ഖിബ് ല മാറ്റം
നബി(സ്വ)മക്കയില്‍ ആയിരുന്നപ്പോഴും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിലെ ഖിബ് ല ബയ്തുല്‍ മുഖദ്ദസ് ആയിരുന്നു.എന്നാല്‍ ഭൂമിയിലെ ആദ്യ ഭവനം ആയ കഅബ ഖിബ് ല ആവുക എന്നത് ആദ്യം മുതലേ നബി(സ്വ)യുടെ ആഗ്രഹം ആയിരുന്നു.മക്കയില്‍ ആയിരുന്നപ്പോള്‍ മുശ്രിക്കുകള്‍ നബി(സ്വ)യെ ഇപ്രകാരം കളിയാക്കിയിരുന്നു."മുഹമ്മദ് ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു."മദീനയില്‍ എത്തിയപ്പോഴും ബയ്തുല്‍ മുഖദ്ദസില്‍ തന്നെയാണ് തിരിഞ്ഞത്.ഈ സമയത്ത് ജൂതന്മാരെ മുസ്ലിംകളെ ഇങ്ങനെ പരിഹസിച്ചു:"മുഹമ്മദ് മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ് ല പിന്‍ പറ്റുകയും ചെയ്യുന്നു".ജൂതന്മാരോട് എല്ലാ നിലക്കും എതിരാവാന്‍ ആണ് നബി(സ്വ) ആഗ്രഹിച്ചിരുന്നത്.അതിനു പുറമേ മദീനയില്‍ നിന്ന് ബയ്തുല്‍ മുഖദ്ദസിലേക്ക് മുന്നിടുമ്പോള്‍ കഅബ പിന്‍ ഭാഗത്ത് ആണ് വന്നിരുന്നത് എന്നത് നബി(സ്വ)ക്ക് കൂടുതല്‍ വിഷമമുണ്ടാക്കി.നബി(സ്വ) ഈ വിഷയം ജിബ് രീല്‍ (അ) നെ അറിയിച്ചു.അപ്പോള്‍ തനിക്ക് അല്ലാഹുവിനോട് നേരിട്ട് പറയാനാവില്ല എന്നും അല്ലാഹുവിനോട് താങ്കള്‍ തന്നെ പ്രാര്‍ഥിക്കുക എന്നും ജിബ്രീല്‍ അറിയിച്ചു.ഇത് അനുസരിച്ച് ഖിബ്‌ല ക അബ ആയി കിട്ടാന്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ആകാശത്തേക്ക് അല്ലാഹുവിന്റെ കല്പന പ്രതീക്ഷിച്ചു നോക്കിയിരിക്കുകയും ചെയ്തിരുന്നു.
ഒരു ദിവസം ബനൂ സലമയിലെ ബിശ്ര്‍ ഇബ്നു ബറാ ഇന്റെ ഉമ്മയെ നബി(സ്വ)സന്ദര്‍ശിച്ചു,അവിടെ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ളുഹര്‍ നിസ്കാരത്തിന്റെ സമയം ആയി.അപ്പോള്‍ അവിടെയുള്ള ഒരു പള്ളിയില്‍ നിന്ന് നബി(സ്വ)നിസ്കരിച്ചു.നിസ്കാരം പകുതി ആയപ്പോള്‍ ഖിബ് ല കഅബയിലേക്ക് മാറ്റിയ അല്ലാഹുവിന്റെ കല്പനയുമായി ജിബ്രീല്‍ (അ) വന്നു.ഉടന്‍ നിസ്കാരത്തില്‍ നിന്ന് വിരമിക്കാതെ നബി(സ്വ)യും കൂടെയുണ്ടായിരുന്നവരും കഅബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിസ്കാരം പൂര്‍ത്തിയാക്കി.ഇത് ഹിജ് റ രണ്ടാം വര്‍ഷം റജബില്‍ ആയിരുന്നു. ഈ നിസ്കാരത്തില്‍ പങ്കെടുത്ത ഉബാദ് ബിന്‍ ബിശ്ര്‍ ഈ വാര്‍ത്തയുമായി അന്‍സാറുകളുടെ അടുത്ത് ചെന്നു.അപ്പോള്‍ അവര്‍ അസര്‍ നിസ്കാരത്തില്‍ ആയിരുന്നു.വിവരം അറിഞ്ഞ അവര്‍ എല്ലാവരും കഅബയിലേക്ക് തിരിഞ്ഞു.ഈ വിവരം ഖുബാഇല്‍ എത്തിയപ്പോള്‍ അടുത്ത ദിവസം സുബ്ഹ് നിസ്കാരം ആയിരുന്നു.വിവരം അറിഞ്ഞതോടെ അവരും കഅബയിലേക്ക് തിരിഞ്ഞു.
ഇതോടെ ജൂതന്മാര്‍ നബിയോട് ചോദിച്ചു:"നീ പൂര്‍വ്വ പ്രവാചകന്മാരുടെ പാതയിലാണ് എന്ന് പറയുന്നു,എന്നാല്‍ അവരുടെ ഖിബ് ലയില്‍ നിന്ന് തെറ്റുകയും ചെയ്തിരിക്കുന്നു".അപ്പോള്‍ അവരുടെ വാദത്തിനു എതിരായി അല്ലാഹു ആയതു ഇറക്കി.അതോടെ നീ ഞങ്ങളുടെ ഖിബ് ലയിലേക്ക് തന്നെ തിരിയുകയാണെങ്കില്‍ നിന്നെ ഞങ്ങള്‍ പിന്‍ പറ്റാം എന്ന വാദവുമായി ജൂതന്മാര്‍ രംഗത്ത് വന്നു.മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കല്‍ ആയിരുന്നു അവരുടെ ലക്‌ഷ്യം.എന്നാല്‍ അവരുടെ ആവശ്യം നബി(സ്വ) തള്ളി കളഞ്ഞു.
ജൂതര്‍ ദുര്‍ബലരായ പല വിശ്വാസികളെ ഈ വിഷയം പറഞ്ഞു ആശയ കുഴപ്പത്തിലാക്കിയിരുന്നു,ചിലര്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു.മുസ്ലിം അണികളില്‍ കയറിക്കൂടിയ ദുര്‍ബലരും കപടന്മാരുമായ ജൂതരുടെ തനിമ വ്യക്തമാക്കുവാന്‍ ഇത് അവസരമൊരുക്കി. അവരെല്ലാം അവരുടെ പൂര്‍വസ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയതുകാരണം മുസ്ലിം അണികള്‍ കൂടുതല്‍ ഭദ്രവും സുസജ്ജവുമായി.