ഹിജ്റ രണ്ട് ശഅ്ബാന്‍ മാസത്തിലെ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ സംഭവത്തോടെ മുസ്ലിംകള്‍ക്ക് യുദ്ധം വിധിയായിക്കഴിഞ്ഞിരുന്നു. "നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല. അവരെ കണ്ടുമുട്ടുന്നേടത്തുവെച്ച് നിങ്ങളവരെ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ. ഇനി അവര്‍ നിങ്ങളോട് (അവിടെവെച്ച്) യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധിക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച് എതിര്‍പ്പില്‍നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലാഹു. മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
പിന്നീട് താമസിയാതെ തന്നെ യുദ്ധത്തിന് പ്രേരണയും മാര്‍ഗനിര്‍ദേശങ്ങളുമടങ്ങുന്ന സൂക്തങ്ങളുമവതരിച്ചു. "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ചചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിപ്പിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടേക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ, നിങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
സാഹചര്യം തികച്ചും ഒരു യുദ്ധം ആവശ്യപ്പെടുന്നതായിരുന്നു. കാര്യങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയും സൈന്യസജ്ജീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന സൈന്യാധിപന്‍ നിലവിലുള്ളപ്പോള്‍ അത്യുന്നതനായ നാഥന്‍ അതിന് അനുയോജ്യമായ നിലപാട് സ്വീകരിക്കുന്നു. ധര്‍മത്തിനും അധര്‍മത്തിനുമിടയില്‍ രക്തപങ്കിലമായ ഒരു സംഘട്ടനത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല സംഭവം ബഹുദൈവാരാധകരുടെ ധാര്‍ഷ്ഠ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. അതവര്‍ക്ക് തീക്കനലില്‍ ഇരിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു.യുദ്ധസംബന്ധിയായി അവതരിച്ച സൂക്തങ്ങള്‍ രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തിന്റെ സാധ്യത വിളിച്ചറിയിക്കുന്നതായിരുന്നു. യുദ്ധത്തെ സംബന്ധിച്ച നിയമനിര്‍ദേശങ്ങള്‍ അന്തിമവിജയം മുസ്ലിംകള്‍ക്ക് ലഭിക്കുമെന്ന സൂചനയും നല്കുന്നുണ്ട്. പക്ഷെ, അത് പരസ്യമാക്കാതിരുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നന്നായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാന്‍വേണ്ടിയായിരുന്നു.