മുസ്ലിം സൈന്യത്തില്‍ 313 അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 82-86വരെ മുഹാജിറുകളും ബാക്കി അന്‍സാറുകളും ആയിരുന്നു. . കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെ സുബൈര്‍ബിന്‍ അവ്വാമിന്റെയും മിഖ്ദാദ് ബിന്‍ അസ്വദിന്റെയും ഓരോ കുതിരകളും രണ്ടോ മൂന്നോ പേര്‍ക്ക് ഓരോ ഒട്ടകംവീതം എന്ന നിലയ്ക്ക് എഴുപത് ഒട്ടകങ്ങളും മാത്രമേ സൈന്യത്തിനുണ്ടായിരുന്നുള്ളൂ. നബി(സ)യും അലി(റ)വും മര്‍ഥദ്ബിന്‍ അബീ മര്‍ഥദുല്‍ ഗനവിയും ഒരു ഒട്ടകത്തില്‍ ഊഴമിട്ട് കയറുകയായിരുന്നു ചെയ്തിരുന്നത്. മദീനയുടെ കാര്യങ്ങള്‍ നോക്കാനും നമസ്കാരത്തിന് നേതൃത്വം നല്കാനും ഉമ്മുമക്തുമിന്റെ പുത്രന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാമധ്യേ റൌഹാഇല്‍ എത്തിയപ്പോള്‍ അബൂലുബാബബിന്‍ അബ്ദുല്‍ മുന്‍ദിറിനെ മദീനയുടെ ചുമതല ഏല്പിച്ച് തിരിച്ചയച്ചു. സൈന്യത്തിന്റെ പൊതുനേതൃത്വം മുസ്അബ്ബ്നു ഉമൈറിനെ ഏല്പിച്ചു. പതാകയുടെ നിറം വെള്ളയായിരുന്നു. ഈ ചെറു സൈന്യം രണ്ട് ബറ്റാലിയനായി വിഭജിച്ചു. ഒന്ന് മുഹാജിറുകളുടെ വ്യൂഹം ഇതിന്റെ പതാക വാഹകന്‍ അലിയും, മറ്റൊന്ന് അന്‍സാറുകളുടെ വ്യൂഹം ഇതിന്റെ പതാകവാഹകന്‍ സഅദ് ബിന്‍ മുആദുമായിരുന്നു സൈന്യത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് അശ്വഭടന്മാരില്‍ ഒരാളായ സുബൈര്‍ബിന്‍ അവ്വാമിനെ വലതുപക്ഷത്തിന്റെ നിയന്ത്രണവും മറ്റൊരാളായ മിഖ്ദാദ് ബിന്‍ അംറിനെ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും ഏല്പിച്ചു. പിന്‍നിരയുടെ നേതൃത്വം ഖൈസ്ബിന്‍ ഉബയ്യ് സ്വഅ്സ്വഅതിന്റെ ചുമതലയിലും ചീഫ് കമാന്‍ഡര്‍ എന്ന നിലയ്ക്ക് നബി(സ)യും
നബി(സ)യുടെ നേതൃത്വത്തില്‍ ഈ സൈന്യം മക്കയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് ബദറിന്റെ നേരെ തിരിയുകയും അസ്വഫ്റാഅ് എന്നയിടത്തെത്തിയപ്പോള്‍ ബസ്ബസ് ബിന്‍ അംറ് അല്‍ജൂഹനിയേയും അദിയ്ബിന്‍ അബിര്‍റഗ്ബാഅ് ജുഹനിയേയും വ്യാപരസംഘത്തിന്റെ വിവരങ്ങളറിയാന്‍ ബദ്റിലേക്ക് നിയോഗിച്ചു.
ഇതേസമയം, തന്റെ സഞ്ചാരപഥം ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അബൂസുഫ്യാന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം വിവരങ്ങളന്വേഷിച്ചറിഞ്ഞു. വാണിജ്യസംഘത്തെ പിടികൂടാന്‍ മുഹമ്മദും അനുയായികളും സജ്ജരായിട്ടുണ്ടെന്ന വിവരം ലഭിക്കേണ്ട താമസം അദ്ദേഹം ളംളംബിന്‍ അംറ് അല്‍ ഗഫ്ഫാരി എന്ന വ്യക്തിയെ വാടകയ്ക്കെടുത്ത് മക്കയിലേക്ക് വിവരം അറിയിച്ചു. ദ്രുതഗതിയില്‍ മക്കയിലെത്തിയ ളംളം തന്റെ ഒട്ടകത്തിന്റെ മൂക്ക് ഛേദിച്ച് ജീനിതിരിച്ചിട്ട് കുപ്പായം മുന്നില്‍നിന്നും പിന്നില്‍നിന്നും കീറി അട്ടഹസിച്ചു. 'ക്വുറൈശികളേ! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ കച്ചവടസംഘം ഇതാ മുഹമ്മദും കൂട്ടുകാരും തടഞ്ഞുവെച്ചിരിക്കുന്നു! നിങ്ങള്‍ക്കത് തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!.
ഈ അട്ടഹാസം കേട്ട ഖുറൈശികള്‍ കച്ചവട സംഘത്തെ രക്ഷപ്പെടുത്താന്‍ ഉടന്‍ തന്നെ പുറപ്പെടാന്‍ തീരുമാനിച്ചു.അബൂ ലഹബ് ഒഴികെയുള്ള പ്രമുഖരെല്ലാം അതില്‍ ഉണ്ടായിരുന്നു.അബൂ ലഹബ് തനിക്ക് പകരം ആസ് ബിന്‍ ഹിഷാം ബിന്‍ മുഗീറയെ അയച്ചു.താന്‍ കൊല്ലപ്പെടുമെന്ന് മുഹമ്മദ് പ്രവചിച്ചിട്ടുണ്ട് എന്നറിഞ്ഞ ഉമയ്യത് ബിന്‍ ഖലഫ് പിന്‍ മാറാന്‍ ശ്രമിച്ചെങ്കിലും അബൂ ജഹല്‍ അദ്ദേഹത്തെ കളിയാക്കിയപ്പോള്‍ വേഗം മടങ്ങി പോരാം എന്ന് കരുതി പുറപ്പെട്ടു.അറബ് ഗോത്രങ്ങളെയെല്ലാം അവര്‍ ഇതിലേക്ക് കൂട്ടി ,അദിയ്യ് അല്ലാത്ത എല്ലാം ഖുറൈശി ഗോത്രത്തിലെ ശാഖകളും ഇതില്‍ ചേര്‍ന്നു.നൂറു കുതിരപടയാളികളും അറുനൂറ് അങ്കികളും ധാരാളം ഒട്ടകങ്ങളുമുണ്ടായിരുന്ന ഈ സൈന്യത്തിന് മൊത്തം 1300 അംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു. സൈന്യാധിപന്‍ അബൂജഹല്‍ ബിന്‍ ഹിശാം. ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രമുഖരായ ഒമ്പത് ക്വുറൈശികള്‍. ഓരോ ദിവസവും ഒമ്പതും പത്തും വീതം ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനായി അറുത്തുകൊണ്ടിരുന്നു.
സൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍ തങ്ങളുമായി ശത്രുതയിലുള്ള കിനാന ഗോത്രത്തിലെ ബക്ര്‍ വംശം പിന്നില്‍ നിന്നാക്രമിക്കുമോ എന്ന ഭയം അവരെ പിടികൂടി. ഈ സന്നിഗ്ദഘട്ടത്തില്‍ പിശാച് കിനാനവംശ നായകന്‍ സുറാഖബിന്‍ മാലിക്ബിന്‍ ജൂഅ്ശും അല്‍ മുദ്ലജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "കിനാനവംശം പിന്നില്‍നിന്ന് ആക്രമിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.''അങ്ങിനെ സംഗം വലിയ ആഘോഷ പൂര്‍വ്വം ആണ് പുറപ്പെട്ടത്.
അബൂസുഫ്യാന്‍ മക്കയിലേക്കുള്ള പ്രധാനവഴിക്ക് തന്നെയായിരുന്നു തന്റെ സാര്‍ഥവാഹകസംഘത്തെ നയിച്ചിരുന്നത്. പക്ഷെ, ഏറെ സൂക്ഷ്മതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നീക്കങ്ങളെക്കുറിച്ചു പഠിച്ചശേഷം തന്റെ സംഘത്തെ അദ്ദേഹം ബദ്റിന്റെ അടുത്തെത്താറായപ്പോള്‍ ചെങ്കടലിന്റെ തീരത്തേക്കുള്ള വഴിയിലേക്ക് തിരിച്ചു മുസ്ലിംകളുടെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.ഉടന്‍ തന്നെ ജുഹ്ഫയില്‍ എത്തിയ മക്കാ സൈന്യത്തോട് നിങ്ങളുടെ സമ്പത്തിനേയും ആളുകളേയും കച്ചവടത്തേയും രക്ഷപ്പെടുത്താനാണല്ലോ പുറപ്പെട്ടത്. അല്ലാഹു അത് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മടങ്ങാവുന്നതാണ് എന്നാ സന്ദേശം അദ്ദേഹം നല്‍കി.
അബൂസുഫ്യാന്റെ സന്ദേശം കൈപറ്റിയ മക്കാ സൈന്യം മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ധിക്കാരത്തിന്റെ കൊടുമുടിയിലേറി അബൂജഹല്‍ പ്രഖ്യാപിച്ചു. 'അല്ലാഹുവാണെ! ബദറിലെത്തി മൂന്നു നാള്‍ അവിടെ കുടിച്ചും ഒട്ടകമാംസം കഴിച്ചും നര്‍ത്തനമാടിയും നമ്മുടെ ശക്തി തെളിയിച്ച ശേഷമല്ലാതെ മടങ്ങുന്ന പ്രശ്നമില്ല.' പക്ഷെ, അബൂജഹലിന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് അഖ്നസ് ബിന്‍ ശരീക്കും അനുയായികളായ സുഹ്റ ഗോത്രവും മടങ്ങാന്‍തന്നെ തീരുമാനിച്ചു. ഇവര്‍ മുന്നൂറ് പേരുണ്ടായിരുന്നു. അഖ്നസിന്റെ തീരുമാനത്തില്‍ പിന്നീട് സന്തുഷ്ടരായ അനുയായികള്‍ അദ്ദേഹത്തെ അനിഷേധ്യ നേതാവായി അംഗീകരിക്കുകയാണുണ്ടായത്. ബനൂഹാശിമും മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അബൂജഹലിന്റെ താക്കീതിനെ മറികടക്കാന്‍ അവര്‍ക്കായില്ല. അവശേഷിക്കുന്ന ആയിരംപേരെയും കൊണ്ട് സൈന്യം മുന്നോട്ട് നീങ്ങി. ബദ്റിന് സമീപം 'അല്‍ ഉദ്വത്തുല്‍ ക്വുസ്വ്വാ' എന്ന താഴ്വരയില്‍ അവര്‍ താവളമടിച്ചു.
