യുദ്ധാനുമതി​

ക്വുറൈശികളുടെ ധിക്കാരപരമായ നിലപാടില്‍നിന്ന് അവര്‍ വിരമിക്കാന്‍ തയ്യാറില്ലാതിരിക്കുകയും മുസ്ലിംകളുടെ നട്ടെല്ലൊടിക്കുന്ന അപകടകരമായ സാഹചര്യം നിലനില്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യാക്രമണത്തിനുള്ള അനുമതി നല്കി."യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.'' (22:39).
യുദ്ധാനുമതി അതിന്റെ പ്രാരംഭദശയില്‍ ക്വുറൈശികള്‍ക്കെതിരെ മാത്രമായിരുന്നു. പക്ഷെ, സ്ഥിതിഗതികള്‍ മാറിവന്നതോടെ യുദ്ധത്തിനുള്ള കല്പന നിര്‍ബന്ധമാവുകയും ക്വുറൈശികളില്‍നിന്ന് ഇതരരിലേക്ക് കൂടി നീങ്ങുകയും ചെയ്തു.
1. ക്വുറൈശികളായ ബഹുദൈവാരാധകരോട്, മുസ്ലിംകളോട് യുദ്ധംചെയ്യുന്നവരെന്ന നിലയ്ക്ക് യുദ്ധം ചെയ്യുകയും അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യുക. കാരണം ഇവരാണ് ഒന്നാമതായി ശത്രുത ആരംഭിച്ചത്. മറ്റുള്ള ബഹുദൈവാരാധകരോട് ഈ നിലപാട് പാടില്ല.2. ക്വുറൈശികളോട് ഐക്യപ്പെട്ടുകൊണ്ട് മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് മുതിരുന്ന മറ്റു ബഹുദൈവാരാധകര്‍ക്കെതിരെയുള്ള പോരാട്ടം.3. മുസ്ലിംകളോടുള്ള കരാര്‍ ലംഘിച്ച ജൂതന്മാരോടുള്ള യുദ്ധം.4. മുസ്ലിംകളോട് ശത്രുത കാണിക്കുന്ന വേദക്കാരില്‍ പെട്ട ക്രൈസ്തവരോടുള്ള യുദ്ധം. അല്ലാത്തപക്ഷം അവര്‍ ജിസ് യ നല്കി കീഴടങ്ങുക.5. ബഹുദൈവാരാധകരില്‍നിന്നോ ജൂതന്മാരില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ മറ്റോ ഇസ്ലാം സ്വീകരിച്ചവരുടെ സംരക്ഷണാര്‍ഥമുള്ള യുദ്ധം അവരുടെ സമ്പത്തും ശരീരവും ഇസ്ലാമിക നിയമമനുസരിച്ചല്ലാതെ തൊട്ടുകൂടാത്തതാണ്.
യുദ്ധാനുമതി ലഭിച്ചതോടെ പ്രവാചകന്‍ മക്കയില്‍നിന്ന് സിറിയയിലേക്കുള്ള ക്വുറൈശികളുടെ പ്രധാനവ്യാപാരമാര്‍ഗത്തില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്നായി രണ്ട് മാര്‍ഗമാണ് അവിടുന്ന് തെരഞ്ഞെടുത്തത്.ഈ മാര്‍ഗത്തില്‍ താമസിക്കുന്ന ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയോ അവരെ അക്രമിക്കാതിരിക്കുകയോ ചെയ്യുക. സൈനിക നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ മദീനയില്‍നിന്ന് ഏകദേശം നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ജുഹൈന ഗോത്രവുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ സൈനിക പര്യടനങ്ങള്‍ക്കിടയില്‍ പലരുമായും സഖ്യമുണ്ടാക്കുകയുണ്ടായി
ഈ മാര്‍ഗത്തില്‍ നിരന്തരം സൈന്യത്തെ നിയോഗിക്കുക
ഈ രണ്ട് പദ്ധതികളും നടപ്പിലാക്കാനായി ഏതാനും ചില സൈനിക മുന്നേറ്റങ്ങള്‍ മുസ്ലിംകള്‍ നടത്തുകയുണ്ടായി. ഇവയെല്ലാം സത്യത്തില്‍ ഓരോ അന്വേഷണസംഘങ്ങളായിരുന്നു. നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മേഖലയെപ്പറ്റി അറിയുകയും അവിടങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതിന് പുറമെ മദീനയില്‍ വസിക്കുന്ന ജൂതരെയും ബഹുദൈവാരാധകരെയും ചുറ്റുഭാഗങ്ങളില്‍ അധിവസിക്കുന്ന ബദവികളെയും മക്കയിലെ ക്വുറൈശികളെയും തങ്ങള്‍ ശക്തരും പ്രബലരുമാണെന്ന് അറിയിക്കുക എന്ന ദൌത്യവുംകൂടിയുണ്ടായിരുന്നു. ഇതുവഴി ക്വുറൈശികള്‍ അവരുടെ പഴയ അബോധാവസ്ഥയില്‍ നിന്ന് ഉണരുകയും മുസ്ലിംകള്‍ക്ക് നേരെ അഴിച്ചുവിട്ടിരുന്ന മര്‍ദനപീഡനങ്ങളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നതിലൂടെ ഉപദ്വീപില്‍ മുസ്ലിംകള്‍ക്ക് പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താനുള്ള അവസരം ലഭ്യമാവുകയെന്ന ലക്ഷ്യം കൂടി സാധിതമാക്കുന്നതാണ്.