ഇത് പ്രവാചകനായ മുഹമ്മദ്, ക്വുറൈശികളിലും യസ് രിബിലും പെട്ട വിശ്വാസികളോടും മുസ്ലിംകളോട് അനുഗമിക്കുകയും അവരോട് ചേരുകയും അവരോടുകൂടെ പോരാടുകയും ചെയ്ത എല്ലാവരോടും ചെയ്യുന്ന ഉടമ്പടിയാണ്.
1. ഇവര്‍ എല്ലാം ഒറ്റ ജനതയാണ്. മറ്റുള്ളവര്‍ ഇതില്‍ പെടുകയില്ല.
2. ക്വുറൈശികളിലെ മുഹാജിറുകള്‍ ഒന്നിച്ചുചേര്‍ന്ന് അവരിലെ ബന്ധനസ്ഥരെ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്. അന്‍സാറുകളിലെ എല്ലാ ഗോത്രങ്ങളും അവര്‍ നേരത്തെ ഉണ്ടായിരുന്നുതുപോലെ ഒന്നിച്ചുനിന്ന് ഓരോ വിഭാഗവും അവരിലെ ബന്ദികളെ മാന്യമായ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്.
3. സത്യവിശ്വാസികള്‍ക്കിടയില്‍ ആരേയും മര്യാദപൂര്‍വം മോചനദ്രവ്യമോ പ്രായശ്ചിത്തമോ നല്കാതെ ദരിദ്രനായി വിടുന്നതല്ല.
4. വിശ്വാസികളില്‍ പെട്ട ആരെങ്കിലും അക്രമമോ അനീതിയോ പാപമോ ചെയ്യുകയോ, വിശ്വാസികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അയാള്‍ വിശ്വാസികളിലൊരാളുടെ സന്താനമാണെങ്കില്‍ പോലും വിശ്വാസികളും ദൈവഭക്തരും അയാള്‍ക്കെതിരെ ഒറ്റക്കെട്ടായിരിക്കും.
5. ഒരു അവിശ്വാസിക്ക് പകരമായി ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. ഒരു സത്യനിഷേധിയെ ഒരു വിശ്വാസിക്കെതിരില്‍ സഹായിക്കാവതുമല്ല.
6. അല്ലാഹുവിന്റെ ഈ സംരക്ഷണ ഉത്തരവാദിത്തം അഖണ്ഡമാണ്. വിശ്വാസികളിലെ ഏറ്റം നിസ്സാരനായ വ്യക്തിക്കുപോലും ഇതിന്റെ സംരക്ഷണം ലഭ്യമാണ്.
7. വിശ്വാസികള്‍ പരസ്പരം സംരക്ഷണബാധ്യതയുള്ളവരാണ്.
8. ജൂതന്മാരില്‍ ആരെങ്കിലും നമ്മെ അനുഗമിക്കുന്നപക്ഷം നിശ്ചയം അയാള്‍ക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതാണ്. അയാള്‍ അക്രമിക്കപ്പെടുകയോ അയാള്‍ക്കെതിരില്‍ ശത്രുവെ സഹായിക്കുകയോ ചെയ്യില്ല.
9. വിശ്വാസികള്‍ ചെയ്യുന്ന സന്ധി എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പൊതുവായും നീതിനിഷ്ഠമായുമല്ലാതെ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ അവഗണിച്ച് സ്വന്തമായി സന്ധിചെയ്യാവതല്ല.
10. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിമരിക്കുന്ന ഓരോ വിശ്വാസിക്കുവേണ്ടിയും പ്രതികാരം ചെയ്യാന്‍ മറ്റെല്ലാ വിശ്വാസികളും ബാധ്യസ്ഥരാണ്.
11. ഒരു ബഹുദൈവവിശ്വാസി, ക്വുറൈശിക്കോ അവന്റെ സമ്പത്തിനോ സംരക്ഷണം നല്കുകയോ സത്യവിശ്വാസികളില്‍നിന്ന് ഇത് മറച്ചുവെക്കുകയോ ചെയ്യാവതല്ല.
12. ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിയെ ആരെങ്കിലും വധിക്കുന്നപക്ഷം അയാള്‍ വധിക്കപ്പെടുന്നവന്റെ ബന്ധുക്കളോടു കടപ്പെട്ടവനായിരിക്കും. ബന്ധുക്കള്‍ സംതൃപ്തരാകുവോളം ഘാതകനെതിരെ നടപടി സ്വീകരിക്കുവാന്‍ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്ക്കാവതല്ല.
13. ഒരു സത്യവിശ്വാസിക്കും ഒരു കുറ്റവാളിയെ സഹായിക്കുവാനോ അയാള്‍ക്കഭയം നല്കുവാനോ പാടുള്ളതല്ല. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവരില്‍നിന്ന് പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതല്ല.
14. നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ ഭിന്നിക്കുന്ന പക്ഷം അത് അല്ലാഹുവിലേക്കും മുഹമ്മദ്(സ)യിലേക്കും മടക്കേണ്ടതാണ്.