നബി(സ്വ)യോട് മനസ്സില്‍ പക വെച്ച് നടക്കുന്ന ഉബയ്യ് ഇബ്നു സുലൂല്‍ ഈ അവസരം മുതലെടുക്കാന്‍ തീരുമാനിച്ചു.അദ്ദേഹവും സഹചാരികളായ ബഹുദൈവാരാധകരും നബി(സ)ക്കെതിരില്‍ യുദ്ധം നടത്താന്‍ ഒരുങ്ങി. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ സമീപിച്ചു പറഞ്ഞു: ക്വുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ് അത്. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിന്നൊരുങ്ങുന്നത്? ഈ ചോദ്യം കേട്ടതോടെ അവര്‍ പിരിഞ്ഞുപോയി. യുദ്ധോദ്യമത്തില്‍ നിന്ന് തല്ക്കാലം അബ്ദുല്ലാഹിബ്ന്‍ ഉബയ്യ് വിരമിച്ചെങ്കിലും ക്വുറൈശികളുടെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പായിരുന്നു. ജുതരുടെ പക്ഷത്തുചേര്‍ന്ന് മുസ്ലിംകള്‍ക്കും ബഹുദൈവാരാധകര്‍ക്കുമിടയില്‍ കുഴപ്പമുണ്ടാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി.
പിന്നീടൊരിക്കല്‍ സഅദ്ബിന്‍ മുആദ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ ഉമയ്യബ്നു ക്വലഫിന്റെ സഹകരണത്തില്‍ ഉംറ നിര്‍വഹിക്കാനായി കഅബയുടെ സമീപത്തേക്ക് നീങ്ങുമ്പോള്‍ വഴിയില്‍വെച്ച് അബൂജഹലിനെ കണ്ടുമുട്ടി. അബൂജഹല്‍ പ്രഖ്യാപിച്ചു: "നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുകയും ഇവിടെ വന്ന് നിര്‍ഭയരായി ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നു അല്ലേ,' അല്ലാഹുവാണേ, അബുസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീ ഉണ്ടായിരുന്നതെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക് മടങ്ങുമായിരുന്നില്ല. ഉടനെ സഅദ് അത്യുച്ചത്തില്‍ മറുപടി പറഞ്ഞു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും.''
ഇതോടെ ഖുറൈശികള്‍ നേരിട്ട് മുസ്ലിംകളെ ആക്രമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.അവര്‍ മുസ്ലിംകളോട് പറഞ്ഞു:'നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു മദീനയില്‍ അഭയം തേടിയാലും നിങ്ങളെ ഞങ്ങള്‍ വെറുതെ വിടാന്‍ പോകുന്നില്ല.' ഇത് കേവലമൊരു ഭീഷണിയിലൊതുങ്ങിയില്ല. പ്രത്യുത, പ്രവാചകനും അനുയായികള്‍ക്കുമെതിരെ ക്വുറൈശികള്‍ പലവിധ കുതന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതുകാരണം അവിടുത്തേക്ക് ഉറങ്ങാന്‍ കഴിയാതായി. ഒരു ദിവസം മുഴുവനായി ഉറക്കം ഒഴിച്ച ദിവസം വരെയുണ്ടായി.ഒരു ദിവസം രാത്രി ആഇഷ (റ)ഇങ്ങനെ പറഞ്ഞു: ഒരു നല്ല മനുഷ്യനെ എന്റെ സഹചരന്മാരില്‍ എനിക്ക് കാവല്‍നില്ക്കാന്‍ ലഭിച്ചിരുന്നെങ്കില്‍!.ആഇഷ (റ)പറയുന്നു:ഞങ്ങള്‍ ഇത് സംസാരിക്കുന്നതിന്നിടയില്‍ ആയുധങ്ങള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. ഉടനെ അതാരാണെന്ന് അന്വേഷിച്ചപ്പോള്‍ സഅദ്ബിന്‍ അബീവഖ്ഖാസ് ആയിരുന്നു. എന്താണ് ഇപ്പോള്‍ വന്നത്? അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയം തോന്നിയപ്പോള്‍ അങ്ങേയ്ക്ക് കാവല്‍ നില്ക്കാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം പറഞ്ഞു. റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്തു. ഈ പാറാവ് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം, അല്ലാഹു: 'ജനങ്ങളില്‍നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്'' (5:67) എന്ന ക്വുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു. ഉടനെ റസൂല്‍(സ) പ്രഖ്യാപിച്ചു. "ജനങ്ങളേ നിങ്ങള്‍ പിരിഞ്ഞുപോകൂ, അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്.''
ഈ ഭീഷണി റസൂല്‍(സ)യില്‍ മാത്രം പരിമിതമായിരുന്നില്ല, ശിഷ്യന്മാരെല്ലാം രാത്രി കഴിച്ചുകൂട്ടിയിരുന്നത് ആയുധധാരികളായിട്ടായിരുന്നു.