ജൂതരുമായി ഉടമ്പടി

മദീനയില്‍, മുസ്ലിംകള്‍ക്കിടയില്‍ വിശ്വാസപരവും രാഷ്ട്രീയവും നിയമപരവുമായ ഐക്യം സ്ഥാപിച്ചുകൊണ്ട് നവ ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ പാകിയതോടെ മുസ്ലിംകളല്ലാത്തവരുമായും ബന്ധം സ്ഥാപിക്കാനാണ് നബി(സ) ചിന്തിച്ചത്. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നത് ഈ ഭൂപ്രദേശമാകെ ഒരു ഏകരാഷ്ട്രമാക്കി, സമാധാനവും സൌഭാഗ്യവും ക്ഷേമവും മൊത്തം മാനവികതക്കാകെ ലഭ്യമാക്കുക എന്നതായിരുന്നു. വിഭാഗീയതയും മേല്‍ക്കോയ്മയും കൊടികുത്തിവാണിരുന്ന ഭൂമിയില്‍ വിട്ടുവീഴ്ചയുടേയും വിശാലമനസ്കതയുടെയും പുതിയ ചരിത്രം ഇതുവഴി രചിക്കുകയാണ് അവിടുന്ന് ചെയ്തത്.

മദീനയുടെ സമീപവാസികളായ അമുസ്ലിംകള്‍ ജൂതന്മാരായിരുന്നു. ഇവര്‍ ഇസ്ലാമിനോട് ആന്തരികമായി ശത്രുതപുലര്‍ത്തിയിരുന്നവരായിരുന്നുവെങ്കിലും പ്രത്യക്ഷമായി ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഉന്മൂലനത്തിന്റെ മാര്‍ഗത്തിനുപകരം നിരുപാധിക മത സ്വാതന്ത്ര്യവും സാമ്പത്തിക അധികാരവും വകവെച്ചുകൊടുക്കുകയാണ് ഇതിലൂടെ ചെയ്തത്.

ഈ ഉടമ്പടിയിലെ മുഖ്യഖണ്ഡങ്ങള്‍ ഇവയായിരുന്നു
1. ബനൂഔഫിലെ ജൂതര്‍ മുസ്ലിംകളോടൊപ്പം ഒരൊറ്റ സമൂഹമാണ്. മുസ്ലിംകള്‍ക്ക് അവരുടെ മതവും ജൂതര്‍ക്ക് അവരുടെ മതവും ആചരിക്കാവുന്നതാണ്. ബനൂഔഫ് അല്ലാത്ത മറ്റു ജൂതഗോത്രങ്ങള്‍ക്കും ഇത് ബാധകമാണ്.
2. മുസ്ലിംകളുടെ ചെലവ് അവരും ജൂതരുടേത് അവരും വഹിക്കേണ്ടതാണ്.
3. ഈ പത്രിക അംഗീകരിച്ചവര്‍ക്കെതിരില്‍ ആരെങ്കിലും യുദ്ധം ചെയ്താല്‍ അവരെ ഒറ്റക്കെട്ടായി നേരിടേണ്ടതാണ്.
4. പുണ്യത്തില്‍ എല്ലാവരും പരസ്പരം ഗുണകാംക്ഷികളായി വര്‍ത്തിക്കേണ്ടതാണ്. പാപത്തില്‍ സഹകരണമില്ല.
5. തന്റെ സഖ്യത്തിലുള്ളവനെ അക്രമിച്ചു കൂടാത്തതാണ്.
6. മര്‍ദിതന്‍ സഹായത്തിനര്‍ഹനായിരിക്കും.
7. മുസ്ലിംകളുമായി ജൂതര്‍ യുദ്ധത്തില്‍ സഹകരിക്കേണ്ടതാണ്.
8. ഈ പത്രികയുടെ അടിസ്ഥാനത്തില്‍ യഥ്രിബ് വിശുദ്ധവും നിര്‍ഭയവുമായ മേഖലയായിരിക്കും.
9. ഈ പത്രിക അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉത്ഭവിച്ചാല്‍ അതിന്റെ തീര്‍പ്പ് അല്ലാഹുവിനും അവന്റെ തിരുദൂതനുമായിരിക്കും.
10. ക്വുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ അഭയം നല്കാവതല്ല.
11. മദീനയുടെ വിശുദ്ധ പ്രദേശത്തിന്നെതിരില്‍ പുറത്തുനിന്ന് അക്രമണമുണ്ടായാല്‍ ഓരോ വിഭാഗവും അവര്‍ക്കെതിരില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
12. അക്രമിക്കോ കുറ്റവാളിക്കോ എതിരില്‍ ശിക്ഷാ നടപടിയെടുക്കുന്നതിന് ഈ പത്രിക ഒരു തടസ്സവും നില്ക്കുന്നതല്ല.

ഈ കരാറിന്റെ അടിസ്ഥാനത്തില്‍ മദീനയും പ്രാന്തപ്രദേശങ്ങളും ഒരു ഏകരാഷ്ട്രമായി. അതിന്റെ തലസ്ഥാനം മദീനയും. നേതാവ് (ഇങ്ങനെ പറയാമെങ്കില്‍) ദൈവദൂതനുമായി.