂജഹല്‍ മുഖത്തടിച്ചു. അടിയുടെ ശക്തികാരണം അവരുടെ കമ്മല്‍ തെറിച്ചുപോയി.ഉടനെ ക്വുറൈശികള്‍ നാനാവഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ വീതം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷകസംഘം ഗുഹാമുഖത്തും എത്തി. അബൂബക്കര്‍ (റ) പറയുന്നു: 'ഞാന്‍ ശിരസുയര്‍ത്തി നോക്കുമ്പോള്‍ ശത്രുക്കളുടെ കാല്‍പാദങ്ങള്‍ കാണുന്നു. ഞാന്‍ പറഞ്ഞു."പ്രവാചകരേ! അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ!'' അപ്പോള്‍ അചഞ്ചലനായി റസൂല്‍ (സ) പറഞ്ഞു:"മൌനമായിരിക്കൂ അബൂബക്കര്‍! ഈ രണ്ടു പേരുടെ കൂടെ മൂന്നാമനായി അല്ലാഹു ഉണ്ട് .''ഗുഹക്കു എട്ടു കാലി വലകെട്ടിയതും രണ്ടു പ്രാവുകള്‍ ഗുഹ മുഖത്തു കൂട് കെട്ടിയതും ശത്രുക്കളെ ഗുഹയുടെ അകത്തു ആരും ഇല്ല എന്ന നിഗമനത്തില്‍ എത്തിച്ചു.അവര്‍ അവിടെ നിന്ന് മടങ്ങി പോവുകയും ചെയ്തു.
മൂന്ന് ദിവസത്തോടെ ഒരു പ്രയോജനവുമില്ലാതെ അന്വേഷണ യാത്രകളും ബഹളങ്ങളും കെട്ടടങ്ങി. അതോടെ റസൂല്‍ (സ)യും കൂട്ടുകാരനും മദീനയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥി തിങ്കളാഴ്ച രാത്രി ഹിജ്റ വര്‍ഷം ഒന്ന് റബീഉല്‍ അവ്വല്‍ ഒന്നിന് (ക്രി: 622 സെപ്തംബര്‍ 16) ഇരുവാഹനങ്ങളുമായി എത്തി.അസ്മാഅ് ഭക്ഷണവുമായെത്തി. അത് വാഹനപ്പുറത്ത് ബന്ധിക്കാന്‍ കയറില്ലാതെ വന്നപ്പോള്‍ തന്റെ അരപ്പട്ട രണ്ടായി പകുത്ത് ഒന്ന് കൊണ്‍് അത് വാഹനപ്പുറത്ത് ബന്ധിച്ചു. മറ്റേഭാഗം അരപ്പട്ടയാക്കുകയും ചെയ്തു. ഇത് കാരണം അവര്‍ പിന്നീട് 'ദാതുന്നിതാഖൈന്‍' (ഇരട്ടപട്ടക്കാരി) എന്ന പേരിലറിയപ്പെട്ടു.
റസൂല്‍(സ)യും അബൂബക്കറും ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറയും വഴികാട്ടി അബ്ദുല്ലാ ബിന്‍ ഉറൈഖിത്വും കൂടിയാത്രയായി. ഇവര്‍ ആദ്യം യമനിന്റെ നേരെ തെക്ക് ഭാഗത്തുകൂടെ പ്രവേശിക്കുകയും പിന്നീട് ചെങ്കടല്‍ തീരത്തേക്ക് പടിഞ്ഞാറ് ഭാഗത്തുകൂടെ തിരിക്കുകയും അങ്ങനെ മറ്റുള്ളവര്‍ക്കപരിചിതമായ വഴിക്ക് പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞ് ചെങ്കടല്‍ത്തീരത്തിന് സമാന്തരമായി യാത്ര തുടരുകയും ചെയ്തു. ഇത് അപൂര്‍വമായി മാത്രം സഞ്ചാരമുള്ള വഴിയാണ്.
ഈ സമയത്ത് സുറാഖത് ഇബ്നു മാലിക് ബനൂ മുദ് ലജ് ഗോത്രത്തില്‍ പെട്ട ചിലരോട് കൂടെ ഇരിക്കുമ്പോള്‍ അവിടെ ഒരാള്‍ വന്നു ഇപ്രകാരം പറഞ്ഞു:തീരത്ത്‌ കൂടെ ഒരു സംഘം പോകുന്നത് ഞാന്‍ കണ്ടു,അത് മുഹമ്മദ്‌ ആണെന്ന് തോന്നുന്നു.ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമിനെ കുറിച്ച് അറിയാവുന്ന സുറാഖത് തന്ത്ര പൂര്‍വ്വം അത് മുഹമ്മദ്‌ അല്ല എന്നും വേറെ രണ്ടാളുകള്‍ ആണെന്ന് പറയുകയും ശേഷം നബിയെ പിന്തുടരുകയും ചെയ്തു.വഴിയില്‍ വെച്ച് സുറാഖത് നബിയെ കണ്ടു മുട്ടി.അപ്പോള്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.ഉടന്‍ സുറാഖത്തിന്റെ ഒട്ടകത്തിന്റെ കാല്‍ ഭൂമിയില്‍ ആണ്ടു പോയി.അപ്പോള്‍ സുറാഖത് നബിയോട് സഹായം അഭ്യര്‍ഥിച്ചു.ഒട്ടകം നിവര്‍ന്നു നിന്നപ്പോള്‍ സുറാഖത് വീണ്ടും നബിക്കെതിരെ തിരിഞ്ഞു.അപ്പോള്‍ ഒട്ടകത്തിന്റെ കാല്‍ കൂടുതല്‍ ആണ്ടു പോയി,ആകെ ഭയ ചകിതനായ സുറാഖത് ഞാന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ത്തിച്ചത് പ്രകാരം ഒട്ടകം രക്ഷപ്പെട്ടു.ശേഷം അദ്ദേഹം നബിയെ കുറിച്ച് വിവരം ആര്‍ക്കും നല്‍കില്ലെന്നും അന്വേഷകരെ എല്ലാം മടക്കി അയക്കുമെന്നും കരാര്‍ ചെയ്തു.നബിയെ പിടിച്ചാല്‍ ഇനാം കിട്ടുമെന്ന് ആഗ്രഹിച്ചു വന്ന സുറാഖതിനോട് കിസ് റയുടെ വള നീ അണിയുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നബി(സ്വ) ചോദിച്ചു.അപ്പോള്‍ അദ്ദേഹം ചോദിച്ചു:രാജാവായ കിസ് റയുടെയോ.നബി(സ്വ):അതെ.(ഉമര്‍ (റ)വിന്‍റെ കാലത്ത് ഈ പ്രവചനം പുലരുകയും കിസ് റയെ കീഴടക്കി വള സുറാഖയെ ധരിപ്പിക്കുകയും ചെയ്തു.) ശേഷം തിരിച്ചു പോയി. സുറാഖത് വഴിയില്‍ നബിയെ അന്വേഷിച്ചു നടക്കുന്ന ചിലരെ കണ്ടപ്പോള്‍ അവിടെ ആരുമില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.

നബിയെ വധിക്കാന്‍ ദാറുന്നദ് വ തീരുമാനിക്കുന്നു

മുസ്ലിംകള്‍ ഒന്നടങ്കം മദീന ലക്ഷ്യമാക്കി നീങ്ങുന്നത് കണ്‍ ക്വുറൈശികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ നടുങ്ങി. മുമ്പൊന്നുമുണ്ടാ യിട്ടില്ലാത്ത ദുഃഖവും ഉല്‍ക്കണ്ഠയും അവരെ ശക്തിയായി പിടികൂടി. അവരുടെ വിഗ്രഹപൂജയുടേയും സാമ്പത്തിക അസ്തിത്വത്തിന്റെയും നടുവൊടിച്ചു കളയുന്ന അപകട സാധ്യതകള്‍ അവരുടെ മുമ്പില്‍ തെളിഞ്ഞു. ശക്തമായ നേതൃപാടവമുള്ള മുഹമ്മദി (സ)ന്റെ സ്വാധീനശക്തിയെക്കുറിച്ചും തന്റെ അനുയായികളുടെ ദൃഢചിത്തതയേയും സമര്‍പ്പണബോധത്തെയും കുറിച്ചും ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്കുള്ള പ്രതിരോധശക്തിയെക്കുറിച്ചും, സുദീര്‍ഘമായ ആഭ്യന്തര യുദ്ധത്തിന്റെ കൈപ്പുനീരുകുടിച്ച ശേഷം ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും മാര്‍ഗം തേടിയ ഈ രണ്ടു ഗോത്രങ്ങളുടെ ബുദ്ധിമതികളായ നേതാക്കളെക്കുറിച്ചും വേണ്ടുവോളം അറിവുള്ളവരായിരുന്നു അവര്‍.

ഇതോടൊപ്പം ചെങ്കടല്‍ തീരം വഴി യമനിലേക്കും സിറിയയിലേക്കുമുള്ള കച്ചവടയാത്രയുടെ വഴിയില്‍ മദീനക്കുള്ള തന്ത്രപരമായ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സിറിയയിലേക്ക് മാത്രമായി മക്കക്കാര്‍ ഒരു വര്‍ഷം രണ്‍ര ലക്ഷം സ്വര്‍ണദീനാറിന്റെ കച്ചവടയാത്രകള്‍ നടത്താറുണ്‍ായിരുന്നു. ത്വാഇഫുകാരുടെയും മറ്റും ഇതിനുപുറമേയാണ്. ഈ കച്ചവടയാത്രകളത്രയും നടത്തിയിരുന്നത് സുരക്ഷിതവും നിര്‍ഭയവുമായ ഈ വഴിയിലൂടെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മദീനയില്‍ ഇസ്ലാം വളരുന്നത് അപകടമാണെന്നവര്‍ക്കറിയാമായിരുന്നു. ഈഅപകടം മനസ്സിലാക്കിയ ക്വുറൈശികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളന്വേഷിക്കുക സ്വാഭാവികമാണ്.

പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 26ന് വ്യാഴാഴ്ച (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 ന്) അഥവാ രണ്ടാം അക്വബാ ഉടമ്പടിയുടെ രണ്ടു മാസത്തിനു ശേഷം ദാറുനദ് വയില്‍ ക്വുറൈശികളുടെ ഒരു പാര്‍ലമെന്റ് ചേര്‍ന്നു. ദാറുനദ് വയുടെ ചരിത്രത്തിലെ പരമപ്രാധാനമായ ഒരു സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തില്‍ ക്വുറൈശ് ഗോത്രത്തിലെ എല്ലാ ശാഖകളുടെയും പ്രതിനിധികള്‍ സംബന്ധിക്കുകയുണ്ടായി. സമ്മേളനത്തിന്റെ അജണ്ട ഒന്നുമാത്രമായിരുന്നു. ഇസ്ലാമിനും അതിന്റെ സാരഥിക്കുമെതിരെ ഖണ്ഡിതവും അന്തിമവുമായ ഒരു തീരുമാനമെടുക്കുക. ക്വുറൈശികളിലെ ഓരോ ശാഖയിലേയും പൌരമുഖ്യന്മാര്‍ ഇതില്‍ സംബന്ധിച്ചു. അബൂജഹല്‍ ബിന്‍ ഹിശാം-മഖ്സും ശാഖ, ജുബൈര്‍ ബിന്‍ മുത്വ്ഇം, ത്വുഐമത്ത് ബിന്‍ അദിയ്യ്, അല്‍ ഹാരിഥ് ബിന്‍ ആമിര്‍- നൌഫല്‍ബിന്‍ അബ്ദുമനാഫ് ശാഖ-, റബീഅയുടെ രണ്‍് പുത്രന്മാരായ ശൈബയും ഉത്ബയും, അബൂസുഫ്യാന്‍- അബ്ദുശംസുബിന്‍ അബ്ദുമനാഫ് ശാഖ,നള്ര്‍ ബിന്‍ ഹാരിഥ്- നബിയുടെ ശിരസില്‍ കുടല്‍മാല ചാര്‍ത്തിയവന്‍-അബ്ദുദ്ദാര്‍ ശാഖ , അബുല്‍ ബഖ്ത്തരി ബിന്‍ ഹിശാം. സംഅബിന്‍ അല്‍അസ്വദ്, ഹകിംബിന്‍ ഹസാം. അസ്ദ്ബിന്‍ അബ്ദുല്‍ ഉസ്സ ഹജ്ജാജിന്റെ പുത്രന്മാര്‍ നുബൈഹും മുനബ്ബിഹും-സഹ്മ് ശാഖ , ഉമയ്യബിന്‍ ഖലഫ് - ജൂമഹ് ശാഖ എന്നിവര്‍ ഓരോ ഗോത്രത്തെയും പ്രതിനിധീകരിച്ചു.
എല്ലാവരും ദാറുന്നദ് വയില്‍ ഇബ് ലീസ് പരുക്കന്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു വയോവൃദ്ധനായ ശൈഖിന്റെ രൂപത്തില്‍ പടിവാതുക്കല്‍ നില്‍ക്കുന്നു. അവന്‍ സ്വയം പരിചയപ്പെടുത്തി. 'നജ്ദില്‍ നിന്നുള്ള ശൈഖാണ്. നിങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാനും വിജയമാശംസിക്കാനുമായി എത്തിയതാണ്'' അതോടെ അവന് യോഗത്തില്‍ പ്രവേശനാനുമതി ലഭിച്ചു.
സദസ്സ് പൂര്‍ണമായപ്പോള്‍ പ്രശ്നത്തെ അധികരിച്ചുള്ള നീണ്ട ചര്‍ച്ചകളും അഭിപ്രായങ്ങളും നടന്നു. അബുല്‍ അസ്വദ് ആദ്യംതന്നെ തന്റെ അഭിപ്രായം മുന്നോട്ട് വച്ചു. "നമുക്കവനെ നാടുകടത്താം പിന്നീടവന്‍ എന്തായി എന്ന് നാം ഗൌനിക്കേണ്‍തില്ല. അതോടെ നമ്മുടെ പ്രശ്നം തീരും.'' ഉടനെ നജ്ദിയന്‍ ശൈഖ് ഇടപെട്ടു. 'ഇതൊരഭിപ്രായമേയല്ല, അവന്റെ വാക്ചാതുരിയിലും സംഭാഷണ വൈദഗ്ധ്യത്തിലും അകപ്പെട്ടു ഏതെങ്കിലും ഗോത്രങ്ങളെ സംഘടിപ്പിച്ചു അവന്‍ നിങ്ങള്‍ക്കെതിരില്‍ തിരിയും. മറ്റേതെങ്കിലും അഭിപ്രായമുണ്ടോ എന്നന്വേഷിക്കുക' ഉടനെ അബുല്‍ ബഖ്തരി തന്റെ അഭിപ്രായം രേഖപ്പെടുത്തി. "അവനെ ചങ്ങലയില്‍ ബന്ധിച്ചു ഒരു മുറിയിലിട്ടു പൂട്ടുക. എന്നിട്ട് മുമ്പ് അവന്റേത് പോലുള്ള രോഗം ബാധിച്ചിരുന്ന സുഹൈര്‍ നാബിഗ പോലുള്ള കവികള്‍ക്ക് ബാധിച്ചത് പോലുള്ളത് ബാധിക്കുന്നത് വരെ കാത്തിരിക്കുക'' നജ്ദിയന്‍ ശൈഖ് വീണ്ടും: "ഇതും ഒരഭിപ്രായം തന്നെയല്ല. നിങ്ങള്‍ പറയുന്നത് പോലെ അവനെ ചങ്ങലയില്‍ബന്ധിച്ചു മുറിയിലിട്ടു പൂട്ടിയെന്ന് വെയ്ക്കുക. എന്നാലും വിവരം അവന്റെ ആളുകളുടെ അടുക്കല്‍ എത്തും. അവര്‍ നിങ്ങളെ ആക്രമിച്ച് അവനെ തട്ടിയെടുക്കും. നിങ്ങളെ അവര്‍ കീഴടക്കുകയും ചെയ്യും. മറ്റേതെങ്കിലും അഭിപ്രായം ആരായുക''
ഈ രണ്‍ഭിപ്രായങ്ങളും തിരസ്കരിക്കപ്പെട്ടപ്പോള്‍ മൂന്നാമതൊരഭിപ്രായം രംഗത്ത് വന്നു. അതിന്മേല്‍ എല്ലാവരും ഏകീകരിക്കുകയും ചെയ്തു. ഇത് മുന്നോട്ട് വെച്ചത് മക്കയിലെ കുപ്രസിദ്ധനായ അബൂജഹല്‍ തന്നെയായിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി. 'ദൈവത്താണേ, എനിക്ക് ചില അഭിപ്രായങ്ങളെല്ലാമുണ്ട്. ഇതുവരെ നിങ്ങളാരും പറഞ്ഞിട്ടില്ലാത്ത അഭിപ്രായം.' സദസ്സ് ഒന്നടങ്കം അങ്ങോട്ട് തിരിഞ്ഞു. എന്നിട്ട് ചോദിച്ചു: 'എന്താണത്?' അവന്‍ വിശദീകരിച്ചു. 'നമ്മുടെ ഓരോ ഗോത്രത്തില്‍ നിന്നും ധീരരും ശക്തരുമായ ഓരോ യുവാക്കളെ തെരഞ്ഞെടുക്കുക. അവരുടെ കൈകളിലെല്ലാം മൂര്‍ച്ചയുള്ള വാള്‍കൊടുക്കുക. എന്നിട്ട് എല്ലാവരും ചേര്‍ന്ന് ഒന്നായി അവനെ വെട്ടുക. അതോടെ അവന്റെ പ്രശ്നം നമുക്കവസാനിപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ എല്ലാവരോടും ഒന്നിച്ച് പകരം ചോദിക്കാന്‍ അബ്ദുമനാഫ് ഗോത്രത്തിന് കഴിയുകയില്ല......... അവര്‍ പ്രായശ്ചിത്തത്തുക അംഗീകരിക്കാന്‍ തയ്യാറാകും. അത് നമുക്ക് നല്കുകയുമാവാം'' നജ്ദിയന്‍ ശൈഖ്: "ഇതാണ് ശരിയായ അഭിപ്രായം. ഇതല്ലാതെ മറ്റൊരഭിപ്രായമേ ഞാന്‍ കാണുന്നില്ല.'' ഈ കൊടും പാതകം എത്രയും വേഗം നടപ്പാക്കാനുള്ള ഏകകണ്ഠ തീരുമാനവുമായി അവര്‍ പിരിഞ്ഞു.
നബി(സ)യെ വധിക്കാനുള്ള ഗൂഢമായ തീരുമാനമായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ കല്പനയുമായി ജീബ്രീല്‍ പ്രവാചകനെ സമീപിച്ചു. ക്വുറൈശികളുടെ ഗൂഢാലോചനയും പലായനത്തിനുള്ള അല്ലാഹുവിന്റെ അനുമതിയും അറിയിച്ചുകൊണ്‍് ജിബ്രീല്‍ പറഞ്ഞു: "താങ്കള്‍ സാധാരണ ഉറങ്ങുന്ന വിരിപ്പില്‍ ഇന്നുറങ്ങരുത്''
മധ്യാഹ്ന സമയത്ത് നബി(സ) യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്നേഹിതന്‍ അബൂബക്കറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.വീട്ടില്‍ പ്രവേശിച്ച നബി(സ്വ)തനിക്ക് പാലായനത്തിനു അനുമതി കിട്ടി എന്ന് അറിയിച്ചു.അപ്പോള്‍ അബൂ ബകര്‍ (റ) ചോദിച്ചു:എനിക്കും പോരാമോ?നബി(സ്വ).നിനക്കും പോരാം.പലായനത്തിനുള്ള പദ്ധതികളാവിഷ്കരിച്ച ശേഷം റസൂല്‍(സ) വീട്ടിലേക്ക് മടങ്ങി.
ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സാധാരണപോലെ മുഴുകിയ ക്വുറൈശി പ്രമുഖര്‍ പാതിരാവും പ്രതീക്ഷിച്ചിരിക്കുകയാണ്, എടുത്ത തീരുമാനം നടപ്പാക്കാന്‍. പതിനൊന്ന് പേരെ ഇതിനായി തെരഞ്ഞെടുത്തു. (1) അബൂജഹല്‍ (2) അല്‍ഹകം ബിന്‍ അബില്‍ ആസ് (3) ഉഖ്ബത്തു ബിന്‍ അബീ മുഐത് (4) അന്നള്ര്‍ ബിന്‍ അല്‍ ഹാരിഥ് (5) ഉമയ്യ ബിന്‍ ഖലഫ് (6) സംഅ ബിന്‍ അല്‍അസ്വദ് (7) ത്വഐമ ബിന്‍ അദിയ്യ് (8) അബൂലഹബ് (9) ഉബയ്യ് ബിന്‍ ഖലഫ് (10) നുബൈഹ് ബിന്‍ അല്‍ ഹജ്ജാജ് (11) സഹോദരന്‍ മുനബ്ബിഹ് ബിന്‍ അല്‍ ഹജ്ജാജ്.

മുന്‍ തീരുമാനമനുസരിച്ച് രാത്രിയില്‍ എല്ലാം ശാന്തമായിരിക്കെ മുന്‍പറഞ്ഞ എല്ലാവരും നബി(സ)യുടെ വീടിന്റെ മുമ്പില്‍ എത്തി. അവിടുന്ന് പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചു അവര്‍ വാതില്‍ക്കല്‍ നിന്നു. ഈ തന്ത്രം പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കഴിച്ചുകൂട്ടി. ഇതിനിടക്ക് വീട് വളഞ്ഞവരുടെ മുമ്പില്‍ ദുഷ്ടനായ അബൂജഹല്‍ തികഞ്ഞ അഹങ്കാരത്തോടെയും പരിഹാസത്തോടെയും പ്രഖ്യാപിച്ചു.: "മുഹമ്മദ് വീമ്പിളക്കുന്നത്, നിങ്ങള്‍ അവനെ പിന്‍തുടര്‍ന്നാല്‍ അറബികളുടെയും അനറബികളുടെയും രാജാക്കള്‍ നിങ്ങളാകുമെന്നും മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിച്ച് നിങ്ങള്‍ക്ക് ജോര്‍ദ്ദാനിലെ തോട്ടങ്ങള്‍ പോലെ തോട്ടങ്ങള്‍ നല്കുമെന്നും, അനുസരിക്കാത്തവരെ അറുകൊല നടത്തുമെന്നും പരലോകത്ത് അഗ്നിക്കിരയാക്കുമെന്നുമാണ്?!''

ക്വുറൈശികള്‍ അവരുടെ ഈ നീചകൃത്യം നിര്‍വഹിക്കാന്‍ സന്നദ്ധമായ ആ കരാള നിമിഷങ്ങളില്‍ റസൂല്‍(സ) തന്റെ കൂടെയുണ്ടാ യിരുന്ന അലി (റ)വിനോട് പറഞ്ഞു."നീ എന്റെ വിരിപ്പില്‍ ഉറങ്ങുക. എന്റെ പച്ചപ്പുതപ്പ് പുതക്കുകയും ചെയ്യുക. നിനക്കൊരപകടവും അവരില്‍ നിന്നേല്‍ക്കില്ല''
ഇത് പറഞ്ഞ് റസൂല്‍ (സ) പുറത്തിറങ്ങി. ഒരു പിടിമണ്ണുവാരി."അവരുടെ മുന്നില്‍ ഒരു തടവും പിന്നില്‍ ഒരു തടവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.'' (36:9) എന്ന ക്വുര്‍ആന്‍ സൂക്തവും പരായാണം ചെയ്ത് മണ്ണ് അവരുടെ തലക്കുമുകളിലെറിഞ്ഞ് അവരുടെ നിരകള്‍ക്കിടയിലൂടെ പുറത്ത് കടന്ന് നേരിട്ട് അബൂബക്കര്‍ (റ) വിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
വീട് വളഞ്ഞവര്‍, പുലരുന്നതും പ്രതീക്ഷിച്ചിരുന്നു. പുലര്‍ച്ചയുടെ തൊട്ടുമുമ്പ് അവര്‍ വിഭ്രാന്തരായി കാണപ്പെട്ടു. പുറത്തുനിന്നുവന്ന ഒരാള്‍ അവര്‍ വാതില്‍ക്കല്‍ നില്ക്കുന്നത് കണ്‍് ചോദിച്ചു: 'എന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചു നില്ക്കുന്നത്?''. "മുഹമ്മദിനെ'' അവര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. "കഷ്ടം! കഷ്ടം! അദ്ദേഹം നിങ്ങളുടെ ശിരസ്സില്‍ മണ്ണിട്ട് കടന്നുകളഞ്ഞിരിക്കുന്നു.'' "ഞങ്ങളവനെ ക ണ്ടില്ലല്ലോ?'' അവര്‍ പറഞ്ഞു. അവര്‍ ശിരസ്സില്‍ നിന്നും മണ്ണ് തട്ടിയെഴുന്നേറ്റു. വാതില്‍പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ പുതച്ചുകിടക്കുന്ന അലിയെകണ്ട് നബി (സ)യാണെന്ന് ധരിച്ച് പുലരുവോളം അവര്‍ കാത്തിരുന്നു. അല്പം കഴിഞ്ഞു അലി പുതപ്പുമാറ്റി എഴുന്നേറ്റ് വരുന്നത് കണ്‍് അവര്‍ തികച്ചും സ്ത്ബിധരായി. അവര്‍ അദ്ദേഹത്തോട് നബിയെക്കുറിച്ച് ചോദിച്ചു. "എനിക്കറിയില്ല'' അലി(റ) വിന്റെ മറുപടി.
തങ്ങളുടെ പദ്ധതി പൊലിഞ്ഞത് മനസ്സിലാക്കിയ അവര്‍ നബി(സ്വ)അന്വേഷിച്ചു നാല് പാടും ആളെ വിട്ടു.

മദീനയിലേക്കുള്ള പലായനം ആരംഭിക്കുന്നു

മദീനക്കാരുമായി നബി(സ്വ) കരാറില്‍ ഏര്‍പ്പെട്ടത് അറിഞ്ഞതോടെ ശത്രുക്കള്‍ വിശ്വാസികള്‍ക്കെതിരിലുള്ള ആക്രമണം ശക്തിയാക്കി.അതോടെ മുസ്ലിംകളോട് മദീനയിലേക്ക് പലായനം ചെയ്യാന്‍ നബി(സ്വ) കല്പിച്ചു.പലായനമെന്നത് സമ്പാദ്യങ്ങളും നേട്ടങ്ങളും പാടെ പരിത്യജിച്ച് ശാരീരിക സുരക്ഷയും തേടി പോകുകയെന്നത് മാത്രമല്ല. അതിനപ്പുറം യാത്രയുടെ പ്രാരംഭത്തിലോ അന്ത്യത്തിലോ എവിടെവെച്ചും പിച്ചിച്ചീന്തപ്പെടാനും വധിക്കപ്പെടാനുമുള്ള സാധ്യതയോടെ, എന്തുതരം പ്രതിസന്ധികളും ദുഃഖപൂര്‍ണമായ അവസ്ഥകളുമാണ് തന്നെ പ്രതീക്ഷിച്ചിരിക്കുന്നതെന്നുമറിയാതെ അവ്യക്തമായ ഭാവിയില്‍ കണ്ണുംനട്ട് കൊണ്ടുള്ള ഒരു യാത്രയാണ്.
മുസ്ലിംകള്‍ പലായനം തുടങ്ങി. ബഹുദൈവാരാധകര്‍ അവര്‍ക്ക് മുമ്പില്‍ ബഹുവിധ മാര്‍ഗ്ഗതട ങ്ങള്‍ സൃഷ്ടിച്ചു കൊണ്ടുമിരുന്നു.
അങ്ങിനെ ഒറ്റക്കായും സംഘങ്ങളായും വിശ്വാസികള്‍ എല്ലാവരും പലായനം ചെയ്തു.പലര്‍ക്കും പല നിലക്കുള്ള പീഡനങ്ങളും അപ്പോള്‍ ഏല്‍ക്കേണ്ടി വന്നു.പലരെയും പലായനം ചെയ്യാന്‍ സമ്മതിച്ചെങ്കിലും സ്വത്ത് കൊണ്ട് പോകാന്‍ ഒരാളെ പോലും ശത്രുക്കള്‍ സമ്മതിച്ചില്ല.
ഇതില്‍ ഏറ്റവും വേദനാ ജനകമായ സംഭവമായിരുന്നു അബൂസലമയുടെയും ഉമ്മു സമലയുടെയും .ആദ്യഘട്ടത്തില്‍ പെട്ട ഒരാളാണ് അബൂസലമ. രണ്ടാം അക്വബാ ഉടമ്പടിയുടെ ഒരു വര്‍ഷം മുമ്പാണിദ്ദേഹം പലായനം ചെയ്തത്. ഭാര്യയേയും പുത്രനേയും കൊണ്‍് നാടുവിടാനൊരുങ്ങിയപ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ അവളെ പിടിച്ചുവെച്ചു. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ കുട്ടിയെ അവളോടൊപ്പം വിട്ടുകൊടുക്കുകയില്ലെന്നും വാശിയായി. കുട്ടിക്ക് വേണ്ടി ഇരുവിഭാഗവും പിടിവലിയായി. പിടിവലിയില്‍ പുത്രന്റെ കൈ നഷ്ടപ്പെട്ടു. അങ്ങനെ തന്റെ ഭാര്യയേയും കുഞ്ഞിനെയും അല്ലാഹുവിലേല്പ്പിച്ച് ഏകനായി അദ്ദേഹം യാത്രയായി. ഏകദേശം ഒരു വര്‍ഷത്തോളം ഭാര്യ ഉമ്മുസലമ കരഞ്ഞുകണ്ണീര്‍ വാര്‍ത്തു മക്കയില്‍ കഴിച്ചുകൂട്ടി. അവസാനം അവളുടെ അടുത്ത ബന്ധുക്കളില്‍ ഒരാള്‍ ശുപാര്‍ശ ചെയ്തു. അവള്‍ക്കും കുഞ്ഞിനും മദീനയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിച്ചു. ഏകദേശം അഞ്ഞൂറ് കിലോമീറ്ററോളം അകലെയുള്ള മദീനയിലേക്ക് അവള്‍ മകനേയും കൂട്ടി ഏകയായി യാത്ര പുറപ്പെട്ടു. അങ്ങനെ തന്‍ഈമിലെത്തിയപ്പോള്‍ ഉസ്മാന്‍ ബിന്‍ ത്വല്‍ഹയെ കണ്ടുമുട്ടി. അദ്ദേഹം അവരെ ഭര്‍ത്താവിന്റെയടുക്കല്‍ ഖുബാഅ് വരെ എത്തിച്ചു തിരിച്ചുപോന്നു.
റോംകാരന്‍ സുഹൈബ് പലായനത്തിനൊരുങ്ങിയപ്പോള്‍ ക്വുറൈശികള്‍ രംഗത്ത് വന്നു ആക്രോശിച്ചു. നീ ഞങ്ങളുടെയടുക്കല്‍ ദരിദ്രനും നിരാശ്രയനുമായി വന്നു, ഈ കാണുന്ന ധനമെല്ലാം സമ്പാദിച്ചു. ഇനിയിപ്പോള്‍ ആ ധനവുമായി നീ കടന്നുകളയുകയാണോ? ദൈവത്താണേ അതിനൊരിക്കലും ഞങ്ങളനുവദിക്കില്ല. സുഹൈബ് ചോദിച്ചു. "നിങ്ങളുടെ ധനം തിരിച്ചുതന്നാല്‍ എന്നെ വിട്ടേക്കുമോ? അവര്‍: "അതേ''. അദ്ദേഹം സമ്പത്തെല്ലാം അവിടെ ഉപേക്ഷിച്ചു മദീനയിലേക്ക് തിരിച്ചു. ഈ വിവരമറിഞ്ഞ റസൂല്‍(സ) പ്രതികരിച്ചു. 'സുഹൈബ് ലാഭം നേടി! സുഹൈബ് ലാഭം നേടി!'
ഉമറുബ്നുല്‍ ഖത്താബ് അയ്യാശ് ബിന്‍ അബീറബിഅ, ഹിശാം ബിന് അല്‍ ആസ് എന്നിവര്‍ സഖീഫിന് മീതെ തനാളുബ് എന്ന ഒരു സ്ഥലത്ത് ഒരുമിച്ച്കൂടാനും കാലത്ത് അവിടെനിന്ന് യാത്ര പുറപ്പെടാനും തീരുമാനിച്ചു. ഉമറും അയ്യാശും എത്തി ഹിഷാം എത്തിയില്ല. അദ്ദേഹത്തെ ശത്രുക്കള്‍ പിടിച്ചുകെട്ടിയിട്ടതായിരുന്നു. രണ്ടു പേരും മദീനയില്‍ എത്തി ഖുബാഇല്‍ ഇറങ്ങി. അല്പം കഴിഞ്ഞ് അബൂജഹലും സഹോദരന്‍ ഹാരിഥും അയ്യാശിനെ തേടി അവിടെയെത്തി. ഇവര്‍ മൂവരുടെയും മാതാവ് ഒന്നാണ്. അസ്മാഅ്. അയ്യാശിനോട് പറഞ്ഞു: 'നിന്റെ മാതാവ് നിന്നെ കാണാതെ മുടിചീകുകയോ തണലേല്ക്കുകയോ ചെയ്യില്ലെന്ന് ശപഥം ചെയ്തിരിക്കുന്നു. അതിനാല്‍ നീ അവരോട് കനിയുക.' ഉമര്‍ പറഞ്ഞു. "അയ്യാശ് നിന്റെ ജനങ്ങള്‍ നിന്നെ കുഴപ്പത്തിലാക്കാനാണ് ഉദ്ദേശിക്കുന്നത്. അത്കൊണ്‍് സൂക്ഷിക്കുക! നിന്റെ മാതാവിന് പേനുപദ്രവിച്ചാല്‍ അവള്‍ മുടിചീകിക്കൊള്ളും.' ചൂട് കഠിനമായാല്‍ തണലേല്ക്കുകയും ചെയ്തുകൊള്ളും. പക്ഷേ അയ്യാശ് മാതാവിന്റെ സത്യം പാലിക്കാന്‍ വേണ്ടി അവരുടെ കൂടെ പോകാന്‍ തന്നെ തീരുമാനിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു. "നീ പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ എന്റെ ഒട്ടകത്തെയെടുത്തോളൂ. അത് വേഗതയുള്ള ഒതുക്കമുള്ള ഒട്ടകമാണ്. വഴിയില്‍ വെച്ച് വല്ല സംശയവും തോന്നിയാല്‍ ഇതിന്റെ പുറത്ത് രക്ഷപ്പെടുക.' അങ്ങനെ അവര്‍ യാത്രയായി. അല്പം ദൂരം പിന്നിട്ടപ്പോള്‍ അബൂജഹല്‍ പറഞ്ഞു: "സഹോദരാ എന്റെ ഈ ഒട്ടകം വല്ലാതെ പരുക്കനായിരിക്കുന്നു. ഞാനും നിന്റെ ഒട്ടകപ്പുറത്തേറിയാലോ?' അയ്യാശ് പറഞ്ഞു. 'വിരോധമില്ല' അതിലേക്ക് മാറാനായി ഒട്ടകത്തെ മുട്ടുകുത്തിച്ചു. ഈ സമയം നോക്കി അവര്‍ അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും പകല്‍ സമയത്ത് തന്നെ മക്കയില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്നിട്ട് രണ്ടു പേരും വിളിച്ചു പറഞ്ഞു: "മക്കക്കാരേ! നിങ്ങളെല്ലാവരും നിങ്ങളുടെ കൂട്ടത്തിലെ വിഡ്ഢികളെ ഇവ്വിധം കൈകാര്യം ചെയ്യുവിന്‍
ഇത് മൂന്നുദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ജനങ്ങള്‍ അപ്പോഴും നിരന്തരം മദീനയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടെയിരുന്നു. രണ്ടാം അക്വബാ ഉടമ്പടിക്ക് ശേഷം രണ്ടു മാസവും ഏതാനും നാളുകളും പിന്നിട്ടപ്പോള്‍ മക്കയില്‍ റസൂല്‍ (സ)യും അബൂബക്കറും അലിയും മുശ്രിക്കുകള്‍ തടഞ്ഞുവെച്ച ചിലരുമല്ലാതെ ആരും അവശേഷിച്ചിരുന്നില്ല. നബി(സ)യും അബൂബക്കര്‍ (റ) വും യാത്രക്കുള്ള കല്പനയും പ്രതീക്ഷിച്ചു സന്നാഹങ്ങളൊരുക്കി കാത്തിരിക്കുകയായിരുന്നു.
മദീനാ പലായനത്തിന്റെ വിവരമറിഞ്ഞതോടെ നേരത്തെ അബീശിനിയയിലേക്ക് പലായനം ചെയ്ത ഭൂരിഭാഗവും മദീനയിലേക്ക് മടങ്ങി. അബൂബക്കര്‍ (റ) പലായനത്തിന് അനുമതി തേടിയപ്പോള്‍, റസൂല്‍ (സ) കാത്തിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 'എനിക്കും അനുമതി കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'. അവിടുന്ന് പറഞ്ഞു. അങ്ങനെ അബൂബക്കര്‍ (റ) രണ്ടു വാഹനങ്ങള്‍ സജ്ജമാക്കി. നാലുമാസം തീറ്റിപ്പോറ്റി. റസൂല്‍ (സ)യുടെ കൂടെ പുറപ്പെടാനായി കാത്തിരുന്നു.

കരാര്‍ പരസ്യമാവുന്നു

രാത്രിയുടെ മറവില്‍ നടന്ന ഈ ഉടമ്പടി ക്വുറൈശികള്‍ അറിഞ്ഞു. മുഹമ്മദും കൂട്ടരും തങ്ങള്‍ക്കെതിരില്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നവര്‍ക്ക് തോന്നി.ഈ വാര്‍ത്ത ലഭിച്ചപ്പോള്‍ അബ്ബാസ് ബിന്‍ ഉബാദ പ്രവാചകനോട് പറഞ്ഞു: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവര്‍ക്കെതിരില്‍ നാളെ പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ വാളേന്തുന്നതാണ്'' റസൂല്‍ (സ) മറുപടി പറഞ്ഞു: "നാം അതിന് കല്പിക്കപ്പെട്ടിട്ടില്ല, അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലത്തേക്ക് മടങ്ങുക.'' അവര്‍ മടങ്ങി പുലരുവോളം അവിടെ ഉറങ്ങി.കരാര്‍ വാര്‍ത്ത ക്വുറൈശികളുടെ മനസ്സുകളെ അസ്വസ്ഥമാക്കി. ഇത്തരമൊരു കരാറിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നവര്‍ ഊഹിച്ചു.
ഒട്ടും താമസിയാതെ മക്കയിലെ ഒരു വലിയ സംഘം ഇതിന്നെതിരെ അവരുടെ ശക്തിയായ പ്രതിഷേധം അറിയിക്കാനായി മദീനയെ ലക്ഷ്യമാക്കി നീങ്ങി, അവര്‍ പറഞ്ഞു: 'ഖസ്റജ് ഗോത്രക്കാരെ, നിങ്ങള്‍ മുഹമ്മദിനെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്ത് കൊണ്ടുപോകാനും ഞങ്ങളുമായി യുദ്ധത്തിലേര്‍പ്പെടാനും അവനുമായി കരാറ് ചെയ്തതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നു. അല്ലാഹുവാണെ!! ഞങ്ങള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ നിങ്ങളെക്കാള്‍ ഞങ്ങള്‍ക്ക് ശത്രുതയുള്ള മറ്റൊരു അറബി ഗോത്രവുമുണ്ടാവുകയില്ല!!
അതിരഹസ്യമായി നടന്ന ഈ കരാറ് മദീനയിലെ മുശ്രിക്കുകള്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ ക്വുറൈശികളുടെ വാദം പൂര്‍ണ്ണമായും അവര്‍ തള്ളിക്കളഞ്ഞു. അവര്‍ സത്യം ചെയ്തു പറഞ്ഞു. 'ഇത്തരമൊരു സംഭവം നടന്നിട്ടില്ല. ഞങ്ങള്‍ക്കൊട്ടറിയുകയുമില്ല' അവസാനം ക്വുറൈശികള്‍ അബ്ദുല്ല ബിന്‍ ഉബയ്യ് ബിന്‍ സൂലുലിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു. ഇതു ശരിയല്ല, അങ്ങനെയൊന്നുണ്ടായിട്ടില്ല, ഞാന്‍ മദീനയിലുണ്ടായിരിക്കെ എന്റെയാളുകള്‍ എന്നോട് കൂടിയാലോചിക്കാതെ ഇതൊന്നും തീരുമാനിക്കില്ല.എന്നാല്‍ മുസ്ലിംകള്‍ പുര്‍ണ മൌനത്തിലാണ്ടു. നിഷേധിച്ചോ, ശരിവച്ചോ അവരാരും ഒന്നും ഉരിയാടിയില്ല.മദീനയിലെ മുശിരിക്കുകള്‍ പറഞ്ഞത് സത്യമാവാം എന്ന ധാരണയില്‍ നേതാക്കള്‍ മക്കയിലേക്ക് തന്നെ മടങ്ങി.
പക്ഷെ അവര്‍ അന്വേഷണം തുടര്‍ന്നു, അവസാനം സംഭവം നടന്നതായി അവര്‍ മനസ്സിലാക്കി. ഇതുപക്ഷെ, യസ് രിബുകാര്‍ ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയ ശേഷമായിരുന്നു. അശ്വഭടന്മാര്‍ ഇവരെ തുരത്താന്‍ വേണ്ടി പുറപ്പെട്ടെങ്കിലും എല്ലാവരും സ്ഥലം വിട്ട് കഴിഞ്ഞിരുന്നതിനാല്‍ അവര്‍ക്ക് രണ്ടുപേരെ മാത്രമാണ് കിട്ടിയത്. സഅ്ദ് ബിന്‍ ഉബാദയെയും, മുര്‍ദിര്‍ ബിന്‍ അംറിനേയും. മുര്‍ദിര്‍ അവരെയും വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. സഅ്ദിനെ പിടിച്ചു കൈകള്‍ പിരടിയിലേക്ക് ബന്ധിച്ചു മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് അവര്‍ മക്കയിലെത്തിച്ചു. അപ്പോള്‍ മുത്വ്ഇം ബിന്‍ അദിയ്യും ഹാരിഥ് ബിന്‍ ഹര്‍ബും രംഗത്ത് വന്നു. അദ്ദേഹത്തെ രക്ഷപ്പെടുത്തി. കാരണം സഅ്ദായിരുന്നു മദീനാവഴി പോകുന്ന ഇവരുടെ യാത്രാ സംഘത്തിന് സംരക്ഷണം നല്‍കിയിരുന്നത്. ഈ സന്ദര്‍ഭത്തില്‍ സഅ്ദിനെ നഷ്ടപ്പെട്ട അന്‍സ്വാറുകള്‍ അന്വേഷിച്ചുകൊണ്ട് തിരിച്ചുവരികയായിരുന്നു. വഴിക്കുവെച്ച് അദ്ദേഹത്തെ കണ്ടെത്തുകയും എല്ലാവരും കൂടി മദീനയിലേക്ക് തിരിക്കുകയും ചെയ്തു.

മദീനയില്‍ ഇസ്ലാം പ്രചരിക്കുന്നു

അഖബ ഉടമ്പടി പൂര്‍ത്തിയായി ഹജ്ജ് നിര്‍വഹിച്ച് മദീനയിലേക്ക് തിരിച്ചുപോവുന്ന ഈ കൊച്ചു സംഘത്തോടൊപ്പം അവര്‍ക്ക് ഇസ്ലാമിക നിയമങ്ങള്‍ പഠിപ്പിക്കാനും മറ്റുള്ളവരില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുമായി നബി(സ) സുന്ദരമായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മുസ്അബ് ബിന്‍ ഉമൈര്‍ അല്‍അബ്ദരിയെയും അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമിനെയും നിയോഗിച്ചുകൊടുത്തു. മുസ്അബ് അസ്അദുബ്നുസുറാറയുടെ വീട്ടില്‍ താമസമാക്കി, രണ്ടുപേരും ചേര്‍ന്നു മദീനക്കാര്‍ക്കിടയില്‍ ഊര്‍ജസ്വലമായി ഇസ്ലാമിക പ്രബോധനപരിപാടികള്‍ സംഘടിപ്പിച്ചു. ഭംഗിയായി ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മുസ്അബ് 'മുക് രിഅ്' എന്ന പേരില്‍ അറിയപ്പെട്ടു.
ഒരിക്കല്‍ മുസ്അബും അസ്അദും ചേര്‍ന്നു അബ്ദുല്‍ അശ്ഹല്‍ ള്വഫര്‍ ഗോത്രങ്ങളുടെ കേന്ദ്രങ്ങളില്‍ ചെന്നു. അതോടെ അവരുടെയടുക്കല്‍ നവമുസ്ലിംകള്‍ സമ്മേളിച്ചു. അബ്ദുല്‍ അശ്ഹര്‍ ഗോത്രത്തിലെ അന്നത്തെ മുശ്രിക് നേതാക്കളായ സഅദുബിന്‍ മുആദും ഉസൈദുബ്നു ഹുളൈറും ഈ കാര്യമറിഞ്ഞപ്പോള്‍ സഅദ്, ഉസൈദിനോട് പറഞ്ഞു: "ഈ നാട്ടിലെ പാവങ്ങളെ വിഡ്ഢികളായി ചിത്രീകരിക്കാനെത്തിയ ആ രണ്ടുപേരെ സമീപിച്ചു താങ്കളൊന്ന് തടയുമോ? അസ്അദ് എന്റെ മാതൃ സഹോദരിയുടെ പുത്രനായതിനാല്‍ എനിക്ക് തടയാന്‍ ബുദ്ധിമുട്ടുണ്ട്. ഉസൈദ് തന്റെ കുന്തവും പേറി അവരെ സമീപിച്ചു. ഇതു കണ്ട് അസ്അദ് മുസ്അബിനോട് പറഞ്ഞു:"ഈ വരുന്നത് ഗോത്ര നായകനാണ് ഇദ്ദേഹത്തിന് ഇസ്ലാം പരിചയപ്പെടുത്തുക'' മുസ്അബ് പറഞ്ഞു: "അദ്ദേഹം ഇരുന്നാല്‍ ഞാന്‍ സംസാരിക്കാം.'' ഉടനെത്തന്നെ ഉസൈദ് വന്ന് അധിക്ഷേപിക്കാന്‍ തുടങ്ങി."നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നത്? ഞങ്ങളിലെ പാവങ്ങളെ വിഡ്ഢികാളായി മുദ്രകുത്താനോ? ജീവന്‍ വേണമെങ്കില്‍ ഇവിടെനിന്ന് സ്ഥലംവിടുക? ഇതുകേട്ടു മുസ്അബ് പറഞ്ഞു: "അല്പം ഇരുന്നു കേള്‍ക്കുക, താല്പര്യമെങ്കില്‍ സ്വീകരിക്കാം, ഇല്ലെങ്കില്‍ നിരസിക്കുകയുമാവാം.'' അദ്ദേഹം പറഞ്ഞു: "നീ പറഞ്ഞതൊരു ന്യായമാണ്.'' തന്റെ കുന്തം അവിടെ നാട്ടി അദ്ദേഹം അവരുടെ മുമ്പില്‍ ഇരുന്നു. മുസ്അബ് ഇസ്ലാമിനെക്കുറിച്ചു സംസാരിച്ചു. ഖുര്‍ആന്‍പാരായണം ചെയ്തുകേള്‍പ്പിച്ചു. ഇതു കേട്ട് അദ്ദേഹം സന്തുഷ്ടി രേഖപ്പെടുത്തുകയും ഇസ്ലാം ആശ്ളേഷിക്കുകയും ചെയ്തു. തുടര്‍ന്ന് പറഞ്ഞു: "എന്റെ പിന്നില്‍ ഒരാള്‍ കൂടിയുണ്ട്. അദ്ദേഹം നിങ്ങളെ പിന്തുടര്‍ന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ജനത മുഴുവന്‍ വിശ്വാസികളായി മാറും.'' ഉസൈദ് തിരിച്ച് ചെന്നപ്പോള്‍ സഅ്ദ് ചോദിച്ചു 'നീ എന്ത് ചെയ്തു?' അദ്ദേഹം പറഞ്ഞു: ഞാന്‍ അവര്‍ രണ്ടുപേരോടും സംസാരിച്ചു. അവര്‍ക്കൊരു കുഴപ്പവും ഞാന്‍ കാണുന്നില്ല. അല്പംകഴിഞ്ഞ് സഅ്ദ് വന്നപ്പോള്‍ അദ്ദേഹത്തോടും നേരത്തെ ഉസൈദിനോട് സംസാരിച്ചതുപോലെത്തന്നെ സംസാരിച്ചു. അദ്ദേഹത്തെയും അല്ലാഹു ഇസ്ലാമിലെക്ക് മാര്‍ഗദര്‍ശനം ചെയ്തു. ഉടനെ അദ്ദേഹം തന്റെ ജനങ്ങളുടെ അടുക്കലേക്ക് തിരിച്ചുചെന്ന് ചോദിച്ചു:"നിങ്ങള്‍ എങ്ങനെയാണ് എന്നെ കണക്കാക്കുന്നത്? "ഞങ്ങളുടെ നേതാവും ബുദ്ധിമാനും തന്റേടിയുമായ വ്യക്തിയാണ് താങ്കള്‍; അവര്‍ പറഞ്ഞു. അദ്ദേഹം പ്രഖ്യാപിച്ചു.'' നിങ്ങളിലെ പുരുഷന്മാരാകട്ടെ, സ്ത്രീകളാകട്ടെ ഇസ്ലാം ആശ്ളേഷിക്കുന്നത് വരെ അവരോട് സംസാരിക്കുന്നത് എനിക്ക് നിഷിദ്ധമാണ്.'' അന്നുതന്നെ എല്ലാവരും ഇസ്ലാം ആശ്ളേഷിച്ചു. അല്‍ഉസൈറിം എന്നൊരാളൊഴികെ, അദ്ദേഹം ഉഹ്ദ് യുദ്ധദിനത്തില്‍ മുസ്ലിമായി യുദ്ധത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചു. അല്ലാഹുവിനു വേണ്ടി ഒരു സുജൂദുപോലും ചെയ്യാതെ. ഇതിനെക്കുറിച്ചു റസൂല്‍(സ) പറഞ്ഞു: "കുറഞ്ഞ പ്രവര്‍ത്തനത്തിലൂടെ വലിയ പ്രതിഫലം സമ്പാദിച്ചു''.
മുസ്അബ് അസ്അദിന്റെ കൂടെ താമസിച്ചു ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചുകൊണ്ടേയിരുന്നു. അങ്ങനെ മദീനയിലെ ഓരോ വീടുകളിലും നവമുസ്ലിംകളായ സ്ത്രീ-പുരുഷന്മാര്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഉമയ്യബിന്‍ സൈദിന്റെയും ഖത്വ്മയുടെയും വാഇലിന്റെയും വീടൊഴികെ. അവരുടെ നേതാവായിരുന്ന കവി ഖൈസ് ബിന്‍ അല്‍അസ്ലത്ത് ഇസ്ലാം ആശ്ളേഷണം തല്ക്കാലം നീട്ടിവെച്ചതായിരുന്നു ഇതിനു കാരണം. പിന്നീട് ഹിജ്റ അഞ്ചാം വര്‍ഷം ഖന്‍ദഖ് യുദ്ധസമയത്താണ് ഇവര്‍ വിശ്വസിച്ചത്.അടുത്ത വര്‍ഷത്തെ ഹജ്ജിന് മുമ്പായി മുസ്അബ് മക്കയില്‍ നബി(സ)യെ സമീപിച്ച് തന്റെ പ്രബോധന രംഗത്തെ വിജയങ്ങളും നേട്ടങ്ങളും അദ്ദേഹത്തെ അറിയിക്കുകയുണ്ടായി
അടുത്ത വര്‍ഷം- പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം ക്രിസ്താബ്ദം 622 ജൂണ്‍ മാസം- മദീനയില്‍ നിന്ന് ബഹുദൈവ വിശ്വാസികളടക്കം ധാരാളംപേര്‍ ഹജ്ജിന് മക്കയില്‍ വന്നു. ഇതില്‍ എഴുപതില്‍പരംപേര്‍ നവമുസ്ലിംകളായിരുന്നു. ഇവര്‍ മദീനയില്‍ വെച്ചും മക്കയിലേക്കുള്ള യാത്രാമധ്യേയും പരസ്പരം ചോദിച്ചു കൊണ്ടിരുന്നു. "എത്ര നാളാണ് റസൂല്‍(സ)യെ മക്കയുടെ മലമടക്കുകളില്‍ ആട്ടിയോടിക്കപ്പെടുന്നവനായും ഭയപ്പെടുന്നവനായും ജീവിക്കാന്‍ നാം വിടുക''. മക്കയിലെത്തിയ ഇവര്‍ റസൂല്‍(സ)യുമായി പലതവണ രഹസ്യമായി ബന്ധപ്പെട്ടു. അവസാനം തഷ് രീഖിന്റെ രണ്ടാം ദിവസം ദുല്‍ഹജ്ജ് 12 ന് രാത്രിയില്‍ രഹസ്യമായി അക്വബയുടെ സമീപം നബി(സ)യുമായി സന്ധിക്കാമെന്ന് തീരുമാനിച്ചു.
എല്ലാവരും ഉറങ്ങി രാത്രി മൂന്നിലൊന്നു പിന്നിട്ടപ്പോള്‍ മദീനക്കാരായ മുസ്ലിംകള്‍ വളരെ രഹസ്യമായും പതുങ്ങിയും അക്വബയുടെ താഴ്വരയില്‍ സമ്മേളിച്ചു.അവര്‍ എഴുപത്തിമൂന്ന് പുരുഷന്മാരും രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. നജ്ജാര്‍ ഗോത്രക്കാരി ഉമ്മുഅമ്മാറ എന്നറിയപ്പെടുന്ന കഅ്ബിന്റെ പുത്രി നസീബയും, ബനീസലമയിലെ ഉമ്മുമനീഅ് എന്നറിയപ്പെടുന്ന അംറിന്റെ പുത്രി അസ്മാഉം ആയിരുന്നു ആ രണ്ടുപേര്‍. നബി(സ)യേയും പ്രതീക്ഷിച്ച് ആ താഴ്വരയില്‍ അവരിരുന്നു.അല്പം കഴിഞ്ഞപ്പോള്‍ പിതൃവ്യന്‍ അബ്ബാസ് ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ കൂടെ നബി തിരുമേനി ആഗതനായി. അബ്ബാസ് അന്നും അവിശ്വാസിയായിരുന്നു. പക്ഷെ തന്റെ സഹോദരപുത്രന്റെ കാര്യത്തില്‍ കൂടുതല്‍ ഉറപ്പുകള്‍ ലഭിക്കാനായി അദ്ദേഹം പങ്കെടുക്കുകയാണുണ്ടായത്. ഈ വിഷയത്തില്‍ ആദ്യം സംസാരിച്ചതും അദ്ദേഹം തന്നെയായിരുന്നു.

"ഖസ്റജ് ഗോത്രക്കാരേ! (ഔസ് ഗോത്രക്കാരനായാലും ഖസ്റജ് ഗോത്രക്കാരനായാലും മദീനക്കാരെ പൊതുവെ അറബികള്‍ ഖസ്റജ്കാര്‍ എന്നായിരുന്നു സംബോധന ചെയ്തിരുന്നത്). ഞങ്ങള്‍ക്കിടയില്‍ മുഹമ്മദിന്റെ നില നിങ്ങള്‍ക്കറിയാം, അവനെ കുറിച്ചു ഞങ്ങളുടെ അഭിപ്രായം തന്നെയുള്ള ജനതയില്‍ നിന്ന് ഇത്രയും കാലം ഞങ്ങള്‍ അവനെ സംരക്ഷിച്ചു. ഇപ്പോഴവന്‍ സ്വന്തം ജനതക്കിടയിലും നാട്ടിലും തികച്ചും പ്രതാപവാനും സുരക്ഷിതനുമാണ്; നിങ്ങളോടൊന്നിച്ച് ചേരണമെന്നാണ് അവനിപ്പോള്‍ ശഠിക്കുന്നത്. അവനോട് വാക്കുപാലിക്കുവാനും അവന് സംരക്ഷണം നല്കുവാനും സാധ്യമാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് അവനെ ഏറ്റെടുക്കാം. അല്ല, നിങ്ങള്‍ അവനെ ഏറ്റെടുത്ത ശേഷം കയ്യൊഴിക്കുവാനാണ് ഭാവമെങ്കില്‍ അത് ഇപ്പോള്‍ തന്നെ ആകാവുന്നതാണ്. കാരണമവന്‍ സ്വജനതക്കിടയില്‍ പ്രതാപവാനും നിര്‍ഭയനുമാണ്''

അവരുടെ നേതാവായ കഅ്ബ് മറുപടി പറഞ്ഞു: 'താങ്കള്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു ഇനി റസൂല്‍(സ) സംസാരിക്കട്ടെ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ നാഥനും ഇഷ്ടപ്പെട്ടത് അദ്ദേഹം തെരഞ്ഞെടുക്കട്ടെ.
ഈ മറുപടി അവരുടെ സ്ഥൈര്യത്തേയും ധീരതയേയും വിശ്വാസത്തെയും ആത്മാര്‍ഥതയേയും ഉത്തരവാദിത്തബോധത്തെയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള തന്റേടത്തേയും കുറിക്കുന്നു.
റസൂല്‍(സ) തനിക്ക് പറയാനുള്ളത് പറഞ്ഞു. തുടര്‍ന്ന് ബൈഅത്ത് നടന്നു. അന്‍സ്വാറുകള്‍ നബി(സ)യോട് ഈ ഉടമ്പടിയുടെ വ്യവസ്ഥകളെ കുറിച്ചന്വേഷിച്ചു. അവിടുന്ന് പറഞ്ഞു:
  • ഏതു സാഹചര്യത്തിലും പൂര്‍ണമായ അനുസരണം
  • കഷ്ടപാടിലും സൌകര്യത്തിലും ഒരു പോലെ വ്യയം ചെയ്യുക.
  • നന്മ കല്പിക്കുക, തിന്മ വിരോധിക്കുക
  • അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്ക്കുക, അതില്‍ ആരുടെയും ആക്ഷേപം പരിഗണിക്കാതിരിക്കുക-
  • എന്നെ നിങ്ങള്‍ സഹായിക്കുക, നിങ്ങളുടെ ഭാര്യമാരെയും മക്കളെയും സംരക്ഷിക്കുന്നത് പോലെ എന്നെ സംരക്ഷിക്കുക, ഇതിനുപകരമായി നിങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ്.

അപ്പോള്‍ ബറാഅ്ബിന്‍ മഅ്റൂര്‍ റസൂല്‍ (സ)യുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. "അതേ, താങ്കളെ പ്രവാചകനായി നിയോഗിച്ച അല്ലാഹു തന്നെ സത്യം! ഞങ്ങളുടെ ഭാര്യമാരെ സംരക്ഷിക്കുന്നത് പോലെ താങ്കളെ ഞങ്ങള്‍ സംരക്ഷിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ ഇതാ ഉടമ്പടി ചെയ്യുന്നു. ഞങ്ങള്‍ യുദ്ധത്തിന്റെയും അങ്കിയുടേയും മക്കളാണ്!! ഇത് തലമുറകളായി ഞങ്ങള്‍ അനന്തരമെടുത്തതാണ്'' ഇടക്ക് കയറി അബുല്‍ ഹൈഥം അത്തയ്യിഹാന്‍ പറഞ്ഞു. അല്ലാഹുവിന്റെ തിരുദൂതരേ! ഞങ്ങള്‍ ജൂതരുമായി ചില കരാറുകളൊക്കെ ചെയ്തിരുന്നു. ഞങ്ങളിതാ അവയെല്ലാം ദുര്‍ബലപ്പെടുത്തുന്നു. ഇതെല്ലാം ഞങ്ങള്‍ ചെയ്തശേഷം അല്ലാഹു താങ്കള്‍ക്ക് വിജയം നല്കിയാല്‍ ഞങ്ങളെ വിട്ട് സ്വന്തം ജനതയുടെ അടുത്തേക്ക് താങ്കള്‍ പോയിക്കളയുമോ?

പുഞ്ചിരിച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: "ഇല്ല, ഒരിക്കലുമില്ല! നിങ്ങളുടെ രക്തം എന്റെതുകൂടിയാണ്. നിങ്ങളുടെ നാശം എന്റെ കൂടി നാശമാണ്. നിങ്ങള്‍ എന്റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് ഞാനും യുദ്ധം ചെയ്യും സന്ധിചെയ്യുന്നവരോട് ഞാനും സന്ധി ചെയ്യും.''

ഉടമ്പടിയിലെ വ്യവസ്ഥകളെല്ലാം പൂര്‍ത്തിയായപ്പോള്‍ ആദ്യകാല വിശ്വാസികളില്‍ പെട്ട രണ്ടുപേര്‍ എഴുന്നേറ്റ് നിന്ന് ഈ സന്ധിയുടെ ഗൌരവം സദസ്സിനെ ബോധ്യപ്പെടുത്തി. തങ്ങളേറ്റെടുക്കുന്ന ഉത്തരവാദിത്തത്തിന്റെ ഗൌരവവും അതു നിറവേറ്റാന്‍ ആവശ്യമായ സമര്‍പ്പണ ബോധവും അവരില്‍ അങ്കുരിപ്പിച്ചു.

അല്‍അബ്ബാസ് ബിന്‍ ഉബാദബിന്‍ നള്ല എഴുന്നേറ്റ് നിന്നു പ്രസംഗിച്ചു: 'നിങ്ങള്‍ക്കറിയുമോ എന്തുതരം പ്രതിജ്ഞയാണ് നിങ്ങളീ മനുഷ്യരോട് ചെയ്യുന്നതെന്ന്? ചുവന്നവരും കറുത്തവരുമായ മുഴുവന്‍ മനുഷ്യരോടും യുദ്ധത്തിലേര്‍പ്പെടുമെന്ന പ്രതിജ്ഞയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങളുടെ സമ്പത്ത് നശിക്കുകയോ നേതാക്കള്‍ വധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഇദ്ദേഹത്തെ കയ്യൊഴിക്കാമെന്നാണ് നിങ്ങള്‍ ധരിക്കുന്നതെങ്കില്‍ അതിപ്പോള്‍ തന്നെ ആകാവുന്നതാണ്. അതുപക്ഷെ ഇഹത്തിലും പരത്തിലും നിന്ദ്യതയാണ്. സമ്പത്ത് നശിച്ചാലും നേതാക്കള്‍ വധിക്കപ്പെട്ടാലും അദ്ദേഹവുമായി ചെയ്ത കരാറ് പാലിക്കുമെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടെങ്കില്‍ മാത്രം നിങ്ങളദ്ദേഹത്തെ സ്വീകരിച്ചുകൊള്ളുക! അല്ലാഹുവാണേ! ഇഹത്തിലും പരത്തിലും അതാണുത്തമം'' ഇതുകേട്ടപ്പോള്‍ ജനങ്ങള്‍ ഒന്നാകെ പറഞ്ഞു: സമ്പത്തിന്റെ നാശവും നേതാക്കളുടെ മരണവും ഞങ്ങള്‍ക്ക് പ്രശ്നമേ അല്ല, ഞങ്ങളദ്ദേഹത്തെ സ്വീകരിക്കുക തന്നെ ചെയ്യും. ഈ പ്രതിജ്ഞ പാലിച്ചാല്‍ ഞങ്ങള്‍ക്കെന്താണ് പ്രതിഫലം തിരുദൂതരേ? അവിടുന്ന് പ്രതിവചിച്ചു. "സ്വര്‍ഗം!'' അവര്‍ പറഞ്ഞു. അങ്ങ് കൈ നീട്ടിയാലും. അവിടുന്ന് കൈ നീട്ടി. അവര്‍ അതില്‍ ഉടമ്പടി ചെയ്തു.

ഇതിനുശേഷം ഓരോരുത്തരായി നബി (സ)യുടെ കൈയില്‍ അടിച്ചു ഉടമ്പടി ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടു വനിതകള്‍ വാചികമായും ഉടമ്പടി നിര്‍വഹിച്ചു.

ഉടമ്പടി നിര്‍വഹിച്ചതോടെ നേതാക്കളായി പന്ത്രണ്ട്പേരെ തെരഞ്ഞെടുക്കാന്‍ റസൂല്‍ (സ) നിര്‍ദേശിച്ചു. ഇവര്‍ക്കായിരുന്നു ഉടമ്പടി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം. അവിടെ വെച്ചു തന്നെ തിരഞ്ഞെടുപ്പ് നടന്നു. ഒമ്പത്പേര്‍ ഖസ്റജില്‍ നിന്നും മൂന്ന്പേര്‍ ഔസില്‍ നിന്നുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ താഴെ പറയുന്നവരാണ്.


ഖസ്റജ് ഗോത്രക്കാര്‍: അസ്അദ് ബിന്‍ സുറാറ, സഅ്ദുബിന്‍ അര്‍റബീഅ്, അബ്ദുല്ല ബിന്‍ റവാഹ, റാഫിഅ് ബിന്‍ മാലിക്, ബറാഅ് ബിന്‍ മഅ്റൂര്‍, അബ്ദുല്ല ബിന്‍ അംറ്, ഉബാദത്ത് ബിന്‍ അസ്സ്വാമിത്, സഅ്ദ് ബിന്‍ ഉബാദ, അല്‍മുന്‍ദിന്‍ ബിന്‍ അംറ്.

ഔസ് ഗോത്രക്കാര്‍: ഉസൈദ് ബിന്‍ ഹുളൈറ്, സഅ്ദ് ബിന്‍ ഖൈഥമ, റിഫാഅ ബിന്‍ അബ്ദുല്‍ മുന്‍ദിര്‍. നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അവരില്‍ നിന്നും മറ്റൊരു പ്രതിജ്ഞയും കൂടി പ്രവാചകന്‍ വാങ്ങി. അവരോട് പറഞ്ഞു: 'മറിയമിന്റെ പുത്രന്‍' ഈസാ ഹവാരിയുകളുടെ ഉത്തരവാദിത്തമേറ്റെടുത്തത് പോലെ നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങള്‍ക്കാകുന്നു. മൊത്തം മുസ്ലിംകളുടെ ഉത്തരവാദിത്തം എനിക്കുമാകുന്നു'' അവര്‍ അതു അംഗീകരിച്ചു.

ഈ സംഭവമാണ് രണ്ടാം അഖബ ഉടമ്പടി എന്നാ പേരില്‍ അറിയപ്പെടുന്നത്.

ഇസ്ലാം മദീനയിലേക്ക്

ഖുറൈശികളുടെ കഠിനമായ എതിര്‍പ്പും അഹങ്കാരവും കാരണം പ്രവാചകത്വ ദൌത്യം വിജയിക്കണമെങ്കില്‍ മറ്റു ഗോത്രങ്ങളുടെയോ നാട്ടുകാരുടെയോ സഹായം അനിവാര്യമാണ് എന്ന് മനസ്സിലാക്കിയ നബി(സ്വ) മക്കയില്‍ ഹജ്ജിനും മറ്റുമായി വരുന്നവരെ സമീപിച്ചു തുടങ്ങി.ചിലര്‍ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചപ്പോള്‍ മറ്റു ചിലര്‍ വളരെ നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു.മുസൈലിമതുല്‍ കദ്ദാബിന്റെ ആളുകളായ ബനൂ ഹനീഫയാണ് ഏറ്റവും മോശമായി പെരുമാറിയത്.ഈ പ്രവര്‍ത്തനത്തിന്‍റെ ഇടയ്ക്കായിരുന്നു ചരിത്രം തന്നെ മാറ്റി മറിച്ചു മദീനക്കാര്‍ ഇസ്ലാമില്‍ കടന്നു വന്നത്.
മക്കയുടെയും സിറിയയുടെയും ഇടക്കുള്ള പ്രദേശമായിരുന്നു മദീന,അന്ന് യസ് രിബ് എന്നാണു അറിയപ്പെട്ടിരുന്നത്.ഔസ് ,ഖസ്റജ് എന്നീ രണ്ടു ഗോത്രങ്ങള്‍ ആണ് അവിടെ ഉണ്ടായിരുന്നത്.അവിടുത്തെ അധികാരം ഇവരുടെ കയ്യിലായിരുന്നു.മദീനയുടെ അടുത്തായി ബനൂ ഖൈനുഖാ,ബനൂ ഖുറൈള,ബനൂ നളീര്‍ എന്നീ മൂന്നു ജൂത ഗോത്രങ്ങള്‍ താമസിച്ചിരുന്നു .അറബികളും അവരും തമ്മില്‍ പലപ്പോഴും യുദ്ധം നടന്നിരുന്നു.യുദ്ധത്തില്‍ പരാജയം സംഭവിക്കുമ്പോള്‍ ഭാവിയില്‍ വരുന്ന പ്രവാചകന്റെ(മുഹമ്മദ്‌ നബി(സ്വ)യുടെ വരവിനെ കുറിച്ചു മുന്‍ ഗ്രന്ഥത്തില്‍ അവര്‍ അറിഞ്ഞിരുന്നു) കൂടെ നിങ്ങളെ നേരിടുമെന്ന് ജൂതര്‍ അറബികളെ ഭീഷണിപ്പെടുത്തുമായിരുന്നു.എന്നാല്‍ ഔസും ഖസ്രജും തമ്മില്‍ ഉള്ള ശത്രുത വര്‍ദ്ധിക്കുകയും നിരന്തരം യുദ്ധം നടക്കുകയും ചെയ്തപ്പോള്‍ അവര്‍ ജൂതരുമായി സഖ്യത്തിലായി.അങ്ങിനെ ഔസ് ബനൂ ഖുറൈളയുമായും ഖസ്രാജ് ബനൂ ഖൈനുഖാ ,ബനൂ നളീര്‍ എന്നിവരുമായും സഖ്യത്തിലായി.അവസാനമായി അവര്‍ തമ്മില്‍ നടന്ന യുദ്ധമായ ബുആസോടെ ഖസ്രജില്‍ നിന്ന് അബ്ദുല്ലഹിബ്നു ഉബയ്യ് ഇബ്നു സുലൂല്‍,ഔസില്‍ നിന്ന് അബൂ ആമിര്‍ റാഹിബ് അല്ലാത്ത എല്ലാ നേതാക്കളും മരണപ്പെട്ടു.ഇതോടെ ഔസുകാര്‍ ഖുറൈശികളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.അതിനു വേണ്ടി സംസാരിക്കാനായി ഇയാസ് ഇബ്ന്‍ മുആദ്,അബുല്‍ ഹയ്സര്‍ എന്നിവര്‍ ഒരു സംഘത്തോടൊപ്പം മക്കയില്‍ ചെന്നു.അവരെ കണ്ടു മുട്ടിയ നബി(സ്വ)ഇസ്ലാം അവര്‍ക്ക് പരിജയപ്പെടുത്തി.ഇതുകേട്ടപാടെ മനസ്സില്‍ സ്വാധീനിച്ച ഇയാസ് പറഞ്ഞു: ജനങ്ങളേ! നിങ്ങള്‍വന്ന ആവശ്യത്തേക്കാള്‍ മെച്ചപ്പെട്ടത് ഇതാണ്. ഇതുകേട്ട് അബുല്‍ഹൈസര്‍ അനസ്ബിന്‍ റാഫിഅ് ഒരുപിടി മണ്ണുവാരി അവന്റെ മുഖത്തെറിഞ്ഞു. എന്നിട്ട് പറഞ്ഞു. ഇവനെ ഒഴിവാക്കുക. ഇതിനല്ലല്ലോ നാം ഇവിടെ വന്നത്. ഇയാസ് മൌനിയായി. റസൂല്‍(സ) എഴുന്നേറ്റു പോവുകയും ചെയ്തു. അവരുടെ ദൌത്യം വിജയം കണ്ടെത്താതെ അവര്‍ മദീനയിലേക്ക് തിരിച്ചു.

ഒരു രാത്രി അബൂബക്കര്‍, അലി എന്നിവരുമായി ദുഹ്ല്‍, ശൈബാന്‍ബിന്‍ഥഅ്ലബ എന്നിവര്‍ താമസിക്കുന്നിടത്ത് ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂബക്കറിന്റെയും ഒരു ദുഹ്ല്‍ ഗോത്രക്കാരന്റെയും ഇടയില്‍ ആകര്‍ഷകമായ സംഭാഷണങ്ങള്‍ നടന്നു. ശൈബാന്‍കാര്‍ പ്രതീക്ഷാനിര്‍ഭരമായ മറുപടിയും നല്കി. പക്ഷെ, ഇസ്ലാം സ്വീകരണത്തിന്റെ കാര്യം അവര്‍ തല്ക്കാലം നിര്‍ത്തിവെച്ചു.

പിന്നീട് റസൂല്‍(സ) മിനയില്‍ അക്വബയുടെ അരികെ പോകുമ്പോള്‍ അവിടെ ഏതാനു പുരുഷന്മാര്‍ സംസാരിക്കുന്നത് കേട്ടു. ഉടനെ അവരുമായി സന്ധിച്ചു. അവര്‍ യസ്രിബിലെ ഖസ്റജ് ഗോത്രക്കാരായ ആറു യുവാക്കളായിരുന്നു. ഇവര്‍; അസ്അദ്ബിന്‍ സുറാറ, ഔഫ്ബിന്‍ ഹാരിഥ്, റാഫിഅ്ബിനു മാലിക്, ഖുത്വ്ബ ബിന്‍ ആമിര്‍, ഉഖ്ബബിന്‍ ആമിര്‍, ജാബിര്‍ ബിന്‍ അബ്ദുല്ല എന്നിവരായിരുന്നു.


മദീനയില്‍ താമസിച്ചിരുന്ന ജൂതന്മാരില്‍നിന്ന്, ഒരു പ്രവാചകന്റെ നിയോഗത്തെക്കുറിച്ച് മദീനക്കാര്‍ കേട്ടിരുന്നു. അദ്ദേഹം പ്രത്യക്ഷപ്പെട്ടാല്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ആദ്, ഇറം ഗോത്രങ്ങളേയെന്നപോലെ നിങ്ങളെ വധിച്ചുകളയുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു.

ഇവരെ കണ്ടപ്പോള്‍, 'നിങ്ങള്‍ ഏത് ഗോത്രക്കാരാണ്?' റസൂല്‍ (സ) ചോദിച്ചു. 'ഖസ്റജ്' അവര്‍ മറുപടി പറഞ്ഞു. 'ജൂതന്മാരുമായി സഖ്യത്തിലുള്ളവരാണോ? നബി(സ) അന്വേഷിച്ചു. അതെ, അവര്‍ പറഞ്ഞു: അല്പസമയം ഇരിക്കാമോ എനിക്ക് ചിലതെല്ലാം സംസാരിക്കാനുണ്ട്? നബി(സ) ചോദിച്ചു. വിരോധമില്ല. അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. ക്വുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു, ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു. ജനങ്ങളേ നിങ്ങള്‍ക്കറിയുമോ? നിങ്ങളെ ജൂതന്മാര്‍ ഭീഷണിപ്പെടുത്തിയ ആ പ്രവാചകനാണിത്. അവര്‍ വിശ്വസിക്കുന്നതിന് മുമ്പ് നമുക്കിദ്ദേഹത്തെ വിശ്വസിക്കാം. അതോടെ അവരെല്ലാം വിശ്വസിച്ചു.ഇത് ഒന്നാം അഖബ എന്നാ പേരില്‍ അറിയപ്പെടുന്നു.

ബുദ്ധിമാന്മാരായ ഈ നവമുസ്ലിംകള്‍ നബി(സ)യോടു പറഞ്ഞു."ഞങ്ങളുടെ ജനത ആഭ്യന്തര യുദ്ധങ്ങളാല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിക്കുന്നവരാണ്. ഒരുപക്ഷേ, താങ്കള്‍ മുഖേന അല്ലാഹു അവരെ ഏകീകരിച്ചേക്കാം. ഞങ്ങള്‍, അവരിലേക്ക് തിരിച്ചുചെന്ന് താങ്കളുടെ കാര്യം അവരോട് സംസാരിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യാം. താങ്കള്‍ മുഖേന അവരെ അല്ലാഹു ഏകീകരിക്കുകയാണെങ്കില്‍ താങ്കളേക്കാള്‍ പ്രതാപവാനായി ആരുംതന്നെ ഉണ്ടാവില്ല.'' ഇസ്ലാമുമായി അവര്‍ യസ് രിബിലേക്ക് തിരിച്ചു.

ഇസ്റാഇന്‍റെയും മിഅറാജിന്‍റെയും സ്വാധീനം ഖുറൈശികളില്‍

ഇസ്റാഉം മിഅ’റാജും കഴിഞ്ഞു പ്രഭാതത്തിനു മുമ്പായി നബി(സ്വ) തിരിച്ചെത്തി.നേരം പുലര്‍ന്നപ്പോള്‍ വിവരം അബൂ ത്വാലിബിന്റെ മകളായ ഉമ്മു ഹാനിഇനോട് പറയുകയും താന്‍ ഈ ഇത് ജനങ്ങളോട് പറയാന്‍ പോവുകയാണ് എന്നും പറഞ്ഞു.അപ്പോള്‍ ഉമ്മു ഹാനിഉ നബിയെ തടുത്തു വെച്ച് കൊണ്ട് പറഞ്ഞു:പിതൃവ്യ പുത്രാ ,നീ ഇത് ഖുറൈശികളോട് പറയുകയാണോ?ഇത് പറഞ്ഞാല്‍ നിന്റെ സത്യ സന്ധതയില്‍ അവര്‍ സംശയിക്കും.അപ്പോള്‍ നബി(സ്വ) അവരെ തട്ടി മാറ്റി കൊണ്ട് അവിടെ നിന്ന് പുറപ്പെട്ടു.
അങ്ങിനെ ഖുറൈശി സദസ്സില്‍ ചെന്ന് വിവരം അവരോട് പറഞ്ഞു.ഇത് കേട്ട അവര്‍ ശക്തിയായി ഇതിനെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു.ഒരു മാസത്തെ വഴി ദൂരമുള്ള ബയ്ത്തുല്‍ മുഖദ്ദസില്‍ ഒറ്റ രാത്രി കൊണ്ട് എത്തി എന്നത് അവര്‍ക്ക് ഒരിക്കലും വിശ്വസിക്കാനായില്ല.ഇത് കേട്ട ചില ദുര്‍ബല വിശ്വാസികള്‍ വരെ സംശയത്തിലായി.ഖുറൈശി പ്രധാനിയായ മുത്ഇം ഇബ്നു അദിയ്യ് പറഞ്ഞു:ഈ വാര്‍ത്ത വച്ച് നോക്കുമ്പോള്‍ ഇത് വരെ നീ പറഞ്ഞതെല്ലാം വളരെ നിസ്സാരമാണ്,നീ കള്ളനാണ് എന്ന് ഈ വൃത്താന്തം തെളിയിക്കുന്നു.ബയ്തുല്‍ മുഖദ്ദസില്‍ എത്താന്‍ ഒരു മാസവും തിരിച്ചു വരാന്‍ ഒരു മാസവും വേണം എന്നിരിക്കെ നീ ഒറ്റ രാത്രി കൊണ്ട് പോയി മടങ്ങി വന്നുവെന്നോ?ലാതയും ഉസ്സയും ആണേ സത്യം ഞാന്‍ ഒരിക്കലും നിന്നെ വിശ്വസിക്കില്ല.
വിശ്വാസികളെ മടക്കി കൊണ്ട് വരാന്‍ ഇത് നല്ല ഒരു അവസരമാണ് എന്ന് മനസ്സിലാക്കിയ ഖുറൈശികളില്‍ ഒരു വിഭാഗം ഉടന്‍ അബൂ ബകര്‍ (റ)ന്‍റെ അടുത്തു ചെന്ന് ഈ വൃത്താന്തത്തെ കുറിച്ച് പറഞ്ഞു( അബൂ ബകര്‍ (റ) ഈ വിവരം നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല).ശേഷം അവര്‍ ചോദിച്ചു:ഇതിനെ കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?ഉടന്‍ അബൂ ബകര്‍ ചോദിച്ചു:മുഹമ്മദ്‌ (സ്വ) അങ്ങിനെ പറഞ്ഞോ?അവര്‍ പറഞ്ഞു:അതെ ,അപ്പൊള്‍ അബൂ ബകര്‍:അദ്ദേഹം അങ്ങിനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയാണ്.അവര്‍ ചോദിച്ചു:ഒറ്റ രാത്രി കൊണ്ട് ഇതുനടന്നു എന്നതിനെ നീ വിശ്വസിക്കുമോ?അബൂ ബകര്‍ പറഞ്ഞു:അതിലും വിദൂരമാണ് എങ്കില്‍ പോലും ഞാന്‍ വിശ്വസിക്കും.
ഇതേ സമയം തന്നെ ഖുറൈശികള്‍ നബി(സ്വ)യെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ബയ്തുല്‍ മുഖദ്ദസിന്റെ രൂപം വിവരിക്കാന്‍ ആവശ്യപ്പെട്ടു.(അവരില്‍ മുമ്പ് ബയ്തുല്‍ മുഖദ്ദസ് കണ്ട ആളുകള്‍ ഉണ്ടായിരുന്നു,നബിയാണെങ്കില്‍ മുമ്പ് അവിടെ പോയിട്ടും ഇല്ലായിരുന്നു).അപ്പോള്‍ അല്ലാഹു അത് നബി(സ്വ) മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.നബി(സ്വ) ഓരോന്നും കൃത്യമായി വിവരിച്ചു കൊടുത്ത്.പിന്നീടവര്‍ അവരുടെ കച്ചവടസംഘം എവിടെയെത്തിയെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും ചോദിച്ചു. സമയം കൃത്യമായി പറഞ്ഞതിനു പുറമെ ആദ്യം എത്തുന്ന ഒട്ടകത്തക്കുറിച്ചും പറഞ്ഞുകൊടുത്തു.സംഭവങ്ങളെല്ലാം പറഞ്ഞതുപോലെത്തന്നെ പുലര്‍ന്നു. ഒന്നും നിഷേധിക്കാനാവാത്ത അവര്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു.ഇത് മായാ ജാലം ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. എല്ലാവരും ഇതത്രയും കളവാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ സംശയലേശമന്യേ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാലാണ് അബൂബക്കര്‍(റ)വിന് 'സിദ്ദീക്വ്' എന്ന് പേരുവന്നത്.
ഈ പ്രഭാതത്തില്‍ തന്നെ ജിബ്രീല്‍ നബി(സ്വ) അടുത്തു വരുകയും നിസ്കാരാത്തിന്റെ രൂപവും സമയവും പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.ഇതിനു മുമ്പ് ഇബ്രാഹീം നബി(അ) യുടെ നിസ്കാര രീതിയാണ് നബി(സ്വ) പിന്‍തുടര്‍ന്നിരുന്നത്.

ഇസ്റാഉം മിഅ’റാജും

ഹിജ്റയുടെ മുമ്പ് അല്ലാഹു നബി(സ്വ)ക്ക് നല്‍കിയ മഹത്തായ ഒരനുഗ്രഹമായിരുന്നു ഇസ്റാഉം (മക്കയില്‍നിന്ന് ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ള നിശായാത്ര) മിഅ്റാജും.ഇതിന്‍റെ ദിവസത്തെ കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതില്‍ ഒരു പ്രബല അഭിപ്രായം പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം റജബ് ഇരുപത്തി ഏഴിനായിരുന്നു എന്നാണു.
റസൂല്‍(സ) യെ ശാരീരികമായി മക്കയിലെ മസ്ജിദുല്‍ ഹറാമില്‍നിന്ന് ജറുസലേമിലെ ബൈതുല്‍ മുക്വദ്ദസിലേക്ക് ബുറാക്വ് എന്ന വാഹനപ്പുറത്ത് ജിബ്രീലിന്റെ അകമ്പടിയോടെ കൊണ്ടുപോയി. വാഹനം പള്ളിയുടെ വാതിലില്‍ ബന്ധിച്ചശേഷം തിരുമേനി അവിടെ സന്നിഹിതരായിരുന്ന നബിമാര്‍ക്ക് ഇമാമായി നമസ്കരിച്ചു. തുടര്‍ന്ന് അന്നുരാത്രിതന്നെ ജിബ്രീല്‍ നബിയെ ഒന്നാനാകാശത്തേക്ക് കൊണ്ടുപോയി. ആകാശകവാടം തുറക്കാന്‍ ജിബ്രീല്‍ ആവശ്യപ്പെട്ടപ്പോള്‍ തുറക്കുകയും അവിടെ മനുഷ്യപിതാവ് ആദമിനെ കാണുകയും സലാം പറയുകയും സലാം മടക്കുകയും ചെയ്തു. തന്‍റെ വലതുഭാഗത്ത് രക്തസാക്ഷികളുടെ ആത്മാക്കളും ഇടതുഭാഗത്ത് ദൌര്‍ഭാഗ്യവാന്മാരുടെ ആത്മാക്കളും കാണുകയുണ്ടായി.തുടര്‍ന്ന് രണ്ടാനാകാശത്തേക്ക് കൊണ്ടുപോയി. അവിടെ യഹ് യ , ഈസാ(അ) എന്നിവരെ കണ്ടു സലാം പറയുകയും മടക്കുകയും അവര്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് മൂന്നാനാകാശത്തേക്ക് കൊണ്ടുപോയി അവിടെ യൂസുഫ്(അ)യെ കണ്ടു മേല്‍പ്പറഞ്ഞതെല്ലാം ഇവിടേയുമുണ്ടായി. തുടര്‍ന്ന് നാലാനാകാശത്ത് ഇദ് രീസ് (അ)യെയും പിന്നീട് അഞ്ചാനാകാശത്ത് ഹാറൂന്‍ (അ)യേയും തുടര്‍ന്ന് ആറാനാകാശത്ത് മൂസാ (അ)യെയും കണ്ടു. മേല്‍പറഞ്ഞതുപോലെ ഇവിടങ്ങളിലെല്ലാമുണ്ടായി. അവിടെനിന്ന് മുന്നോട്ടുപോകുമ്പോള്‍ മൂസാ(അ) കരയുന്നതായി കണ്ടു. എന്താണ് കരയുന്നതെന്നന്വേഷിച്ചപ്പോള്‍ ഒരു പ്രവാചകന്റെ അനുയായികള്‍ എന്റെ അനുയായികളേക്കാള്‍ കൂടുതലായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നു. (മുഹമ്മദ് നബി(സ)യെയാണ് ഇവിടെ ഉദ്ദേശിച്ചത്). തുടര്‍ന്ന് ഏഴാനാകാശത്ത് ചെന്നപ്പോള്‍ ഇബ്റാഹീം നബി(അ)യെ കണ്ടു. സലാം പറയുകയും മടക്കുകയും ഇബ്റാഹീം നബി(അ) നബി (സ)യുടെ പ്രവാചകത്വം അംഗീകരിക്കുകയും ചെയ്തു. പിന്നീട് സിദ്റത്തുല്‍ മുന്‍തഹാ (അറ്റത്തുള്ള ഇലന്തമരം)യിലേക്കും അവിടെനിന്ന് 'ബൈത്തുല്‍ മഅ്മൂറി' (ജനനിബിഡമായ വീട്)ലേക്കും പോയി .ദിവസവും എഴുപതിനായിരം മലക്കുകള്‍ ബൈത്തുല്‍ മഅ്മൂറില്‍ പ്രവേശിക്കുന്നു. പിന്നീട് അന്ത്യനാള്‍വരെ അവര്‍ മടങ്ങിവരികയില്ല. പിന്നീട് അത്യുന്നതനും പ്രതാപിയുമായ അല്ലാഹുവിന്‍റെ അടുക്കലേക്ക് കയറിപ്പോയി. അങ്ങനെ രണ്ടു വില്ലുകളുടെ അകലത്തിലോ അതിനേക്കാള്‍ അടുത്തോ ആയി സമീപിച്ചു. അവിടെവെച്ച് അല്ലാഹു തന്റെ ദാസന് ചിലതെല്ലാം ബോധനം നല്കി. അമ്പത് സമയത്തെ നമസ്കാരം നിര്‍ബന്ധമാക്കി. അതുമായി മൂസാ(അ)യുടെ അരികിലേക്ക് മടങ്ങുമ്പോള്‍ അദ്ദേഹം ചോദിച്ചു. 'എന്തു കല്പനയാണുള്ളത്' അമ്പത് സമയത്തെ നമസ്കാരം.' നബി(സ) പറഞ്ഞു. മൂസാ(അ) പറഞ്ഞു: താങ്കളുടെ സമുദായത്തിന് അത് നിര്‍വഹിക്കാന്‍ കഴിയില്ല. താങ്കളുടെ നാഥന്റെ അടുക്കലേക്ക് തന്നെ മടങ്ങി ലഘൂകരിക്കാന്‍ ആവശ്യപ്പെടുക.'' ഉടനെ ജിബ്രീലുമായി കൂടിയാലോചിച്ച് അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെ മടങ്ങി. അപ്പോള്‍ പത്ത് സമയത്തേക്ക് ലഘൂകരിച്ചുകിട്ടി. വീണ്ടും മൂസാ(അ)യുടെ അടുക്കലെത്തിയപ്പോള്‍ തിരിച്ചുചെന്ന് ലഘൂകരണമാവശ്യപ്പെടാന്‍ ഉപദേശിച്ചു. ഇങ്ങനെ പലതവണ ആവര്‍ത്തിച്ചു. അവസാനം അഞ്ചു സമയമായി ചുരുക്കിക്കിട്ടി. വീണ്ടും മൂസാ(അ) ഉപദേശിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇനിയും ചോദിക്കാന്‍ എനിക്ക് ലജ്ജയാകുന്നു. പക്ഷെ, ഞാന്‍ തൃപ്തിപ്പെടുകയും സമ്മതിക്കുകയും ചെയ്യുന്നു. നബി(സ) അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരശരീരി മുഴങ്ങി: എന്റെ കല്പന പ്രാബല്യത്തില്‍ വന്നിരിക്കുന്നു. എന്റെ ദാസന്മാര്‍ക്ക് ഞാന്‍ ലഘൂകരണം നല്കുകയും ചെയ്തിരിക്കുന്നു.''
ഈ യാത്രയില്‍ മറ്റനേകം കാര്യങ്ങളും അദ്ദേഹം കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുമ്പില്‍ പാലും മദ്യവും പ്രദര്‍ശിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പാല്‍ തെരഞ്ഞെടുത്തു. ഉടനെ താങ്കള്‍ പ്രകൃതി തെരഞ്ഞെടുത്തു. മദ്യമായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കില്‍ താങ്കളുടെ സമുദായത്തെ താങ്കള്‍ പിഴപ്പിച്ചതുതന്നെയെന്ന് പറയുകയുണ്ടായി. സിദ്റത്തുല്‍ മുന്‍തഹായുടെ കീഴില്‍ നിന്ന് ഉത്ഭവിക്കുന്ന നാല് അരുവികള്‍ കണ്ടു. രണ്ടെണ്ണം പ്രത്യക്ഷമായതും രണ്ടെണ്ണം ആന്തരികമായതും. പ്രത്യക്ഷമായത് യൂഫ്രട്ടീസും ടൈഗ്രീസുമാണ്. ഇതിന്റെ ഉദ്ദേശ്യം, തന്റെ സന്ദേശം യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും ഫലഭൂയിഷ്ടമായ തീരങ്ങളില്‍ പച്ചപിടിക്കുമെന്നും അന്നാട്ടുകാര്‍ തലമുറകളിലൂടെ ഇതിന്റെ വാഹകരായിരിക്കുമെന്നും സൂചനയായിരിക്കാം. ആന്തരികമായത് സ്വര്‍ഗത്തിലെ രണ്ടു നദികളാണ്. സ്വര്‍ഗവും നരകവും, നരകത്തിന്റെ പാറാവുകാരന്‍ മാലിക് എന്ന മലക്കിനേയും കാണുകയുണ്ടായി. അദ്ദേഹത്തിന്റെ മുഖം ഒട്ടും പുഞ്ചിരിയില്ലാത്ത പരുഷഭാവമായിരുന്നു.

ദൌസ് ഇസ്ലാമിലേക്ക്

ത്വുഫൈല്‍ബിന്‍ അംറ് അദ്ദൌസി മാന്യനായ ഒരു മനുഷ്യനും ബുദ്ധിമാനായ ഒരു കവിയും ദൌസ് ഗോത്രത്തിലെ നേതാവുമായിരുന്നു. അറേബ്യയുടെ തെക്ക് യമനിന്റെ ചില ഭാഗങ്ങളില്‍ ഇവര്‍ ഭാഗികമായ അധികാരം വാണിരുന്നു. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം ഇദ്ദേഹം മക്ക സന്ദര്‍ശിച്ചു. ഇതിനോടനുബന്ധിച്ച് മക്കക്കാര്‍ വലിയ സ്വീകരണപരിപാടികള്‍ ഏര്‍പ്പെടുത്തി അദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹം മക്കയില്‍ പ്രവേശിച്ച ഉടനെ ക്വുറൈശികള്‍ നബിയെക്കുറിച്ച് പരിചയപ്പെടുത്തി. അവന്റെ വാക്കുകള്‍ ശ്രവിക്കുകയോ അവനുമായി സംസാരിക്കുകയോ അരുത് കാരണം അവന്‍ സമുദായത്തില്‍ അനൈക്യവും ഛിദ്രതയുമുണ്ടാക്കുന്ന, ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുന്ന മാരണക്കാരനാണ്. ഇത് കാരണം തുഫൈല്‍ ചെവിയില്‍ പരുത്തിയും തിരുകിയാണ് പള്ളിയില്‍ പ്രവേശിച്ചത്. ആ സമയം നബി(സ) പള്ളിയില്‍ നമസ്കരിക്കുന്നുണ്ട്. അദ്ദേഹം അതിനടുത്തുനിന്നു. അങ്ങനെ അദ്ദേഹത്തിന്റെ ക്വുര്‍ആന്‍ പാരായണം അല്പം കേട്ടപ്പോള്‍ ആകര്‍ഷകമായിതോന്നി. കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹവും ജനിച്ചു. ശരിയാണെങ്കില്‍ സ്വീകരിക്കാനും കൊള്ളരുതാത്തതാണെങ്കില്‍ തിരസ്കരിക്കാനുള്ള ബുദ്ധിയും വിവേകവും തനിക്കുണ്ടല്ലോ എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നബി തിരുമേനി(സ)യുടെ കൂടെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി, ക്വുറൈശികള്‍ പറഞ്ഞതെല്ലാം നബി(സ)യോട് പറഞ്ഞു. നബി(സ) ഇസ്ലാം പരിചയപ്പെടുത്തുകയും ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞു. അല്ലാഹുവാണേ ഇതിനേക്കാള്‍ ശ്രേഷ്ഠവും നീതിപൂര്‍വകവുമായ ഒന്നും ഞാന്‍ കേട്ടിട്ടേയില്ല. അവിടെവെച്ചുതന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്നദ്ദേഹം നബി(സ)യോട് പറഞ്ഞു: 'ഞാന്‍ എന്റെ ജനതയുടെ നേതാവാണ് ഞാന്‍ പറഞ്ഞാല്‍ അവര്‍ അനുസരിക്കും. ഞാന്‍ നാട്ടിലേക്ക് മടങ്ങി അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കും. അതിനാല്‍ അവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഒരു ദൃഷ്ടാന്തത്തിന് അങ്ങ് അല്ലാഹുവോടു പ്രാര്‍ഥിക്കണം. റസൂല്‍(സ) പ്രാര്‍ഥിച്ചു. അദ്ദേഹം തന്റെ സമൂഹത്തില്‍ മടങ്ങിയെത്തിയപ്പോള്‍ തന്റെ മുഖത്ത് ഒരു പ്രത്യേക പ്രകാശം ജ്വലിച്ചുനിന്നു. പിന്നീടത് അദ്ദേഹത്തിന്റെ ചാട്ടവാറിലേക്കും നീങ്ങി. തന്റെ പിതാവും ഭാര്യയും ഇസ്ലാം ആശ്ളേഷിച്ചെങ്കിലും സമുദായം വിസമ്മതിക്കുകയാണുണ്ടായത്. പക്ഷെ, അദ്ദേഹം ഖന്‍ദഖ് യുദ്ധാനന്തരം എഴുപതോ എണ്‍പതോ കുടുംബങ്ങളോടുകൂടി മദീനയിലേക്ക് പലായനം ചെയ്തു. ഇസ്ലാമിനുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച ഇദ്ദേഹം യമാമ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചു.

സഹായം തേടി ത്വാഇഫിലേക്ക്

അബൂ ത്വാലിബിന്റെ മരണ ശേഷം ശത്രുക്കളുടെ പീഡനം വര്‍ധിച്ചപ്പോള്‍ പ്രബോധന സഹായം തേടി കൊണ്ട് മക്കയുടെ അടുത്ത നാടായ ത്വാഇഫിലെ സഖീഫ് ഗോത്രക്കാരെ സമീപിക്കാന്‍ നബി(സ്വ)തീരുമാനിച്ചു.ഹാഷിം ഇബ്നു അബ്ദു മനാഫിന്റെ ഉമ്മ ആത്വിഖയുടെ കുടുംബമായ ബനൂ സലിം സഖീഫിന്റെ സഖ്യക്കാര്‍ ആയിരുന്നതിനാല്‍ അവരില്‍ നിന്ന് സഹായം നബി(സ്വ)പ്രതീക്ഷിച്ചു.അങ്ങിനെ സൈദ്‌ ഇബ്നു ഹാരിസയുടെ കൂടെ ത്വാഇഫിലേക്ക് പോയി.അവിടെ എത്തി അംര്‍ ബിന്‍ ഉമൈര്‍ സഖഫിയുടെ മക്കളായ അബ്ദു യാലീല്‍ ,മാസ്ഊദ്,ഹബീബ് എന്നിവരെ കണ്ടു മുട്ടി.അവരോട് കാര്യങ്ങള്‍ സംസാരിച്ചു.തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു.പക്ഷെ അവര്‍ നബി(സ്വ)യെ പരിഹസിക്കുകയും അഭ്യാര്‍തന നിരസിക്കുകയും ചെയ്തു.അപ്പോള്‍ നബി(സ്വ) ഈ കാര്യം രഹസ്യമാക്കണം എന്ന് ആവശ്യപ്പെട്ടു.(കാരണം തന്‍റെ നാട്ടുകാര്‍ക്കെതിരെ സഹായം തേടിയത് അവര്‍ അറിഞ്ഞാല്‍ അത് വലിയ പ്രശ്നമാകും).എന്നാല്‍ അതും അവര്‍ നിരസിക്കുകയും മറ്റുള്ളവരെ കൂടെ വിവരമറിയിക്കുകയും ചെയ്തു.ഇതോടെ അവര്‍ അവരിലെ ചെറിയ കുട്ടികളെയും വിഡ്ഢികളെയും നബിക്കെതിരില്‍ തിരിച്ചു വിട്ടു.അവര്‍ നബി(സ്വ)യെയും സൈദിനെയും കല്ലെറിഞ്ഞു ഓടിച്ചു.കല്ലേറ് കാരണം നബിയുടെ ശരീരത്തില്‍ നിന്ന് രക്തം പൊടിഞ്ഞു.അവസാനം ക്ഷീണിതരായി അവര്‍ രണ്ടു പേരും കൂടെ ഒരു മരത്തിന്റെ തണലില്‍ ചെന്നിരുന്നു.അത് റബീഅയുടെ മക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും തോട്ടത്തിന്റെ അടുത്തായിരുന്നു.അവിടെ നിന്ന് നബി(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

റബീ അയുടെ മക്കള്‍ നബി(സ്വ)യെ കണ്ടപ്പോള്‍ അവര്‍ക്ക് അലിവു തോന്നി.അവര്‍ ഒരു പിടി മുന്തിരി എടുത്തു അവരുടെ അടിമയായ അദ്ദാസിനോട്‌ നബി(സ്വ)ക്ക് കൊണ്ട് പോയി കൊടുക്കാന്‍ പറഞ്ഞു.അദ്ദാസ് അത് നബി(സ്വ)ക്ക് കൊണ്ട് പോയി കൊടുത്തു.അത് ഭക്ഷിക്കുമ്പോള്‍ നബി(സ്വ):ബിസ്മില്ലാഹി (അല്ലാവിന്റെ നാമത്തില്‍) എന്ന് ചൊല്ലിയത് കേട്ട അദ്ദാസ് പറഞ്ഞു:ഇത് ഈ നാട്ടുകാര്‍ പറയുന്ന വാക്കല്ല.
അപ്പോള്‍ നബി(സ്വ):നീ ഏതു നാട്ടുകാരന്‍ ആണ്?
അദ്ദാസ്:ഞാന്‍ നിനെവയില്‍ നിന്നുള്ള നസ്രാണി ആണ്.
നബി(സ്വ):സച്ചരിതനായ യൂനുസിന്‍റെ നാട്ടുകാരന്‍ അല്ലെ?
അദ്ദാസ്:യൂനുസിനെ നിങ്ങള്‍ക്ക് എങ്ങിനെ അറിയാം?
നബി(സ്വ): യൂനുസ് പ്രവാചകന്‍ ആയിരുന്നു,ഞാനും പ്രവാചകന്‍ ആണ്.ശേഷം ഖുര്‍ആനിലെ യൂനുസ് ചരിത്രം ഓതി കേള്‍പിച്ചു.
ഇത് കേട്ട അദ്ദാസ് നബിയുടെ തലയിലും കൈകാലിലും ചുംബിച്ചു,ശേഷം മുസ്ലിമായി.ഇത് കണ്ട റബീ അയുടെ മക്കള്‍ക്ക്‌ ദേഷ്യം വന്നു.അദ്ദാസ് തിരിച്ചു വന്നപ്പോള്‍ അവര്‍ ചോദിച്ചു:നീ എന്തിനാണ് അയാളെ ചുംബിച്ചത്?അദ്ദാസ് പറഞ്ഞു:ഭൂമുഖത്ത് അദ്ദേഹത്തോളം നല്ല മനുഷ്യന്‍ വേറെ ഇല്ല,പ്രവാചകര്‍ക്ക്‌ മാത്രം അറിയാവുന്ന കാര്യമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.

ഈ സമയം തന്നെ ജിബ് രീല്‍ നബി(സ്വ) യുടെ അടുത്തു വന്നു പറഞ്ഞു:ഈ ജനത താങ്കളോട് ചെയ്‌ത അക്രമത്തിനു താങ്കള്‍ പറയുന്ന പോലെ ചെയ്യാന്‍ അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നു.ഉടന്‍ നബി(സ്വ)അല്ലാഹുവേ എന്റെ ജനതയ്ക്ക് നീ സന്മാര്‍ഗ്ഗം നല്‍കണേ ,അവര്‍ അറിവില്ലാത്തവര്‍ ആണ്.

ശേഷം അവിടെ നിന്ന് നബി(സ്വ) മടങ്ങി.മടക്ക മദ്ധ്യേ ബത്നു നഖ് ല യില്‍ വെച്ച് നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ കേട്ട ഒരു സംഘം ജിന്നുകള്‍(ഏഴു പേര്‍ ആണെന്ന് പറയപ്പെടുന്നു) അത് ശ്രദ്ധിച്ചു.അത് കേട്ടപ്പോള്‍ ഇത് സത്യമാണെന്ന് മനസ്സിലായി അവര്‍ ഇസ്ലാം സ്വീകരിച്ചു.നമ്മുടെ ദൃ‌ഷ്ടികള്‍ ക്ക് ഗോചരമല്ലാത്ത തീ കൊണ്ട് സൃ‌ഷ്ടിക്കപ്പെട്ട ഒരു തരം ജീവികളാണ് ജിന്നുകള്‍ .(ഗോചരമല്ലെന്ന് പറഞ്ഞത് അവരുടെ ശരിയായ രൂപത്തില്‍ കാണാനാവില്ലെന്നാണ്. അതേസമയം മറ്റു പലതായും അവര്‍ രൂപാന്തരപ്പെടുകയും അപ്പോള്‍ നമുക്ക് കാണന്‍ സാധിക്കുകയും ചെയ്യും. സക്കാത്തിന്റെ ധനം കളവ് നടത്തി കാവല്‍ ക്കാരനായ അബൂഹുറൈറ”(റ)നെ പറ്റിക്കാന്‍ മനുഷ്യ കോലത്തില്‍ വന്ന ഇബ് ലീസിന്റെ കഥ ഹദിസു ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുണ്ടല്ലോ).
ശേഷം മക്കയില്‍ പ്രവേശിക്കാന്‍ നബി(സ്വ)ക്ക് .പേടിയായി.കാരണം മക്കക്കാര്‍ക്കെതിരെ സഹായം തേടാന്‍ വേണ്ടിയാണല്ലോ നബി(സ്വ)പോയത്.അത് കൊണ്ട് തന്നെ ഒരാളുടെ സംരക്ഷണയില്‍ ആയെ അവിടെ ചെല്ലാന്‍ പറ്റൂ എന്ന് മനസ്സിലാക്കി അഖ്നസ് ബിന്‍ ശരീഖിന്റെ അടുത്തേക്ക് വഴിയില്‍ വെച്ച് കണ്ടു മുട്ടിയ ഒരാളെ വിട്ടു.അഖ്നസ് വിസമ്മതിച്ചപ്പോള്‍ സുഹൈല്‍ ബിന്‍ അംറിന്റെ അടുത്തേക്ക് ആളെ വിട്ടു.അദ്ദേഹവും വിസമ്മതിച്ചപ്പോള്‍ മുത്ഇം ബിന്‍ അദിയ്യിന്റെ അടുത്തേക്ക് ആളെ വിട്ടു.അദ്ദേഹം സമ്മതിക്കുകയും ചെയ്തു.അത് പ്രകാരം മുത് ഇമും തന്‍റെ മക്കളും സഹോദരന്റെ മക്കളും ആയുധ ധാരികളായി നാബിയെയും കൊണ്ട് കഅബയില്‍ ചെന്ന്.അപ്പോള്‍ അബൂ ജഹ്ല്‍ ചോദിച്ചു:നീ അവനെ പിന്‍ പറ്റിയവണോ അഭയം നല്‍കിയവനൊ?മുത്ഇം:ഇല്ല ,അഭയം മാത്രം.അബൂ ജഹ് ല്‍ :എന്നാല്‍ പ്രശ്നമില്ല.

സൌദ (റ),ആയിഷ (റ)എന്നിവരുമായുള്ള വിവാഹം

സംഅ ബിന്‍ ഖൈസിന്റെ മകള്‍ സൌദയും അവരുടെ ഭര്‍ത്താവ് സക് റാന്‍ ഇബ്നു അംറും ആദ്യകാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ചവര്‍ ആണ്.രണ്ടാമത് അബ്സീനിയയിലെക്കുള്ള പലായനത്തില്‍ ഇവരും ഉണ്ടായിരുന്നു.അബ്സീനിയയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ (തിരിച്ചു വരുന്ന സമയത്താണ് എന്നും അഭിപ്രായം ഉണ്ട്) ഭര്‍ത്താവ് സക് റാന്‍ മരണപ്പെട്ടു.അതോടെ 55 വയസ്സുള്ള വിധവയായ സൌദ തീര്‍ത്തും ഒറ്റപ്പെട്ട പോലെയായി.കാരണം അവരുടെ പിതാവും സഹോദരനും അവിശ്വാസികള്‍ ആയിരുന്നു.
ഇതേ സമയം തെന്നെ നബി(സ്വ) തന്‍റെ പിതൃവ്യനും സഹ ധര്‍മ്മിണിയും മരണപ്പെട്ടത്തിന്റെ ദുഖത്തിലും ആയിരുന്നു.വീട്ടുകാര്യങ്ങള്‍ നോക്കാനും മക്കളെ പരിപാലിക്കാനും നബി(സ്വ)ബുദ്ധിമുട്ടുന്നത് അനുയായികളെ പ്രയാസത്തിലാക്കി.അവര്‍ മറ്റൊരു വിവാഹത്തിനു നബിയെ പ്രേരിപ്പിക്കാന്‍ ഉസ്മാന് ഇബ്നു മള്ഊനിനറെ ഭാര്യ ഖൌല ബിന്‍ത് ഹകീമിനെ നബിയുടെ അടുത്തേക്ക്‌ അയച്ചു.അവര്‍ ചെന്ന് നബിയോട് സംസാരിച്ചു.
അപ്പോള്‍ നബി(സ്വ)ചോദിച്ചു:ആരെയാണ് നീ ഉദ്ദേശിക്കുന്നത്.
ഖൌല:കന്യകയും കന്യകയല്ലാത്തവളും ഉണ്ട്.
നബി(സ്വ)ചോദിച്ചു:ആരാണത്?
ഖൌല:കന്യക അബൂ ബകറിന്റെ മകള്‍ ആയിഷയും കന്യകയല്ലാത്തവള്‍ സൌദയും.
അപ്പോള്‍ നബി(സ്വ):എന്നാല്‍ രണ്ടും അന്വേഷിച്ചോളൂ.
അങ്ങിനെ ഖൌല സൌദയുടെ അടുത്ത് ചെല്ലുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.അവള്‍ക്കു അത് സന്തോഷമായി ,തന്‍റെ പിതാവിനോട് കൂടെ അന്വേഷിക്കാന്‍ പറഞ്ഞു.അത് പ്രകാരം ഖൌല സൌദയുടെ പിതാവിന്റെ അടുത്തു ചെന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു.അങ്ങിനെ നബി(സ്വ)യും സൌദ (റ)യും തമ്മിലുള്ള വിവാഹം നടന്നു.
കാണാന്‍ ഭംഗിയില്ലാത്ത,55 വയസ്സുള്ള വിധവയായ സൌദയെ സൌന്ദര്യത്തിന്റെ നിറകുടമായ നബി(സ്വ)വിവാഹം ചെയ്തത് ശത്രുക്കളെ ഞെട്ടിച്ചു.ഇസ്ലാം മതം സ്ത്രീക്ക് പ്രത്യാകിച്ചു വിധവയ്ക്ക് നല്‍കുന്ന ഉന്നത സ്ഥാനം അവരില്‍ പലരെയും ചിന്തിപ്പിച്ചു.ഇത് തീര്‍ത്തും മനുഷ്യത്വ പരമായ ഒരു കാല്‍ വെപ്പായി അവരെല്ലാം കണക്കാക്കി.
സൌദ വളരെ ധര്‍മിഷ്ടയായ സ്ത്രീയായിരുന്നു.ഊഴമനുസരിച്ച് നബി(സ്വ) യെ തനിക്ക് കിട്ടുന്ന ദിവസം പോലും ചെറുപ്പക്കാരിയായ ആയിഷക്കു വേണ്ടി മാറ്റി വെച്ച് കൊടുത്തിരുന്നു.ഉമര്‍(റ)വിന്റെ ഭരണകാലത്തിന്റെ അവസാനം ആണ് ഇവര്‍ മരണപ്പെട്ടത്.

ഖൌല സൌദയുടെ ആലോചനയുടെ കൂടെ തന്നെ ആയിഷയുടെ ഉമ്മയായ ഉമ്മു റൂമാനേ കണ്ടു നബി(സ്വ)യുമായി ആയിഷയെ വിവാഹം ചെയ്യുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.അന്ന് ആയിഷക്കു ഏഴു വയസ്സ് പ്രായമായിരുന്നു(ആറ് വയസ്സ് ആണ് എന്നും അഭിപ്രായമുണ്ട്) .അതിനു മുമ്പ് ആയിഷയെ ജുബൈര്‍ ഇബ്നു മുത്ഇമുമായി വിവാഹം ആലോചിച്ചിരുന്നു.നബി(സ്വ) യുമായുള്ള ആലോചന കേട്ട മാതാവ് വളരെ സന്തോഷിച്ചു,അബൂ ബകര്‍ വരുന്ന വരേക്കു കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.ശേഷം അബൂ ബകര്‍ വരുകയും അദ്ദേഹത്തിനു ഇത് വളരെ ഇഷ്ടപ്പെടുകയും നബി(സ്വ)യുമായി വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.എന്നാല്‍ ആയിഷയുമായി നബി(സ്വ) ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മദീനയില്‍ ഹിജ്റ പോയ ശേഷമാണ്.അന്ന് ആയിഷക്കു ഒമ്പത് വയസ്സായിരുന്നു.

ദുഃഖവര്‍ഷം

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം രണ്ടു ദുഃഖ സംഭവങ്ങള്‍ ആണ് ഉണ്ടായത്.അബൂത്വാലിബിന്റെയും ഖദീജ (റ)യുടെയും മരണമായിരുന്നു അത്.
ഉപരോധത്തില്‍ നിന്ന് മടങ്ങി വന്ന ശേഷം അബൂ ത്വാലിബ്‌ ക്ഷീണിതനും രോഗിയും ആയി.പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം രോഗം കഠിനമായി അദ്ദേഹം മരണപ്പെട്ടു.മരണാസന്നനായ അബൂ ത്വാലിബിനെ നബി (സ്വ) സന്ദര്‍ശിച്ചു പറഞ്ഞു:'പിതൃവ്യാ അങ്ങ് ലാ ഇലാഹ ഇല്ലല്ലാഹ് മൊഴിയൂ. ആ പദമുപയോഗിച്ച് ഞാന്‍ അല്ലാഹുവില്‍ താങ്കള്‍ക്ക് വേണ്ടി വാദിക്കാം.' അപ്പോള്‍ അവിടെയുണ്ടായിരുന്ന അബൂജഹലും അബ്ദുല്ലാബിന്‍ അബീഉമയ്യയും കൂടി പറഞ്ഞു: 'അബൂത്വാലിബ്! താങ്കള്‍ അബ്ദുല്‍ മുത്വലിബിന്‍റെ മതത്തില്‍നിന്ന് വ്യതിചലിക്കുകയാണോ? അവരദ്ദേഹത്തോട് സംസാരിച്ചുകൊണ്ടേയിരുന്നു. അവസാനം, 'അബ്ദുല്‍ മുത്വലിബിന്റെ മതത്തില്‍ എന്ന് മൊഴിഞ്ഞു മരിക്കുകയും ചെയ്തു. നബി(സ) പറഞ്ഞു: അല്ലാഹു നിരോധിക്കാത്ത കാലം വരെ താങ്കള്‍ക്ക് വേണ്ടി ഞാന്‍ അല്ലാഹുവോട് പാപമോചനം നടത്തുക തന്നെ ചെയ്യും. അപ്പോള്‍ അത് നിരോധിച്ചുകൊണ്ട് ആയത്തവതരിച്ചു:
"ബഹുദൈവവിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് തങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞശേഷം അവര്‍ക്ക് വേണ്ടി പാപമോചനം തേടുവാന്‍- അവര്‍ അടുത്ത ബന്ധുക്കളായാല്‍പോലും- പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല.'' (9:113) വീണ്ടും അവതരിച്ചു: "നിശ്ചയം നിനക്കിഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല.....'' (28:56)
അബൂത്വാലിബ് നബി(സ)ക്ക് നല്കിയ സംരക്ഷണവും പ്രതിരോധവും വിശദീകരിക്കേണ്ട ആവശ്യമില്ല. ഭോഷന്മാരുടേയും അഹങ്കാരികളുടെയും കയ്യേറ്റത്തില്‍ നിന്ന് ഇസ്ലാമിക പ്രബോധനത്തെ കോട്ടകണക്കെ അദ്ദേഹം സംരക്ഷിച്ചു. പക്ഷെ, അദ്ദേഹമപ്പോഴും പിതാക്കളുടെ മതത്തില്‍ തന്നെ അവശേഷിച്ചു.അത് നബി(സ്വ)യെ വളരെ ദുഖിപ്പിച്ച ഒരു കാര്യമായിരുന്നു.അബ്ബാസുബ്നു അബ്ദുല്‍ മുത്വലിബ് നബി(സ)യോട് ചോദിച്ചു. താങ്കളുടെ പിതൃവ്യന് താങ്കള്‍ക്കൊന്നും ഉപകരിക്കാനാവില്ലെ? അദ്ദേഹം താങ്കളെ സംരക്ഷിക്കുകയും താങ്കള്‍ക്ക് വേണ്ടി കോപിക്കുകയും ചെയ്തിട്ടില്ലേ. നബി(സ) പറഞ്ഞു: 'അദ്ദേഹം നരകാഗ്നിയിലെ ആഴം കുറഞ്ഞ സ്ഥലത്തായിരിക്കും. ഞാനില്ലായിരുന്നുവെങ്കില്‍ നരകത്തിന്റെ അടിത്തട്ടിലാകുമായിരുന്നു.'
ഇതേ വര്‍ഷം തെന്നയാണ് നബിയുടെ താങ്ങും തണലും ആയിരുന്ന സഹ ധര്‍മ്മിണി ഖദീജ (റ) വേര്‍പാട്.ഇത് അബൂത്വാലിബിന്‍റെ മരണത്തിനു മൂന്നു മാസം ശേഷമാണ് എന്നും മൂന്നു ദിവസം ശേഷമാണ് എന്നും അഭിപ്രായമുണ്ട് .അന്ന് ഖദീജ(റ)ക്ക് 65 വയസ്സ് പ്രായമായിരുന്നു.
റസൂല്‍(സ)ക്ക് ലഭിച്ച അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹങ്ങളില്‍ ഒന്നാണ് ഖദീജ, കാല്‍നൂറ്റാണ്ട് കാലം നബിയോടൊന്നിച്ചുകഴിച്ചു കൂട്ടി. പ്രതിസന്ധികളിലും പ്രയാസങ്ങളിലും പ്രവാചകന് ശക്തി പകരുകയും പ്രബോധനരംഗത്തും കടുത്ത ധര്‍മസമരരംഗങ്ങളിലും പങ്കുചേരുകയും തന്റെ സമ്പത്തുകൊണ്ടും ശരീരം കൊണ്ടും സഹായിക്കുകയും ചെയ്ത മഹനീയ മഹിള. റസൂല്‍(സ) പറയുന്നു. "ജനങ്ങളെന്നെ അവിശ്വസിച്ചപ്പോള്‍ അവളെന്നെ വിശ്വസിച്ചു. കള്ളവാദിയെന്നാരോപിച്ചപ്പോള്‍ അവളെന്നെ സത്യവാനായംഗീകരിച്ചു. അവളുടെ സമ്പത്തില്‍ അവളെന്നെ പങ്കുചേര്‍ത്തു, ജനങ്ങള്‍ അതെനിക്ക് തടഞ്ഞപ്പോള്‍. അവളില്‍ അല്ലാഹു എനിക്ക് സന്തതികളെ നല്കി, മറ്റുള്ളവരില്‍ അത് തടഞ്ഞപ്പോള്‍.....'
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ജിബ്രീല്‍ നബി(സ)യുടെ അടുക്കല്‍ വന്നുപറഞ്ഞു: ദൈവദൂതരേ! ഇതാ ഖദീജ, അവള്‍ ഒരു പാത്രത്തില്‍ അന്നപാനങ്ങളുമായി വരുന്നു. അവള്‍ താങ്കളുടെ അരികെയെത്തിയാല്‍ റബ്ബിന്‍റെ സലാം അവളെ അറിയിക്കുക. സ്വര്‍ഗത്തില്‍ ബഹളമോ വിഷമമോ ഇല്ലാത്ത മുത്താല്‍ നിര്‍മ്മിതമായ ഒരു ഭവനവും അവള്‍ക്ക് ലഭിക്കുമെന്ന് സുവിശേഷവുമറിയിക്കുക.'
നബി(സ്വ)ക്ക് ഇബ്രാഹീം ഒഴികെ എല്ലാം സന്താങ്ങളും ഉണ്ടായത് ഖദീജ(റ)യില്‍ ആണ്.രണ്ടു ആണ്‍ കുട്ടികളും നാല് പെണ്‍ കുട്ടികളും ആണ് ഖദീജ (റ)യില്‍ നബി(സ്വ)ക്കുണ്ടായതു.ആണ്‍ കുട്ടികളായ ഖാസിം ,അബ്ദുള്ള എന്നിവര്‍ ചെറുപ്പത്തിലെ മരണപ്പെട്ടു.ഇവരും മാതാവ് ഖദീജ(റ)യും മക്കയില്‍ ആണ് അന്ത്യ വിശ്രമം കൊള്ളുന്നത്‌.പെണ്‍ കുട്ടികള്‍ സൈനബ്,റുഖയ്യ ,ഉമ്മു കുല്സൂം,ഫാത്വിമ എന്നിവര്‍ ആയിരുന്നു.സൈനബിനെ അബുല്‍ ആസ് റബീഹ് ആണ് വിവാഹം ചെയ്തത്.റുഖയ്യയെ ഉസ്മാന് ഇബ്നു അഫ്ഫാന്‍ (റ) വിവാഹം ചെയ്തു,റുഖയ്യ മരണപ്പെട്ടപ്പോള്‍ ഉമ്മു കുല്സൂമിനെ വിവാഹം ചെയ്തു.ഫാത്വിമയെ അലി(റ)ആണ് വിവാഹം ചെയ്തത്.

ഊരു വിലക്കും പീഢനവും(ഭാഗം-2)

ഉപരോധം കാരണം ശിഅ്ബ് അബൂത്വാലിബില്‍ ആയിരുന്ന ഹാഷിം ,മുത്വലിബ് കുടുംബങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും മറ്റുള്ളവര്‍ വിഛേദിച്ചു. മക്കയിലെത്തുന്ന ഭക്ഷ്യവസ്തുക്കളും കച്ചവടസാധനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതിന് മുമ്പെ മുശ്രിക്കുകള്‍ നേരത്തെ ചെന്ന് കയ്യടക്കി. കഷ്ടപ്പാട് അതികഠിനമായപ്പോള്‍ അവര്‍ പച്ചിലകളും തോലും ഭക്ഷിക്കാന്‍ തുടങ്ങി. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരയാന്‍ തുടങ്ങി. അവരുടെ ദീനരോദനം താഴ്വരയെ ശബ്ദമുഖരിതമാക്കി. വളരെ രഹസ്യമായി എത്തുന്ന സാധനങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലല്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ പുറത്തിറങ്ങിയില്ല. മക്കയ്ക്ക് പുറത്തുനിന്ന് വിപണിയിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരില്‍നിന്ന് ഇവര്‍ അവശ്യസാധനങ്ങള്‍ വാങ്ങി. പക്ഷെ, മക്കക്കാര്‍ വിലവര്‍ധിപ്പിക്കുക കാരണം അതു വാങ്ങാന്‍ കഴിയാതായി. ഒരിക്കല്‍, ഹകീമുബ്നു ഹസ്സാം തന്റെ പിതൃസഹോദരി ഖദീജ(റ)ക്ക് അല്പം ഗോതമ്പ് സ്വകാര്യമായി എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അബൂജഹല്‍ അതു മുടക്കാന്‍ ശ്രമിച്ചു. അബുല്‍ ബുഖ്തരി ഇടപെട്ടു അതെത്തിക്കാന്‍ സൌകര്യം ചെയ്തുകൊടുത്തു.റസൂല്‍(സ)യുടെ കാര്യത്തില്‍ അബൂത്വാലിബ്നു ഭയമായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ നബിതിരുമേനിയെ അദ്ദേഹം തന്‍റെ വിരിപ്പില്‍ കിടത്തും തന്‍റെ മക്കളെയൊ സഹോദരങ്ങളെയോ റസൂല്‍ (സ)യുടെ വിരിപ്പിലും അവരുടെ വിരിപ്പ് നബി(സ)ക്ക് നല്കുകയും ചെയ്യും. നബി(സ)യും അനുയായികളും ഹജ്ജ് മാസങ്ങളില്‍ പുറത്തിറങ്ങി ജനങ്ങളുമായി സന്ധിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഉപരോധം പിന്‍വലിക്കുന്നു

കാര്യങ്ങള്‍ ഈ രീതിയില്‍ മൂന്നു വര്‍ഷം പിന്നിട്ടു.പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മുഹര്‍റത്തില്‍ ഈ ഉപരോധവിളംബരപത്രിക ദുര്‍ബലപ്പെടുത്തപ്പെട്ടു. കാരണം, ഖുറൈശികളില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു. പ്രതികൂലിക്കുന്നവരാണ് ഇതിന് ശ്രമം നടത്തിയത്.ഇതിന് നേതൃത്വം നല്‍കിയത് ഹിശാംബിന്‍ അംറ് ആണ്. ഇദ്ദേഹമായിരുന്നു പാതിരാവില്‍ സ്വകാര്യമായി അവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്നത്. ഇദ്ദേഹം മഖ്സും ഗോത്രക്കാരനായ സുഹൈര്‍ബിന്‍ അബീഉമയ്യയെ- അബ്ദുല്‍ മുത്വലിബിന്റെ പുത്രി ആതികയുടെ പുത്രന്‍-സമീപിച്ചു പറഞ്ഞു: അല്ലയോ സുഹൈര്‍! നിന്‍റെ അമ്മാവന്‍മാര്‍ ഇവ്വിധം കഷ്ടപ്പെടുമ്പോള്‍ നീ തിന്നും കുടിച്ചും സംതൃപ്തനായിരിക്കുകയാണോ? ഉടനെ, സുഹൈര്‍ ചോദിച്ചു: നാശം! ഞാനൊറ്റക്ക് എന്ത് ചെയ്യാനാണ്? എന്‍റെ കൂടെ മറ്റൊരാളെയും കൂടി കിട്ടിയാല്‍ ഞാനാ വിളംബരം പിച്ചിച്ചീന്തുകതന്നെ ചെയ്യും. അല്ലാഹുവില്‍ സത്യം! ഹിശാം പറഞ്ഞു: 'താങ്കള്‍ക്കൊരാളെ ലഭിച്ചിരിക്കുന്നു' 'ആരാണത്?' 'ഞാന്‍ തന്നെ' ഹിശാം പറഞ്ഞു. 'നമുക്ക് മൂന്നാമതൊരാളെക്കൂടി ലഭിക്കുമോ?' 'സുഹൈര്‍ ചോദിച്ചു: അവര്‍ മുത്വഇംബിന്‍ അദിയ്യിനെ തേടിച്ചെന്നു. ഹാശിം, മുത്വലിബ് കുടുംബവുമായുള്ള ബന്ധം അദ്ദേഹത്തെ സ്മരിപ്പിച്ചശേഷം, ഈ കരാറുമായി യോജിച്ചതിന്‍റെ പേരില്‍ ആക്ഷേപിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നാശം! ഞാനെന്തുചെയ്യാനാണ്? ഞാനൊരു മനുഷ്യനല്ലേയുള്ളൂ.' 'താങ്കള്‍ക്ക് രണ്ടാമതൊരാളും കൂടിയുണ്ട്.' 'ആരാണത്?' അദ്ദേഹം ചോദിച്ചു. 'ഞാന്‍' 'നമുക്ക് മൂന്നാമതൊരാളെ തേടാം.' അദ്ദേഹം പറഞ്ഞു. 'അത് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.' 'ആരാണത്?' 'സുഹൈര്‍ ബിന്‍ അബീ ഉമയ്യ:' നമുക്ക് നാലാമതൊരാളെ തേടാമെന്ന് പറഞ്ഞ് അബുല്‍ ബുഖ്തരിബിന്‍ ഹിഷാമിനെ സമീപിച്ചു. മുത്വഇമിനോട് പറഞ്ഞതുപോലെ അവനോടും, പറഞ്ഞു. അവന്‍ ചോദിച്ചു. 'ഇതിന് മറ്റാരെയെങ്കിലും ലഭിക്കുമോ?' 'അതെ,' അദ്ദേഹം മറുപടി പറഞ്ഞു. 'ആരെ?' വീണ്ടും ചോദിച്ചു: അദ്ദേഹം പറഞ്ഞു. സുഹൈര്‍ബിന്‍ അബീഉമയ്യ:, മുത്വ്ഇം, പിന്നെ ഞാനും. നമുക്ക് അഞ്ചാമതൊരാളെ കണ്ടെത്താം എന്ന് പറഞ്ഞു അവര്‍ സംഅബിന്‍ അല്‍ അസ്വദിനെ സമീപിച്ചു. കുടുംബബന്ധവും കടപ്പാടും അദ്ദേഹത്തെ അനുസ്മരിപ്പിച്ചശേഷം കാര്യം സംസാരിച്ചു. ഉടനെ ചോദിച്ചു. നിങ്ങളീപ്പറയുന്ന കാര്യത്തിനു യോജിച്ച മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചുവോ? അദ്ദേഹം പറഞ്ഞു: 'അതെ' സഹകരണ വാഗ്ദാനം ചെയ്ത പേരുകള്‍ പറഞ്ഞുകൊടുത്തു. എല്ലാവരും സമ്മേളിച്ചു വിളംബര പത്രിക പിച്ചിച്ചീന്താന്‍ തീരുമാനിച്ചു. സുഹൈര്‍ പറഞ്ഞു, 'ഞാനായിരിക്കും ഇതിനെക്കുറിച്ച് ആദ്യം വിളംബരം ചെയ്യുക. സുഹൈര്‍ പിറ്റേന്ന് വസ്ത്രമണിഞ്ഞ് കഅബയെ ഏഴുതവണ പ്രദക്ഷിണം ചെയ്തശേഷം ജനങ്ങളെ അഭിമുഖീകരിച്ചു:'മക്കാ നിവാസികളേ! ഹാശിം കുടുംബം വാങ്ങാനോ വില്ക്കാനോ കഴിയാതെ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം ഉണ്ണുകയും അണിയുകയുമാണോ? അല്ലാഹുവാണേ! ബന്ധങ്ങള്‍ തകര്‍ക്കുന്ന അക്രമിയായ ഈ പത്രിക പിച്ചിച്ചീന്തപ്പെടുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കില്ല.' പള്ളിയുടെ ഒരു മൂലയിലിരിക്കുകയായിരുന്ന അബൂജഹല്‍ ഉടന്‍ പ്രതികരിച്ചു. 'കള്ളം! അതാര്‍ക്കും പിച്ചിച്ചീന്താനാവില്ല.' ഉടനെ സംഅ പറഞ്ഞു: 'നീയാണ് പെരും കള്ളന്‍! അതെഴുതപ്പെട്ട അന്നേ ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അപ്പോള്‍ അബുല്‍ ബുഖ്തുരി അതിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു: സംഅ പറഞ്ഞതാണ് ശരി. ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങളത് അംഗീകരിക്കുകയുമില്ല.' മുത്വ്ഇമും ഇതുതന്നെ പറഞ്ഞു 'ആ പത്രികയിലെ വരികളില്‍ നിന്ന് ഞങ്ങളിതാ ഞങ്ങളുടെ നിരപരാധിത്വം അല്ലാഹുവിലേക്ക് സമര്‍പ്പിക്കുന്നു.' ഹിശാമും ഇത് ഏറ്റുപറഞ്ഞപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'ഇത് രാത്രിയില്‍ നടത്തിയ ഒരു ഗൂഢാലോചനയാണ്.'
ഈ സമയം അബൂത്വാലിബ് പള്ളിയുടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അദ്ദേഹം വന്നത്, നബി(സ)ക്ക് പത്രികയുടെ കാര്യത്തില്‍ അല്ലാഹുവില്‍നിന്ന് കിട്ടിയ വിവരം മക്കക്കാരെ അറിയിക്കാനായിരുന്നു. പത്രികയിലെ അക്രമപരമായ എല്ലാ ഭാഗങ്ങളും- അല്ലാഹുവിന്‍റെ നാമം ഒഴികെ-ചിതല്‍ തിന്നിരിക്കുന്നു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: അവന്‍ പറയുന്നത് കളവാണെങ്കില്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തരാം. മറിച്ചാണെങ്കില്‍ ഞങ്ങളോടുള്ള ഈ അക്രമത്തില്‍നിന്ന് നിങ്ങള്‍ പിന്‍മാറുക . അവര്‍ പറഞ്ഞു: താങ്കള്‍ പറഞ്ഞത് ഒരു മര്യാദയാണ്.
അബൂജഹലിന്‍റെയും അവരുടേയും ഇടയിലെ സംസാരത്തിനുശേഷം മുത്വ്ഇം പത്രിക പിച്ചിച്ചീന്താനായി ചെന്നപ്പോള്‍ അതെല്ലാം ചിതല്‍ തിന്നുകഴിഞ്ഞതായിട്ടാണ് കണ്ടത്. 'അല്ലാഹുവേ നിന്‍റെ നാമത്തില്‍' എന്നത് ഒഴികെ.ഉപരോധം അതോടെ പൂര്‍ണമായി അവസാനിച്ചു. റസൂല്‍(സ)യും സഹചാരികളും താഴ്വരയില്‍നിന്നു പുറത്ത് കടന്നു. മുശ്രിക്കുകള്‍ക്ക് നബി(സ)യുടെ പ്രവാചകത്വം ബോധ്യമാകുമാറ് ഒരു വലിയ അടയാളം അല്ലാഹു കാണിച്ചുകൊടുത്തുവെങ്കിലും അവര്‍ പഴയ പടിതന്നെ തുടര്‍ന്നുപോയി

അബ്സീനിയയിലെക്കുള്ള രണ്ടാം പലായനം

നബി(സ്വ) യും കുടുംബവും ഉപരോധം മൂലം ശിഅ്ബ് അബൂത്വാലിബിലേക്ക് മാറിയപ്പോള്‍ വിശ്വാസികളോട് അബ്സീനിയയിലേക്ക് പലയാനം ചെയ്യാന്‍ നബി(സ്വ) കല്പിച്ചു.അങ്ങിനെ ജഅഫര്‍ ബിന്‍ അബീ ത്വാലിബ്‌,ഭാര്യ അസ്മാ,മിഖ്ദാദു ബിന്‍ അസ് വദ്,അബ്ദുല്ലാഹിബ്നു മസൂദ്,ഉബൈദുള്ള ഇബ്നു ജൈഷ്,ഭാര്യ ഉമ്മു ഹബീബ തുടങ്ങി എണ്‍പത്തിമൂന്ന് പുരുഷന്മാരും പതിനെട്ടു സ്ത്രീകളും അബ്സീനിയയിലേക്ക് പലായനം ചെയ്തു.ഇതുപക്ഷെ ആദ്യത്തെതിലും പ്രയാസകരമായ ഹിജ്റ ആയിരുന്നു. ക്വുറൈശികള്‍ മുസ്ലിംകളെ തടയാനും പിടിക്കാനും ജാഗരൂകമായിരുന്നു. പക്ഷെ, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിടികൂടപ്പെടുന്നതിന് മുമ്പായി നജ്ജാശിയുടെ അടുക്കല്‍ അവരെത്തി.
അഭയാര്‍ഥികളായ വിശ്വാസികള്‍ അവരുടെ വിശ്വാസത്തിനും ജീവനും ഒരുപോലെ സുരക്ഷിതത്വമുള്ള സ്ഥലത്താണ് എത്തിയത് എന്നത് ക്വുറൈശികള്‍ക്ക് പ്രയാസകരമായി. തങ്ങളുടെ കൂട്ടത്തില്‍ ശക്തരും ബുദ്ധിമാന്മാരുമായ അംറുബ്നു ആസ്വ്, അബ്ദുല്ലാഹിബ്നു അബീ റബീഅ എന്നീ രണ്ടുപേരെ തെരഞ്ഞെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങളുമായി നജ്ജാശി രാജാവിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും അടുക്കലേക്ക് ക്വുറൈശികള്‍ അയച്ചു. സൈന്യാധിപന്മാരെ കണ്ട് ആവശ്യമായ രൂപത്തിലെല്ലാം സംസാരിച്ചശേഷം രണ്ടുപേരും സമ്മാനങ്ങളുമായി നജ്ജാശിയെ സമീപിച്ചുകൊണ്ട് പറഞ്ഞു:
"മഹാരാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്ന് ഏതാനും അവിവേകികള്‍ താങ്കളുടെ നാട്ടില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. അവര്‍ സ്വജനതയുടെ മതം പരിത്യജിച്ചവരും ഞങ്ങള്‍ക്കോ താങ്കള്‍ക്കോ പരിചയമില്ലാത്ത പുതിയ മതം കൊണ്ടുവന്നവരുമാണ്. താങ്കളുടെ മതത്തിലൊട്ട് പ്രവേശിച്ചിട്ടുമില്ല. അവരുടെ പിതാക്കളും പിതൃവ്യരും അടുത്ത ബന്ധുക്കളും അവരെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി ഞങ്ങളെ നിയോഗിച്ചതാണ്. അവര്‍ ഇവരുടെ ന്യൂനതകളെക്കുറിച്ച് ശരിയായ ബോധമുള്ളവരാണ്.
സൈന്യാധിപന്മാര്‍ പറഞ്ഞു: 'മഹാരാജാവേ, ഇവര്‍ രണ്ടുപേരും പറയുന്നത് സത്യമാണ്. അവരെ ഇവരുടെ കൂടെ നാട്ടിലേക്ക് തിരിച്ചയച്ചാലും.'' എന്നാല്‍, നജ്ജാശി ചക്രവര്‍ത്തി പ്രശ്നം അന്വേഷിച്ചു പഠിക്കാന്‍ തീരുമാനിച്ചു. മുസ്ലിംകളെ തന്റെ സന്നിധിയില്‍ വിളിച്ചുവരുത്തി. എന്തുതന്നെയായാലും സത്യംതന്നെ പറയണമെന്ന തീരുമാനത്തിലെത്തിയിരുന്നു മുസ്ലിംകള്‍. നജ്ജാശി ചോദിച്ചു: നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്റെ മതമോ മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ മതമേതാണ്?

മുസ്ലിംകളുടെ ഭാഗത്ത് നിന്ന് സംസാരിച്ചത് ജഅ്ഫര്‍ ബിന്‍ അബീത്വാലിബാണ്. അദ്ദേഹം പറഞ്ഞു: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹത്തെ പൂജിക്കുകയും ശവം ഭുജിക്കുകയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും കുടുംബബന്ധം വിഛേദിക്കുകയും അയല്‍ക്കാരെ ദ്രോഹിക്കുകയും ഞങ്ങളിലെ ശക്തര്‍ ദുര്‍ബലരെ ചൂഷണം നടത്തുകയും ചെയ്യുന്ന ഒരു ജനത. അങ്ങനെയിരിക്കെ, അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചുതന്നു. അദ്ദേഹത്തിന്റെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും മാന്യതയും ഞങ്ങള്‍ക്ക് നന്നായറിയാം. അദ്ദേഹം ഞങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിച്ചു. ഞങ്ങളും ഞങ്ങളുടെ പൂര്‍വപിതാക്കളും ആരാധിച്ചിരുന്ന ശിലകളെയും ശില്പങ്ങളെയും കയ്യൊഴിക്കാനും ആവശ്യപ്പെട്ടു.സത്യം പറയുക, വിശ്വസ്തത പാലിക്കുക, കുടുംബബന്ധം ചേര്‍ക്കുക, അയല്‍ക്കാരോട് നന്നായി വര്‍ത്തിക്കുക, രക്തം ചിന്താതിരിക്കുക, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കുക, കള്ളം പറയാതിരിക്കുക, അനാഥകളുടെ സ്വത്ത് ഭുജിക്കാതിരിക്കുക, പതിവ്രതകളെക്കുറിച്ച് അപവാദം പറയാതിരിക്കുക തുടങ്ങിയ ധാര്‍മിക മുറകള്‍ അദ്ദേഹം ഞങ്ങളോടു കല്പിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനില്‍ ഒന്നിനേയും പങ്കു ചേര്‍ക്കാതിരിക്കാനും നമസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ ഇസ്ലാമിക കാര്യങ്ങള്‍ നിര്‍വഹിക്കാനും ഞങ്ങളോട് ആജ്ഞാപിച്ചു. ഞങ്ങളദ്ദേഹത്തെ വിശ്വസിച്ചു. അല്ലാഹുവില്‍നിന്ന് കൊണ്ടുവന്നതില്‍ അദ്ദേഹത്തെ ഞങ്ങള്‍ അനുഗമിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങള്‍, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരും ഒന്നിനേയും അവനില്‍ പങ്കുചേര്‍ക്കാത്തവരും അല്ലാഹു നിഷിദ്ധമാക്കിയത് വര്‍ജിക്കുന്നവരും അനുവദിച്ചത് ഉപയോഗിക്കുന്നവരുമായി മാറി. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങളെ കയ്യേറുകയും മതകാര്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഞങ്ങളെ ഏകദൈവാരാധനയില്‍നിന്ന് വിഗ്രഹപൂജയിലേക്കും ഞങ്ങള്‍ കയ്യൊഴിച്ച മ്ളേഛതകളിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ ബലം പ്രയോഗിച്ചു. ഞങ്ങളുടെ മതകാര്യങ്ങളില്‍ ഞങ്ങളെ കഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു. മറ്റുള്ളവരേക്കാള്‍ താങ്കളെയാണ് ഞങ്ങള്‍ തെരഞ്ഞെടുത്തത്. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. അങ്ങയുടെ അടുക്കല്‍ ഞങ്ങള്‍ അക്രമിക്കപ്പെടുകയില്ലെന്ന പ്രതീക്ഷയുമാണ് ഞങ്ങള്‍ക്കുള്ളത്:

അപ്പോള്‍ നേഗസ് (നജ്ജാശി) ചോദിച്ചു: "അല്ലാഹുവില്‍നിന്ന് ലഭിച്ച വല്ലതും താങ്കളുടെ കൂടെയുണ്ടോ?'' ജഅ്ഫര്‍: 'അതെ ഉണ്ട്.' നേഗസ് പറഞ്ഞു. അതെന്നെയൊന്ന് പാരായണം ചെയ്ത് കേള്‍പ്പിക്കുക.' അപ്പോള്‍ മറിയം അധ്യായത്തിന്റെ ആദ്യഭാഗം ഓതി കേള്‍പ്പിച്ചു. ഇതുകേട്ട് നജ്ജാശി കരഞ്ഞു. അദ്ദേഹത്തിന്റെ താടിയിലൂടെ കണ്ണീര്‍ ചാലിട്ടു. പുരോഹിതന്മാരും അതു കേട്ട് കരഞ്ഞു. അവരുടെ കൈവശമുണ്ടായിരുന്ന വേദഗ്രന്ഥത്തിന്റെ താളുകളെ അതു നനച്ചു. അപ്പോള്‍ നജ്ജാശി അവര്‍ രണ്ടുപേരോടും പറഞ്ഞു: തീര്‍ച്ചയായും ഇത് ഈസാ(അ)ക്കു ലഭിച്ച അതേ പ്രഭാകേന്ദ്രത്തില്‍ നിന്നുതന്നെ ലഭിച്ചതാണ്. ഞാനൊരിക്കലും ഇവരെ നിങ്ങള്‍ക്കേല്പിച്ചുതരില്ല. നിങ്ങള്‍ രണ്ടുപേര്‍ക്കും പോകാം.' രണ്ടുപേരും പുറത്തിറങ്ങി. അംറുബ്നുല്‍ ആസ്, അബ്ദുല്ലാ ഹിബ്നു റബീഅയോട് പറഞ്ഞു, അല്ലാഹുവാണേ, അവരില്‍ നേതാക്കളുടെ വേരറുത്തുകളയുന്ന ചില കാര്യങ്ങളുമായി നാളെ ഞാനവരെ സമീപിക്കുന്നതാണ്. അപ്പോള്‍ അബ്ദുല്ലാഹിബ്നു റബീഅ: പറഞ്ഞു: അങ്ങനെ ചെയ്യരുത്. അവര്‍ നമുക്ക് എതിരാണെങ്കിലും അവര്‍ക്ക് സഹായിക്കാന്‍ കുടുംബാംഗങ്ങളുണ്ട്. പക്ഷെ, അംറ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
അടുത്തദിവസം അദ്ദേഹം നേഗസിനെ സമീപിച്ചു പറഞ്ഞു: "അല്ലയോ രാജാവേ, ഇവര്‍ മറിയമിന്റെ പുത്രന്‍ ഈസയെക്കുറിച്ച് വളരെ ഗുരുതരമായ ചില വാക്കുകളാണ് പറയുന്നത്? ഇതന്വേഷിക്കാന്‍ നേഗസ് അവരുടെ അടുക്കലേക്ക് ആളെ വിട്ടു. അവര്‍ ഭയപ്പെട്ടു. പക്ഷെ, എന്തുതന്നെ വന്നാലും സത്യം തുറന്നു പറയാന്‍ അവര്‍ തീരുമാനിച്ചു. അവര്‍ രാജാവിന്റെയരികെ പ്രവേശിച്ചപ്പോള്‍ രാജാവ് അവരോട് ഇതിനെക്കുറിച്ച് ചോദിച്ചു: ജഅ്ഫര്‍ മറുപടി പറഞ്ഞു: അദ്ദേഹത്തെക്കുറിച്ച് ഞങ്ങളുടെ പ്രവാചകന്‍ ഞങ്ങള്‍ക്ക് കൊണ്ടുവന്നു തന്നതാണ് ഞങ്ങള്‍ പറയുന്നത്: "അദ്ദേഹം, ദൈവദാസനും ദൂതനും ദിവ്യാത്മാവും കന്യാമറിയമില്‍ നിക്ഷേപിച്ച ദിവ്യവചനവുമാകുന്നു. അപ്പോള്‍ നജ്ജാശി നിലത്തുനിന്ന് ഒരു കമ്പെടുത്ത് കൊണ്ടുപറഞ്ഞു: മറിയമിന്റെ പുത്രന്‍ ഈസയെ കുറിച്ചു താങ്കള്‍ പറഞ്ഞത് ഈ കമ്പിന്റെ അത്രപോലും വ്യത്യാസത്തിലല്ല, തീര്‍ച്ച. അതുകേട്ട് സൈന്യാധിപന്മാര്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. നേഗസ് പറഞ്ഞു: നിങ്ങള്‍ ശബ്ദമുണ്ടാക്കിയാലും.

തുടര്‍ന്ന് മുസ്ലിംകളോട് പറഞ്ഞു: നിങ്ങള്‍ പോകൂ, നിങ്ങള്‍ എന്റെ നാട്ടില്‍ നിര്‍ഭയരാണ്. നിങ്ങളെ ആക്ഷേപിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഇത് മൂന്നുതവണ ആവര്‍ത്തിച്ചു. എനിക്കൊരു മലയോളം സ്വര്‍ണം ലഭിച്ചാലും നിങ്ങളിലൊരാളെയും ആക്ഷേപിക്കുന്നത് എനിക്കിഷ്ടമല്ല.

തന്റെ പരിവാരങ്ങളോടു പറഞ്ഞു: അവരുടെ സമ്മാനങ്ങള്‍ തിരിച്ചുകൊടുക്കുക. എനിക്കതാവശ്യമില്ല. എന്റെ ഭരണാധികാരം എനിക്ക് തിരിച്ചു നല്കിയപ്പോള്‍ അല്ലാഹു എന്നോട് കോഴവാങ്ങിയിട്ടില്ല എന്നിട്ട് ഞാനതില്‍ കോഴ വാങ്ങുകയോ? ജനങ്ങള്‍ എന്നെ അനുസരിക്കാത്ത കാര്യത്തില്‍ ഞാന്‍ അവരെ അനുസരിക്കുകയോ?.ശേഷം മുസ്ലിംകള്‍ വളരെ സുഖമായി അവിടെ ജീവിച്ചു പോന്നു.

ഊരു വിലക്കും പീഢനവും-(ഭാഗം-1)

നബി തിരുമേനി(സ)യെ വധിക്കാന്‍ വേണ്ടി വിട്ടുകൊടുക്കണമെന്ന് ഖുറൈശികള്‍ ആവശ്യപ്പെട്ടതും, അവരുടെ നീക്കങ്ങളിലും ചലനങ്ങളിലുമെല്ലാം നബിയെ വധിക്കാനും തന്റെ സംരക്ഷണ ഉത്തരവാദിത്തം ലംഘിച്ചു കളയാനുമുള്ള ശ്രമവും അബൂത്വാലിബ് കണ്ടപ്പോള്‍, ഹാശിം കുടുംബത്തേയും മുത്വലിബ് കുടുംബത്തേയും അദ്ദേഹം വിളിച്ചുചേര്‍ത്തു. എന്നിട്ട്, നബി തിരുമേനിയെ സംരക്ഷിക്കാനും അദ്ദേഹത്തിന് വേണ്ടി പ്രതിരോധിക്കാനും അവരോട് ആവശ്യപ്പെട്ടു. അറബ് അയല്‍പക്കവികാരത്തിന്റെ അടിസ്ഥാനത്തില്‍ ഈ ആവശ്യം അവരെല്ലാം മുസ്ലിം അമുസ്ലിം ഭേദമെന്യേ സ്വീകരിച്ചു. ഇതിന്നായി കഅ്ബക്ക് സമീപം വെച്ച് അവരെല്ലാം പരസ്പരം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷെ, അബൂ ലഹബ് ഇതില്‍ നിന്നെല്ലാം മാറി നിന്നു. അദ്ദേഹം ക്വുറൈശികള്‍ക്കൊപ്പം തന്നെ വേറിട്ടുനില്‍ക്കുകയാണുണ്ടായത്.

ഇത് ഖുറൈശികളെ അരിശം കൊള്ളിച്ചു ,അവര്‍ വാദിഅല്‍ മുഹസ്സ്വബില്‍ കിനാന ഗോത്രത്തിന്റെ പ്രദേശത്ത് ഒരു യോഗം വിളിച്ചുചേര്‍ത്തു. അതില്‍ ഹാശിം, മുത്വലിബ് ഗോത്രങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ കരാര്‍ ചെയ്തു. മുഹമ്മദിനെ ഇവര്‍ക്ക് വധിക്കാന്‍ വിട്ടുകൊടുക്കുന്നതുവരെ, അവരുമായി വിവാഹ, കച്ചവട, ഇടപാടുകള്‍ നടത്തുകയോ അവരുമായി സഹവസിക്കുകയോ സഹകരിക്കുകയോ അവരുടെ വീടുകളില്‍ പ്രവേശിക്കുകയോ ചെയ്യരുതെന്നും അവര്‍ തീരുമാനിച്ചു. ഇതൊരു പത്രികയായി എഴുതി കഅബയുടെയുള്ളില്‍ പതിക്കുകയും ചെയ്തു: "ഹാശിം ഗോത്രത്തോട് ഒരു വിധത്തിലും സന്ധി പാടില്ല. അവര്‍ മുഹമ്മദിനെ വധിക്കാന്‍ വിട്ടുതരുന്നതുവരെ അവരുടെ കാര്യത്തില്‍ ഒരു അനുകമ്പയും കാണിക്കരുത്.'' എന്നായിരുന്നു പത്രിക.ഈ പത്രിക എഴുതിയത് ബഗീളുബിന്‍ ആമിര്‍ ബിന്‍ ഹാശിം ആയിരുന്നു.( നബി(സ) അദ്ദേഹത്തിന്നെതിരില്‍ പ്രാര്‍ഥിച്ചതുകാരണം അദ്ദേഹത്തിന്‍റെ കൈ പിന്നീട് തളര്‍ന്നുപോയി).ഇതോടെ, ഹാശിം, മുത്വലിബ് കുടുംബം ഒന്നടങ്കം-അവരിലെ അവിശ്വാസികളടക്കം- അബൂ ലഹബ് ഒഴികെ, ശിഅ്ബ് അബൂത്വാലിബിലേക്ക് നീങ്ങുകയും അവിടെ താവളമടിക്കുകയും ചെയ്തു. ഇത് പ്രവാചകത്വത്തിന്റെ ഏഴാം വര്‍ഷം മുഹര്‍റം മാസത്തിന്‍റെ തുടക്കത്തിലായിരുന്നു.ഇതേ അവസരം തന്നെ നബി(സ്വ) തന്റെ അനുയായികളോട് അബ്സീനിയയിലേക്ക് വീണ്ടും പലായനം ചെയ്യാന്‍ കല്പിച്ചു.

അബൂ ജഹ്ല്‍ നബി യെ വധിക്കാന്‍

ഖുറൈശി സദസ്സില്‍ നിന്ന് നബി(സ്വ) മടങ്ങി പോയ ശേഷം അബൂ ജഹ്ല്‍ അവരോടു ഒരു പ്രസംഗം നടത്തി.ഖുറൈശികളെ,മുഹമ്മദ് ഇപ്പോഴും നമ്മുടെ മതത്തെ ആക്ഷേപിക്കുന്നതും പിതാക്കളെ അവഹേളിക്കുന്നതും നമ്മെയെല്ലാം വിഡ്ഢികളാക്കുന്നതും നമ്മുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇനി അവന്‍ സുജൂദില്‍ വീഴുമ്പോള്‍ അവന്റെ ശിരസ്സ് ഒരു പാറക്കല്ലുകൊണ്ട് എറിഞ്ഞുചതച്ചുകളയുമെന്ന് ഞാന്‍ അല്ലാഹുവോട് പ്രതിജ്ഞചെയ്തിട്ടുണ്ട്. തദവസരത്തില്‍ നിങ്ങളെല്ലാം എന്നെ സംരക്ഷിക്കണം. അതിന് ശേഷം അബ്ദുമനാഫ് കുടുംബം എന്തുവേണമെങ്കിലും ചെയ്തോട്ടെ. അവരൊന്നിച്ചു പറഞ്ഞു: 'താങ്കളെ ഞങ്ങളൊരിക്കലും കയ്യൊഴിക്കില്ല. താങ്കള്‍ ഉദ്ദേശിച്ചത് നിര്‍വഹിച്ചുകൊള്ളുക.'

കല്ലും ചുമന്ന് നബിയെ കാത്തിരുന്നു. പ്രഭാതനമസ്കാരത്തിന് നബി തിരുമേനി (സ) എത്തുകയും ചെയ്തു. അബൂജഹലിന്റെ കര്‍മം കാണാന്‍ ക്വുറൈശികളെല്ലാം സമ്മേളിച്ചിട്ടുണ്ട്. നബി(സ) തന്റെ നാഥന്‍റെ മുമ്പില്‍ സുജൂദില്‍ വീണപ്പോള്‍ ഒരു വലിയ കല്ല് ചുമന്ന് അബൂജഹല്‍ മുന്നോട്ട് വന്നു. പക്ഷെ, അവിടേക്കടുത്തപ്പോള്‍ വിവര്‍ണവിവശനായി അവന്‍ പിന്നോട്ടോടി. കല്ല് കൈയില്‍നിന്ന് താഴെ വീഴുകയും ചെയ്തു. ക്വുറൈശികള്‍ ഓടിവന്നുചോദിച്ചു. അബുല്‍ഹകം! താങ്കള്‍ക്കെന്തുപറ്റി? അവന്‍ പറഞ്ഞു: 'ഞാന്‍, ഇന്നലെ പറഞ്ഞതുപോലെ ചെയ്യാനായി അവനെ സമീപിച്ചപ്പോള്‍ എന്റെ മുമ്പില്‍ ഒരു പടുകൂറ്റന്‍ ഒട്ടകം പ്രത്യക്ഷപ്പെട്ടു. അതുപോലെ വലിയ തലയും കഴുത്തും തേറ്റയുമുള്ള ഒരു ഒട്ടകക്കൂറ്റനെ ഞാന്‍ കണ്ടിട്ടേയില്ല. അതുണ്ട് എന്നെ പിടിച്ചുവിഴുങ്ങാന്‍ വരുന്നു.' ഇബ്നു ഇസ്ഹാഖ് പറയുന്നു: റസൂല്‍(സ) പറഞ്ഞത്, അത് ജിബ്രീല്‍ ആയിരുന്നു. അവനെങ്ങാനും അടുത്തുവന്നിരുന്നെങ്കില്‍ അതവനെ പിടിച്ചേനെ.''

നബിയുമായി വില പേശല്‍

ഖുറൈ ശികളിലെ വീര ശൂരരായ ഹംസ(റ) ,ഉമര്‍ (റ)എന്നിവരുടെ ഇസ്ലാമാശ്ലേഷം അന്തരീക്ഷം തന്നെ ആകെ മാറ്റി കളഞ്ഞു.മുസ്ലിംകളെ എക്കാലത്തും പീഡിപ്പിച്ചു കളയാമെന്ന വ്യാമോഹത്തില്‍ നിന്ന് മുശ്രിക്കുകള്‍ ഉണര്‍ന്നു. അഭിമുഖീകരണത്തിന്റെ ശൈലിയില്‍ നിന്ന് എന്തും നല്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ അനുരഞ്ജനത്തിന്റെ മാര്‍ഗത്തിലേക്കവര്‍ വന്നു.ഉത്ബത്ബിന്‍ റബീഅ ക്വുറൈശീ സദസ്സിലിരിക്കുമ്പോള്‍ -അദ്ദേഹം അവരുടെ നേതാവാണ്- ഒരിക്കല്‍ പറഞ്ഞു: ക്വുറൈശി സമൂഹമേ! മുഹമ്മദ് പള്ളിയില്‍ ഏകനായിരിക്കുന്നു. ഞാന്‍ എഴുന്നേറ്റുചെന്ന് അവനുമായി സംസാരിക്കട്ടെ. അവന്റെ മുമ്പില്‍ ചില വാഗ്ദാനങ്ങളെല്ലാം സമര്‍പ്പിക്കുകയും ചെയ്യാം.അവര്‍ പറഞ്ഞു: അതെ, അബുല്‍വലീദ്! നീചെന്ന് അവനുമായി സംസാരിക്കുക: ഉത്ബ എഴുന്നേറ്റു നബി(സ)യുടെ അരികെ ചെന്നിരുന്നു. എന്നിട്ട് പറഞ്ഞുതുടങ്ങി. 'സഹോദരപുത്രാ! നിങ്ങളുടെയിടയില്‍, നിനക്ക് തന്നെ അറിയാവുന്നതുപോലെ, ആഭിജാതനും ഉന്നതസ്ഥാനീയനുമാണ്. നീ നിന്റെ ഈ സന്ദേശം വഴി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അവരുടെ വിവേകത്തെ വിഡ്ഢിത്തമായി ചിത്രീകരിക്കുകയും അവരുടെ മതത്തേയും ദൈവങ്ങളേയും ആക്ഷേപിക്കുകയും പൂര്‍വപിതാക്കളെ നിഷേധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ ഒരു കാര്യമാണ് ചെയ്തിരിക്കുന്നത്. നീ, ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ചുകേള്‍ക്കുക! ചില കാര്യങ്ങള്‍ നിന്റെ മുമ്പില്‍ ഞാന്‍ വെക്കാം. നീ അതുനോക്കുക, അതില്‍ ചിലതെങ്കിലും നിനക്ക് സ്വീകാര്യമായേക്കാം. അപ്പോള്‍ നബിതിരുമേനി പ്രതിവചിച്ചു: പറയൂ, അബുല്‍വലീദ് ഞാന്‍ കേള്‍ക്കാം.'
അദ്ദേഹം പറഞ്ഞു: 'സഹോദരപുത്രാ, നീ ഇതുകൊണ്ടുദ്ദേശിക്കുന്നത് സമ്പത്താണെങ്കില്‍ അത് ഞങ്ങള്‍ നിനക്ക് സംഘടിപ്പിച്ചു തരാം. അങ്ങനെ ഞങ്ങളിലെ വലിയ സമ്പന്നനാകാം, നിനക്ക്. നേതൃത്വമാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ നേതാവാക്കാം. നീ പറയുന്നതിനപ്പുറം ഞങ്ങള്‍ തീരുമാനമെടുക്കില്ല. രാജത്വമാണ് ഉദ്ദേശ്യമെങ്കിലോ രാജാവാക്കാം. ഇനി അതൊന്നുമല്ല, ഇത് നിനക്ക് ഒഴിവാക്കാന്‍ കഴിയാത്ത വല്ല പൈശാചിക ബാധയുമാണെങ്കില്‍ ഞങ്ങള്‍ അതിനു ചികിത്സ നടത്താം. ഞങ്ങളുടെ സമ്പത്തെല്ലാം അതിനായി വിനിയോഗിക്കുകയുമാവാം.' പറഞ്ഞുതീരുവോളം, നബി(സ) ശ്രദ്ധിച്ചുകേട്ടു. തുടര്‍ന്ന് ചോദിച്ചു: 'അബുല്‍വലീദ് എല്ലാം പറഞ്ഞുതീര്‍ന്നോ?' അദ്ദേഹം: 'അതെ. നബി(സ) പറഞ്ഞു: 'ഇനി ഞാന്‍ പറയുന്നത് കേള്‍ക്കുക. അദ്ദേഹം 'അതെ.' അങ്ങനെ റസൂല്‍(സ) വിശുദ്ധ ക്വുര്‍ആനിലെ 'ഫുസ്സ്വിലത്' എന്ന അധ്യായം പാരായണം ചെയ്തുതുടങ്ങി. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍, ഹാമീം, പരമകാരുണികനും കരുണാനിധിയുമായുള്ളവന്റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ ഇത്. വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അറബിഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന (ഒരു ഗ്രന്ഥം). സന്തോഷവാര്‍ത്ത അറിയിക്കുന്നതും താക്കീതുനല്കുന്നതുമായിട്ടുള്ള 'ഗ്രന്ഥം.' എന്നാല്‍ അവരില്‍ അധികപേരും തിരിഞ്ഞുകളഞ്ഞു. അവര്‍ കേട്ടു മനസ്സിലാക്കുന്നില്ല. അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതു മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാണ്.'' (41:1-5) പ്രവാചകന്‍ തുടര്‍ന്നും പാരായണം ചെയ്തുകൊണ്ടിരുന്നു. ഇതിന്റെ വശ്യതയില്‍ അകപ്പെട്ടു തന്റെ കൈ രണ്ടും പിന്നിലേക്ക് ചാരി ഉത്ബ അതുമുഴുവനും കേട്ടു. ക്വുര്‍ആന്‍ പാരായണത്തിന്റെ സുജൂദ് പ്രവാചകന്‍ ചെയ്തപ്പോള്‍ ഉത്ബയും അതുപോലെ ചെയ്തു. എന്നിട്ട് നബി(സ) പറഞ്ഞു: അബുല്‍ വലീദ് എന്റെ മറുപടി നീ ശ്രവിച്ചില്ലേ,ഇനി നിനക്കുവേണ്ടതുപോലെ തീരുമാനമെടുക്കാം.'' വിവര്‍ണമുഖനായി ഉത്ബ തിരിച്ചുചെന്നപ്പോള്‍ മുശ്രിക്കുകള്‍ പറഞ്ഞു: 'പോയതുപോലെയല്ലല്ലോ ഇപ്പോഴത്തെ മുഖഭാവം. ഉത്ബ അവരുടെയരികെയിരുന്നു നടന്ന സംഭവം' വിശദീകരിച്ചു. "ഞാന്‍ ചില വാക്യങ്ങള്‍ കേട്ടു. ഇതുപോലൊന്ന് മുമ്പ് ഞാന്‍ കേട്ടിട്ടേയില്ല. അല്ലാഹുവാണേ, അത് കവിതയുമല്ല, മാരണവുമല്ല, ജ്യോത്സ്യവുമല്ല. ക്വുറൈശികളേ, ഞാന്‍ പറയുന്നതുപോലെ കേള്‍ക്കുക, ഈ മനുഷ്യനെ നമുക്കവന്റെ പാട്ടിന് വിട്ടേക്കാം. അല്ലാഹുവാണേ, ഞാന്‍ കേട്ട ആ വാര്‍ത്തയ്ക്ക് ഒരു ഭാവിയുണ്ട്. അതിനാല്‍ അറബികള്‍ ഒന്നായി അവനെ നേരിട്ടു പരാജയപ്പെടുത്തിയാല്‍, അവര്‍ മുഖേന അവന്റെ പ്രശ്നം തീര്‍ന്നുകിട്ടും. ഇനി അവന്‍ അറബികളെ അതിജയിച്ചാലോ, അവന്റെ ആധിപത്യം നിങ്ങളുടെയും ആധിപത്യമാണല്ലോ. അവന്റെ പ്രതാപം നിങ്ങളുടെയും പ്രതാപമാണല്ലോ. അവര്‍ മുഖേന ഏറെ സൌഭാഗ്യവാന്മാര്‍ നിങ്ങളായി മാറുകയും ചെയ്യും.'' അവര്‍ പ്രതികരിച്ചു: 'അബ്ദുല്‍വലീദ് ! താങ്കള്‍ അവന്റെ നാവിന്റെ മായാവലയത്തിലകപ്പെട്ടിരിക്കുന്നു, തീര്‍ച്ച.' അദ്ദേഹം പറഞ്ഞു: 'ഇതാണെനിക്ക് പറയാനുള്ളത്. ഇനി നിങ്ങള്‍ക്ക് വേണ്ടതുപോലെ ചെയ്യാവുന്നതാണ്.
നബി തിരുമേനിയുടെ ഈ പ്രതികരണത്തില്‍ ക്വുറൈശികള്‍ നിരാശരാകാത്തതുപോലെയായിരുന്നു. കാരണം, ഇത് സ്വീകരിച്ചോ, തിരസ്കരിച്ചോ ഉള്ള ഒരു മറുപടിയായിരുന്നില്ല. പ്രത്യുത, വിശുദ്ധ ഖുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കുക മാത്രമായിരുന്നു. ഉത്ബക്കാകട്ടെ അത് വേണ്ടത്ര മനസ്സിലായിട്ടുമുണ്ടാകില്ല. അതിനാല്‍ അദ്ദേഹം തിരിച്ചുചെന്ന് ക്വുറൈശി നേതാക്കളോട് വിഷയത്തിന്റെ നാനാഭാഗങ്ങളും വിശദമായി ചര്‍ച്ചചെയ്തു. തുടര്‍ന്ന് അവരെല്ലാം ഒരു ദിവസം അസ്തമയശേഷം കഅ്ബക്ക് സമീപം സമ്മേളിച്ചു. എന്നിട്ട് തിരുദൂതരെ ആളെ അയച്ചുവരുത്തി. ഏറിയ പ്രതീക്ഷയോടെയാണ് ധൃതിപ്പെട്ട് അവിടുന്ന് കടന്നുവന്നത്. പക്ഷെ ഉത്ബയുടെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണവര്‍ ചെയ്തത്. ഉത്ബ ഒറ്റയ്ക്ക് സംസാരിച്ചതിനാല്‍ വിഷയത്തിന്റെ ഗൌരവം നബിക്ക് വേണ്ടത്ര മനസ്സിലായിട്ടുണ്ടാവില്ല എന്ന് ധരിച്ചപോലെയായിരുന്നു അവരുടെ സംസാരം. പക്ഷെ തിരുദൂതര്‍ അവരോട് മറുപടി പറഞ്ഞു:

'നിങ്ങള്‍ പറയുന്നതിലൊന്നും എനിക്കൊരു താല്പര്യവുമില്ല. ഞാന്‍ ഈ സന്ദേശവുമായി വന്നത് നിങ്ങളുടെ സമ്പത്ത് നേടാനോ നേതൃത്വം ചമയാനോ, നിങ്ങളുടെ രാജാവാകാനോ ഒന്നുമല്ല. പ്രത്യുത, അല്ലാഹു എന്നെ നിങ്ങളിലേക്ക് അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഗ്രന്ഥമവതരിപ്പിക്കുകയും നിങ്ങള്‍ക്ക് സുവിശേഷവും താക്കീതും നല്‍കാന്‍ എന്നോട് കല്പിക്കുകയും ചെയ്തു. ഞാനങ്ങനെ എന്റെ രക്ഷിതാവിന്റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയും ഗുണദോഷിക്കുകയും ചെയ്തുവെന്ന് മാത്രം. അതിനാല്‍ നിങ്ങളിത് സ്വീകരിക്കുകയാണെങ്കില്‍ അത് നിങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും നിങ്ങളുടെ വിഹിതമായിരിക്കും. ഇനി നിങ്ങള്‍ തിരസ്കരിക്കുകയാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ ഒരു തീരുമാനമെടുക്കുന്നതുവരെ ഞാന്‍ ക്ഷമിക്കും.''

ഇതോടെ അവര്‍ മറ്റൊരു പോയിന്റിലേക്ക് നീങ്ങി. തങ്ങളുടെ നാട്ടില്‍ നിന്ന് പര്‍വതങ്ങള്‍ നീക്കി നാട് വിശാലമാക്കിക്കൊടുക്കാനും അവിടെ നദികളൊഴുക്കിക്കൊടുക്കാനും മരിച്ചവരെ പുനര്‍ജീവന്‍ നല്കാനും- പ്രത്യേകിച്ച് കിലാബിന്റെ പുത്രന്‍ ഖുസ്വയ്യിനെ- തന്റെ നാഥനോട് പ്രാര്‍ഥിക്കുക. ഇത് സംഭവിച്ചാല്‍ അവര്‍ അദ്ദേഹത്തില്‍ വിശ്വസിക്കാമെന്നേറ്റു. ഇതിനും മേല്‍ മറുപടിതന്നെ ആവര്‍ത്തിച്ചു.

ഇതോടെ മൂന്നാമതൊരു ഭാഗത്തേക്ക് നീങ്ങി. തങ്ങള്‍ക്ക് കാര്യങ്ങള്‍ സംസാരിച്ച് തീരുമാനമാക്കാന്‍ ഒരു മലക്കിനെ ഇറക്കിക്കൊടുക്കുക. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കോട്ടകളും നിധിനിക്ഷേപങ്ങളും ലഭിക്കാനായി നിന്റെ റബ്ബിനോട് ചോദിക്കുക. ഇതിനും അതേ മറുപടിതന്നെ ആവര്‍ത്തിച്ചപ്പോള്‍ മറ്റൊരു ശൈലിയില്‍ അവര്‍ സമീപിച്ചു. അവര്‍ പറഞ്ഞു: എന്നാല്‍ നീ ഭീഷണിപ്പെടുത്തുന്നതുപോലെ, ആകാശമെല്ലാം തീ കഷ്ണങ്ങളായി താഴെ പതിക്കട്ടെ. അവിടുന്ന് മറുപടി പറഞ്ഞു. അത് അല്ലാഹുവിന്റെ തീരുമാനത്തിന് വിധേയമാണ്. അവനുദ്ദേശിച്ചാല്‍ അത് ചെയ്യും. 'അതോടെ അവര്‍ പറഞ്ഞു. നിന്റെ റബ്ബിന് അറിയാമായിരുന്നല്ലോ ഞങ്ങള്‍ നിന്റെയടുക്കല്‍ വന്ന് നിന്നോട് സംസാരിക്കുകയും കാര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നെല്ലാം. അതിനാല്‍ ഞങ്ങളോട് പറയാന്‍ നിനക്കവന്‍ മറുപടി പഠിപ്പിച്ചുതന്നിരിക്കുമല്ലോ, ഞങ്ങളിത് സ്വീകരിച്ചില്ലെങ്കില്‍ ഞങ്ങളെ അവന്‍ എന്തുചെയ്യുമെന്നും അറിയിച്ചിരിക്കുമല്ലോ.'

അവസാനത്തെ കടുത്ത ഭീഷണിയും അവര്‍ ഇറക്കിക്കഴിഞ്ഞു. അവര്‍ പറഞ്ഞു: 'അല്ലാഹുവില്‍ സത്യം! നിന്നേയും നീ ഞങ്ങളെക്കൊണ്ട് ചെയ്തതും ഞങ്ങളൊരിക്കലും ഒഴിവാക്കയില്ല. ഒന്നുകില്‍ നീ ഞങ്ങളെ നശിപ്പിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെ നശിപ്പിക്കുക രണ്ടാലൊന്ന് സംഭവിക്കുന്നത് വരെ. അതോടെ തന്റെ ജനതയുടെ വിശ്വാസ പ്രതീക്ഷ മങ്ങി, കടുത്ത ദുഃഖത്തോടെ അവിടുന്ന് തന്റെ വീട്ടിലേക്ക് തിരിച്ചുപോയി.
ക്വുറൈശികളുടെ പ്രലോഭനവും പ്രകോപനവും ഭീഷണിയും നിറഞ്ഞ അനുരഞ്ജനശ്രമം പാളിയതോടെ, വിഷയത്തിന്‍റെ ഗൌരവം അവഗണിക്കപ്പെട്ടുപോകുന്നോ എന്ന് അബൂജുഹല്‍ ഭയപ്പെട്ടതിനാല്‍ ബുദ്ധിപരമായ ഒരു പരിഹാരത്തിലൂടെ അവരെ രക്ഷപ്പെടുത്താമെന്ന ബോധമുണ്ടായി.അങ്ങിനെ നബി തിരുമേനിയുമായി മതവിഷയങ്ങളില്‍ ഒരു വിലപേശല്‍ നടത്തിയാലോ എന്നവര്‍ ആലോചിച്ചു. അതിന്നായി, പ്രവാചകന്‍ തന്റെ ഭാഗത്തുനിന്ന് ചിലതും മുശ്രിക്കുകള്‍ അവരുടെ ഭാഗത്തുനിന്ന് ചിലതും കയ്യൊഴിയുക. അങ്ങിനെ പ്രവാചകന്‍ പറയുന്നത് സത്യമാണെങ്കില്‍ അവര്‍ക്കും അതിന്റെ ആളുകളാകാമല്ലോ എന്നവര്‍ ആശിച്ചു.
നബി(സ) കഅബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കെ, അസ്വദ് ബിന്‍ മുത്വലിബും, വലീദുബിന്‍ മുഗീറയും ഉമ്മയ്യത്ത് ബിന്‍ ഖലഫും ആസ്വ്ബിന് വാഇല്‍ അസ്സഹ്മിയും- ഇവരെല്ലാം അവരുടെ സമുദായ നേതാക്കളാണ്- പ്രവാചകരെ സമീപിച്ചുപറഞ്ഞു: 'മുഹമ്മദ്, നീ ആരാധിക്കുന്നതിനെ ഞങ്ങള്‍ ആരാധിക്കാം ഞങ്ങള്‍ ആരാധിക്കുന്നതിനെ നീയും ആരാധിക്കുക. അങ്ങനെ നമുക്ക് ആരാധയില്‍ പങ്കുചേരാം. ഇനി നീ ആരാധിക്കുന്നതാണ് ഞങ്ങളാരാധിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമെങ്കില്‍ ഞങ്ങളുടെ പങ്ക് ഞങ്ങള്‍ക്ക് ലഭിക്കുമല്ലോ. മറിച്ചു ഞങ്ങള്‍ ആരാധിക്കുന്നതാണ് നീ ആരാധിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമെങ്കില്‍ നിനക്ക് നിന്റെ പങ്കും ലഭിക്കുമല്ലോ. ഇതിനുള്ള പ്രതികരണമായിട്ടാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആന്‍ അല്‍കാഫിറൂന്‍ അധ്യായം പൂര്‍ണമായും അവതരിപ്പിച്ചത്. തികച്ചും കര്‍ശനവും കര്‍ക്കശവുമായ സമീപനത്തിലൂടെ പരിഹാസ്യമായ അവരുടെ ഈ ഐക്യശ്രമം അല്ലാഹു തകര്‍ത്തെങ്കിലും പൂര്‍ണമായും ക്വുറൈശികള്‍ നിരാശരായി പിന്‍വാങ്ങാന്‍ തയ്യാറായിരുന്നില്ല. പ്രവാചകന്‍ തന്റെ സന്ദേശത്തില്‍- ക്വുര്‍ആനില്‍- അല്പം ചില ഭേദഗതികള്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് ഇറങ്ങിവരാന്‍ അവര്‍ തയാറാവുകയുണ്ടായി. അതിനുള്ള ശ്രമവും അവര്‍ നടത്തിനോക്കി. അവര്‍ പറഞ്ഞു:
"നീ ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ കൊണ്ടുവരികയോ ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക.'' (10:15) ഈ മാര്‍ഗവും അല്ലാഹു അടച്ചുകളഞ്ഞു. മറുപടിയായി അല്ലാഹു അവതരിപ്പിച്ചു.

''(നബിയെ) പറയുക, എന്‍റെ സ്വന്തം വകയായി അത് ഭേദഗതി ചെയ്യുവാന്‍ എനിക്ക് പാടുള്ളതല്ല. എനിക്ക് ബോധനം നല്കുന്നതിനെ പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തീര്‍ച്ചയായും എന്റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.'' (10:15) ഇത്തരം ഭേദഗതികളുടെ ഗൌരവം അല്ലാഹു ചൂണ്ടിക്കാട്ടുന്നു.