1. സൈഫുല്‍ ബഹ്ര്‍: ഹിജ്റാബ്ദം ഒന്ന് റമദാനില്‍ ഹംസബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ മുപ്പത് മുഹാജിറുകളെ ശാമില്‍നിന്ന് മടങ്ങുന്ന ഒരു വാണിജ്യസംഘത്തെ തടയുവാനായി നബി(സ) നിയോഗിച്ചു. ചെങ്കടലിന്റെ ഭാഗത്ത് യന്‍ബുഇന്റേയും മര്‍വയുടേയും ഇടയിലുള്ള അല്‍ ഈസ്വിന്റെ ഭാഗത്ത് എത്തിയപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തിലുള്ള മുന്നൂറുപേരുമായി ഇവര്‍ കണ്ടുമുട്ടി. ഇരുവിഭാഗവും യുദ്ധത്തിനായി അണിനിരന്നപ്പോള്‍ ഇരുവിഭാഗവുമായി സഖ്യത്തിലുണ്ടായിരുന്ന ജുഹ് ന ഗോത്രക്കാരന്‍ മജ്ദീബിന്‍ അംറ് ഇടപെട്ട് യുദ്ധം ഒഴിവാക്കി. ഇതാണ് നബി(സ) കെട്ടിക്കൊടുത്ത ആദ്യത്തെ ധ്വജം. ഇതിന്റെ നിറം വെള്ളയായിരുന്നു. ധ്വജവാഹകന്‍ അബൂ മര്‍ഥദ് കെന്നാസ് ബിന്‍ ഹുസ്വയ്ന്‍ അല്‍ഗനവീയായിരുന്നു.
2. റാബിഗ് നിയോഗം: ഹിജ്റ ഒന്നാംവര്‍ഷം ശവ്വാല്‍ മാസം ഉബയ്ദബ്നു അല്‍ഹാരിഥിന്റെ നേതൃത്വത്തില്‍ അറുപത് കുതിരപ്പടയാളികളായ മുഹാജിറുകളെ റസൂല്‍ (സ) നിയോഗിച്ചു. ഇവര്‍ റാബിഗ് താഴ്വരയില്‍ വെച്ച് ഇരുനൂറുപേരടങ്ങുന്ന അബൂസുഫ് യാന്‍റെ കച്ചവടസംഘവുമായി ഏറ്റുമുട്ടി. പരസ്പരം അമ്പെയ്ത്തു നടത്തിയെങ്കിലും ഒരു യുദ്ധം നടന്നില്ല. ഈ സംഭവത്തിലും മക്കാ സൈന്യത്തില്‍നിന്ന് മിഖ്ദാദ് ബിന്‍ അംറ് അല്‍ബഹ്റാനിയും ഉത്ബത്ബിന്‍ഗസുവാന്‍അല്‍മാസിനിയും മുസ്ലിം പക്ഷംചേര്‍ന്നു നേരത്തെ മുസ്ലിംകളായി മാറിയിരുന്ന ഇവര്‍ മദീനയില്‍ എത്താന്‍ ശത്രുക്കളുടെ കൂടെ പുറപ്പെട്ടതായിരുന്നു. പതാകയുടെ നിറം വെള്ളയും വാഹകന്‍ മിസ്തഹ് ബിന്‍ ഉസാസ യുമായിരുന്നു.
3. ഖര്‍റാസ് നിയോഗം:ഹിജ്റ ഒന്നാംവര്‍ഷം ദുല്‍ഖഅദയില്‍ -സഅദ്ബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ ഇരുപത് പേരെ നിയോഗിച്ചു. ഇവരോട് ഖര്‍റാസിനപ്പുറം പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇവര്‍ പകലുകളില്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും കാല്‍നടയായി അവിടെയെത്തിയപ്പോഴേക്കും കച്ചവടസംഘം തലേന്നാള്‍ത്തന്നെ അവിടം കടന്നുപോയിരുന്നു. ധ്വജവാഹകന്‍ മിഖ്ദാദബിന്‍ അംറു ആയിരുന്നു. പതാക വെള്ളയും.
4. അബ്വാഅ് അല്ലെങ്കില്‍ വദ്ദാന്‍- ഹിജ്റാബ്ദം 2ന് സ്വഫര്‍ മാസം സഅദ്ബിന്‍ ഉബാദ ചുമതലയേല്പിച്ച് നബി(സ) തന്നെ മുഹാജിറുകളില്‍ നിന്ന് എഴുപതുപേരെയും കൊണ്ട് ക്വുറൈശികളുടെ വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. വദ്ദാനില്‍ എത്തിയെങ്കിലും യുദ്ധമൊന്നുമുണ്ടായില്ല. ഈ യാത്രയില്‍ ളംറ ഗോത്രത്തിന്റെ നേതാവ് അംറുബ്നു മഖ്ശിയുമായി സഖ്യമുണ്ടാക്കി. ഇങ്ങനെയായിരുന്നു കരാര്‍. "ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്ന് ളംറഗോത്രക്കാര്‍ക്കുള്ള ലിഖിതമാണ്. സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ അവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന്റെ മതവുമായി യുദ്ധത്തിലേര്‍പ്പെടാത്ത കാലമത്രയും അവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് സഹായം ലഭിക്കുന്നതാണ്. മറിച്ച് സഹായം ആവശ്യപ്പെടുമ്പോള്‍ അവരും സഹായിക്കേണ്ടതാണ്. ഇതാണ് നബി(സ) നേതൃത്വം കൊടുത്ത ആദ്യയുദ്ധം. പതിനഞ്ച് ദിവസം ഇതിനുവേണ്ടി ഉപയോഗിച്ചു. വെളുത്ത പതാക വഹിച്ചിരുന്നത് ഹംസബിന്‍ അബ്ദുല്‍ മുത്തലിബായിരുന്നു.5. ബുവാത്വ് സംഘട്ടനം: ഹി. രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ ഉമയ്യത്തുബിന്‍ ക്വലഫിന്റെ നേതൃത്വത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും നൂറ് ക്വുറൈശികളുമടങ്ങുന്ന വാണിജ്യസംഘത്തെ തടയുവാന്‍ റസൂല്‍(സ) തന്റെ ഇരുനൂറ് സ്വഹാബികളുമായി പുറപ്പെട്ടു. റള്വാ പര്‍വതത്തിനുസമീപം എത്തിയെങ്കിലും ഏറ്റുമുട്ടലുകളൊന്നും ഉണ്ടായില്ല. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചിരുന്നത് സഅദ്ബിന്‍ മുആദ് ആയിരുന്നു. വെള്ള പതാക വഹിച്ചിരുന്നത് സഅദ്ബിന്‍ അബീവഖാസും.6. സഫ്വാന്‍ സംഘട്ടനം: ഹി. രണ്ടാംവര്‍ഷം റബീഉല്‍ അവ്വലില്‍ ഫിഹ് ര്‍ ഗോത്രക്കാരന്‍ കുര്‍സ്ബിന്‍ ജാബിര്‍ ഏതാനും ആളുകളോടുകൂടി മദീനയിലെ മേച്ചില്‍ സ്ഥലം അക്രമിച്ചു. ആടുകളെയും ഒട്ടകങ്ങളെയും തട്ടിയെടുത്തു. ഇതോടെ റസൂല്‍(സ) അവനെ തുരത്താന്‍വേണ്ടി എഴുപതു സ്വഹാബികളോടുകൂടി പുറപ്പെട്ടു. ബദ്റിന്റെ ഭാഗത്ത് സ്വഫ്വാന്‍ എന്നയിടംവരെ എത്തിയെങ്കിലും കുര്‍സിനേയോ അനുയായികളെയോ കണ്ടില്ല. ഏറ്റുമുട്ടലുകളൊന്നുമില്ലാതെ തിരിച്ചുപോന്നു. ഇതിനെ ഒന്നാം ബദ്ര്‍ യുദ്ധം എന്ന് വിളിക്കുന്നു. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചത് സൈദ്ബിന്‍ ഹാരിഥയും വെളുത്ത പതാക വഹിച്ചിരുന്നത് അലിയുബ്നു അബീത്വാലിബുമായിരുന്നു.7. ദുല്‍ഉശൈറ സംഘട്ടനം: ഹിജ്റ 2ാം വര്‍ഷം ജുമാദല്‍ ഊലായിലോ ജുമാദല്‍ ആഖിറ- നൂറ്റമ്പതോ ഇരുന്നൂറോ മുഹാജിറുകളും മുപ്പത് ഒട്ടകങ്ങളുമുള്ള ഒരു സംഘത്തോടുകൂടി ശാമിലേക്ക് പുറപ്പെട്ട ക്വുറൈശി വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. ക്വുറൈശികളുടെ വമ്പിച്ച സ്വത്തുമായി വാണിജ്യസംഘം പുറപ്പെട്ടവിവരം നബി(സ)ക്ക് മക്കയില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷെ, ദുല്‍ഉശൈറയില്‍ എത്തിയപ്പോഴേക്കും സംഘം അവിടംവിട്ടിരുന്നു. ശാമില്‍നിന്ന് മടങ്ങുമ്പോഴും ഇവരെ അന്വേഷിച്ച് പുറപ്പെട്ടു. ഇത് പിന്നീട് ബദ്ര്‍ യുദ്ധത്തിന് കാരണമാവുകയുണ്ടായി. ഈ യാത്രയില്‍ മുദ്ലിജ് ഗോത്രക്കാരോടും അവരുടെ സഖ്യകക്ഷിയായ ളംറ ഗോത്രക്കാരോടും അനാക്രമണ സന്ധിയിലേര്‍പ്പെടുകയുണ്ടായി. അബൂസലമയായിരുന്നും മദീനയിലെ പ്രതിനിധി, ഹംസ(റ)യായിരുന്നു വെള്ളപ്പതാക വഹിച്ചിരുന്നത്.8. നഖ്ല നിയോഗം: ഹി: രണ്ടാം വര്‍ഷം റജബില്‍ നബി (സ) അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് മുഹാജിറുകളോടുകൂടി നഖ്ലയിലേക്ക് നിയോഗിച്ചു. ഈരണ്ടുപേര്‍ക്ക് ഓരോ ഒട്ടകംവീതമുണ്ടായിരുന്നു. അവരുടെ കൈയില്‍ ഒരു ലിഖിതം കൊടുത്ത് റസൂല്‍(സ) പറഞ്ഞു: രണ്ടുദിവസത്തെ യാത്ര കഴിഞ്ഞേ ഇതു തുറന്നുനോക്കാവൂ. രണ്ടുദിവസത്തിനുശേഷം തുറന്നുവായിച്ചപ്പോള്‍ അതില്‍ ഈ എഴുത്ത് വായിച്ച് മക്കക്കും ത്വഇഫിനുമിടക്കുള്ള നഖ്ലവരെ പോയി ക്വുറൈശികളുടെ വാണിജ്യസംഘത്തെ നിരീക്ഷിച്ച് വിവരമറിയിക്കുക എന്നായിരുന്നു. എഴുത്തിലെ വിവരം സഹയാത്രികരെ അറിയിച്ചു എല്ലാവരും ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. നഖ്ലയിലെത്തിയപ്പോള്‍ ക്വുറൈശി വ്യാപാരസംഘം ചരക്കുകളുമായി നീങ്ങുന്നത് കണ്ടു. അതില്‍ അംറ്, ഉഥ്മാന്‍, നൌഫല്‍, ഹംകം തുടങ്ങിയവരെല്ലാമുണ്ട്. യുദ്ധം നിഷിദ്ധമായ റജബ് മാസത്തിന്റെ അവസാനദിവസമായിരുന്ന അന്ന് മുസ്ലിംകള്‍ അവരെ അക്രമിക്കാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം അവര്‍ കടന്നുകളയുമെന്ന് അവര്‍ മനസ്സിലാക്കി. അംറിനെ വധിക്കുകയും ഉഥ്മാനേയും ഹകമിനേയും ബന്ദികളാക്കുകയും ചെയ്തു. നൌഫല്‍ ഓടിരക്ഷപ്പെട്ടു. ഒട്ടകങ്ങളെ മദീനയിലേക്ക് തെളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമില്‍ ആദ്യത്തെ യുദ്ധാര്‍ജ്ജിതസ്വത്തും വധവും ബന്ദികളുമെല്ലാം ഇതായിരുന്നു തന്റെ കല്പനയില്ലാതെ നിഷിദ്ധ മാസത്തില്‍ യുദ്ധം ചെയ്തതിന് റസൂല്‍(സ) വിയോജിപ്പ് പ്രകടിപ്പിച്ചു. ബഹുദൈവാരാധകര്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്കെതിരില്‍ കിട്ടിയ സുവര്‍ണാവസരമെന്ന നിലയ്ക്ക് പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു. അവസാനം തീരുമാനവുമായി ക്വുര്‍ആന്‍ സൂക്തമവതരിച്ചു.
"വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുകയും മസ്ജിദുല്‍ ഹറാമില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു
അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല പടനീക്കം കഴിഞ്ഞതോടെ, ബഹുദൈവാരാധകര്‍ കനത്ത ഭയത്തിനടിമപ്പെട്ടു. സംഭവിക്കാനിരിക്കുന്ന യഥാര്‍ഥ അപകടം അവരുടെ മനസ്സില്‍ തെളിഞ്ഞു. മദീന തികഞ്ഞ ജാഗ്രതയിലും ഉണര്‍വിലും തങ്ങളുടെ ഓരോ ചലനങ്ങളും നീക്കങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മുന്നൂറ് നാഴികയോളം അകലത്തില്‍ മുസ്ലിംകള്‍ക്ക് സ്വൈര്യമായി കടന്നുവരാനും യുദ്ധം നയിക്കാനും തങ്ങളുടെ ആളും അര്‍ഥവും പിടിച്ചടക്കാനും സുരക്ഷിതരായി തിരിച്ചുപോകാനും കഴിയുന്ന അവസ്ഥ സംജാതമായിരിക്കുന്നതും തങ്ങളുടെ ശാമിലേക്കുള്ള വാണിജ്യയാത്ര സ്ഥിരമായി ഒരു അപകടസന്ധിയെ നേരിടുകയാണെന്നും അവര്‍ മനസ്സിലാക്കി. എന്നാല്‍, തങ്ങളുടെ ധിക്കാര-ധാര്‍ഷ്ട്യ മനഃസ്ഥിതിയില്‍നിന്ന് പിന്‍വാങ്ങി നന്മയുടെ വഴിയിലേക്ക് വരുന്നതിന് പകരം (ജുഹൈന, ളംറ ഗോത്രങ്ങള്‍ ചെയ്തതുപോലെ) കടുത്ത പകയും വിദ്വേഷവും പൂര്‍വോപരി വര്‍ധിപ്പിക്കുകയാണവര്‍ ചെയ്തത്