മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ നിസ്കാര സമയം ജനങ്ങളെ അറിയിക്കുന്നതിനു എന്താണ് മാര്‍ഗം എന്നതിനെ കുറിച്ച് നബി(സ്വ)സ്വഹാബികളുമായി ചര്‍ച്ച ചെയ്തു.അവരില്‍ നിന്ന് പല പല അഭിപ്രായങ്ങള്‍ വന്നു.ചിലര്‍ പറഞ്ഞു:നമുക്ക് നിസ്കാര സമയം ആകുമ്പോള്‍ ഒരു പതാക നാട്ടാം.എന്നാല്‍ ഉറങ്ങുന്നവരെയോ അശ്രദ്ധയില്‍ ഉള്ളവരെയോ അറിയിക്കാന്‍ അത് മതിയാകില്ല എന്നതിനാല്‍ അത് സ്വീകാര്യമായില്ല.ചിലര്‍ പറഞ്ഞു:നമുക്ക് തീ കത്തിക്കാം.അതും സ്വീകാര്യമായില്ല.ചിലര്‍ അഭിപ്രായപ്പെട്ടു:നമുക്ക് കാഹളം മുഴക്കം.കാഹളം ജൂതര്‍ ഉപയോഗിക്കുന്ന ഉപകരണം ആയതിനാല്‍ അത് നിരസിക്കപ്പെട്ടു.ചിലര്‍ പറഞ്ഞു:നമുക്ക് മണിയടിക്കാം.മണി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതായതിനാല്‍ അതും നിരസിക്കപ്പെട്ടു.ജൂതരുടെയോ ക്രിസ്തീയരുടെയോ രീതി സ്വീകരിക്കുന്നത് നബി(സ്വ)ക്ക് തീരെ ഇഷ്ടമല്ലായിരുന്നു.അവസാനം വന്ന അഭിപ്രായം"നിസ്കാര സമയം ആകുമ്പോള്‍ വിളിച്ചു പറയുക" എന്നതായിരുന്നു.അത് എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ചര്‍ച്ച പിരിയുകയും ചെയ്തു.
അന്ന് രാത്രി അന്‍സാരിയായ അബ്ദുല്ലാഹി ബിന്‍ സൈദ് ഒരു സ്വപ്നം കണ്ടു:ഒരു വ്യക്തി അദ്ദേഹത്തിന്റെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു ഇപ്രകാരം പറഞ്ഞു:നിസ്കാരത്തിനു വിളിച്ചു പറയാന്‍ പറ്റുന്ന ചില വാചകങ്ങള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ചു തരട്ടെയോ?അദ്ദേഹം പറഞ്ഞു:അതെ.അപ്പോള്‍ ആ വ്യക്തി ഇന്ന് ബാങ്കില്‍ ഉള്ള എല്ലാ വാചകങ്ങളും അദ്ദേഹത്തിനു ചൊല്ലി കൊടുത്തു.അബ്ദുല്ലാഹി ബിന്‍ സൈദ് ഉണര്‍ന്നു നേരെ നബി(സ്വ)സമീപിച്ചു സ്വപ്ന വിവരം അറിയിച്ചു:അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഇത് സത്യസന്ധമായ സ്വപ്നമാണ്.ഈ വാചകങ്ങള്‍ ബിലാലിന് ചൊല്ലി കൊടുക്കുക.അദ്ദേഹമാണ് നിന്നെക്കാള്‍ ശബ്ദമുള്ളവന്‍.ശേഷം ബിലാല്‍ ബാങ്ക് വിളിച്ചു.ഇത് കേട്ട ഉമര്‍ (റ) നബി(സ്വ)യുടെ അടുത്തേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു:അല്ലാഹുവാണേ,ഇത് ഇന്നലെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ച വാചകങ്ങളാണ്.
മദീനയിലെ ബാങ്ക് വിളിച്ചിരുന്ന ഒരാള്‍ ബിലാല്‍ (റ) ഉം മറ്റൊരാള്‍ അബ്ദുല്ലാബിനു ഉമ്മി മക്തൂം(റ) ഉം ആയിരുന്നു.സബ് ഹിയുടെ ബാങ്കില്‍ ബിലാല്‍ ألصلاة خير من النوم എന്നത് വര്‍ധിപ്പിക്കുകയും നബി(സ്വ)അത് അംഗീകരിക്കുകയും ചെയ്തു.റമദാന്റെ പ്രഭാതത്തില്‍ രണ്ടു ബാങ്ക് കൊടുക്കാന്‍ നബി(സ്വ)കല്പിച്ചിരുന്നു.ഒന്ന് ഉറങ്ങുന്നവരെ അത്തായം കഴിക്കാന്‍ ഉണര്‍ത്താന്‍ വേണ്ടിയും മറ്റൊന്ന് നിസ്കാരത്തിനു വേണ്ടിയും ആയിരുന്നു.
ജുമുഅക്കു ഇമാം മിമ്പറില്‍ ഇരുന്ന ശേഷം ഉള്ള ബാങ്ക് മാത്രമാണ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നത്.ആദ്യ രണ്ടു ഖലീഫമാരുടെ കാലത്തും അത് തുടര്‍ന്ന് വന്നു.ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ആദ്യം ഒരു ബാങ്ക് കൂടെ നടപ്പാക്കി.അത് പിന്നീട് അത് സ്ഥിരപ്പെടുകയും ചെയ്തു.